പാണ്ഡ്യ സാമ്രാജ്യം

Arun Mohan
0

പാണ്ഡ്യ സാമ്രാജ്യം (BC 400 – AD 1618)

ദക്ഷിണേന്ത്യയിലെ പഴക്കമേറിയ രാജവംശങ്ങളിലൊന്നാണ്‌ പാണ്ഡ്യ രാജവംശം. പാണ്ഡ്യന്മാരെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത് മെഗസ്തനിസ് ആണ്. മുത്തുകൾ ഉല്പാദിപ്പിക്കുന്ന രാജ്യമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരുന്നത്. അശോകശാസനങ്ങളും ഈ രാജ്യത്തെക്കുറിച്ച് പറയുന്നുണ്ട്, ഉപദ്വീപിന്റെ തെക്കേ അറ്റത്താണ് ആദ്യകാല പാണ്ഡ്യരാജ്യം സ്ഥിതിചെയ്തിരുന്നത്. ഇന്നത്തെ മധുര, രാംനാട്, തിരുനെൽവേലി, കന്യാകുമാരി ജില്ലകൾ ഉൾപ്പെട്ടതായിരുന്നു.

പാണ്ഡ്യരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തനായിരുന്നത് നെടുഞ്ചേഴിയനായിരുന്നു. ചേരന്മാരും ചോളന്മാരും അഞ്ച് കുറുനില മന്നന്മാരും ഉൾപ്പെട്ട ഒരു സഖ്യസൈന്യത്തെ നെടുഞ്ചേഴിയൻ തോല്പിക്കുകയുണ്ടായി. തിരുവാളൂരിനടുത്തുള്ള തലൈയലങ്കാനത്തുവെച്ചു നടന്ന യുദ്ധത്തിലാണ് അദ്ദേഹം വിജയിയായത്. ഈ വിജയത്തോടെ അദ്ദേഹം തലൈയലങ്കാനത്ത് പാണ്ഡ്യൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

മധുരയായിരുന്നു പാണ്ഡ്യന്മാരുടെ തലസ്ഥാനം. കോർകൈയും കായലുമായിരുന്നു ഇവിടത്തെ പ്രധാന തുറമുഖങ്ങൾ. റോമൻ സാമ്രാജ്യവുമായുള്ള കച്ചവടത്തിലൂടെ പാണ്ഡ്യരാജാക്കന്മാർ വളരെയധികം നേട്ടങ്ങളുണ്ടാക്കി. റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസിന്റെ അടുത്തേയ്ക്ക് ദൂതന്മാരെ അയയ്ക്കാൻ പ്രേരണയായത് ഈ കച്ചവടബന്ധങ്ങളായിരുന്നു.

സംഘകാലത്തിനുശേഷമുണ്ടായ കളഭ്രാക്രമണത്തിൽ പാണ്ഡ്യന്മാരുടെ ശക്തി ക്ഷയിക്കുകയും പല്ലവന്മാർ ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. എന്നാൽ എ.ഡി. ഏഴാം നൂറ്റാണ്ടിൽ കടുങ്കോൺ എന്ന രാജാവിന്റെ നേതൃത്വത്തിൽ പാണ്ഡ്യശക്തി പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോഴത്തെ മധുര-തിരുനെല്‍വേലി ജില്ലകൾ ഉള്‍പ്പെട്ട പ്രദേശമായിരുന്നു പാണ്ഡ്യരാജ്യം. മധുരയായിരുന്നു പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനം.

ഏഴാം നൂറ്റാണ്ടിൽ ഉയിര്‍ത്തെഴുന്നേറ്റ പാണ്ഡ്യന്മാർ പതിനാലാം നൂറ്റാണ്ടുവരെ തങ്ങളുടെ അധികാരം നിലനിര്‍ത്തുകയുണ്ടായി. ഇതിനിടയിലുള്ള അവരുടെ ചരിത്രം ഉയര്‍ച്ചകളുടെയും തകര്‍ച്ചകളുടെയുമാണ്‌. തിരുവിതാംകൂർ മുതൽ ആന്ധ്രയുടെ അതിര്‍ത്തിവരെയുള്ള പ്രദേശങ്ങളിൽ രാഷ്ട്രീയാധിപത്യം സ്ഥാപിച്ച പാണ്ഡ്യന്മാർ ചില ഘട്ടങ്ങളിൽ മറ്റു ശക്തികളുടെ, പ്രത്യേകിച്ച്‌ ചോളന്മാരുടെ, മേല്‍ക്കോയ്മയ്ക്ക്‌ വിധേയരായി. ചോളന്മാരുടെ ശക്തി ക്ഷയിച്ചതോടെയാണ്‌ പാണ്ഡ്യരാജ്യം അവരുടെ മേല്‍ക്കോയ്മയില്‍നിന്ന്‌ സ്വാതന്ത്രമായത്.

മാരവര്‍മ്മൻ സുന്ദരപാണ്ഡ്യന്റെ (1216-38) കാലത്താണ്‌ പാണ്ഡ്യന്മാർ ചോളന്മാരുടെ നിയന്ത്രണത്തില്‍നിന്ന്‌ വിമുക്തരായത്‌. ചോളരാജാവായ രാജാധിരാജൻ മൂന്നാമനെ അദ്ദേഹം തോല്‍പ്പിക്കുകയും തഞ്ചാവൂരിലെയും ഉറയൂരിലെയും നഗരങ്ങൾ തീവെച്ച്‌ നശിപ്പിക്കുകയും ചെയ്തു. പാണ്ഡ്യ രാജാക്കന്മാരിൽ ഏറ്റവും പ്രാപ്തനായ മാരവര്‍മ്മൻ തന്റെ പ്രതിയോഗികളെ ഒന്നൊന്നായി തോല്‍പ്പിച്ചു. അദ്ദേഹം നിരവധി യജ്ഞങ്ങൾ അനുഷ്ഠിക്കുകയുണ്ടായി. ഉദാരമതിയായ അദ്ദേഹം ചിദംബരത്തിലെ ശിവ ക്ഷേത്രത്തിനും ശ്രീരംഗത്തെ വിഷ്ണുക്ഷേത്രത്തിനും ഇഷ്ടദാനങ്ങൾ നല്‍കിയിരുന്നു.

പാണ്ഡ്യരാജ്യത്തെ മറ്റൊരു പ്രധാന ഭരണാധികാരിയായ മാരവര്‍മ്മൻ കുലശേഖരൻ (1263-1310) രാജ്യത്തിന്റെ അതിരുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ വെനീഷ്യൻ സഞ്ചാരിയായ മാര്‍ക്കോപോളോ പാണ്ഡ്യരാജ്യം സന്ദര്‍ശിച്ചത്‌. മാരവര്‍മ്മൻ കുലശേഖരന്റെ ഭരണത്തിന്റെ അന്ത്യകാലത്ത്‌ അദ്ദേഹത്തിന്റെ പുത്രന്മാരായ സുന്ദരപാണ്ഡ്യനും വീരപാണ്ഡ്യനും തമ്മിൽ ഒരു അധികാര വടംവലിയാരംഭിച്ചു. അലാവുദ്ദീൻ ഖില്‍ജിയുടെ സേനാനായകനായ മാലിക്‌ കഫൂർ പാണ്ഡ്യ നാട്‌ ആക്രമിച്ചതും ഇക്കാലത്താണ്‌. വേണാടു ഭരിച്ചിരുന്ന രവിവര്‍മ്മ കുലശേഖരൻ ഈ അവസരം മുതലെടുത്ത്‌ പാണ്ഡ്യരാജ്യം ആക്രമിക്കുകയും കാഞ്ചിവരെയുള്ള പ്രദേശങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന്‌ ദക്ഷിണേന്ത്യയുടെ ചക്രവര്‍ത്തിയായി അദ്ദേഹം സ്വയം അഭിഷേകം നടത്തി. അലാവുദ്ദീൻ ഖില്‍ജിയുടെ സൈന്യങ്ങൾ പാണ്ഡ്യന്മാര്‍ക്ക്‌ അന്തിമ പ്രഹരമേല്‍പ്പിച്ചു. മധുരപോലും അവരുടെ പിടിയിലായി. ഈ ആഘാതത്തില്‍നിന്ന്‌ രക്ഷപ്പെടാൻ പാണ്ഡ്യന്മാര്‍ക്കു കഴിഞ്ഞില്ല. പില്‍ക്കാലത്ത്‌ വിജയനഗരത്തിലെ ഭരണാധികാരികൾ പാണ്ഡ്യന്മാരുടെ പ്രദേശങ്ങൾ തങ്ങളുടെ സാമ്രാജ്യത്തിൽ ലയിപ്പിച്ചതോടെ പാണ്ഡ്യരാജ്യം അപ്രത്യക്ഷമായി.

PSC ചോദ്യങ്ങൾ

1. ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം - പാണ്ഡ്യരാജവംശം

2. സംഘകാലഘട്ടത്തിലെ ദക്ഷിണേന്ത്യയിലെ പ്രധാന രാജവംശം - പാണ്ഡ്യരാജവംശം

3. പാണ്ഡ്യരാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം - കോർക്കൈ

4. പാണ്ഡ്യൻമാരെക്കുറിച്ച് ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി - മെഗസ്തനീസ്

5. പാണ്ഡ്യ രാജ്യത്തെ 'മുത്ത് വിളയുന്ന നാട്' എന്ന് വിശേഷിപ്പിച്ച വ്യക്തി - മെഗസ്തനീസ്

6. പാണ്ഡ്യരാജവംശത്തിന്റെ രണ്ടാം തലസ്ഥാനം - മധുര

7. പാണ്ഡ്യ രാജവംശത്തിന്റെ രാജകീയ മുദ്ര - ശുദ്ധജലമത്സ്യം (കരിമീൻ)

8. പാണ്ഡ്യരാജവംശകാലത്തെ പ്രധാന തുറമുഖം - കോർക്കൈ

9. പാണ്ഡ്യ രാജവംശത്തിലെ പ്രശസ്‌തനും പ്രഗത്ഭനുമായ ഭരണാധികാരി - നെടുഞ്ചേഴിയൻ

10. ചിലപ്പതികാരത്തിൽ പരാമർശിക്കുന്ന പാണ്ഡ്യ രാജാവ് - നെടുഞ്ചേഴിയൻ

11. റോമിലെ രാജാവായ അഗസ്റ്റസ് സീസറുമായി സൗഹൃദബന്ധമുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന ഇന്ത്യയിലെ രാജവംശം – പാണ്ഡ്യരാജവംശം

12. പ്രാചീനകാലത്ത് രത്നാകര എന്നറിയപ്പെട്ടിരുന്ന സമുദ്രം - ഇന്ത്യൻ മഹാസമുദ്രം

13. പ്രാചീനകാലത്ത് സിന്ധുസാഗർ എന്നറിയപ്പെട്ടിരുന്ന കടൽ - അറബിക്കടൽ

Post a Comment

0 Comments
Post a Comment (0)