കേരളത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങൾ
കേരള സാഹിത്യ അക്കാദമി
തിരു
- കൊച്ചി ഗവൺമെന്റ് 1956 ഓഗസ്റ്റ് 15ന് കേരള സാഹിത്യ അക്കാദമിക്ക് രൂപം
നൽകി. 1958ൽ ആസ്ഥാനം
തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് മാറ്റി. റഫറൻസ് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക, മികച്ച ഗ്രന്ഥങ്ങൾക്ക് പുരസ്‌കാരങ്ങൾ
നൽകുക, മലയാള ഭാഷയുടെയും
സാഹിത്യത്തിന്റെയും വളർച്ചയ്ക്കുതകുന്ന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക
തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ. സാഹിത്യലോകം (ദ്വൈമാസിക), സാഹിത്യ ചക്രവാളം (മാസിക), മലയാളം ലിറ്റററി സർവേ (ഇംഗ്ലീഷ്
ത്രൈമാസിക) എന്നീ ആനുകാലികങ്ങൾ അക്കാദമി പ്രസിദ്ധീകരിക്കുന്നു. സർദാർ
കെ.എം.പണിക്കരായിരുന്നു അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്.
കേരള
ഫോക്‌ലോർ അക്കാദമി
കേരളത്തിലെ
നാടൻ കലകളുടെ സംരക്ഷണത്തിനും നാടൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും
ആദരിക്കുന്നതിനുമായാണ് 1995ൽ ഫോക്‌ലോർ അക്കാദമി
സ്ഥാപിച്ചത്. കണ്ണൂരിലാണ് ആസ്ഥാനം. അക്കാദമിയുടെ മുഖപത്രമാണ് 'പൊലി'. ഫോക്‌ലോർ മേഖലയിലുള്ള ധാരാളം റഫറൻസ്
ഗ്രന്ഥങ്ങളും അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി.ഭാർഗവൻ പിള്ളയാണ് ആദ്യ
ചെയർമാൻ.
കേരള
സംഗീത നാടക അക്കാദമി
തൃശ്ശൂരിലെ
ചെമ്പൂക്കാവിലാണ് കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം. കേരളത്തിലെ സംഗീതം, നൃത്തം, നാടകം എന്നിവയുടെ പുരോഗതിക്കും
പോഷണത്തിനും വേണ്ടി 1958 ഏപ്രിൽ 26ന് കേരള സർക്കാരാണ് സ്ഥാപിച്ചത്. സംഗീത
നാടക അക്കാദമിയുടെ ദ്വൈമാസികയാണ് 'കേളി'. ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രസിദ്ധ സംഗീത വിദുഷിയായ മങ്കുത്തമ്പുരാനായിരുന്നു ആദ്യത്തെ ചെയർമാൻ.
കേരള
ലളിതകലാ അക്കാദമി
ചിത്രം, ശിൽപ്പം, വാസ്തുശിൽപ്പം, ഗ്രാഫിക് തുടങ്ങിയ ലളിതകലകളുടെ
വികസനത്തിനുവേണ്ടി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി. തൃശ്ശൂരിലെ ചെമ്പൂക്കാവിലാണ്
ആസ്ഥാനം. 1962 നവംബർ 22ന് പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം,
കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ലളിതകലാ
അക്കാദമിക്ക് ആർട്ട് ഗാലറികളുണ്ട്. ലളിതകലാ അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ
എം.രാമവർമരാജ ആയിരുന്നു.
കേരള
കലാമണ്ഡലം
മഹാകവി
വള്ളത്തോൾ നാരായണമേനോനാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്. അദ്ദേഹത്തോടൊപ്പം
കലാമണ്ഡലത്തിനുവേണ്ടി പ്രധാനമായും പ്രവർത്തിച്ചത് മണക്കുളം മുകുന്ദ രാജാവാണ്.
കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, ചാക്യാർകൂത്ത്, പഞ്ചവാദ്യം തുടങ്ങിയ കേരളീയ കലകളുടെയും
നാടൻകലകളുടെയും വികസനവും പുരോഗതിയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇതിന്റെ
പ്രവർത്തനങ്ങൾ. 1930 നവംബർ 9ന് കലാമണ്ഡലം പ്രവർത്തനം തുടങ്ങി.
ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി (വള്ളത്തോൾ നഗർ) യാണ് കലാമണ്ഡലത്തിന്റെ
ആസ്ഥാനം. 1957ൽ കേരള സർക്കാർ ഏറ്റെടുത്തു.
നാട്യശാസ്ത്രവിധിപ്രകാരം നിർമിച്ച കൂത്തമ്പലമാണ് കലാമണ്ഡലത്തിലെ ഏറ്റവും
ശ്രദ്ധേയമായ മന്ദിരം. 2007ൽ കല്പിത സർവകലാശാലയായി. ബിരുദ
- ബിരുദാനന്തര ക്ലാസുകൾക്കു പുറമേ വിവിധ കലകളുമായി ബന്ധപ്പെട്ട ഗവേഷണവും
കലാമണ്ഡലത്തിൽ ആരംഭിച്ചിട്ടുണ്ട്. ക്ലാസിക് കലകളെക്കുറിച്ചുള്ള പുസ്തകങ്ങളും
കലാമണ്ഡലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള
പീപ്പിൾസ് ആർട്സ് ക്ലബ്
ആലപ്പുഴ
ജില്ലയിലെ കായംകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാടക സംഘമാണ് കെ.പി.എ.സി. കേരളാ
പീപ്പിൾസ് ആർട്സ് ക്ലബ് എന്നാണ് പൂർണരൂപം. തോപ്പിൽ ഭാസിയെപ്പോലെയുള്ള പ്രശസ്തരായ
സംവിധായകരാലും അവരുടെ പ്രസിദ്ധനാടകങ്ങളാലും മികച്ച കലാകാരന്മാരാലും
ശ്രദ്ധിക്കപ്പെട്ട പ്രൊഫഷണൽ നാടകസംഘമാണിത്.
'എന്റെ മകനാണ് ശരി' എന്ന നാടകമാണ് കെപിഎസി ആദ്യമായി
അവതരിപ്പിച്ചത്. കെപിഎസി അവതരിപ്പിച്ച രണ്ടാമത്തെ നാടകമാണ് തോപ്പിൽ ഭാസി രചിച്ച 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'.
സ്കൂൾ
ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്
1977ലാണ് സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ
ആർട്സ് സ്ഥാപിതമായത്. തൃശൂർ ജില്ലയിലെ അരണാട്ടുകരയിലാണ് സ്ഥിതിചെയ്യുന്നത്.
ജി.ശങ്കരപ്പിള്ളയാണ് സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടർ. ഇപ്പോൾ കാലിക്കറ്റ്
സർവകലാശാലയുടെ ഭാഗമാണ് സ്കൂൾ ഓഫ് ഡ്രാമ.
കേരള
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
ഒരു
പൊതു മേഖലാ സ്ഥാപനമായി 1981 മെയ് 27ന് കേരള സർക്കാരിന്റെ കീഴിൽ
പ്രവർത്തനമാരംഭിച്ചു. ഏബ്രഹാം ജോസഫായിരുന്നു ആദ്യ ചെയർമാൻ. കുട്ടികളുടെ
സർവതോന്മുഖമായ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന ബാലസാഹിത്യ കൃതികളിലൂടെയും
അവധിക്കാല ക്യാമ്പുകളിലൂടെയും അവരുടെ കഴിവിനെ വികസിപ്പിച്ചെടുക്കുക എന്നുള്ളതാണ്
ലക്ഷ്യം. തിരുവനന്തപുരമാണ് ആസ്ഥാനം. കുട്ടികൾക്കായി തളിര് എന്ന ബലമാസികയും വിവിധ
പുസ്തകങ്ങളും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്.
മാർഗി
1970 ലാണ് മാർഗി ആരംഭിക്കുന്നത്.
കഥകളി പഠനവും കഥകളി,
കൂടിയാട്ടം, നങ്യാർകൂത്ത് എന്നിവ
പ്രോത്സാഹിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. കളിയോഗ മാതൃകയിലാണ് പ്രവർത്തനം.
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെയാണ് കൂടിയാട്ട വിഭാഗം
പ്രവർത്തിക്കുന്നത്. മാർഗ്ഗിയെ കൂടിയാട്ടം ഗവേഷക വിദ്യാർത്ഥികൾക്കുള്ള റിസോഴ്‌സ്
സെന്ററായി കേരള കലാമണ്ഡലം അംഗീകരിച്ചിട്ടുണ്ട്.
കേരള
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
കേരള
സർക്കാർ 1968 സെപ്റ്റംബർ 16ന് രൂപീകരിച്ചു. തിരുവനന്തപുരത്തുള്ള
നളന്ദയിലാണ് ആസ്ഥാനം. മലയാളഭാഷയുടെ വികസനത്തിനും വൈജ്ഞാനിക സാഹിത്യ പ്രചാരണത്തിനുമായി
ആരംഭിച്ചു. കലാശാലകൾക്കുവേണ്ടിയുള്ള പാഠപുസ്തകങ്ങളുടെ പ്രസിദ്ധീകരണമാണ്
സ്ഥാപനത്തിന്റെ മുഖ്യപ്രവർത്തനം. എൻ.വി.കൃഷ്ണവാരിയരായിരുന്നു ആദ്യത്തെ ഡയറക്ടർ.
വിജ്ഞാന കൈരളി എന്ന മാസിക പ്രസിദ്ധീകരിക്കുന്നു.
കേരള
സംസ്ഥാന ചലച്ചിത്ര അക്കാദമി
1998 ഓഗസ്റ്റിലാണ് കേരള സ്റ്റേറ്റ്
ചലച്ചിത്ര അക്കാദമി രൂപവത്കൃതമായത്. ഫിലിം സൊസൈറ്റികൾ, പുസ്തക പ്രസിദ്ധീകരണം, ചലച്ചിത്ര സെമിനാറുകൾ എന്നിവയിലൂടെ
കേരളത്തിലെ ജനങ്ങളിൽ ചലച്ചിത്ര സാക്ഷരതയുണ്ടാക്കുകയാണ് ചലച്ചിത്ര അക്കാദമിയുടെ
ലക്ഷ്യം. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത് ചലച്ചിത്ര
അക്കാദമിയാണ്.
കേരള
സ്റ്റേറ്റ് ജവഹർ ബാലഭവൻ
തിരുവനന്തപുരം
കനകക്കുന്ന് കൊട്ടാരത്തിനടുത്താണ് കേരള സംസ്ഥാന ജവഹർ ബാലഭവൻ പ്രവർത്തിക്കുന്നത്.
കല, സാഹിത്യം, സംസ്കാരം, സയൻസ് എന്നീ മേഖലകളിൽ കുട്ടികളുടെ
സർഗ്ഗവാസനകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ എന്നീ ജില്ലകളിൽ ജില്ലാ
ബാലഭവനുകളും പ്രവർത്തിച്ചുവരുന്നു.
മലയാള
കലാഗ്രാമം
കേരളത്തിന്റെ
കലയും സംസ്കാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മയ്യഴിപ്പുഴയുടെ തീരത്ത്
ആരംഭിച്ച സ്ഥാപനമാണ് മലയാള കലാഗ്രാമം. 1993
ഡിസംബർ 28ന് എ.പി.കുഞ്ഞിക്കണ്ണൻ
കലാഗ്രാമത്തിന് തുടക്കമിട്ടു. സംഗീതം, നൃത്തം, ചിത്രരചന, ശില്പനിർമാണം, അഭിനയം തുടങ്ങി പല മേഖലകളിൽ മികച്ച
പരിശീലനം ഇവിടെ നൽകിവരുന്നു.
കേരള
മീഡിയ അക്കാദമി
1979 മാർച്ച് 15ന് കേരള സർക്കാർ സ്ഥാപിച്ചതാണ് കേരള
പ്രസ് അക്കാദമി. കൊച്ചിയിൽ കാക്കനാടാണ് ഇതിന്റെ ആസ്ഥാനം. 2014ൽ കേരള മീഡിയ അക്കാദമി എന്നു പുനർ
നാമകരണം ചെയ്തു. കേരളത്തിലെ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിലെ വിവിധ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യുകയാണ് പ്രവർത്തന
ലക്ഷ്യം. ആദ്യത്തെ ചെയർമാൻ കെ.ദാമോദര മേനോൻ.
സംസ്ഥാന
സർവ വിജ്ഞാനകോശ പ്രസിദ്ധീകരണ ഇൻസ്റ്റിറ്റ്യൂട്ട്
ലോകവിജ്ഞാനം
മലയാള ഭാഷയിലൂടെ കേരളീയർക്കു പകർന്നു കൊടുക്കാനും മാതൃഭാഷയുടെ പ്രചാരം
വർധിപ്പിക്കാനും സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1961ൽ ആരംഭിച്ച ഈ സ്ഥാപനം പിന്നീട് സംസ്ഥാന
സർവവിജ്ഞാനകോശ പ്രസിദ്ധീകരണ ഇൻസ്റ്റിറ്റ്യൂട്ടായി.
പ്രൊഫ.എൻ.ഗോപാലപ്പിള്ളയായിരുന്നു ആദ്യ ചീഫ് എഡിറ്റർ. തിരുവനന്തപുരമാണ് ആസ്ഥാനം.
സർവ വിജ്ഞാനകോശവും വിഷയാധിഷ്ഠിത വിജ്ഞാന കോശങ്ങളും ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധപ്പെടുത്തുന്നുണ്ട്. വിശ്വസാഹിത്യവിജ്ഞാനകോശം, പരിസ്ഥിതി വിജ്ഞാനകോശം തുടങ്ങിയവ
പ്രസിദ്ധീകരണങ്ങളിലുൾപ്പെടുന്നു.
തിരുവനന്തപുരം
പബ്ലിക് ലൈബ്രറി
സ്വാതിതിരുനാൾ
രാമവർമ്മ മഹാരാജാവിന്റെ ഭരണകാലത്ത് 1829ൽ
സ്ഥാപിതമായി. ട്രിവാൻഡ്രം പീപ്പിൾസ് ലൈബ്രറി എന്നായിരുന്നു തുടക്കത്തിൽ
അറിയപ്പെട്ടിരുന്നത്. 1898ൽ പൊതുജനങ്ങൾക്കായി
തുറന്നുകൊടുത്തു. 1958ൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി
എന്നാക്കി.
ഹസ്തലിഖിത
ഗ്രന്ഥശാല
1908ൽ സംസ്കൃതം ക്യൂറേറ്റർ എന്ന
പേരിൽ നിലവിൽ വന്നു. ഇപ്പോൾ കേരള സർവകലാശാലയുടെ ഭാഗമായി കാര്യവട്ടത്ത്
പ്രവർത്തിക്കുന്നു.
കേരള
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
അമ്പലപ്പുഴ
പി.കെ.മെമ്മോറിയലിൽ 1945ൽ കൂടിയ യോഗം തിരുവിതാംകൂർ
ഗ്രന്ഥശാലാ സംഘത്തിന് ആരംഭം കുറിച്ചു. ആദ്യം രൂപംകൊണ്ട അഖിലകേരള ഗ്രന്ഥശാലാ
സംഘമാണ് കേരള ഗ്രന്ഥശാലാസംഘമായി മാറിയത്. പിന്നീട് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
എന്നു പേരു മാറ്റി (1991ൽ). ഇതിന്റെ ആസ്ഥാനം
തിരുവനന്തപുരമാണ്. സംഘത്തിന്റെ മുഖപത്രമാണ് 'ഗ്രന്ഥലോകം' മാസിക. സംഘത്തിന്റെ ആദ്യത്തെ
സെക്രട്ടറി പി.എൻ.പണിക്കരാണ്. കേരളത്തിൽ സാക്ഷരതാ പ്രവർത്തനത്തിന് തുടക്കം
കുറിച്ചത് ഗ്രന്ഥശാലാ സംഘമാണ്.
ഗുരു
ഗോപിനാഥ് നടനഗ്രാമം
തിരുവനന്തപുരത്ത്
വട്ടിയൂർക്കാവിൽ 1994ൽ സാംസ്‌കാരിക വകുപ്പിന്റെ
കീഴിൽ ആരംഭിച്ച സ്ഥാപനമാണ് ഗുരു ഗോപിനാഥ് നടനഗ്രാമം. ഗുരു ഗോപിനാഥ്
നടനഗ്രാമത്തിലാണ് ദേശീയ നൃത്ത മ്യൂസിയം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്ത്
വിശ്വകലാകേന്ദ്രം സ്ഥാപിച്ചത് ഗുരുഗോപിനാഥാണ്.
വാസ്തുവിദ്യാ
ഗുരുകുലം
ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും
സംരക്ഷണത്തിനും പ്രചാരണത്തിനുമായി 1993ൽ
പ്രവർത്തനം ആരംഭിച്ച കേരള സർക്കാർ സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം.
പത്തനംതിട്ടയിലെ ആറന്മുളയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ സർക്കാർ മേഖലയിൽ
വാസ്തുവിദ്യ പഠിപ്പിക്കാനും പ്രയോഗിക്കാനും പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ്
വാസ്തുവിദ്യാ ഗുരുകുലം.
സെന്റർ
ഫോർ ഹെറിറ്റേജ് സ്റ്റഡീസ്
കേരളത്തിന്റെ
സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് പഠനം നടത്തുന്നതിനായുള്ള കേരള സാംസ്‌കാരിക
വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ പഠനസ്ഥാപനമാണ് സെന്റർ ഫോർ ഹെറിറ്റേജ്
സ്റ്റഡീസ്. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിലെ ഹിൽപാലസിലാണ് സ്ഥാപനം
പ്രവർത്തിക്കുന്നത്.
മലയാളം
മിഷൻ
മലയാള
ഭാഷയും സംസ്കാരവും ആഗോള തലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സാംസ്‌കാരിക
വകുപ്പിനു കീഴിൽ സ്ഥാപിതമായ സംരംഭമാണ് മലയാളം മിഷൻ. 2005ൽ ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ച മലയാള
മിഷൻ, 2009ൽ ഔദ്യോഗികമായി ഉദ്‌ഘാടനം
ചെയ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ തൈക്കാടാണ് ആസ്ഥാനം. മലയാളം മിഷന്റെ വെബ്
മാസികയാണ് പൂക്കാലം.
ഭാരത് ഭവൻ
ഭാഷ, സംസ്കാരം, കല എന്നിവയുടെ പരിപോഷണത്തിനായി 1984ൽ നിലവിൽ വന്ന സ്ഥാപനമാണ് ഭാരത് ഭവൻ. 2013 മുതൽ ഭാരത് ഭവൻ വിവർത്തക രത്നം എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തി.
