ഭാരതീയ ദർശനങ്ങൾ
ഭാരതീയ ദർശനങ്ങൾ മുഖ്യമായി ഒൻപതെണ്ണമെന്നു കണക്കാക്കാം. ആസ്തിക ദർശനങ്ങൾ (വേദപ്രാമാണ്യം അംഗീകരിക്കുന്നവ) ആറെണ്ണവും നാസ്തിക ദർശനങ്ങൾ (വേദപ്രാമാണ്യം അംഗീകരിക്കാത്തവ) മൂന്നെണ്ണവും ഉണ്ട്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂർവമീമാംസ, ഉത്തരമീമാംസ (വേദാന്തം) എന്നിവയാണ് ആസ്തിക ദർശനങ്ങൾ. ഇവയെ ഷഡ്‌ദർശങ്ങൾ എന്നു പറയുന്നു. ബൗദ്ധം, ജൈനം, ചാർവാകം (ബാർഹസ് പത്യം അഥവാ ലോകായതം) എന്നിവ നാസ്തിക ദർശനങ്ങളുമാണ്.
ആസ്തിക ദർശനങ്ങൾ (ഷഡ്‌ദർശനങ്ങൾ)
1.
ന്യായദർശനം
ഗൗതമന്റെ
അഥവാ ഗോതമന്റെ (ബി.സി.മൂന്നാം നൂറ്റാണ്ട്) ന്യായസൂത്രങ്ങൾ ആണ് ഇതിന്റെ പ്രാചീനമായ
പ്രാമാണിക ഗ്രന്ഥം. വാചസ്പതിമിശ്രൻ (ഒൻപതാം നൂറ്റാണ്ട്), ഉദയനാചാര്യൻ (പത്താം നൂറ്റാണ്ട്)
എന്നിവർ ന്യായദർശനവുമായി ബന്ധപ്പെട്ട പ്രമുഖ ആചാര്യന്മാരാണ്.
2.
വൈശേഷികദർശനം
കണാദൻ
(ബി.സി ആറാം നൂറ്റാണ്ട്) ആണ് ഇതിന്റെ ആവിഷ്കർത്താവ്. അദ്ദേഹത്തിന്റെ
വൈശേഷികസൂത്രങ്ങളാണ് ഇതിന്റെ പ്രാമാണിക രേഖകൾ. ന്യായ - വൈശേഷിക ദർശനങ്ങളെ സംയോജിപ്പിച്ചുകൊണ്ട്
അന്നംഭട്ടൻ എന്ന ആചാര്യൻ രചിച്ച തർക്കസംഗ്രഹം പ്രസിദ്ധമാണ്. പരമാണുസിദ്ധാന്തം അഥവാ
അണുസിദ്ധാന്തം വൈശേഷിക ദർശനത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.
3.
സാംഖ്യദർശനം
ഷഡ്‌ദർശനങ്ങളിൽ
ഏറ്റവും പ്രാചീനമായത് സാംഖ്യദർശനമാണെന്നു പണ്ഡിതന്മാർ പറയുന്നു. കപിലൻ (ബി.സി ആറാം
നൂറ്റാണ്ട്) എന്ന ആചാര്യനാണ് ഈ ദർശനത്തിന്റെ ആവിഷ്കർത്താവ്. കപിലന്റെ
സാംഖ്യസൂത്രങ്ങൾ ആണ് ഇതിന്റെ ആദ്യ പ്രമാണികരേഖ. ഈശ്വരകൃഷ്ണന്റെ (എ.ഡി 3 - 4 നൂറ്റാണ്ട്) സംഖ്യകാരിക ഇതിന്റെ
പ്രാമാണിക ഗ്രന്ഥം.
4.
യോഗദർശനം
പതഞ്ജലിയുടെ
(ബി.സി 150) യോഗസൂത്രങ്ങൾ ആണ് യോഗദർശനത്തിന്റെ
ആദ്യത്തെ ആധികാരിക ഗ്രന്ഥം. വ്യാസൻ (മഹാഭാരത കർത്താവല്ല) യോഗസൂത്രങ്ങൾക്കുരചിച്ച
ഭാഷ്യംപ്രസിദ്ധം. യോഗസൂത്രത്തിൽ സമാധി, സാധനാ, വിഭൂതി, കൈവല്യം എന്നിങ്ങനെ നാലു പാദങ്ങളുണ്ട്.
195 സൂത്രങ്ങളാണ് ഇതിലുള്ളത്. ഇതിൽ
അഷ്ടാംഗയോഗമാണ് പ്രതിപാദിച്ചിരിക്കുന്നത്. യമം, നിയമം, പ്രാണായാമം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ട് അംഗങ്ങൾ.
5.
പൂർവമീമാംസ
ജൈമിനി
(ബി.സി ഒന്നാം നൂറ്റാണ്ട്) ആണ് ഈ ദർശനത്തിന്റെ ഉപജ്ഞാതാവ്. ജൈമിനിയുടെ
മീമാംസാസൂത്രങ്ങൾ (ജൈമിനീയസൂത്രം) ആണ് ഇതിന്റെ മൗലിക ഗ്രന്ഥം. പന്ത്രണ്ട്
അധ്യായങ്ങളും 2644 സൂത്രങ്ങളുമാണ് ജൈമിനീയ
സൂത്രത്തിലുള്ളത്. ശബരൻ,
കുമാരിലഭട്ടൻ, പ്രഭാകരമിശ്രൻ എന്നിവർ ഈ ദർശനവുമായി
ബന്ധപ്പെട്ട പ്രാമാണിക പണ്ഡിതന്മാരാണ്.
6.
ഉത്തരമീമാംസ
(വേദാന്തം)
ബാദരായണന്റെ
ശാരീരിക മീമാംസാസൂത്രങ്ങൾ അഥവാ വേദാന്തസൂത്രങ്ങൾ (ബ്രഹ്മസൂത്രം എന്നും
ബാദരായണസൂത്രം എന്നും പേരുണ്ട്) ആണ് ഇതിന്റെ പ്രാമാണിക കൃതി. ശങ്കരാചാര്യർ, രാമാനുജാചാര്യർ തുടങ്ങി
പന്ത്രണ്ടിലധികം ബ്രഹ്‌മസൂത്രഭാഷ്യകാരന്മാരുണ്ട്. ശങ്കരാചാര്യരുടെ അദ്വൈതം, ഭാസ്കരാചാര്യന്റെ ഭേദാഭേദദർശനം, രാമാനുജാചാര്യന്റെ വിശിഷ്‌ടാദ്വൈതം, നിംബാർക്കന്റെ ദ്വൈതാദ്വൈതദർശനം, മാധ്വാചാര്യന്റെ ദ്വൈതദർശനം, വല്ലഭാചാര്യന്റെ ശുദ്ധാദ്വൈതദർശനം
എന്നിവ വേദാന്തത്തിന്റെ ഭിന്ന ശാഖകളാണ്. അതിൽ ഏറെ പ്രചാരം അദ്വൈതത്തിനാണ്.
ശങ്കരാചാര്യർ ആണ് അദ്വൈതത്തിനു വ്യക്തമായ മാർഗനിർദേശവും ഘടനയും നൽകിയത്. അദ്ദേഹം
ബ്രഹ്‌മസൂത്രം,
ഭഗവദ്ഗീത, ഉപനിഷത്തുകൾ എന്നിവയ്ക്കു രചിച്ച
ഭാഷ്യങ്ങളിലൂടെ അദ്വൈതദർശനത്തെ വിവരിച്ചു. ശ്രീഹർഷൻ (പന്ത്രണ്ടാം ശതകം), ചിത്സുഖാചാര്യൻ (പതിമൂന്നാം ശതകം), വിദ്യാരണ്യൻ (പതിനാലാം ശതകം), മധുസൂദനസരസ്വതി (പതിനാറാം ശതകം)
തുടങ്ങിയവർ അദ്വൈതദർശനത്തിനു സംഭാവന ചെയ്തവരിൽ പ്രമുഖരാണ്.
നാസ്തിക ദർശനങ്ങൾ
1.
ബൗദ്ധദർശനം
ഗൗതമൻ
(ബി സി ആറാം ശതകം) ബോധോദയം ലഭിച്ചു ബുദ്ധൻ ആയ ശേഷം ശിഷ്യന്മാർക്കു നൽകിയ
ഉപദേശങ്ങളാണ് ബൗദ്ധദർശനത്തിന്റെ അടിസ്ഥാനം. പാലി ഭാഷയിലുള്ള ത്രിപിടകങ്ങളിൽ
ബൗദ്ധദർശനങ്ങൾ സമാഹരിച്ചിരിക്കുന്നു. വിനയപിടകം, സുത്ത (സൂത്ര) പിടകം, അഭിധമ്മ (അഭിധർമ)പിടകം എന്നിങ്ങനെ
മൂന്നു ഭാഗങ്ങൾ ചേർന്നതാണ് ത്രിപിടകങ്ങൾ. ബുദ്ധമതത്തിന് ഹീനയാനം എന്നും മഹായാനം
എന്നും രണ്ടു മഹാവിഭാഗമുണ്ട്. ഇവരിൽ ഹീനയാനത്തിന് വൈഭാഷികർ എന്നും സൗത്രാന്തികർ
എന്നും രണ്ടു വിഭാഗവുമുണ്ട്. മഹായാനത്തിനാകട്ടെ യോഗാചാരം എന്നും മാധ്യമികം എന്നും
രണ്ടു പിരിവുണ്ടായി. യോഗാചാരത്തെ വിജ്‌ഞാനവാദം എന്നും മാധ്യമികത്തെ ശൂന്യവാദം
എന്നും പറയും. ബുദ്ധൻ കണ്ടെത്തിയ നാല് ആര്യസത്യങ്ങൾ ബൗദ്ധദർശനത്തിന്റെ അടിസ്ഥാന
തത്ത്വങ്ങളാണ്.
2.
ജൈനദർശനം
ജിനൻ
(ബി സി ആറാം ശതകം) ആവിഷ്‌കരിച്ച ദാർശനിക പദ്ധതി. മഗധയിലെ യുവരാജാവായ വർധമാനൻ
തപസ്സുകൊണ്ട് കേവലി (സർവജ്ഞൻ) ആയപ്പോൾ അദ്ദേഹത്തെ ജിനൻ (ആധ്യാത്മിക വിജയം നേടിയവൻ), മഹാവീരൻ എന്നീ വിശേഷണങ്ങൾ നൽകി ജനങ്ങൾ
ആദരിച്ചു. തനിക്കു മുൻപ് ജീവിച്ച 23
തീർഥങ്കരന്മാരുടെ മതത്തിന്റെ വ്യാഖ്യാതാവു മാത്രമാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
തീർഥങ്കരന്മാരിൽ ആദ്യത്തെയാൾ ഋഷഭദേവനും ഇരുപത്തിമൂന്നാമത്തെയാൾ പാർശ്വനാഥനുമാണ്.
ഇരുപത്തിനാലാമത്തെ തീർഥങ്കരനാണ് മഹാവീരൻ. ആദ്യകാലത്ത് പ്രാമാണിക ഗ്രന്ഥങ്ങളൊന്നും
ഇല്ലാതിരുന്നതിനാൽ ജിനൻ അനുയായികളെ നിർഗ്രന്ഥന്മാർ എന്നു വിളിച്ചു. ഭദ്രബാഹു, ഉമാസ്വാതി, കുന്ദകുന്ദാചാര്യൻ, സിദ്ധസേനദിവാകരൻ, സിദ്ധസേനഗണി, അകളങ്കദേവൻ, ഹരിഭദ്രസൂരി, മല്ലിഷേണസൂരി തുടങ്ങിയവർ ജൈനദാർശനികരിൽ
പ്രമുഖരാണ്.
3.
ചാർവാകദർശനം
ലോകായതം എന്നും അറിയപ്പെടുന്ന ഈ ദർശനത്തിന്റെ ആദിമപ്രവർത്തകൻ ബൃഹസ്‌പതിയാണ്. അദ്ദേഹം രചിച്ച സൂത്രങ്ങൾ (ബാർഹസ്‌പത്യസൂത്രങ്ങൾ) പൂർണമായി കണ്ടെത്തിയിട്ടില്ല. എതിരാളികൾ ഉദ്ധരിച്ചിട്ടുള്ള ഏതാനും സൂത്രങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.