ഗാഥ പ്രസ്ഥാനം
'ബൃഹത്' എന്നാൽ വലുത് എന്നാണ് അർഥം. ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ബൃഹത്കാവ്യമായി കണക്കാക്കുന്നത് ചെറുശ്ശേരി രചിച്ച 'കൃഷ്ണഗാഥ'യെയാണ്. ശ്രീകൃഷ്‌ണചരിതത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ കാവ്യവും ഇതുതന്നെ. തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽനിന്ന് പൂർണമായും മോചിതമായ രചനയായിരുന്നു ചെറുശ്ശേരിയുടേത്. മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും ലാളിത്യവും കാണാനാവുന്ന ആദ്യ കൃതിയായും കൃഷ്ണഗാഥയെ കണക്കാക്കാം. 'ഗാഥ' എന്നാൽ പാട്ട് എന്നാണർത്ഥം. അതിനാൽ കൃഷ്‌ണഗാഥയെ 'കൃഷ്ണപ്പാട്ടെ'ന്നും പറയുന്നു. 'ചെറുശ്ശേരിഗാഥ' എന്നും ഇത് അറിയപ്പെടുന്നു. പുരാതനകാലത്ത് യാഗങ്ങൾ പോലുള്ള വൈദിക കർമങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഗാനങ്ങളെയാണ് ഗാഥ എന്നു വിളിച്ചിരുന്നത്. ശ്രീകൃഷ്‌ണന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലുള്ളത്. ഇതിന് ഭാഗവതത്തിന്റെ ദശമസ്കന്ധത്തിലെ ശ്രീകൃഷ്ണചരിതത്തെയാണ് കവി അടിസ്ഥാനമാക്കിയത്. ആകെ 47 അധ്യായങ്ങളും 2400-ഓളം ഈരടികളുമുള്ള കൃഷ്ണഗാഥയിൽ ലളിതമായ സംസ്കൃത പദങ്ങളും ഉൽപ്രേക്ഷ, ഉപമ, രൂപകം എന്നീ അലങ്കാരങ്ങളും ഉപയോഗിച്ചിരിക്കുന്നു. മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥ ഒരുക്കിയിരിക്കുന്നത്. രുഗ്മാംഗദചരിതം, രാമായണം ഗാഥ, ഭാരതംഗാഥ, ഭാഗവതം ഗാഥ തുടങ്ങിയ ഗാഥാ കൃതികളും പിന്നീടുണ്ടായി.
