ബുദ്ധ - ജൈന മത തത്ത്വങ്ങൾ

Arun Mohan
0

ബുദ്ധ - ജൈന മത തത്ത്വങ്ങൾ

ബുദ്ധമതത്തിന്റെ തത്ത്വങ്ങൾ

ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു മതസിദ്ധാന്തമാണ് ബുദ്ധൻ മുന്നോട്ടുവെച്ചത്. ഇഹലോക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട തത്ത്വങ്ങളായിരുന്നു അവ. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ 'ആര്യസത്യ' (നാലു ആര്യ സത്യങ്ങൾ) എന്ന പേരിലറിയപ്പെടുന്നു. അവ താഴെ പറയുന്നവയാണ്.

(1) ജീവിതം ദുഃഖമയമാണ്

(2) ആഗ്രഹങ്ങളാണ് ദുഃഖത്തിനു കാരണം

(3) ആഗ്രഹങ്ങളെ കീഴ്‌പ്പെടുത്തി ദുഃഖം ഇല്ലാതാക്കാം.

(4) ദുഃഖനിവാരണത്തിന് അഷ്‌ടാംഗമാർഗ്ഗം സ്വീകരിക്കണം

ശരിയായ വീക്ഷണം, ശരിയായ തീരുമാനം, ശരിയായ വാക്ക്, ശരിയായ ജീവിതമാർഗ്ഗം, ശരിയായ പ്രവൃത്തി, ശരിയായ പരിശ്രമം, ശരിയായ സ്‌മരണ, ശരിയായ ധ്യാനം എന്നിവയാണ് ദുഃഖനിവാരണത്തിന് ബുദ്ധൻ നിർദ്ദേശിച്ച അഷ്‌ടാംഗമാർഗ്ഗങ്ങൾ. ഇവ മോക്ഷ (നിർവ്വാണം) മാർഗ്ഗമായി ശുപാർശ ചെയ്യപ്പെട്ടു. അഷ്ടാംഗമാർഗ്ഗം ഒരു മധ്യമാർഗ്ഗമായിരുന്നു. കാരണം കഠിനമായ തപോനിഷ്ഠകൾക്കും അമിതമായ സുഖഭോഗങ്ങൾക്കും ഇടയിലുള്ള ഒരു മാർഗ്ഗമായിരുന്നു അത്. ബുദ്ധൻ കർമ്മസിദ്ധാന്തത്തിൽ വിശ്വസിച്ചു. കർമ്മമാണ് മനുഷ്യന്റെ വിധി നിർണ്ണയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ മോക്ഷസിദ്ധിക്കായി ശുദ്ധമായ ജീവിതം നയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ബുദ്ധമതത്തിന്റെ മറ്റൊരു അടിസ്ഥാന തത്ത്വമാണ് അഹിംസ. ജീവനുള്ള ഒന്നിനേയും ഉപദ്രവിക്കുകയോ വധിക്കുകയോ ചെയ്യരുതെന്ന് ബുദ്ധൻ ഉപദേശിച്ചു. ദൈവസങ്കല്‌പത്തെ ബുദ്ധൻ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ല. ജൈനാചാര്യർ ചെയ്‌തതുപോലെ ബുദ്ധനും തന്റെ അനുയായികൾക്കായി ഒരു പെരുമാറ്റ സംഹിത തയ്യാറാക്കി. അതിൽ അഞ്ചു കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട് : (1) മറ്റുള്ളവരുടെ സ്വത്ത് ആഗ്രഹിക്കരുത് (2) ഹിംസിക്കരുത് (3) ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് (4) കള്ളം പറയരുത് (5) വ്യഭിചരിക്കരുത്.

ബുദ്ധമതം ഉദാരവും ജനാധിപത്യപരവുമായിരുന്നു. സമത്വത്തിന് അത് ഊന്നൽ നൽകി. സംഘത്തിൽ സ്ത്രീകൾക്കു പ്രവേശനം നൽകിയത് സമത്വം നടപ്പാക്കാനുള്ള പരിശ്രമമായിരുന്നു. സമത്വ സങ്കൽപത്തെ തകർക്കുന്ന വർണ്ണ സമ്പ്രദായത്തേയും ബുദ്ധൻ നിശിതമായെതിർത്തു. സത്യം, നീതി, അനുസരണ, ദാനധർമ്മം, ദയ തുടങ്ങിയ ധാർമ്മിക ഗുണങ്ങളെ ആധാരമാക്കിയുള്ള ഒരു ദർശനമാണ് ബുദ്ധമതം മുന്നോട്ടുവെച്ചത്.

ജൈനമത തത്ത്വങ്ങൾ

അഹിംസ, അപരിഗ്രഹം, അസ്തേയം, സത്യം, ബ്രഹ്മചര്യം എന്നിവയാണ് ജൈനമതത്തിന്റെ അഞ്ച് അടിസ്ഥാന പ്രമാണങ്ങൾ. ഇതിൽ ആദ്യത്തെ നാല് തത്ത്വങ്ങൾ പാർശ്വനാഥന്റെതും അഞ്ചാമത്തേത്

മഹാവീരൻ കൂടിച്ചേർത്തതുമാണ്. ജൈനമതത്തിന്റെ മറ്റു പ്രധാന തത്ത്വങ്ങൾ താഴെ പറയുന്നയാണ്.

വൈദിക കർമ്മങ്ങൾ നിഷ്‌ഫലമാണ്.

ദൈവം മിഥ്യയാണ്. അതിനാൽ ആരാധനകൊണ്ടും പൂജാദി കർമ്മങ്ങൾ കൊണ്ടും ഒരു പ്രയോജനവുമില്ല.

ജനനം, മരണം, ദുഃഖം, യാതന എന്നിവയുടെ മൂലകാരണം കർമ്മമാണ്. ജനിമൃതികളിൽനിന്നും യാതനകളിൽനിന്നുമുള്ള മോചനമാണ് നിർവ്വാണം (മോക്ഷം). മോക്ഷം കിട്ടണമെങ്കിൽ കർമ്മം വിശുദ്ധമാകണം.

• 'ത്രിരത്നങ്ങൾ' അനുഷ്‌ഠിച്ചുകൊണ്ട് കർമ്മം ശുദ്ധമാക്കാം. ശരിയായ ജ്ഞാനം, ശരിയായ വിശ്വാസം, ശരിയായ പെരുമാറ്റം എന്നിവയാണ് ത്രിരത്നങ്ങൾ.

സന്യാസം, സ്വയം പീഡനം, നിരാഹാരത്തിലൂടെയുള്ള മരണം എന്നീ മാർഗ്ഗങ്ങളിലൂടേയും മോക്ഷം പ്രാപിക്കാം.

Post a Comment

0 Comments
Post a Comment (0)