കത്തെഴുത്ത് സാഹിത്യം
മലയാളത്തിൽ കാര്യമായ വളർച്ചനേടാതെപോയ മേഖലയാണ് കത്തെഴുത്തുസാഹിത്യം. പ്രമുഖരുടെ കത്തുകൾ സമാഹരിച്ച് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്ന പതിവ് ഇവിടെ വളരെ കുറവാണ്. കത്തെഴുത്തുതന്നെ ഇല്ലാതാകുന്ന ഇക്കാലത്ത് ഈ സാഹിത്യശാഖയ്ക്ക് വളരാനുള്ള സാധ്യതയുമില്ല. കവിത പോലുള്ള കത്തുകളായിരുന്നു ആദ്യകാലത്ത് നമ്മുടെ എഴുത്തുകാർ എഴുതിയിരുന്നത്. വെൺമണി അച്ഛൻ നമ്പൂതിരിയാണ് ഇതിന് തുടക്കം കുറിച്ചത്. പുത്രനായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന് അദ്ദേഹം അയച്ച കത്തുകൾ പിന്നീട് മലയാള മനോരമ, രസികരഞ്ജിനി, ഭാഷാപോഷിണി എന്നിവയിൽ പ്രസിദ്ധീകരിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ നടുവത്തച്ഛനയച്ച ചില കത്തുകൾ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. വള്ളത്തോൾ, സർദാർ കെ.എം പണിക്കർക്കയച്ച കത്തുകൾ 1978-ൽ 'വള്ളത്തോൾ കത്തുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഇതാണ് മലയാളത്തിലെ ആദ്യ കത്തുസമാഹാരം.
