വേദ കാലഘട്ടത്തിന്റെ തത്ത്വചിന്ത
വേദകാലത്ത് മതവിശ്വാസങ്ങളും ആചാരങ്ങളും സമൂഹപരിവർത്തനത്തിനു വിധേയമായി. മതാരാധനയുടെ ലാളിത്യം നഷ്ടപ്പെടുകയും മതം കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്തു. 'യാഗസംസ്കാരം' മതത്തിന്റെ ആണിക്കല്ലായിത്തീർന്നു യാഗങ്ങളോടൊപ്പം മന്ത്രങ്ങളുമുണ്ടായിരുന്നു. അനേകം മറ്റു ആചാരാനുഷ്ഠാനങ്ങളും ഇക്കാലത്ത് ഉയർന്നുവന്നു. ഈ യാഗങ്ങളും മന്ത്രങ്ങളുമെല്ലാം കണ്ടുപിടിച്ചതും വികസിപ്പിച്ചെടുത്തും ബ്രാഹ്മണ പുരോഹിതരാണ്. യാഗങ്ങളും കർമ്മങ്ങളും അനുഷ്ഠിക്കുന്നതിന് പരിശീലനം സിദ്ധിച്ച പുരോഹിതവർഗ്ഗത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. അതിനാൽ പൗരോഹിത്യത്തിന്റെ കുത്തക ബ്രാഹ്മണരുടെ കൈകളിലായി. ഇക്കാലത്തെ യാഗങ്ങൾ ലളിതമായ നിവേദ്യങ്ങളായിരുന്നില്ല. അവ വളരെയധികം ചെലവേറിയതായിരുന്നു. യാഗാനുഷ്ഠാനത്തിന് ദക്ഷിണയായി പശുക്കൾ, സ്വർണ്ണം, തുണി, കുതിരകൾ എന്നിവയെ പുരോഹിതന് നൽകണമായിരുന്നു. ഈ കാലഘട്ടത്തിൽ ദൈവങ്ങളുടെ പ്രകൃതത്തിലും സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. ഋഗ്വേദകാലത്തെ പ്രധാന ദേവന്മാരായിരുന്ന ഇന്ദ്രനും അഗ്നിക്കും അവരുടെ മുൻകാല പ്രാധാന്യം നഷ്ടപ്പെട്ടു. ഉത്തരവൈദിക കാലത്തെ ദേവന്മാരിൽ പ്രഥമ സ്ഥാനം സൃഷ്ടാവായ പ്രജാപതിക്കായിരുന്നു. വിഷ്ണുവും രുദ്രനും പ്രധാന ദേവന്മാരായി. വിഷ്ണുവിനെ പ്രപഞ്ചത്തിന്റെ രക്ഷകനായി കാണാൻ തുടങ്ങി.