കേരളത്തിലെ മ്യൂസിയങ്ങൾ

Arun Mohan
0

കേരളത്തിലെ മ്യൂസിയങ്ങൾ

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് കേരളത്തിന്റെ മ്യൂസിയം ചരിത്രം തുടങ്ങുന്നത്. 1850കളിൽ തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ മുൻകൈയെടുത്ത് നഗരത്തോട് ചേർന്ന് ഒരു മ്യൂസിയം തുടങ്ങി. കൊട്ടാരം ശേഖരത്തിലെ കലാവസ്തുക്കൾ പ്രദർശിപ്പിക്കാനൊരിടം എന്ന രീതിയിലാണ് ഈ മ്യൂസിയം ആരംഭിച്ചത്. ചില ബ്രിട്ടീഷുകാരുടെ സഹകരണവും ഇതിനുണ്ടായിരുന്നു. തുടക്കത്തിൽ കാഴ്ചക്കാർ കുറവായതിനാൽ മ്യൂസിയം പരിസരത്ത് ഒരു മൃഗശാലയും ആരംഭിച്ചു. ഇവിടേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. 1879ൽ മ്യൂസിയം പുതുക്കിപ്പണിതു. ആരെയും ആകർഷിക്കുന്ന ഇന്തോ - യൂറോപ്യൻ വാസ്തുവിദ്യയിൽ പണിത മ്യൂസിയത്തിന് ലോർഡ് നേപ്പിയറോടുള്ള ആദരസൂചകമായി 'നേപ്പിയർ മ്യൂസിയം' എന്നു പേരിട്ടു. ചരിത്രപ്രാധാന്യമുള്ള രേഖകളും കേരളീയവീടുകളുടെ മാതൃകകളുമൊക്കെ ആദ്യകാലത്ത് അവിടെ പ്രദർശിപ്പിച്ചു. ഏതാണ്ട് ഇതേകാലത്ത് തൃശൂരും കൊച്ചിയിലും മ്യൂസിയത്തിനായുള്ള ശ്രമം തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തിരുവിതാംകൂർ സ്റ്റേറ്റ് ആർക്കിയോളജി വകുപ്പ് രൂപപ്പെടുകയും ചിട്ടയോടെയുള്ള മ്യൂസിയം സംരംഭങ്ങൾക്ക് തുടക്കമാവുകയും ചെയ്തു.

കേരളത്തിലെ മ്യൂസിയങ്ങൾ

1. മ്യൂസിയം സമുച്ചയം - തിരുവനന്തപുരം

നേപ്പിയർ മ്യൂസിയം, കാഴ്ച ബംഗ്ലാവ്, ആർട്സ് ഗ്യാലറി, ശ്രീചിത്തിരരാലയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിങ്ങനെ അഞ്ച് കാഴ്ചവിസ്മയങ്ങൾ. തിരുവനന്തപുരം നഗരഹൃദയത്തിൽത്തന്നെയാണ് ഇവയെല്ലാം. കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയത്തിൽ കഥകളി രൂപങ്ങൾ, വെങ്കല പ്രതിമകൾ, കൽശില്പങ്ങൾ, തടിയിൽ തീർത്ത കൊത്തുപണികൾ, ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ തുടങ്ങി ഒട്ടനവധി പ്രദർശനവസ്തുക്കളുണ്ട്‌.

2. കുതിരമാളിക മ്യൂസിയം - തിരുവനന്തപുരം

തിരുവിതാംകൂർ രാജാക്കന്മാരുടെ ഓയിൽ ചിത്രങ്ങൾ, കഥകളി മുദ്രകൾ, ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവയും സ്വരങ്ങൾ പൊഴിക്കുന്ന സംഗീതമരവും ഇവിടുത്തെ കാഴ്ചകളാണ്. 

3. ഗാന്ധി മ്യൂസിയം - തിരുവനന്തപുരം

ഗാന്ധി സ്മരണകളുണർത്തുന്ന ചെറു മ്യൂസിയമായ ഗാന്ധി മ്യൂസിയം തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു.

4. ചാച്ചാ നെഹ്‌റു ചിൽഡ്രൻസ് മ്യൂസിയം - തിരുവനന്തപുരം

പാവകൾ, ചിത്രങ്ങൾ, റൈഡുകൾ എന്നിവ ഒരുക്കിയിരിക്കുന്ന ചെറു മ്യൂസിയമായ ചാച്ചാ നെഹ്‌റു ചിൽഡ്രൻസ് മ്യൂസിയം തിരുവനന്തപുരത്തെ തൈക്കാടിൽ സ്ഥിതിചെയ്യുന്നു.

5. കവടിയാർ കൊട്ടാരം മ്യൂസിയം - തിരുവനന്തപുരം

തിരുവിതാംകൂർ രാജവംശത്തിന്റെ നാൾവഴികളോർമിപ്പിക്കുന്ന കവടിയാർ കൊട്ടാരം മ്യൂസിയം തിരുവനന്തപുരത്തെ ചെറു മ്യൂസിയങ്ങളിലൊന്നാണ്.

6. പത്മനാഭപുരം പാലസ് കോംപ്ലക്സ് - തക്കല, തമിഴ്നാട്

തടിയിൽ തീർത്ത ഒട്ടനവധി കൊത്തുപണികൾ, കുതിരകൾ, വ്യത്യസ്തമായ 90 താമരകൾ, ഓണവില്ല്, ഗ്രാനൈറ്റ് കട്ടിൽ, ചൈനീസ് ജാറുകൾ എന്നിവ കൂടാതെ ശ്രീരാമപട്ടാഭിഷേകത്തിന്റേതടക്കം ഒട്ടനവധി ചുവർചിത്രങ്ങളും ഇവിടെ കാണാനാകും. കുബേര പ്രതിമ, പുരാതന അടുക്കളപ്പാത്രങ്ങൾ എന്നിവയൊക്കെ ഇവിടുത്തെ പ്രധാന പ്രദർശനവസ്തുക്കളാണ്.

7. കോയിക്കൽ പാലസ് മ്യൂസിയം - തിരുവനന്തപുരം

താളിയോലകൾ, ഓയിൽ ജാറുകൾ, തുള്ളൽ കലയുടെ മോഡലുകൾ തുടങ്ങിയവ കോയിക്കൽ പാലസിലെ ഫോക്‌ലോർ മ്യൂസിയത്തിന്റെ ആകർഷണങ്ങളാണ്. കൂടാതെ മൗര്യകാലഘട്ടത്തിലെ നാണയങ്ങൾ, ഡച്ച് - ബ്രിട്ടീഷ് - റോമൻ നാണയങ്ങൾ, ചേര - ചോള നാണയങ്ങൾ, തിരുവിതാംകൂർ രാജമുദ്ര എന്നിങ്ങനെ അമൂല്യമായ ശേഖരമുണ്ട്.

8. ബാങ്കിങ് മ്യൂസിയം - തിരുവനന്തപുരം

ബാങ്കുകളുടെ ചരിത്രം, വളർച്ച എന്നിവയൊക്കെ വിവരിക്കുന്ന മ്യൂസിയമാണ് ബാങ്കിങ് മ്യൂസിയം. ഫൂട്ട്പ്രിന്റ് എന്നു പേരുള്ള ഈ മ്യൂസിയം തിരുവനന്തപുരത്ത് കവടിയാറിൽ പ്രവർത്തിക്കുന്നു.

9. കാർഷിക - വിള മ്യൂസിയം - തിരുവനന്തപുരം

കേരളത്തിന്റെ സമൃദ്ധമായ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന ഒട്ടനവധി പ്രദർശനവസ്തുക്കൾ നിറഞ്ഞ മ്യൂസിയമാണ് കാർഷിക - വിള മ്യൂസിയം. തിരുവനന്തപുരത്ത് ആനയറയിലുള്ള വെൺപാലവട്ടത്താണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്.

10. മണ്ണ് മ്യൂസിയം - തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ മണ്ണ് മ്യൂസിയം 2014ൽ തിരുവനന്തപുരം ജില്ലയിലെ പാറോട്ടുകോണത്ത് ആരംഭിച്ചു. കേന്ദ്ര മണ്ണുപരിശോധനാ ലാബിനോട് ചേർന്നാണീ മ്യൂസിയം.

11. കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം - തിരുവനന്തപുരം

ശാസ്ത്ര നേട്ടങ്ങളും കൗതുകങ്ങളും ഒരുക്കുന്ന മ്യൂസിയമായ കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു. ബർഗ്ലർ അലാറം, ഇന്ത്യൻ സ്റ്റാമ്പുകൾ, പ്രിയദർശിനി പ്ലാനറ്റോറിയം എന്നിവയും ഒരു മൊബൈൽ സയൻസ് എക്സിബിഷൻ സെന്ററും ഇവിടെയുണ്ട്.

12. സൂനാമി മ്യൂസിയം - കൊല്ലം

2004 ഡിസംബർ 26ന് കേരളത്തിൽ ആഞ്ഞടിച്ച സൂനാമിയെ തുടർന്നാണ് സൂനാമി മ്യൂസിയം ആരംഭിച്ചത്. സൂനാമിയുടെ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി നിർമിച്ച ഈ മ്യൂസിയം, സൂനാമി ഏറ്റവും കൂടുതൽ ദുരിതം വിതച്ച കൊല്ലം ജില്ലയിലെ ആലപ്പാട് സ്ഥിതിചെയ്യുന്നു.

13. കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ ക്ലാസ്സിക്കൽ ആർട്സ് മ്യൂസിയം - കൊല്ലം

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ ക്ലാസ്സിക്കൽ ആർട്സ് മ്യൂസിയമുള്ളത്. കൊട്ടാരക്കര രാജാവും രാമനാട്ടത്തിന്റെ ഉപജ്ഞാതാവുമായിരുന്ന കൊട്ടാരക്കര തമ്പുരാന്റെ ഓർമയ്ക്കായി 1983 ലാണ് ഈ മ്യൂസിയം ആരംഭിച്ചത്. രണ്ട് നിലകളുള്ള ഈ മ്യൂസിയത്തിൽ എട്ട് ഗ്യാലറികൾ കാണാം. വിവിധ ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ വേഷങ്ങളും ആഭരണങ്ങളുമെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

14. പൊലീസ് മ്യൂസിയം - കൊല്ലം

കൊല്ലം റെയിൽവേ സ്റ്റേഷനു സമീപമാണ് ഇന്ത്യയിലെ ആദ്യ പൊലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. നമ്മുടെ പൊലീസ് സേനയുടെ ചരിത്രവും വികാസവും ഇവിടെ കാണാം. സർദാർ വല്ലഭായി പട്ടേൽ പൊലീസ് മ്യൂസിയം എന്നറിയപ്പെടുന്ന ഈ സ്ഥാപനം 1999 ലാണ് ആരംഭിച്ചത്. മാർത്താണ്ഡവർമയുടെ കാലത്ത് നവീകരിച്ച സേനയുടെ ചരിത്രം, ഫിംഗർ പ്രിന്റ് വിദ്യ, ഡോഗ് സ്‌ക്വാഡ്, വിവിധ ആയുധങ്ങൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ട്.

15. ബേ ഡ്രിഫ്റ്റ് വുഡ് മ്യൂസിയം - കോട്ടയം

കോട്ടയം ജില്ലയിലെ കുമരകത്താണ് ഇന്ത്യയിൽ തന്നെ ഈ വിഭാഗത്തിൽ പെടുന്ന ആദ്യ മ്യൂസിയം നിലകൊള്ളുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വേരുകളും, വേരുകളിൽ തീർത്ത ശില്പങ്ങളുമാണ് ഇവിടുത്തെ അമൂല്യശേഖരം.

16. ഗോൾഡൻ ജൂബിലി മ്യൂസിയം - കോട്ടയം

ഭാരത ക്രിസ്ത്യൻ സഭയുടെ ചരിത്രം പറയുന്ന ഗോൾഡൻ ജൂബിലി മ്യൂസിയം കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതിചെയ്യുന്നു.

17. വൈക്കം സത്യാഗ്രഹ മ്യൂസിയം - കോട്ടയം

തൊട്ടുകൂടായ്‌മയ്‌ക്കെതിരെ കൊടുങ്കാറ്റായി മാറിയ വൈക്കം സത്യാഗ്രഹത്തിന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന മ്യൂസിയമാണ് വൈക്കം സത്യാഗ്രഹ മ്യൂസിയം. സത്യാഗ്രഹ സ്മരണകളുണർത്തുന്ന ഫോട്ടോകളും ചരിത്രരേഖകളും പലതരം ശില്പങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

18. കേരളാ സയൻസ് സിറ്റി - കോട്ടയം

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്ഥിതിചെയ്യുന്ന ഒരു ശാസ്ത്ര സാങ്കേതിക പാർക്കാണ് കേരളാ സയൻസ് സിറ്റി. മികച്ച പ്ലാനറ്റോറിയം, ഇവലൂഷൻ പാർക്ക്, ത്രി-ഡി തിയറ്റർ, മ്യൂസിയങ്ങൾ, റോബട്ടിക് ഗ്യാലറി, നാനോ ടെക്‌നോളജി പാർക്ക്, വോക്ക്വേ മ്യൂസിയം എന്നിങ്ങനെ ധാരാളം സംവിധാനങ്ങൾ ഇവിടെയുണ്ട്. 

19. ആന മ്യൂസിയം - പത്തനംതിട്ട

പത്തനംതിട്ടയിലെ കോന്നിയിലാണ് ആന മ്യൂസിയം സ്ഥിതിചെയ്യുന്നത്. ആനയുടെ അസ്ഥികൂടം, ആനവളർത്തലിനുള്ള ഉപകരണങ്ങൾ എന്നിവയൊക്കെ ഈ മ്യൂസിയത്തിൽ കാണാം.

20. നാട്ടറിവു മ്യൂസിയം - പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ മണ്ണടിയിലാണ് നാട്ടറിവു മ്യൂസിയം പ്രവർത്തിക്കുന്നത്. തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട് പ്രശസ്തമാണ് ഈ പ്രദേശം.

21. കൃഷ്ണപുരം പാലസ് മ്യൂസിയം - ആലപ്പുഴ

മെഗാലിത്തിക് കാലഘട്ടത്തിലെ ജാറുകൾ, വെങ്കലപ്രതിമകൾ, വാളുകൾ, അളവുനാഴികൾ, വെടിയുണ്ടകൾ, ഗജേന്ദ്രമോക്ഷം ചുവർചിത്രം, സംസ്കൃത ഭാഷയിലെ ബൈബിൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ പ്രദർശനവസ്തുക്കളാണ്. 

22. തകഴി മ്യൂസിയം - ആലപ്പുഴ

ജ്ഞാനപീഠ അവാർഡ് ജേതാവായ തകഴി ശിവശങ്കരപ്പിള്ളയുടെ വീട് ഇന്നൊരു മ്യൂസിയമാണ്. ആലപ്പുഴ ജില്ലയിലെ കരുമാടി എന്ന സ്ഥലത്തിനടുത്തായി സ്ഥിതിചെയ്യുന്നു. തകഴിക്ക് ലഭിച്ച അവാർഡുകൾ, സമ്മാനങ്ങൾ, സർട്ടിഫിക്കറ്റുകൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടിൽ, കസേര, ടൈപ്പ് റൈറ്റർ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ഇവിടുത്തെ കാഴ്ചകളാണ്.

23. രവി കരുണാകരൻ മ്യൂസിയം - ആലപ്പുഴ

ആലപ്പുഴയിലെ പ്രശസ്ത കയർവ്യപാരിയായിരുന്ന രവി കരുണാകരന്റെ ഓർമയ്ക്കായി 2006ൽ ആലപ്പുഴ ടൗണിൽ ആരംഭിച്ച മനോഹര മ്യൂസിയമാണിത്. വില കൂടിയ വസ്തുക്കൾ, ലോകോത്തര ക്രിസ്റ്റലുകളുടെ ശേഖരം, ആന കൊമ്പിൽ തീർത്ത ഒട്ടനവധി ശില്പങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

24. കാർട്ടൂൺ മ്യൂസിയം - ആലപ്പുഴ

ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയമാണ് 2014ൽ കായംകുളത്തിനടുത്ത് കൃഷ്ണപുരത്താരംഭിച്ച കാർട്ടൂൺ മ്യൂസിയം. പ്രശസ്ത കാർട്ടൂണിസ്റ്റായ ആർ.ശങ്കറിന്റെ പേരിലുള്ള ഈ മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകളുടെ വലിയ ശേഖരം തന്നെ കാണാം. 

25. കയർ മ്യൂസിയം - ആലപ്പുഴ

കയറിന് പേരുകേട്ട ആലപ്പുഴയിലാണ് അന്താരാഷ്ട്ര കയർ മ്യൂസിയമുള്ളത്. കയർ ഉത്പന്നങ്ങളുടെ ചരിത്രം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കയർ നാരുകളുടെ സംസ്കരണം, വേർതിരിക്കൽ, മെഷനറികളുടെ ഉപയോഗം, വിവിധ കയറുല്പന്നങ്ങൾ എന്നിവ ഇവിടെ കാണാം.

26. ടാറ്റാ റ്റീ മ്യൂസിയം - ഇടുക്കി

മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് ടാറ്റാ റ്റീ മ്യൂസിയം. തേയില നിർമാണത്തിന്റെ വിവിധ വശങ്ങൾ വിവരിക്കുന്നതോടൊപ്പം വിവിധ ആകർഷണങ്ങളും മ്യൂസിയത്തിലുണ്ട്. 1900 കളിൽ മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടി എഞ്ചിൻ, ഗ്രാനൈറ്റിൽ തീർത്ത സൂര്യഘടികാരം, ഇരുപതാം നൂറ്റാണ്ടിൽ എസ്റ്റേറ്റിൽ ഉപയോഗിച്ചിരുന്ന പവർ ജനറേറ്റർ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. 

27. ഗോത്രവർഗ മ്യൂസിയം - ഇടുക്കി

കേരളത്തിലെ ആദിവാസികളുടെ ചരിത്രം, അവരുടെ ജീവിത രീതികൾ, കൃഷി, സംസ്കാരം, വിവാഹാചാരങ്ങൾ തുടങ്ങിയവയൊക്കെ വിവരിക്കുന്ന മ്യൂസിയമാണ് ഗോത്രവർഗ മ്യൂസിയം. ആദിവാസികളുടെ വേട്ടയാടൽ ഉപകരണങ്ങൾ, അവർ ഉപയോഗിക്കുന്ന വിവിധയിനം മരുന്നുകൾ എന്നിവയും ഈ മ്യൂസിയത്തിലുണ്ട്.

28. ഹിൽപാലസ് മ്യൂസിയം - എറണാകുളം

15 ഗ്യാലറികൾ, മാൻ പാർക്ക്, പൂന്തോട്ടം എന്നിവ ചേർന്നതാണ് ഹിൽപാലസ് മ്യൂസിയം. രാജവംശം ഉപയോഗിച്ചിരുന്ന ഫർണിച്ചർ, ആയുധങ്ങൾ, ആഭരണങ്ങൾ, മറ്റുപകരണങ്ങൾ, പെയിന്റിങ്ങുകൾ, നാണയ ശേഖരങ്ങൾ എന്നിങ്ങനെ അമൂല്യമായ ശേഖരമുണ്ട്

29. മട്ടാഞ്ചേരി പാലസ് മ്യൂസിയം - എറണാകുളം

കൊച്ചി രാജവംശത്തിന്റെ ഉടവാളുകൾ, തലപ്പാവുകൾ, നാണയങ്ങൾ, രാജാക്കന്മാരുടെ ചിത്രങ്ങൾ, ഡച്ച് പെയിന്റിങ്ങുകൾ, രാമായണ ചുവർചിത്ര പെയിന്റിങ്ങുകളും എന്നിങ്ങനെ അമൂല്യമായ ശേഖരമുണ്ട്.

30. ഇന്റർനാഷണൽ വാക്‌സ് മ്യൂസിയം - എറണാകുളം

കൊച്ചിയിലെ ഒബ്റോൺ മാളിലാണ് 'ഇന്റർനാഷണൽ വാക്‌സ് മ്യൂസിയം' പ്രവർത്തിക്കുന്നത്. മഹാത്മാഗാന്ധി, ഇ.കെ.നായനാർ, അണ്ണാ ഹസാരെ, ക്രിസ്‌റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഒട്ടനവധി പ്രശസ്തരുടെ ഒത്ത ഉയരത്തിലും വലുപ്പത്തിലുമുള്ള മെഴുക് പ്രതിമകൾ കൊച്ചിയിലെ വാക്‌സ് മ്യൂസിയത്തിലുണ്ട്.

31. സമുദ്ര ജൈവവൈവിധ്യ മ്യൂസിയം - എറണാകുളം

ആഴക്കടലിലെ ജൈവവൈവിധ്യം നേരിട്ട് കാണാൻ പറ്റിയ സ്ഥലമാണ് കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന സമുദ്ര ജൈവവൈവിധ്യ മ്യൂസിയം. കടൽ ആൽഗകൾ, പുല്ല്, സ്പോഞ്ചുകൾ, മീൻ, കടൽകക്ക, ചിപ്പി, ചെമ്മീൻ എന്നിങ്ങനെ പലതിനെയും ഇവിടെ കാണാം.

32. നാട്ടറിവ് മ്യൂസിയം - എറണാകുളം

നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ നാട്ടറിവുകളെ ഒരുമിച്ചു ചേർക്കുന്ന മ്യൂസിയമാണ് കൊച്ചിയിലെ തേവരയിൽ പ്രവർത്തിക്കുന്ന ഫോക്ക് ലോർ മ്യൂസിയം. തിരുവിതാംകൂർ ശൈലിയിൽ ചെങ്കല്ലിലാണ് ഇത് നിർമിച്ചിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത സംഗീതോപകരണങ്ങൾ, വിളക്കുകൾ, തടിയിൽ തീർത്ത ശില്പങ്ങൾ, വിവിധ നൃത്ത രൂപങ്ങൾ, അവയുടെ വസ്ത്രങ്ങൾ എന്നിവയൊക്കെ ഈ മ്യൂസിയത്തിലുണ്ട്.

33. ഏവിയേഷൻ മ്യൂസിയം - എറണാകുളം

കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കേരളത്തിന്റെ ഏവിയേഷൻ മ്യൂസിയം സ്ഥിതിചെയ്യുന്നത്. റൈറ്റ് സഹോദരന്മാർ പറത്തിയ വിമാനത്തിന്റെ മോഡൽ, ആദ്യകാല വിമാനമായ കിറ്റി ഹാക്കിന്റെ മാതൃക, എയർഫോഴ്സ് പൈലറ്റുകൾക്ക് പരിശീലനം നൽകിയിരുന്ന പോളിഷ് ജെറ്റ് എന്നിവയൊക്കെ ഏവിയേഷൻ മ്യൂസിയത്തിലെ കാഴ്ചകളാണ്.

34. ഇന്തോ - പോർച്ചുഗീസ് മ്യൂസിയം - എറണാകുളം

തേക്കുതടിയിൽ നിർമിച്ച അൾത്താര, മെഴുകുതിരി സ്റ്റാൻഡുകൾ, പരമ്പരാഗത താഴുകൾ, പത്തൊൻപതാം നൂറ്റാണ്ടിലെ അമൂല്യവസ്തുക്കൾ എന്നിവയൊക്കെയാണ് ഇവിടത്തെ പ്രദർശന വസ്തുക്കൾ.

35. മാരിടൈം മ്യൂസിയം - എറണാകുളം

സതേൺ നേവൽ കമാന്റിലെ മാരിടൈം മ്യൂസിയത്തിൽ നാവികസേനയുടെ ആദ്യകാല ചരിത്രം മുതൽ വരുംകാലത്തിന്റെ സാധ്യതകൾ വരെ പ്രദർശിപ്പിച്ചിരിക്കുന്നു. കൊച്ചിയിലെ നേവൽ ബേസിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 

36. ഐ.എൻ.എസ് ദ്രോണാചാര്യ മ്യൂസിയം - എറണാകുളം

ഫോർട്ടുകൊച്ചിയിലുള്ള മാരിടൈം മ്യൂസിയമാണ് ഐ.എൻ.എസ് ദ്രോണാചാര്യ മ്യൂസിയം. ഏതാനും യുദ്ധക്കപ്പലുകളാണ് ഇവിടെ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. നാവിക സേനയുടെ ചരിത്രവും നേട്ടവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളുമാണ് ഈ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.

37. കേരള ചരിത്ര മ്യൂസിയം - എറണാകുളം

ഇടപ്പളളിയിലാണ് കേരള ചരിത്ര മ്യൂസിയം പ്രവർത്തിക്കുന്നത്. കേരള ചരിത്രത്തിന്റെ നാൾവഴികൾ ഓർമിപ്പിക്കുന്ന ഓഡിയോ വിഷ്വലുകൾ, കേരള ചരിത്രത്തിലെ പ്രധാന വ്യക്തികളുടെ പ്രതിമകൾ, ശാകുന്തളത്തെ അടിസ്ഥാനമാക്കിയുള്ള പെയിന്റിങ്ങുകൾ, ലോകത്തിന്റെ പലഭാഗത്തുനിന്ന് ശേഖരിച്ച പാവകൾ എന്നിവയെല്ലാം ഇവിടത്തെ പ്രദർശനവസ്തുക്കളാണ്. 

38. സുഗന്ധവ്യഞ്ജന മ്യൂസിയം - എറണാകുളം

കേരളത്തിലെ ആദ്യത്തെ 'സ്‌പൈസ് മ്യൂസിയം' കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിലാണ് സ്ഥിതിചെയ്യുന്നത്. 30 ഇനത്തിൽ പെട്ട സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ചും കൃഷിയെക്കുറിച്ചും ഉൽപ്പന്നങ്ങളെക്കുറിച്ചും ഇവിടെ നിന്ന് മനസിലാക്കാം. 

39. ശക്തൻ തമ്പുരാൻ മ്യൂസിയം - തൃശൂർ

വെങ്കല ശിൽപ ഗ്യാലറി, പുരാരേഖാ ഗ്യാലറി, നാണയ ഗ്യാലറി, ഇരുമ്പു യുഗത്തിന്റെ അവശിഷ്ടങ്ങൾ, വിവിധയിനം ശിൽപങ്ങൾ, ടിപ്പു സുൽത്താനെ കുറിച്ചുള്ള രേഖകൾ എന്നിവയും ഇവിടെ കാണാം.

40. സ്റ്റേറ്റ് മ്യൂസിയം ആൻഡ് സൂ - തൃശൂർ

തൃശൂർ ജില്ലയിലെ ചെമ്പൂക്കാവിലാണ് സംസ്ഥാന മ്യൂസിയവും കാഴ്ചബംഗ്ലാവും പ്രവർത്തിക്കുന്നത്. ഇവിടുത്തെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ജീവികളുടെ സ്പെസിമനുകളും സ്‌റ്റഫ്‌ ചെയ്ത രൂപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ വിവിധയിനം ശില്പങ്ങൾ, പുരാതന ശിലകൾ, ആനയുടെ അസ്ഥികൂടം എന്നിവയും പ്രധാന ആകർഷണങ്ങളാണ്. സ്റ്റേറ്റ് മ്യൂസിയത്തിന് സമീപത്തായി ഒരു കലാ മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. വിവിധയിനം വിളക്കുകൾ, ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ, താംബൂലപ്പെട്ടി തുടങ്ങിയവയൊക്കെ ഇവിടുത്തെ ശേഖരണത്തിലുണ്ട്.

41. ഫൊട്ടോഗ്രഫി മ്യൂസിയം - തൃശൂർ

ഫൊട്ടോഗ്രഫിയുടെ ചരിത്രവും ശാസ്ത്രവും കലയുമൊക്കെ വിവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം. തൃശ്ശൂരിനടുത്തുള്ള കോടാലി എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 'ഫോട്ടോമുസ്' എന്നാണ് ഈ മ്യൂസിയത്തിന്റെ പേര്. ഫൊട്ടോഗ്രഫിയുടെ പൈതൃകവും ചരിത്രവും സൂചിപ്പിക്കുന്ന വസ്തുക്കളും, അത്യപൂർവമായ ഫോട്ടോകൾ, പലതരം ക്യാമറകളും ലെൻസുകളും ഇവിടെ കാണാം.

42. മുസിരിസ് ഹെറിറ്റേജ് മ്യൂസിയങ്ങൾ - തൃശൂർ

കേരളത്തിന്റെ മൺമറഞ്ഞുപോയ ചരിത്രം തിരഞ്ഞ് ഖനനം നടക്കുന്ന സ്ഥലമാണ് കൊടുങ്ങലൂരിനടുത്തുള്ള പട്ടണം മുസിരിസ് പര്യവേക്ഷണ കേന്ദ്രം. 21 മ്യൂസിയങ്ങളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്.

43. നെല്ല് മ്യൂസിയം - പാലക്കാട്

പട്ടാമ്പിയിലെ നെല്ലു ഗവേഷണകേന്ദ്രത്തിൽ കേരളത്തിന്റെ നെല്ല് മ്യൂസിയം പ്രവർത്തിക്കുന്നു.

44. തേക്ക് മ്യൂസിയം - മലപ്പുറം

ഇന്ത്യയിൽ ഒരേയൊരു തേക്ക് മ്യൂസിയമേയുള്ളൂ. മലപ്പുറം ജില്ലയിലെ വനപ്രദേശമായ നിലമ്പൂരിൽ ഇത് സ്ഥിതിചെയ്യുന്നു. പടുകൂറ്റൻ തേക്കുതടികളും, തേക്കിൽ തീർത്ത ശില്പങ്ങളും വാതിലുകളുമൊക്കെയാണ് ഈ മ്യൂസിയത്തിന്റെ ഭംഗി. മ്യൂസിയത്തോടു ചേർന്ന് ഒരു ചിത്രശലഭ പാർക്കും ഔഷധത്തോട്ടവും ഉണ്ട്.

45. കുഞ്ഞാലിമരയ്ക്കാർ ഭവനം മ്യൂസിയം - കോഴിക്കോട്

സാമൂതിരിയുടെ കപ്പൽപ്പടയുടെ കമാൻഡറായിരുന്ന കുഞ്ഞാലിമരയ്ക്കാർ ഒന്നാമന്റെ പേരിലുള്ളതാണീ മ്യൂസിയം. പോർച്ചുഗീസ് പടയ്‌ക്കെതിരെ പോരാടിയ കുഞ്ഞാലിയുടെ ജീവചരിത്രവും ആയുധങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

46. ബിസിനസ് മ്യൂസിയം - കോഴിക്കോട്

ഇന്ത്യയുടെ സമ്പന്നമായ വ്യാപാരചരിത്രം സൂക്ഷിക്കുന്ന ബിസിനസ് മ്യൂസിയം കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ക്യാംപസിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ബിസിനസ് രാജാക്കന്മാരായ ടാറ്റ, ഗോദറേജ്‌, റിലയൻസ്, ഇൻഫോസിസ് എന്നിവയുടെയെല്ലാം പ്രദർശനശാലകൾ ഇവിടെയുണ്ട്.

47. നരവംശശാസ്ത്ര മ്യൂസിയം - കോഴിക്കോട്

കേരളത്തിലെ ഗോത്രവർഗങ്ങളെക്കുറിച്ചും നരവംശത്തെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന മ്യൂസിയമാണ് നരവംശശാസ്ത്ര മ്യൂസിയം. കോഴിക്കോട് ജില്ലയിലെ ചേവായൂരിലാണ് ഈ മ്യൂസിയമുള്ളത്. മരവുരിയിൽ തീർത്ത വസ്ത്രം, ആദിവാസികളുടെ ജീവിതരീതി കാണിക്കുന്ന മാതൃകകൾ, ചിത്രങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയൊക്കെയാണ് ഈ മ്യൂസിയത്തിലെ കാഴ്ചകൾ.

48. പഴശ്ശിരാജാ പുരാവസ്തു മ്യൂസിയം കോംപ്ലക്സ് - കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്ലിലാണ് പഴശ്ശിരാജാ പുരാവസ്തു മ്യൂസിയം കോംപ്ലക്സ് സ്ഥിതിചെയ്യുന്നത്. പുരാവസ്തു മ്യൂസിയം, ആർട്ട് ഗ്യാലറി, കൃഷ്ണമേനോൻ മ്യൂസിയം എന്നിവ ചേരുന്നതാണ് ഈ കോംപ്ലക്സ്. ഒട്ടേറെ പുരാവസ്തുക്കൾ, ആയുധങ്ങൾ, വീരക്കല്ലുകൾ, പുരാരേഖകൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 

49. സയൻസ് സെന്റർ - കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ മാവൂർ റോഡിനടുത്ത് സ്ഥിതിചെയ്യുന്നു. ചിൽഡ്രൻസ് പാർക്ക്, അസ്ട്രോണമി ക്ലബ് എന്നിവയൊക്കെ ഇവിടെയുണ്ട്.

50. അറയ്ക്കൽ മ്യൂസിയം - കണ്ണൂർ

വിവിധ കാലഘട്ടങ്ങളിലെ രാജാക്കന്മാരുടെയും ബീവിമാരുടെയും ചിത്രങ്ങൾ, തോക്കുകൾ, ആയുധങ്ങൾ, ടെലഫോണുകൾ എന്നിവ ഇവിടുത്തെ ശേഖരത്തിൽപ്പെടുന്നു.

51. ഫോക്‌ലോർ മ്യൂസിയം - കണ്ണൂർ

ഒട്ടേറെ നാടൻ കലാരൂപങ്ങളുടെയും തിറകളുടെയുമെല്ലാം മാതൃകകളും ചിത്രങ്ങളും, തടിയിൽ നിർമിച്ച ജാറുകൾ, വിവിധയിനം ആഭരണങ്ങൾ എന്നിവ ഇവിടുത്തെ ശേഖരത്തിൽപ്പെടുന്നു.

52. ജയിൽ മ്യൂസിയം - കണ്ണൂർ

കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിലായ കണ്ണൂർ സെൻട്രൽ ജയിലിലാണ് കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം. ബ്രിട്ടീഷുകാരുടെ കാലം തൊട്ടുള്ള ജയിൽ യൂണിഫോം, തോക്കുകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രദർശന വസ്തുക്കൾ.

ചർച്ച് മ്യൂസിയങ്ങൾ

ദേവാലയങ്ങളോട് ചേർന്ന് വിശുദ്ധരുടെയും മറ്റും പേരിൽ പണികഴിപ്പിച്ചിട്ടുള്ളവയാണ് ഇത്തരം മ്യൂസിയങ്ങൾ. ദേവാലയ ചരിത്രം പ്രതിപാദിക്കുന്ന മ്യൂസിയങ്ങളും ഈ ഗണത്തിൽ പെടുന്നു. കേരളത്തിലെ ചില പ്രധാനപ്പെട്ട ചർച്ച് മ്യൂസിയങ്ങൾ ഇവയാണ്.

1. അൽഫോൻസാ മ്യൂസിയം - കോട്ടയം

2. ചാവറയച്ചൻ മ്യൂസിയം - കോട്ടയം & എറണാകുളം

3. മാർത്തോമാ മ്യൂസിയം - എറണാകുളം

4. റാണി മരിയ മ്യൂസിയം - എറണാകുളം

5. സിനഡ് മ്യൂസിയം - എറണാകുളം

6. മറിയം ത്രേസ്യാ മ്യൂസിയം - തൃശൂർ

7. ഏവുപ്രാസ്യാമ്മ മ്യൂസിയം - തൃശൂർ

8. ബൈബിൾ ടവർ - തൃശൂർ

9. സഭാചരിത്ര സാംസ്‌കാരിക മ്യൂസിയം - തൃശൂർ

ടെംപിൾ മ്യൂസിയങ്ങൾ 

ക്ഷേത്രങ്ങളോട് ചേർന്ന് 'ടെംപിൾ മ്യൂസിയ'ങ്ങളും കേരളത്തിലുണ്ട്.

1. ദേവസ്വം മ്യൂസിയം - ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മ്യൂസിയങ്ങൾ

വിദ്യാലയങ്ങൾ, കലാലയങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള മ്യൂസിയങ്ങളാണ് ഇക്കൂട്ടത്തിൽ പെടുന്നത്. അവയിൽ ചിലത് ഇവയാണ്.

1. സുവോളജി ആൻഡ് ബോട്ടണി മ്യൂസിയം - മഹാരാജാസ് കോളേജ്, എറണാകുളം 

2. ആർക്കിയോളജിക്കൽ മ്യൂസിയം - യു.സി.കോളേജ്, ആലുവ 

3. ആർക്കിയോളജിക്കൽ മ്യൂസിയം - മാർത്തോമ്മാ കോളേജ്, പെരുമ്പാവൂർ 

4. സുവോളജിക്കൽ മ്യൂസിയം - സേക്രട്ട് ഹാർട്ട് കോളേജ്, തേവര 

5. സാമൂറിൻസ് ഹെറിറ്റേജ് സെന്റർ - സാമൂറിൻസ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് 

6. ആർക്കിയോളജിക്കൽ മ്യൂസിയം - നെഹ്‌റു കോളേജ്, കാസർകോട് 

7. ഹിസ്റ്ററി മ്യൂസിയം - കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മലപ്പുറം 

8. തുഞ്ചത്തെഴുത്തച്ഛൻ പൈതൃക മ്യൂസിയം - മലയാളം യൂണിവേഴ്‌സിറ്റി ക്യാംപസ്, മലപ്പുറം

ജില്ലാ മ്യൂസിയങ്ങൾ 

ഓരോ ജില്ലയ്ക്കും പറയാൻ ചരിത്രങ്ങളൊരുപാടുണ്ട്. അവയെല്ലാം തലമുറകളോട് പങ്കുവയ്ക്കണമെന്ന ഉദ്ദേശ്യത്തോടെ 14 ജില്ലകൾക്കുമായി മ്യൂസിയങ്ങൾ ഒരുങ്ങുന്നു. കേരള പുരാവസ്തു വകുപ്പാണ് ഈ സംരംഭത്തിനു പിന്നിൽ. ജില്ലാ മ്യൂസിയങ്ങൾ ഇവയാണ്.

1. പുത്തൻമാളിക മ്യൂസിയം - തിരുവനന്തപുരം 

2. കോന്നി മ്യൂസിയം - പത്തനംതിട്ട 

3. കുട്ടിക്കാനം പാലസ് മ്യൂസിയം - ഇടുക്കി 

4. ബാസ്റ്റ്യൻ ബംഗ്ലാവ് മ്യൂസിയം - എറണാകുളം 

5. കൊല്ലങ്കോട് പാലസ് മ്യൂസിയം - തൃശൂർ 

6. മണി അയ്യർ ഓഡിറ്റോറിയം - പാലക്കാട് 

7. പഴശ്ശി സ്മൃതിമണ്ഡപം - വയനാട് 

8. ജയിൽ മ്യൂസിയം - കണ്ണൂർ

Post a Comment

0 Comments
Post a Comment (0)