മൗര്യ സാമ്രാജ്യം (BC 321 – BC 185)
ബി.സി
321ൽ ചന്ദ്രഗുപ്ത മൗര്യൻ മൗര്യ
സാമ്രാജ്യം സ്ഥാപിച്ചു. വിദേശാക്രമണങ്ങളിൽ പൊറുതിമുട്ടിയിരുന്ന ജനങ്ങൾക്ക്
ചന്ദ്രഗുപ്തന്റെ ഭരണം ആശ്വാസമായി. ചന്ദ്രഗുപ്തന്റെ മകനായ ബിന്ദുസാരനാണ്
ചന്ദ്രഗുപ്തനു ശേഷം അധികാരത്തിലേറിയത്. ഇദ്ദേഹം രാജ്യത്തെ മെച്ചപ്പെട്ട
സാമ്പത്തികസ്ഥിതിയിലേക്ക് നയിച്ചു. ബിന്ദുസാരനു ശേഷം രാജാവായത് മകനായ
അശോകനായിരുന്നു. അശോകനുശേഷം മൗര്യ സാമ്രാജ്യം തകർച്ചയുടെ വക്കിലെത്തി. ഒരു
രാഷ്ട്രീയനയമെന്ന നിലയിൽ അശോകൻ സ്വീകരിച്ച അഹിംസയും ബുദ്ധമതതത്ത്വങ്ങളും
മൗര്യന്മാരുടെ സൈനികവീര്യം ക്ഷയിക്കാനും രാജ്യത്ത് ശിഥിലീകരണ പ്രവർത്തനങ്ങൾ
തലപൊക്കാനും കാരണമായി. ബി.സി 185ൽ അവസാനത്തെ മൗര്യരാജാവായ
ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാനായകനായ പുഷ്യമിത്രൻ വധിച്ചു. തുടർന്ന് ബ്രാഹ്മണനായ
പുഷ്യമിത്രൻ സ്ഥാപിച്ചതാണ് സുംഗവംശം. കൗടില്യന്റെ 'അർത്ഥശാസ്ത്രം', മെഗസ്തനീസിന്റെ 'ഇൻഡിക്ക', വിശാഖദത്തന്റെ 'മുദ്രാരാക്ഷസം', ബുദ്ധ-ജൈന ഗ്രന്ഥങ്ങൾ, അശോകന്റെ ശാസനങ്ങൾ എന്നിവയിൽ
മൗര്യസാമ്രാജ്യത്തെക്കുറിച്ച് പരാമർശമുണ്ട്.
ചന്ദ്രഗുപ്തമൗര്യൻ
(ബി.സി 321
- 298)
മൗര്യവംശത്തിന്റെ
സ്ഥാപകൻ ചന്ദ്രഗുപ്തമൗര്യനാണ്. ബി.സി 321ൽ
തന്റെ ഉപദേശകനും വഴികാട്ടിയുമായ കൗടില്യൻ (ചാണക്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും
അറിയപ്പെടുന്നു) എന്ന ബ്രാഹ്മണന്റെ സഹായത്തോടെ അദ്ദേഹം അവസാനത്തെ
നന്ദരാജാവായിരുന്ന ധനനന്ദനെ സ്ഥാനഭ്രഷ്ടനാക്കി മൗര്യരാജവംശത്തിന്റെ ഭരണം
സ്ഥാപിച്ചു. കേന്ദ്രീകൃത ഭരണത്തോടുകൂടിയ ഒരു സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന്
ചന്ദ്രഗുപ്തമൗര്യന്റെ ഭരണം അടിത്തറയിടുകയും ചെയ്തു. മൗര്യവംശ സ്ഥാപകനായ
ചന്ദ്രഗുപ്ത മൗര്യന്റെ ഭരണത്തെക്കുറിച്ച് വിവരണങ്ങൾ നൽകുന്ന ഗ്രന്ഥമാണ് 'ഇൻഡിക്ക'. അദ്ദേഹത്തിന്റെ സദസ്സിലെ ഗ്രീക്ക്
അംബാസഡറായിരുന്നു മെഗസ്തനീസ്. കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിൽ
പ്രതിപാദിച്ചിരിക്കുന്നത് മൗര്യ സാമ്രാജ്യത്തിന്റെ ഭരണരീതി, രാഷ്ട്രമീമാംസ എന്നിവയാണ്. ചന്ദ്രഗുപ്ത
മൗര്യൻ തന്റെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത് കർണാടകത്തിലെ ശ്രാവണബാലഗോളയിലാണ്.
ബിന്ദുസാരൻ
(ബി.സി 298
- 273)
ചന്ദ്രഗുപ്തന്റെ
മകനായ ബിന്ദുസാരൻ 'അമിത്രഘാതൻ' എന്നും അറിയപ്പെട്ടു. ഇദ്ദേഹം
രാജ്യത്തെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്ക് നയിച്ചു. സാമ്രാജ്യത്തിന്റെ
അതിരുകൾ വികസിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. തക്ഷശിലയിലുണ്ടായ ഒരു കലാപത്തെ
പുത്രനായ അശോകനെ വിട്ട് അദ്ദേഹം അടിച്ചമർത്തി. മൗര്യസാമ്രാജ്യത്തിന്റെ രാഷ്ട്രീയ
ഭദ്രത കാത്തുസംരക്ഷിച്ചു എന്നതാണ് ബിന്ദുസാരന്റെ ഏറ്റവും വലിയ നേട്ടം. ബിന്ദുസാരനു
ശേഷം രാജാവായത് മകനായ അശോകനായിരുന്നു.
അശോക
ചക്രവർത്തി (ബി.സി 273
- 232)
ഭാരതചരിത്രത്തിലെ പ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളാണ് അശോകൻ. സമാധാനം നിലനിന്നിരുന്ന സമ്പന്നവും ശക്തവുമായ സാമ്രാജ്യമായിരുന്നു അശോകന്റേത്. എന്നാൽ മൗര്യാധിപത്യം സ്വീകരിക്കാത്ത 'കലിംഗം' അശോകന് തലവേദനയായി. ബി.സി.261ൽ അശോകൻ കലിംഗം ആക്രമിച്ചു. കലിംഗം സ്വന്തമാക്കിയ അശോകൻ അവശേഷിച്ച രാജബന്ധുക്കളെയെല്ലാം നാമാവശേഷമാക്കി. ഇതിൽ നിന്നും അശോകന് മാനസിക പരിവർത്തനമുണ്ടാക്കി. ശിഷ്ടജീവിതം ബുദ്ധമത പ്രചാരണത്തിനും ലോകസമാധാനത്തിനും വേണ്ടി അശോകൻ നീക്കിവെച്ചു. ബുദ്ധമത സന്ന്യാസിയായ ഉപഗുപ്തന്റെ പ്രേരണയാലാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത്. 'ബുദ്ധമതത്തിലെ കോൺസ്റ്റന്റിയിൻ' എന്നാണ് ചരിത്രകാരന്മാർ അശോകനെ വിശേഷിപ്പിക്കുന്നത്. തന്റെ പുത്രനായ മഹേന്ദ്രനെയും പുത്രി സംഘമിത്രയെയും ബുദ്ധമതപ്രചാരണത്തിനായി സിലോണിലേക്കയച്ച അശോകൻ നേപ്പാളിലേക്ക് ചാന്ദ്രമതിയെ നിയോഗിച്ചു. തന്റെ ധർമതത്ത്വങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ശിലാശാസനങ്ങൾ സാമ്രാജ്യത്തിന്റെ പല ഭാഗത്തും സ്ഥാപിച്ചു. സ്വന്തം ജീവിതം ബുദ്ധമത തത്ത്വങ്ങൾക്കനുസരിച്ച് ക്രമപ്പെടുത്തി. 'ദേവനാം പ്രിയ'. 'പ്രിയദർശി രാജ' എന്നീ പേരുകളിൽ അറിയപ്പെട്ട അശോകൻ ബുദ്ധമതത്തെ രാഷ്ട്രമതമായി ഉയർത്തുകയും പാടലീപുത്രത്തിൽ മൂന്നാം ബുദ്ധമത സമ്മേളനം നടത്തുകയും ചെയ്തു.
മൗര്യന്മാർക്കുശേഷം
മൗര്യസാമ്രാജ്യത്തിന്റെ
തകർച്ചയ്‌ക്കുശേഷം ഇന്ത്യ വീണ്ടും വൈദേശികാക്രമണങ്ങൾക്ക് സാക്ഷിയായി. ചന്ദ്രഗുപ്തമൗര്യൻ
സ്ഥാപിച്ചെടുത്ത രാഷ്ട്രീയഐക്യം,
മൗര്യസാമ്രാജ്യത്തിന്റെ
തകർച്ചയോടെ ഇല്ലാതായി. ഇത് വിദേശശക്തികളെ ക്ഷണിച്ചുവരുത്തി. ഇന്തോ ഗ്രീക്കുകാർ
(ബാക്ട്രിയന്മാർ),
ശകന്മാർ, പാർഥിയന്മാർ, കുശാനന്മാർ എന്നീ വിദേശികൾ വിവിധ
കാലഘട്ടങ്ങളിലായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. ഇതോടൊപ്പം
ചെറുതും വലുതുമായ നിരവധി രാജ്യങ്ങൾ രൂപപ്പെടുകയും ചെയ്തു.
PSC ചോദ്യങ്ങൾ
1.
ഇന്ത്യയിലെ ആദ്യ
സാമ്രാജ്യം - മൗര്യസാമ്രാജ്യം
2.
ഭാരതത്തിലെ ആദ്യ
ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത് - ചന്ദ്രഗുപ്തമൗര്യൻ
3.
മൗര്യന്മാരുടെ
തലസ്ഥാനം - പാടലീപുത്രം (കുസുമധ്വജം)
4.
സ്ത്രീകളെ
അംഗരക്ഷകരാക്കിയ ആദ്യ മൗര്യ ചക്രവർത്തി - ചന്ദ്രഗുപ്‌ത മൗര്യൻ
5.
ഗ്രീക്ക് രേഖകളിൽ
'സാൻഡ്രോകോട്ടസ്' എന്ന് പരാമർശിക്കുന്നത് - ചന്ദ്രഗുപ്‌ത
മൗര്യൻ
6.
ചന്ദ്രഗുപ്ത
മൗര്യന്റെ സദസ്സിലേയ്ക്ക് അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസ് അയച്ച ഗ്രീക്ക്
അംബാസിഡർ - മെഗസ്‌തനീസ്
7.
മെഗസ്തനീസിന്റെ
പ്രശസ്‌ത കൃതി - ഇൻഡിക്ക
8.
പുരാതന ഇന്ത്യയിൽ
കനേഷുമാരിക്ക് തുടക്കമിട്ട ഭരണാധികാരി - ചന്ദ്രഗുപ്തമൗര്യൻ
9.
മൗര്യരാജവംശം
സ്ഥാപിക്കാൻ ചന്ദ്രഗുപ്‌ത മൗര്യനെ സഹായിച്ച അദ്ദേഹത്തിന്റെ മന്ത്രി - വിഷ്ണുഗുപ്‌തൻ
10.
'കൗടില്യൻ', 'ചാണക്യൻ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന
രാഷ്ട്ര തന്ത്രജ്ഞൻ - വിഷ്ണുഗുപ്‌തൻ
11.
ചാണക്യന്റെ
പ്രധാന കൃതി - അർത്ഥശാസ്ത്രം
12.
അർത്ഥശാസ്ത്രത്തിലെ
പ്രതിപാദ്യ വിഷയം - രാഷ്ട്രതന്ത്രം
13.
അർത്ഥശാസ്ത്രത്തിൽ
പ്രതിപാദിക്കുന്ന രാഷ്ട്രീയ സിദ്ധാന്തം - സപ്‌താംഗ സിദ്ധാന്തം
14.
സപ്താംഗങ്ങൾ -
സ്വാമി, അമാത്യൻ, കോശം (കോസ്), ദണ്ഡ്, ദുർഗം, മിത്രം, ജനപദം
15.
ചാണക്യന്റെ അർത്ഥശാസ്ത്രത്തിലെ
സപ്താംഗങ്ങളിൽ പ്രതിപാദിക്കുന്ന കോശം എന്ന ഘടകം സൂചിപ്പിക്കുന്നത് - ഖജനാവ്
16.
മൗര്യസാമ്രാജ്യത്തെക്കുറിച്ച്
പരാമർശിക്കുന്ന ജൈനകൃതി - പരിശിഷ്ഠ പർവാന
17.
"പരിശിഷ്ഠ
പർവാന'യുടെ കർത്താവ് - ഹേമചന്ദ്രൻ
18.
"പരിശിഷ്ഠ
പർവാന'യുടെ പ്രതിപാദ്യ വിഷയം -
ചാണക്യന്റെ ജീവചരിത്രം
19.
"ഇന്ത്യൻ
മാക്യവല്ലി" എന്നറിയപ്പെടുന്നത് - ചാണക്യൻ
20.
ചന്ദ്രഗുപ്തമൗര്യന്റെ
അന്ത്യം എവിടെ വെച്ചായിരുന്നു - ശ്രാവണബൽഗോള
21.
ചന്ദ്രഗുപ്തമൗര്യനെ
തുടർന്ന് അധികാരത്തിൽ വന്ന മൗര്യ രാജാവ് - ബിന്ദുസാരൻ
22.
'അമിത്രഘാതകൻ' എന്നറിയപ്പെടുന്നത് - ബിന്ദുസാരൻ
23.
അജീവിക മതത്തെ
പ്രോത്സാഹിപ്പിച്ച രാജാവ് - ബിന്ദുസാരൻ
24.
ബിന്ദുസാരന്റെ കൊട്ടാരത്തിലെത്തിയ
ഗ്രീക്ക് അംബാസിഡർ - ഡയമാക്കോസ്
25.
ബിന്ദുസാരനെ
തുടർന്ന് അധികാരത്തിൽ വന്നത് - സുസിമ
26.
അശോകൻ ഭരണത്തിൽ
വന്ന വർഷം - B.C.
273
27.
'അശോകൻ' എന്ന വാക്കിനർത്ഥം - ദുഃഖത്തിൽ നിന്നും
മോചിതൻ
28.
'ദേവനാം പ്രിയൻ', 'പ്രിയദർശിരാജ' എന്നീ വിശേഷണങ്ങളിൽ
അറിയപ്പെട്ടിരുന്നത് - അശോകൻ
29.
അശോകൻ കലിംഗ
രാജ്യം ആക്രമിച്ച വർഷം - B.C
261
30.
ചരിത്രത്തിലാദ്യമായി
വനസംരക്ഷണനിയമം പ്രഖ്യാപിച്ച രാജാവ് - അശോകൻ
31.
വന്യജീവി
സങ്കേതങ്ങൾക്ക് തുടക്കം കുറിച്ച മൗര്യ രാജാവ് - അശോകൻ
32.
ശിലാശാസനങ്ങളിലൂടെ
തന്റെ ആശയങ്ങൾ ജനങ്ങൾക്ക് കൈമാറിയ ആദ്യ ഇന്ത്യൻ ഭരണാധികാരി - അശോകൻ
33.
അശോകന്റെ
ശിലാശാസനങ്ങളിൽ ഭൂരിപക്ഷവും എഴുതപ്പെട്ടിരിക്കുന്ന ഭാഷ - പ്രാകൃത്
34.
അശോകന്റെ ഭരണ
ആശയങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം - കലിംഗ ശാസനം
35.
കലിംഗയുദ്ധത്തെക്കുറിച്ച്
പ്രതിപാദിക്കുന്ന ശിലാശാസനം - പതിമൂന്നാം ശിലാശാസനം
36.
അശോകന്റെ
ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ - ജയിംസ് പ്രിൻസെപ്പ്
37.
ശ്രീലങ്കയിലേക്ക്
ബുദ്ധമതപ്രചാരണത്തിന് അശോകൻ അയച്ചത് - മഹേന്ദ്രനെയും സംഘമിത്രയെയും (അദ്ദേഹത്തിന്റെ മക്കൾ)
38.
മൗര്യവംശത്തിലെ
അവസാനത്തെ ഭരണാധികാരി - ബൃഹദ്രഥൻ
39. മൗര്യകാലത്തിൽ പിരിച്ചിരുന്ന ഭൂനികുതി - ഭാഗ