ഗദ്യസാഹിത്യം
വ്യക്തമായി പറയുന്നതിനെയയാണ് 'ഗദ്യം' എന്നു വിവക്ഷിക്കുന്നത്. വിഷയത്തിന്റെ വിശദീകരണമാണ് ഗദ്യം. വേദത്തിൽത്തന്നെ ഗദ്യരൂപമുണ്ട്. അഥർവ വേദത്തിന്റെ ഗദ്യരീതി പ്രധാനമാണ്. എല്ലാ ജനങ്ങളെയും ഉൾക്കൊള്ളുന്ന സമൂഹങ്ങൾ രൂപപ്പെട്ടതിൽ നിന്നാണ് 'ഗദ്യം' എന്ന രചനാ സങ്കൽപ്പം വികസിച്ചത്. വർണന, വ്യാഖ്യാനം, ഭാവകൽപ്പന എന്നീ മട്ടുകളിലാണ് ഗദ്യത്തെ പാശ്ചാത്യർ വിഭജിക്കുന്നത്. മനുഷ്യപുരോഗതിയുടെ പ്രധാന ഘട്ടത്തെക്കുറിക്കുന്ന ഒന്നാണ് പദ്യത്തിൽ നിന്ന് ഗദ്യത്തിലേക്കുള്ള മാറ്റം.
ആദ്യകാല ഗദ്യകൃതികൾ
എ.ഡി ആറാം നൂറ്റാണ്ടിലെ ഇടയ്‌ക്കൽ ശിലാലിഖിതങ്ങൾ മലയാളത്തിന്റെ പ്രാചീന മാതൃകകളാണ്. എ.ഡി ഒൻപതാം നൂറ്റാണ്ട് മുതലുള്ള ശിലാരേഖകളും മലയാളത്തിന്റെ ഗദ്യചരിത്രം നിർണയിക്കുന്ന ഉപാദാനങ്ങളാണ്. ക്ഷേത്രങ്ങളിലെ ചെമ്പുപട്ടയങ്ങളും നീട്ടുത്തരവുകളും ഓലക്കരണങ്ങളും ഗ്രന്ഥവരികളും കോവിലകം രേഖകളും ഗദ്യചരിത്രവഴികളെ സമ്പന്നമാക്കുന്നു. ചേരരാജാക്കന്മാരുടെ കാലത്തെ ചില ചെപ്പേടുകളെ ഗദ്യകൃതികളുടെ മുൻഗാമികളായി കണക്കാക്കാം. വാഴപ്പള്ളി ശാസനമാണ് ഇതിൽ ഏറ്റവും പഴയത്. ഒൻപതാം നൂറ്റാണ്ടിലാണ് ഇത് എഴുതപ്പെട്ടത്. ഭാഷാകൗടലീയമാണ് സാഹിത്യപരമായി പ്രാധാന്യമുള്ള മലയാളഭാഷയിലെ ആദ്യത്തെ ഗദ്യസമാഹാരം. എ.ഡി 1125 നും 1175 നും ഇടയ്ക്കാണ് ഇത് രചിച്ചത്. ചാണക്യന്റെ അർത്ഥശാസ്ത്രത്തിന്റെ പരിഭാഷയാണിത്. ഇത് തയാറാക്കിയത് ആരാണെന്നോ എന്നാണെന്നോ കണ്ടെത്താനായിട്ടില്ല. പുരാണങ്ങളും ഇതിഹാസങ്ങളും ഗദ്യത്തിൽ എഴുതാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. മഹാഭാരതത്തിലെ ഭഗവദ്ദൂതിന്റെ ഗദ്യമാണ് 'ദൂതവാക്യം'. പതിനാലാം ശതകമാണ് രചനാകാലം. മറ്റൊന്നാണ് ബ്രഹ്മാണ്ഡപുരാണത്തിന്റെ ഗദ്യം. അംബരിഷോപാഖ്യാനം, നളോപാഖ്യാനം, ദേവീമഹാത്മ്യം എന്നിവയൊക്കെയാണ് ആദ്യകാലത്തെ മറ്റ് ഗദ്യകൃതികൾ.
ശാസനങ്ങളും മലയാള ഗദ്യവും
പദ്യത്തിനായിരുന്നു പണ്ട് പ്രധാന സ്ഥാനം. കത്തെഴുതുന്നതുപോലും പദ്യത്തിലായിരുന്നത്രേ. എന്നാൽ പണ്ടുകാലത്തും ഗദ്യമുണ്ടായിരുന്നു. രാജാവിന്റെ കല്പനകൾ ജനങ്ങളെ അറിയിക്കുന്ന ശാസനങ്ങൾ ഗദ്യത്തിലാണ് എഴുതിയിരുന്നത്. ആളുകൾ തമ്മിൽ ഉടമ്പടികൾ ഉണ്ടാക്കുമ്പോൾ അത് ചെമ്പ് തകിടുകളിലോ താളിയോലകളിലോ എഴുതിവെക്കും. അതും ഗദ്യത്തിലായിരുന്നു. ഒൻപതാം നൂറ്റാണ്ടിലെ തമിഴ് മലയാളം ശുദ്ധ മലയാളത്തിലേക്കു മാറിത്തുടങ്ങുന്നത് രാജശേഖരന്റെ വാഴപ്പള്ളി ശാസനത്തിൽ (എ.ഡി 832) കാണാം. എന്നാൽ ഇന്നു കാണുന്ന മലയാള ലിപിയിലല്ല അത് എഴുതിയിട്ടുള്ളത്. 'വട്ടെഴുത്ത്' എന്നൊരു ലിപി സമ്പ്രദായം അന്ന് നിലനിന്നിരുന്നു. വട്ടെഴുത്തിലാണ് വാഴപ്പള്ളി ശാസനം എഴുതിയിരിക്കുന്നത്. മലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ ശാസനമാണ് വാഴപ്പള്ളി ശാസനം. കേരളത്തിൽ നിന്നു ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള ശാസനമാണിത്. എ.ഡി 849ൽ ഉണ്ടായ തരിസാപ്പള്ളി ചെപ്പേടിലും പ്രാചീന ഗദ്യത്തിന്റെ തനിമ തെളിയുന്നുണ്ട്. വേണാട്ടുരാജാവായ അയ്യൻ അടികൾ സപീർ ഈശോ എന്ന ആൾക്ക് കൊല്ലത്ത് ഒരു പള്ളിപണിയാൻ അനുവദിച്ചിരിക്കുന്നതിന്റെ പ്രമാണമാണിത്. തൃക്കാക്കര ശാസനം, മാമ്പള്ളി ശാസനം, മൂഴിക്കുളം ശാസനം, വീരരാഘവപ്പട്ടയം എന്നിങ്ങനെ മറ്റു പല ശാസനങ്ങളുമുണ്ട്. വട്ടെഴുത്ത് - കോലെഴുത്ത് ഭാഷകളിൽ എഴുതപ്പെട്ട ഈ രേഖകൾ സാഹിത്യരൂപത്തിലല്ലെങ്കിലും മലയാളപ്പഴമയുടെ വഴി ചൂണ്ടിക്കാണിക്കുന്ന ചരിത്രസത്യങ്ങളാണ്.
മിഷനറിമാരും മലയാളഗദ്യവും
ക്രിസ്തുമതം പ്രചരിപ്പിക്കാനാണ് വിദേശത്തു നിന്ന് മിഷനറിമാർ കേരളത്തിൽ വന്നത്. പക്ഷേ, മതം പഠിപ്പിക്കണമെങ്കിൽ ഇവിടുത്തെ ആളുകളുടെ ഭാഷ പഠിക്കണമല്ലോ. അങ്ങനെ മിഷനറിമാർ മലയാളം പഠിച്ചു. പതിനഞ്ചാം നൂറ്റാണ്ടിനുശേഷമുണ്ടായ മതപ്രബോധന കൃതികളിലും ഐതിഹ്യ ഗ്രന്ഥങ്ങളിലും സ്വതന്ത്രമായ മലയാള ശൈലി രൂപപ്പെട്ടുവരുന്നതു കാണാം. 1599ൽ ക്രൈസ്തവരുടെ ഒരു സമ്മേളനം ഉദയംപേരൂർ എന്ന സ്ഥലത്തു നടന്നു. ഇതിലെ തീരുമാനങ്ങൾ യാക്കോബ് കത്തനാർ എന്ന പുരോഹിതൻ മലയാളത്തിൽ എഴുതി - ഇതാണ് മിഷനറിമാരുടെ വകയായി നമുക്ക് ലഭിച്ച ആദ്യത്തെ ഗദ്യകൃതി. മലയാള ഗദ്യത്തിന്റെ വളർച്ചയെ ഏറെ സഹായിച്ച മലയാളം - പോർച്ചുഗീസ് നിഘണ്ടു എഴുതിയത് ഹംഗറിക്കാരനായ അർണോസ് പാതിരിയാണ്. 1678ൽ ഹെൻറിക് വാൻറീഡിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച 'ഹോർത്തൂസ് മലബാറിക്കസി'ലും മലയാള ഗദ്യമുണ്ട്. കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഗ്രന്ഥമാണ് 'ഹോർത്തൂസ് മലബാറിക്കൂസ്'. ആദ്യമായി മലയാള ലിപി അച്ചടിച്ച ഗ്രന്ഥമാണിത്. എന്നാൽ, ഇത് മുഴുവനും മലയാള ലിപിയിലല്ല. മുഴുവനായും മലയാളത്തിൽ അച്ചടിച്ച ആദ്യ കൃതിയായ 'സംക്ഷേപവേദാർഥം' രചിച്ചത് ക്ലമന്റ് പാതിരിയാണ്. 1722ൽ രചിച്ച ഈ ഗ്രന്ഥം നാട്ടു മലയാള ഭാഷയിലായിരുന്നു. 1768ൽ ഡോ.കരിയാറ്റിൽ ഔസേപ്പു കത്തനാർ 'വേദതർക്കം' എഴുതി. പാറേമാക്കൽ തോമാ കത്തനാരുടെ സഞ്ചാര സാഹിത്യകൃതിയായ 'വർത്തമാനപ്പുസ്തകം' പ്രസിദ്ധീകരിച്ചത് 1786 ലാണ്. 1809ലെ 'കുണ്ടറ വിളംബര'വും ആധുനിക മലയാള ഗദ്യത്തിലാണ് എഴുതപ്പെട്ടത്. 1821ൽ ചർച്ച് മിഷൻ സൊസൈറ്റി അച്ചടിശാല തുടങ്ങിയതോടെ നിരവധി ഗദ്യകൃതികൾ മലയാളത്തിലുണ്ടായി. 1829ൽ ചർച്ച് മിഷൻ സൊസൈറ്റി അച്ചടിശാലയിൽ ആദ്യമായി അച്ചടിച്ച കൃതി 'ബൈബിൾ - പുതിയ നിയമ'മാണ്. ബ്രിട്ടീഷ് ഭരണം, മലയാള ഗദ്യവികാസത്തെ ത്വരിതപ്പെടുത്തി. ഹെർമൻ ഗുണ്ടർട്ട് 1872ൽ പ്രസിദ്ധീകരിച്ച മലയാള നിഘണ്ടു ഗദ്യവളർച്ചയ്ക്കു ശക്തമായ പ്രചോദനമേകി. മത പ്രചരണം മുൻനിർത്തിയുള്ള സംവാദ - സഞ്ചാരകൃതികളും വിവർത്തനങ്ങളുമാണ് പത്തൊൻപതാം നൂറ്റാണ്ടിലെ ഗദ്യഭൂമികയിൽ പ്രാമുഖ്യം നേടിയത്. ബഞ്ചമിൻ ബെയ്‌ലി, ജോർജ് മാത്തൻ, ആർച്ചുഡീക്കൻ കോശി, റിച്ചാർഡ് കോളിൻസ് തുടങ്ങിയവർ മലയാള ഗദ്യത്തിന്റെ ഉയർച്ചയ്ക്ക് ഏറെ സംഭാവന നൽകിയവരാണ്.
ആധുനിക ഗദ്യകൃതികൾ
ആധുനിക ഗദ്യസാഹിത്യത്തിന് വഴിതുറന്നത് ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനമാണ്. നോവൽ, ചെറുകഥ, നിരൂപണം, നാടകം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, ആത്മകഥ, സഞ്ചാര സാഹിത്യം തുടങ്ങിയ കൈവഴികളിൽ ആധുനിക ഗദ്യസാഹിത്യം പടർന്നു പന്തലിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ പുറത്തുവന്ന കേരള ചരിത്രകൃതികളും വ്യാകരണ ഗ്രന്ഥങ്ങളും മലയാള ഗദ്യത്തിന് ആധികാരിക പിൻബലം നൽകി. രാജ്യസമാചാരം (1847), പശ്ചിമോദയം (1847), ജ്ഞാനനിക്ഷേപം (1848) തുടങ്ങിയ മാസികകളുടെ പ്രസാധനവും മലയാള മനോരമ, ദീപിക, ഭാഷാപോഷിണി തുടങ്ങിയ പത്രമാസികകളുടെ പ്രചാരവും ആധുനിക ഗദ്യസാഹിത്യത്തിന് പുതിയ വെളിച്ചം പകർന്നു. കേരളവർമ വലിയകോയിത്തമ്പുരാനാണ് മലയാള ഗദ്യസാഹിത്യത്തിന് അടിത്തറയിട്ടത്. ഇദ്ദേഹത്തെ 'ആധുനിക ഗദ്യത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്‌കൂൾ പാഠപുസ്‌തകങ്ങൾ തയ്യാറാക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റ കേരളവർമ വിവിധ വിഷയങ്ങളിൽ പാഠപുസ്‌തകങ്ങൾ രചിച്ചു. മലയാളത്തിന് ഇതിലൂടെ ഒരു പുത്തൻ ഗദ്യശൈലി തന്നെ തമ്പുരാൻ സംഭാവന ചെയ്തു. പുതിയ ഗദ്യബോധമാണ് മറ്റൊരു സാഹിത്യകാരനായ എ.ആർ രാജരാജവർമ്മ മലയാള സാഹിത്യത്തിൽ ആവിഷ്കരിച്ചത്. കേരള പാണിനീയം (1894), സാഹിത്യസാഹ്യം തുടങ്ങിയ കൃതികളിലൂടെ ഗദ്യഘടനയ്ക്ക് വേരുറപ്പു നൽകാനാണ് എ.ആർ രാജരാജവർമ്മ ശ്രമിച്ചത്.
