ഇടശ്ശേരി പുരസ്‌കാരം (Edasseri Award)
കവി, നാടകകൃത്ത്, സാമൂഹികപ്രവർത്തകൻ, വക്കീൽ ഗുമസ്തൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇടശ്ശേരി ഗോവിന്ദൻ നായർ. അദ്ദേഹത്തിന്റെ സ്മരണാർഥം 1982ൽ ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഇടശ്ശേരി അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നും ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്നിൽ കൂടുതൽ വ്യക്തികൾ പുരസ്‌കാരത്തിന് അർഹരായാൽ പുരസ്‌കാരത്തുകയായ 50,000 രൂപ തുല്യമായി പങ്കുവെയ്ക്കും. 1982 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. 1982ൽ ഉല്ലേഖം എന്ന കൃതിക്ക് എൻ.കെ. ദേശത്തിന് ആദ്യത്തെ അവാർഡ് ലഭിച്ചു.
1906 ഡിസംബർ 23-ന് കുറ്റിപ്പുറത്ത് ഇടശ്ശേരി ഗോവിന്ദൻ നായർ ജനിച്ചു. കവി, നാടകകൃത്ത്, സാമൂഹികപ്രവർത്തകൻ, വക്കീൽ ഗുമസ്തൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയിലും സംഗീത നാടക അക്കാദമിയിലും അംഗമായിരുന്നു. ഗ്രാമീണമായ ഉള്ളുറപ്പും അനാർഭാടതയും, ജീവിതയാഥാർഥ്യങ്ങൾ വന്നേറ്റുമുട്ടുമ്പോൾ തൊട്ടാവാടിയാകാതെ പാറയെപ്പോലെ കഠിനമായി പ്രതികരിക്കാനുള്ള കരുത്തും സന്നദ്ധതയും ഇടശ്ശേരിയുടെ പ്രത്യേകതകളാണ്. അളകാവലി, കറുത്ത ചെട്ടിച്ചികൾ, കാവിലെ പാട്ട്, ഒരു പിടി നെല്ലിക്ക, തത്ത്വശാസ്ത്രമുറങ്ങുമ്പോൾ, പുത്തൻകലവും അരിവാളും തുടങ്ങിയ കവിതാ സമാഹാരങ്ങളും കൂട്ടുകൃഷി, നൂലാമാല, എണ്ണിച്ചുട്ട അപ്പം, കളിയും ചിരിയും, തൊടിയിൽ പടരാത്ത മുല്ല തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്. 1971-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1974 ഒക്ടോബർ 16-ന് അന്തരിച്ചു.
ഇടശ്ശേരി സ്മാരക പുരസ്കാര ജേതാക്കൾ
2025ലെ ഇടശ്ശേരി സ്മാരക പുരസ്കാരം - ഗിരീഷ് കളത്തിൽ (കൃതി - 'ഒച്ചയും കാഴ്‌ചയും') & ഡോ. ചന്ദ്രദാസ് (കൃതി - 'റിയലി സോറി, ഇതൊരു ഷേക്സ്പിയർ നാടകമല്ല')
