ചെറുകഥ സാഹിത്യം

Arun Mohan
0

ചെറുകഥ സാഹിത്യം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് മലയാളത്തിൽ ആദ്യത്തെ ചെറുകഥയുണ്ടായത്; 1891ൽ. 'വാസനാവികൃതി' എന്ന ഈ ആദ്യകഥ എഴുതിയത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണ്. വാസനാവികൃതിക്കു മുമ്പ് വേറെയും ചെറുകഥകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും സ്വതന്ത്ര രചനകളായിരുന്നില്ല. മൂർക്കോത്തു കുമാരൻ, സി.എസ് ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, അപ്പൻ തമ്പുരാൻ, സി.വി കുഞ്ഞിരാമൻ, ഇ.വി കൃഷ്ണപിള്ള തുടങ്ങിയവർ ആദ്യകാലത്തെ ചില പ്രമുഖ കഥാകാരന്മാരാണ്.

രൂപപരമായ ഹ്രസ്വത, ഫാന്റസിയോടുള്ള താല്പര്യം എന്നിവ ചെറുകഥയുടെ പ്രത്യേകതകളാണ്. പത്തൊൻപതാം നൂറ്റാണ്ടിലാണ് ഒരു സാഹിത്യവിഭാഗമെന്ന നിലയിൽ ചെറുകഥ പ്രചാരം നേടുന്നത്. ലഘുവെങ്കിലും ജീവസ്പർശിയായ അനുഭവമോ, സംഭവമോ വികാരാത്മകമായി ആവിഷ്കരിക്കുന്നതാണ് ചെറുകഥ. മലയാളത്തിലെ ഒന്നാം തലമുറ ചെറുകഥാകൃത്തുക്കൾ എന്നറിയപ്പെടുന്നത് കേസരി, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, ഇ.വി കൃഷ്ണപിള്ള എന്നിവരാണ്. തകഴി, ബഷീർ, പൊൻകുന്നം വർക്കി, എസ്.കെ.പൊറ്റക്കാട്, ലളിതാംബിക അന്തർജ്ജനം തുടങ്ങിയവർ ഉൾപ്പെടുന്ന രണ്ടാം തലമുറക്കാർ ചെറുകഥയെ ഒരു പ്രസ്ഥാനമാക്കി മാറ്റിയെടുത്തു. ഇവർ റിയലിസ്റ്റിക് കഥാകഥനത്തിന് ആരംഭം കുറിച്ചു. മൂന്നാം തലമുറക്കാരായ എം.ടി.വാസുദേവൻ നായരും, ടി.പത്മനാഭനും, മാധവിക്കുട്ടിയും കഥയെ കവിതയോടടുപ്പിച്ചു. നാലാം തലമുറക്കാരായ എം.മുകുന്ദൻ, സക്കറിയ, എം.പി.നാരായണപിള്ള, ഒ.വി.വിജയൻ എന്നിവർ ചെറുകഥയെ ആധുനീകരിച്ച് ലോകസാഹിത്യ നിലവാരത്തിലെത്തിച്ചു.

Post a Comment

0 Comments
Post a Comment (0)