കേരളത്തിലെ കൊട്ടാരങ്ങൾ

Arun Mohan
0

കേരളത്തിലെ കൊട്ടാരങ്ങൾ

പത്മനാഭപുരം പാലസ് കോംപ്ലക്‌സ്

സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലാണെങ്കിലും കേരളത്തിന്റേതാണീ കൊട്ടാരം. തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് പത്മനാഭപുരം കൊട്ടാരവും മ്യൂസിയം കോംപ്ലക്‌സും ഉള്ളത്. ഇന്ന് കേരള പുരാവസ്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ പണികഴിപ്പിച്ചതാണ്. ആദ്യകാലത്ത് 'കൽക്കുളം പാലസ്' എന്നറിയപ്പെട്ടിരുന്ന ഈ കൊട്ടാരത്തിന് 1744ൽ പത്മനാഭപുരം പാലസ് എന്ന പേരുലഭിച്ചു. തടിയിൽ തീർത്ത ഒട്ടനവധി കൊത്തുപണികൾ, കുതിരകൾ, വ്യത്യസ്തമായ 90 താമരകൾ, ഓണവില്ല്, ഗ്രാനൈറ്റ് കട്ടിൽ, ചൈനീസ് ജാറുകൾ എന്നിവ കൂടാതെ ശ്രീരാമപട്ടാഭിഷേകത്തിന്റേതടക്കം ഒട്ടനവധി ചുവർചിത്രങ്ങളും ഇവിടെ കാണാനാകും. പത്മനാഭപുരം കൊട്ടാരത്തോടനുബന്ധിച്ച് നാലുകെട്ടിന്റെ മാതൃകയിൽ പണിത പുരാവസ്തു മ്യൂസിയവും പൈതൃക മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. കുബേര പ്രതിമ, പുരാതന അടുക്കളപ്പാത്രങ്ങൾ എന്നിവയൊക്കെ ഇവിടുത്തെ പ്രധാന പ്രദർശനവസ്തുക്കളാണ്.

കുതിരമാളിക

തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലാണ് ഈ കൊട്ടാരം നിലകൊള്ളുന്നത്. കുതിരയുടെ ശില്പമാതൃകകളുള്ളതിനാലാണ് ഈ പേരു വന്നത്. 'പുത്തൻമാളിക' എന്നൊരു പേരും ഈ കൊട്ടാരത്തിനുണ്ട്. സ്വാതി തിരുനാൾ ബാലരാമവർമ പണികഴിപ്പിച്ചതാണീ കൊട്ടാരം. തിരുവിതാംകൂർ രാജാക്കന്മാരുടെ ഓയിൽ ചിത്രങ്ങൾ, കഥകളി മുദ്രകൾ, ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവയും സ്വരങ്ങൾ പൊഴിക്കുന്ന സംഗീതമരവും ഇവിടുത്തെ കാഴ്ചകളാണ്. കുതിരമാളിക മ്യൂസിയം തിരുവനന്തപുരം ജില്ലാ മ്യൂസിയമായി രൂപകൽപന ചെയ്തുവരികയാണിന്ന്.

കോയിക്കൽ പാലസ്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് കോയിക്കൽ കൊട്ടാരം. പേരകം രാജവംശത്തിന്റെ കൊട്ടാരമായിരുന്ന ഇവിടം പിന്നീട് വേണാട് രാജവംശത്തിന്റേതായി മാറി. 1979ൽ പുരാവസ്തു വകുപ്പ് ഈ കൊട്ടാരം ഏറ്റെടുക്കുകയും മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ഇന്നിവിടെ ഫോക്‌ലോർ മ്യൂസിയവും നാണയ മ്യൂസിയവും പ്രവർത്തിക്കുന്നു. താളിയോലകൾ, ഓയിൽ ജാറുകൾ, തുള്ളൽ കലയുടെ മോഡലുകൾ തുടങ്ങിയവ കോയിക്കൽ പാലസിലെ ഫോക്‌ലോർ മ്യൂസിയത്തിന്റെ ആകർഷണങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ നാണയശേഖരമുള്ള നാണയ മ്യൂസിയത്തിൽ മൗര്യകാലഘട്ടത്തിലെ നാണയങ്ങൾ, ഡച്ച് - ബ്രിട്ടീഷ് - റോമൻ നാണയങ്ങൾ, ചേര - ചോള നാണയങ്ങൾ, തിരുവിതാംകൂർ രാജമുദ്ര എന്നിങ്ങനെ അമൂല്യമായ ശേഖരമുണ്ട്.

കൃഷ്ണപുരം പാലസ്

ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് കൃഷ്ണപുരം പാലസ്. മാർത്താണ്ഡവർമ മഹാരാജാവ് പണികഴിപ്പിച്ച ഈ കൊട്ടാരം ഒരുകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഇടക്കാല വസതിയായിരുന്നു. കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള ഈ കൊട്ടാരം മ്യൂസിയമായി നവീകരിച്ചത് 2000 ലാണ്. മെഗാലിത്തിക് കാലഘട്ടത്തിലെ ജാറുകൾ, വെങ്കലപ്രതിമകൾ, വാളുകൾ, അളവുനാഴികൾ, വെടിയുണ്ടകൾ, സംസ്കൃത ഭാഷയിലെ ബൈബിൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ പ്രദർശനവസ്തുക്കളാണ്. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്ര പെയിന്റിങ്ങുകളിൽ ഒന്നായ 'ഗജേന്ദ്രമോക്ഷം' ഈ മ്യൂസിയത്തിലാണുള്ളത്.

ഹിൽപാലസ്

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ഹിൽപാലസ്. കൊച്ചി രാജവംശത്തിന്റെ കൊട്ടാരമായിരുന്ന ഹിൽപാലസ് 1984ൽ കേരളാ പുരാവസ്‌തു വകുപ്പ് ഏറ്റെടുത്ത് മ്യൂസിയമാക്കി മാറ്റി. 15 ഗാലറികൾ, മാൻ പാർക്ക്, പൂന്തോട്ടം എന്നിവ ചേർന്നതാണ് ഹിൽപാലസ് മ്യൂസിയം. രാജവംശം ഉപയോഗിച്ചിരുന്ന ഫർണിച്ചർ, മറ്റുപകരണങ്ങൾ, പെയിന്റിങ്ങുകൾ, ആയുധങ്ങൾ, ആഭരണങ്ങൾ, നാണയ ശേഖരങ്ങൾ, ആട്ടിൻതോലിൽ എഴുതപ്പെട്ട തോറ എന്ന വിശുദ്ധഗ്രന്ഥം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ ഹിൽപാലസ് ഗാലറികളിലുണ്ട്. പോർച്ചിഗീസുകൾ സമ്മാനിച്ച 1.75 കിലോ തൂക്കമുള്ള സ്വർണകിരീടം, രാജകീയ സിംഹാസനം എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

മട്ടാഞ്ചേരി പാലസ്

എറണാകുളം ജില്ലയിൽ, ജൂതടൗണിനടുത്തായാണ് മട്ടാഞ്ചേരി പാലസ്. 1555ൽ പോർച്ചിഗീസുകാർ നിർമിച്ചതാണീ കൊട്ടാരം. പിന്നീട് ഡച്ചുകാർ ഇത് സ്വന്തമാക്കുകയും പുതുക്കിപ്പണിയുകയും ചെയ്തു. അതിനാൽ 'ഡച്ച് പാലസ്' എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്. ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഈ കൊട്ടാരം 1986 ലാണ് മ്യൂസിയമാക്കി മാറ്റിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കേരളത്തിൽ ഏറ്റെടുത്തു നടത്തുന്ന ഒരേയൊരു മ്യൂസിയമാണ് മട്ടാഞ്ചേരി പാലസ്. കേരളത്തിലെ ഏറ്റവും പുരാതനമായ പാലസ് മ്യൂസിയവും ഇതു തന്നെ. കൊച്ചി രാജവംശത്തിന്റെ ഉടവാളുകൾ, തലപ്പാവുകൾ, നാണയങ്ങൾ, രാജാക്കന്മാരുടെ ചിത്രങ്ങൾ, ഡച്ച് പെയിന്റിങ്ങുകൾ എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചവസ്തുക്കളാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള ചുവർചിത്ര പെയിന്റിങ്ങുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു.

ശക്തൻ തമ്പുരാൻ കൊട്ടാരം

കേരള - ഡച്ച് വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന ഈ കൊട്ടാരം തൃശൂർ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. 'വടക്കേച്ചിറ കോവിലകം' എന്നായിരുന്നു ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ പഴയ പേര്. കൊച്ചി രാജവംശത്തിന്റെ കൊട്ടാരമായിരുന്ന ഇവിടം 2005ൽ കേരള പുരാവസ്തു വകുപ്പ് മ്യൂസിയമാക്കി മാറ്റി. വെങ്കല ശിൽപ ഗാലറി, നാണയ ഗാലറി, പുരാരേഖാ ഗാലറി എന്നിവ ഏറെ ശ്രദ്ധയാകർഷിക്കുന്നു. ഇരുമ്പു യുഗത്തിന്റെ അവശിഷ്ടങ്ങൾ, വിവിധയിനം ശിൽപങ്ങൾ, ടിപ്പു സുൽത്താന്റെ വരവിനെക്കുറിച്ച് പറയുന്ന രേഖകൾ എന്നിവയും ഇവിടെ കാണാം.

അറയ്ക്കൽ കൊട്ടാരം

കണ്ണൂർ പട്ടണത്തോട് ചേർന്നു സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് അറയ്ക്കൽ കൊട്ടാരം. കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമായിരുന്ന അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. 2005 ലാണ് ഇത് മ്യൂസിയമാക്കി മാറ്റിയത്. വിവിധ കാലഘട്ടങ്ങളിലെ രാജാക്കന്മാരുടെയും ബീവിമാരുടെയും ചിത്രങ്ങൾ, തോക്കുകൾ, മറ്റ് ആയുധങ്ങൾ, ടെലഫോണുകൾ എന്നിവ ഇവിടുത്തെ ശേഖരത്തിൽപ്പെടുന്നു.

ചിറക്കൽ കൊട്ടാരം

കണ്ണൂർ ജില്ലയിലെ ചിറക്കലിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. കോലത്തിരി രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു ഇവിടം. പ്രശസ്ത കവി ചെറുശ്ശേരിയുടെ ജീവിതവും ഈ കൊട്ടാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. 2003ൽ കണ്ണൂർ ഫോക്‌ലോർ അക്കാദമി കൊട്ടാരം ഏറ്റെടുത്ത് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഒട്ടേറെ നാടൻ കലാരൂപങ്ങളുടെയും തിറകളുടെയുമെല്ലാം മാതൃകകളും ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. തടിയിൽ നിർമിച്ച ജാറുകൾ, വിവിധയിനം ആഭരണങ്ങൾ എന്നിവയും ഇവിടെ കാണാം.

Post a Comment

0 Comments
Post a Comment (0)