സംഘകാലം (BC 300 – AD 300)
സംഘം
കൃതികൾ അക്കാലത്ത് നിലനിന്ന സാമുഹിക ഘടനയെക്കുറിച്ചും കാര്‍ഷിക
സംവിധാനങ്ങളെക്കുറിച്ചും വിവരങ്ങൾ നല്കുന്നുണ്ട്. തമിഴകം അഞ്ച് തിണകളായി
വിഭജിക്കപ്പെട്ടിരുന്നു. സവിശേഷമായ ഭൂമിശാസ്ത്ര ഘടനകളും അതിനനുയോജ്യമായ തൊഴിൽ രീതികളുമുള്ള
പ്രദേശങ്ങളാണ് തിണകൾ. ഭൂമിശാസ്ത്ര വിഭാഗങ്ങളോ സുക്ഷ്മ പാരിസ്ഥിതിക മേഖലകളോ ആണ്
തിണകൾ.
കുറുഞ്ചി, പാലൈ, മുല്ലൈ, മരുതം, നെയ്തൽ എന്നിവയാണ് അഞ്ച് തിണകൾ അഥവാ
ഐന്തിണകൾ. കുറുഞ്ചി പർവ്വതപ്രദേശവും പാലൈ വരണ്ട പ്രദേശവും, മുല്ലൈ വനപ്രദേശവും, മരുതം നദീതടത്തിലെ കൃഷിയോഗ്യമായ
പ്രദേശവും നെയ്തൽ കടല്‍ത്തീരവുമാണ്.
കുറുഞ്ചിയിലെ
ജനങ്ങൾ കാനവർ, വേടർ, കൂറവർ എന്നീ
പേരുകളിലാണറിയപ്പെട്ടിരുന്നത്. വേട്ടയാടലും ഭക്ഷണശേഖരണവുമായിരുന്നു അവരുടെ പ്രധാന
തൊഴിലുകള്‍, കുറുഞ്ചിത്തിണയിൽ ആന, സിംഹം, കരടി എന്നീ മൃഗങ്ങളെയും പലതരം
പക്ഷികളെയും കാണാം. തേക്ക്,
ചന്ദനം, മുള തുടങ്ങിയവയാണ് ഈ പ്രദേശത്തു
കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങൾ. ആരാധന മൂർത്തി, ചേയോൻ.
പാലൈ
പ്രദേശത്ത് ജീവിച്ചിരുന്ന പ്രധാനപ്പെട്ട രണ്ട് വിഭാഗങ്ങളായിരുന്നു മറവരും
വേട്ടുവരും. പാലൈ പ്രദേശത്ത് എന്തെങ്കിലും ഉത്പാദിപ്പിക്കാൻ അവര്‍ക്ക്
സാധിച്ചിരുന്നില്ല. കാരണം അത് വരണ്ട പ്രദേശമായിരുന്നു. അതുകൊണ്ട് ഉപജീവനത്തിനായി
ഇവർ ജനങ്ങളെ കൊളളയടിച്ചിരുന്നു. ആരാധന മൂർത്തി, കൊറ്റവൈ.
സംഘകാലഘട്ടത്തിലെ
മേച്ചിൽ പ്രദേശങ്ങളായിരുന്നു മുല്ലൈ. കാലിമേയ്ക്കലായിരുന്നു ഈ തിണയിലെ നിവാസികളുടെ
പ്രധാന ഉപജീവനമാര്‍ഗ്ഗം. കാനന സമ്പത്ത് ചൂഷണം ചെയ്തുകൊണ്ടാണവ൪ ജീവിച്ചിരുന്നത്.
ഇടയരായിരുന്നു ഈ പ്രദേശത്ത് ജീവിച്ചിരുന്നത്. ആരാധന മൂർത്തി, മായോൻ.
മരുതത്തിൽ
ജീവിച്ചിരുന്ന ജനങ്ങൾ ഉഴവരെന്നോ വെള്ളാളർ എന്നോ അറിയപ്പെട്ടിരുന്നു. കൃഷിയായിരുന്നു
ഇവിടെയുള്ളുവരുടെ പ്രധാന തൊഴില്‍. നെല്ല്, കരിമ്പ്, മാങ്ങ, വാഴ, ചക്ക തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ.
കര്‍ഷകരുടെ അധിവാസസ്ഥാനമായിരുന്നു മരുതം. ആരാധന മൂർത്തി, വേന്തൻ.
തീരദേശമാണ്
നെയ്തൽ. പരതര്‍, പരതിയർ, മീനവർ, ആലവർ, അലത്തിയർ തുടങ്ങിയ ജനവിഭാഗങ്ങളാണ്
ഇവിടെ വസിച്ചിരുന്നത്. മത്സ്യബന്ധനവും ഉപ്പുവിളയിക്കലുമായിരുന്നു പ്രധാന തൊഴിലുകൾ.
ആരാധന മൂർത്തി,
കടലോൻ.
പല തിണകളിൽ അടഞ്ഞ സാമുഹ്യവിഭാഗങ്ങളായാണ് ഈക്കൂട്ടർ ജീവിച്ചിരുന്നത്. അഞ്ച് തിണകളിലെയും ഉത്പന്നങ്ങൾ കാര്യക്ഷമമായി ഉപയോഗിച്ചിരുന്നു. ഓരോ തിണയിലും ഉത്പാദിപ്പിക്കുന്നതും ശേഖരിക്കുന്നതുമായ വിഭവങ്ങൾ കൈമാറ്റം ചെയ്തിരുന്നു. കൈമാറ്റ കേന്ദ്രങ്ങളെ അങ്ങാടികളെന്നാണ് വിളിച്ചിരുന്നത്. തിണകള്‍ക്കിടയിൽ കച്ചവടശ്യംഖലകൾ രൂപപ്പെട്ടിരുന്നു. രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും തുറമുഖ പട്ടണങ്ങള്‍ക്കും ഇടയിൽ ആശയവിനിമയ സൗകര്യം ഒരുക്കുന്നവയായിരുന്നു നദികൾ. കൈമാറ്റവും വിദേശ വാണിജ്യവും നഗരങ്ങളുടെ വളര്‍ച്ചക്ക് കാരണമായി. കുന്നുകളിലായിരുന്നു രാജാക്കന്മാരുടെയും മുഖ്യന്മാരുടേയും താവളങ്ങൾ. ഇവര്‍ക്കുള്ള സൈനിക സഹായങ്ങൾ ചെയ്തിരുന്നത് മറവരായിരുന്നു.