ദേശീയ പ്രസ്ഥാനത്തിലെ സാഹിത്യം

Arun Mohan
0

ദേശീയ പ്രസ്ഥാനത്തിലെ സാഹിത്യം

നീൽദർപ്പൺ

ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ചുകൊണ്ട് ബംഗാളി നാടകകൃത്തായ ദിനബന്ധുമിത്ര രചിച്ച നാടകമാണ് 'നീൽദർപ്പൺ'. 1858-59 കാലയളവിൽ രചിക്കപ്പെട്ട ഈ നാടകം 1860-ൽ ധാക്കയിലാണ് ആദ്യമായി അവതരിപ്പിച്ചത്. 1859-ൽ ബംഗാളിൽ നടന്ന നീലം കർഷകരുടെ കലാപവുമായി ഈ നാടകത്തിന് ആശയപരമായ ബന്ധമുണ്ട്. നൂറുകണക്കിന് വേദികളിൽ അരങ്ങേറിയ ഈ നാടകത്തെ വർധിച്ച ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. 'നീൽദർപ്പണി'ൽ ചിത്രികരിച്ച കർഷകരുടെ പ്രശ്നങ്ങൾ സുരേന്ദ്രനാഥ ബാനർജി സ്ഥാപിച്ച ഇന്ത്യൻ അസോസിയേഷൻ എന്ന ആദ്യകാല രാഷ്ട്രീയസംഘടന ഏറ്റെടുക്കുകയും ഇന്ത്യയിലെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ കർഷകകലാപങ്ങൾക്ക് ഈ നാടകം പ്രചോദനമായി. നീൽദർപ്പണിലെ കഥാപാത്രങ്ങൾ ഗ്രാമവാസികളും ഭൂപ്രഭുക്കന്മാരും ആയിരുന്നു. പ്രധാന കഥാപാത്രങ്ങൾ-ഗൊലോക് ചന്ദ്ര ബസു (ധനിക കർഷകൻ), നൊബിൻ മണ്ഡപ്, ബിന്ദു മാധബ് (ഗൊലോകിന്റെ പുത്രൻമാർ), സാധു ചരൻ (കർഷകൻ), സാബിത്രി, രേബതി.

ആനന്ദമഠം

ബംഗാളി സാഹിത്യകാരനായ ബങ്കിംചന്ദ്ര ചാറ്റർജി ഒരു പാശ്ചാത്യ സാഹിത്യരൂപമായിരുന്ന നോവലിനെ ഇന്ത്യക്കാരുടെ ജീവിതയാഥാർഥ്യങ്ങൾ ചിത്രീകരിക്കാനുള്ള മാധ്യമമാക്കി മാറ്റി. ബംഗാളിലെ കർഷകർ നടത്തിയ സന്ന്യാസികലാപം പ്രമേയമാക്കി രചിച്ച 'ആനന്ദമഠം'ആണ് അദ്ദേഹത്തിന്റെ നോവലുകളിൽ ഏറ്റവും ശ്രദ്ധേയം. ഇതിലൂടെ ബംഗാളിലെ കർഷകരുടെ അവസ്ഥയും സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള വ്യത്യാസവും ഇന്ത്യയിലെ ജനങ്ങളെയാകെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ആനന്ദമഠത്തിൽനിന്നുമാണ് 'വന്ദേമാതരം'എന്ന ഗാനം എടുത്തിട്ടുള്ളത്. 1882-ലാണ് 'ആനന്ദമഠം' പ്രസിദ്ധീകരിച്ചത്. ശത്രുക്കൾക്കെതിരേ പോരാടിയ 'ആനന്ദൻമാർ'എന്ന് വിളിച്ചിരുന്ന കാളിദേവിയുടെ ഒരു സംഘം പോരാളികളുടെ കഥയാണിത്. കല്യാണി എന്ന വീട്ടമ്മ, അവരുടെ ഭർത്താവ് മഹേന്ദ്ര, സന്ന്യാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ശത്രുക്കൾക്കെതിരേ മുന്നേറിയപ്പോൾ അവർ വിളിച്ചിരുന്ന മുദ്രാവാക്യമാണ് 'വന്ദേമാതരം.' ഇന്ത്യയുടെ ദേശീയഗീതമായി വന്ദേമാതരം പിന്നീട് മാറി.

വന്ദേമാതരം

ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആദ്യമായി പൊതുവേദിയിൽ ആലപിച്ചത് 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ രബീന്ദ്രനാഥ ടാഗോറാണ്. 1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്ന് സ്വദേശിപ്രസ്ഥാനം ശക്തമായതോടെ വന്ദേമാതരം വൻപ്രാധാന്യത്തിലേക്ക് ഉയർന്നു. വന്ദേമതരം ആലപിക്കുന്നത് ശിക്ഷാർഹമായിവരെ ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചു. 1950 ജനുവരി-24ന് ഭരണഘടനാ നിർമാണസഭ വന്ദേമാതരത്തെ ദേശീയഗീതമായി പ്രഖ്യാപിച്ചു. ഓൾ ഇന്ത്യാ റേഡിയോയിലൂടെ പ്രചരിപ്പിക്കപ്പെട്ട വന്ദേമാതരത്തിന്റെ ഏറ്റവും ജനകീയമായ രൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേശ് രാഗത്തിലാണ്.

ദുർഗേശനന്ദിനി

ബംഗാളിഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിംചന്ദ്ര ചാറ്റർജി. അദ്ദേഹത്തിന്റെ രചനാരീതി ഇന്ത്യയൊട്ടാകെയുള്ള എഴുത്തുകാർക്ക് പ്രചോദനമായി മാറി. 'സാഹിത്യ സമ്രാട്ട്' എന്നാണ് ബംഗാളിയിൽ അദ്ദേഹം അറിയപ്പെടുന്നത്. അച്ചടിച്ചുവന്ന അദ്ദേഹത്തിന്റെ ആദ്യ നോവലായിരുന്നു 'Rajmohan's Wife.' ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ ബംഗാളിനോവലായിരുന്നു 1865-ൽ പ്രസിദ്ധീകരിച്ച 'ദുർഗേശനന്ദിനി.' മുഗൾചക്രവർത്തി അക്ബറുടെ ഭരണകാലം പശ്ചാത്തലമാകുന്ന കൃതിയാണിത്.

സാരേ ജഹാം സേ അച്ഛാ

ഇന്ത്യയുടെ പ്രകൃതിഭംഗിയെയും ജനങ്ങളുടെ ഐക്യത്തെയും പാടിപ്പുകഴ്ത്തിയ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഗാനമാണ് 'സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാര'എന്നത്. ഇന്ത്യ എന്ന ഏകരാഷ്ട്രത്തെപ്പറ്റിയുള്ള ബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ ഈ രചന ഏറെ സഹായകരമായി. ഉറുദുഭാഷയിൽ കുട്ടികൾക്കായി രചിച്ച ദേശഭക്തിഗാനമായിരുന്നു ഇത്. 1904 ഓഗസ്റ്റിൽ 'ഇത്തിഹാദ്' വാരികയിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1905-ൽ ലഹോറിൽ നടന്ന ഒരു പരിപാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സാരേ ജഹാംസെ അച്ഛാ പൊതുവേദിയിൽ പാടിയതോടെ ഗാനം ഏറെ പ്രചാരംനേടി.

ഗോദാൻ

സാധാരണക്കാരുടെ ജീവിതാവസ്ഥകൾ തുറന്നുകാട്ടിയ ഹിന്ദി എഴുത്തുകാരൻ ധൻപത് റായ് ശ്രീവാസ്തവയുടെ തൂലികാനാമം ആയിരുന്നു 'പ്രേംചന്ദ്.' സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെ പ്രതിസന്ധികളാണ് പ്രേംചന്ദിന്റെ കൃതികൾ ശക്തമായി തുറന്നുകാട്ടുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് 'ഗോദാൻ.' 1936-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഹിന്ദിയിലെ ഏറ്റവും മികച്ച രചനകളിലൊന്നായി കരുതപ്പെടുന്നു. ഹോരി, ധാനിയ, ഗോബർ, ഭോല, ഹീര, പുനിയ തുടങ്ങിയവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഗാന്ധിജിയുടെ സത്യാഗ്രഹപ്രസ്ഥാനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള പ്രേംചന്ദിന്റെ കൃതിയാണ് 'കർമഭൂമി.' 1930-കളിലെ ഉത്തർപ്രദേശിലെ സാമൂഹികജീവിതമാണ് നോവലിന്റെ പശ്ചാത്തലം. അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ രചനയാണ് 'സേവാ സദൻ.'

ഗീതാഞ്ജലി

ഭാരതത്തിലെ പ്രഥമസ്മരണീയനായ സാഹിത്യകാരനും സാംസ്‌കാരികനായകനുമാണ് രബീന്ദ്രനാഥ ടാഗോർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്‌ണമായ ഘട്ടങ്ങളിൽ അദ്ദേഹം പകർന്നു നൽകിയ ആവേശം വളരെ വലുതാണ്. 'ഗുരുദേവ്' എന്നാണ് ഗാന്ധിജി അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. ടാഗോറിന് 1913-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് 'ഗീതാഞ്ജലി'. ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖമെഴുതിയത് പ്രമുഖ ഇംഗ്ലീഷ് കവി ഡബ്ല്യു.ബി.യേറ്റ്സാണ്. 1910 ജൂലായിലാണ് ബംഗാളിഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധീകരിച്ചത്. ജനങ്ങൾക്ക് വെളിച്ചവും പ്രബോധനവും നൽകുന്ന കൃതിയാണ് ഗീതാഞ്ജലി. ഏഷ്യാ ഭൂഖണ്ഡത്തിൽനിന്ന് നൊബേൽ സമ്മാനം നേടുന്ന ആദ്യവ്യക്തിയാണ് ടാഗോർ. ഗീതാഞ്ജലിയിലെ ഗീതങ്ങൾ മുഖ്യമായും ഭാരതീയപാരമ്പര്യത്തിലധിഷ്ഠിതമായ ഭക്തിഗീതങ്ങളാണ്. “എവിടെ മനസ്സ് നിർഭയമായും ശിരസ്സ് ഉന്നതമായും നിൽക്കുന്നുവോ" എന്ന് തുടങ്ങുകയും “ആ സ്വാതന്ത്ര്യസ്വർഗത്തിലേക്ക് അല്ലയോ പിതാവേ, എന്റെ രാജ്യത്തെ ഉണർത്തേണമേ എന്ന് അവസാനിക്കുകയും ചെയ്യുന്ന ഗീതം ഈ കൃതിയിലെ ശ്രദ്ധേയമായ ഭാഗമാണ്.

രബീന്ദ്രസംഗീതം

മഹാകവി രബീന്ദ്രനാഥ ടാഗോർ തന്റെ ഗീതങ്ങളും കവിതകളും സ്വന്തം ഭാവനയ്ക്ക് ചേർന്നവിധം ആലപിക്കാനായി രൂപപ്പെടുത്തിയ സംഗീതശൈലിയാണ് രബീന്ദ്രസംഗീതം. ഉത്തരേന്ത്യൻ സംഗീതത്തിലെ രാഗങ്ങളെ അവലംബിക്കുമ്പോഴും അവയുടെ ശാസ്ത്രീയതയിലെ കാർക്കശ്യമൊഴിവാക്കിയുള്ള സ്വതന്ത്രമായ ആലാപനരീതിയാണ് രബീന്ദ്രസംഗീതം. നാടോടിസംഗീതശൈലികളും കർണാടകസംഗീതത്തിലെ രാഗങ്ങളും പാശ്ചാത്യസംഗീതത്തിലെ ചില വശങ്ങളും രബീന്ദ്രസംഗീതത്തിലുണ്ട്. പ്രണയഗീതങ്ങൾ, ഋതുഗീതങ്ങൾ, ദേശീയഗീതങ്ങൾ, ബാലഗീതങ്ങൾ, ഭക്തിഗീതങ്ങൾ എന്നിവയെല്ലാം രബീന്ദ്രസംഗീതത്തിന്റെ ശൈലിയിൽ ടാഗോർ ആവിഷ്‌കരിച്ചു.

ഓടി വിളയാട് പാപ്പ

ദേശീയപ്രസ്ഥാനത്തിന്റെ ആവേശം ദക്ഷിണേന്ത്യയിൽ ആളിക്കത്തിച്ച സാഹിത്യകാരനാണ് സുബ്രഹ്മണ്യ ഭാരതി. അദ്ദേഹം 'ഭാരതിയാർ' എന്നും അറിയപ്പെടുന്നു. പാഞ്ചാലീശപഥം, കളിപ്പാട്ട്, കണ്ണൻപാട്ട്, കുയിൽപ്പാട്ട് എന്നിവ രചനകളാണ്. 1908-ൽ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് 1918 വരെ ഫ്രഞ്ച് അധീനപ്രദേശമായ പുതുച്ചേരിയിലാണ് അദ്ദേഹം കഴിഞ്ഞത്. സുബ്രഹ്മണ്യ ഭാരതിയുടെ പ്രസിദ്ധമായ കവിതയാണ് 'ഓടി വിളയാട് പാപ്പ്. 1921-ൽ അന്തരിച്ചു.

വരിക വരിക സഹജരേ

ദേശീയപ്രസ്ഥാനത്തിന് ശക്തിപകർന്ന നിരവധി കവിതകളും ഗാനങ്ങളും മലയാളത്തിലും രചിക്കപ്പെട്ടു. ജനങ്ങളെ ആവേശംകൊള്ളിച്ച ദേശഭക്തിഗാനങ്ങളും ഇവയിലുണ്ട്. മഹാകവി വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ, ബാപ്പുജി, ഇന്ത്യയുടെ കരച്ചിൽ എന്നിവ ദേശീയപ്രസ്ഥാനത്തെ ആധാരമാക്കിയ രചനകളാണ്. എന്റെ ഗുരുനാഥൻ, ബാപ്പുജി എന്നീ കൃതികളിൽ ഗാന്ധിജിയാണ് പ്രധാനപ്രമേയം. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന സമരത്തിൽ വൊളന്റിയർമാർ ആലപിച്ചുമുന്നേറിയ ദേശഭക്തിഗാനമാണ് “വരിക വരിക സഹജരേ, വലിയ സഹനസമരമായ്" എന്ന് തുടങ്ങുന്നത്. അംശി നാരായണപിള്ളയാണ് ഇത് രചിച്ചത്.

PSC ചോദ്യങ്ങൾ

1. അജന്താ ഗുഹാചിത്രങ്ങളെ ഇന്ത്യൻ കലാകാരൻമാർ മാതൃകയാക്കണമെന്ന ആശയം മുന്നോട്ടുവെച്ചതാര് - അബനീന്ദ്രനാഥ ടാഗോർ

2. കൽക്കത്തയിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത് - അബനീന്ദ്രനാഥ ടാഗോർ

3. ബംഗാളി ചിത്രകാരനായ അബനീന്ദ്രനാഥ ടാഗോർ സ്വദേശി സമരകാലത്ത് വരച്ച ജലഛായാചിത്രം - ഭാരതമാതാ

4. നന്ദലാൽ ബോസിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം - സതി

5. സതിയനുഷ്ഠിക്കലിനെതിരെ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ സഹായിച്ച 'സതി' എന്ന ചിത്രം വരച്ചത് ആര്? - നന്ദലാൽ ബോസ്

6. കോൺഗ്രസ്സിന്റെ പോസ്റ്ററിനുള്ള ചിത്രമായി തിരഞ്ഞെടുത്ത നന്ദലാൽ ബോസിന്റെ ചിത്രം - ഗ്രാമീണ ചെണ്ടക്കാരൻ

7. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയെ ഗുരുവായി കണ്ടിരുന്ന ദക്ഷിണേന്ത്യൻ സാഹിത്യകാരനാര് - സുബ്രഹ്മണ്യ ഭാരതി

8. 'ബന്ദി ജീവൻ' എന്ന കൃതിയുടെ കർത്താവായ വിപ്ലവകാരിയാര് - സചീന്ദ്രനാഥ് സന്യാൽ

9. ഇന്ത്യയിലെ ഏത് വിപ്ലവകാരിയുടെ പ്രസിദ്ധമായ രചനയാണ് 'Why I Am An Atheist' - ഭഗത്‌സിംഗ്

10. ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത് - ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ

11. ഗാന്ധിജിയുടെ ആത്മകഥ നവജീവൻ ട്രസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ച വർഷമേത് - 1927

12. ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചുവന്ന ഗുജറാത്തി വാരികയേത് - നവജീവൻ

13. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര് - മഹാദേവ് ദേശായി

14. ഗാന്ധിജിയുടെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ അച്ചടിച്ചുവന്ന പ്രസിദ്ധീകരണമേത് - യങ് ഇന്ത്യ

15. ഗാന്ധിജിയുടെ ആത്മകഥയുടെ ആദ്യത്തെ മലയാളം പരിഭാഷ തയ്യാറാക്കിയതാര് - കെ.മാധവൻ നായർ

16. യർവാദാ ജയിലിൽ കഴിയുന്ന കാലത്ത് മറ്റെല്ലാം മാറ്റിവെച്ച് ആത്മകഥാരചന പൂർത്തിയാക്കാൻ ഗാന്ധിജിയോട് ആവശ്യപ്പെട്ടത് - ജേറാംദാസ്

17. ആരുടെ നിർദേശപ്രകാരമാണ് നവജീവൻ വാരികയ്ക്ക് വേണ്ടി ഗാന്ധിജി ആത്മകഥ എഴുതിത്തുടങ്ങിയത് - സ്വാമി ആനന്ദിന്റെ

18. അഹമ്മദ്‌നഗർ കോട്ടാ ജയിലിൽ 1942 - 45 കാലയളവിൽ കഴിഞ്ഞ സമയത്ത് ജവഹർ ലാൽ നെഹ്‌റു രചിച്ച കൃതിയേത് - ഇന്ത്യയെ കണ്ടെത്തൽ (ദി ഡിസ്‌കവറി ഓഫ് ഇന്ത്യ)

19. ശ്യാം ബെനഗർ സംവിധാനം ചെയ്ത 'ഭാരത് ഏക് ഖോജ്' എന്ന ടെലിവിഷൻ പരമ്പരയ്ക്ക് അടിസ്ഥാനമായ കൃതിയേത് - ഇന്ത്യയെ കണ്ടെത്തൽ

20. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽ വാസമനുഭവിക്കുമ്പോൾ 'Feathers and Stones' എന്ന കൃതി രചിച്ചതാര് - പട്ടാഭി സീതാരാമയ്യ

21. സ്വദേശിസമരകാലത്ത് ആദ്യമായി രൂപം നൽകിയ ത്രിവർണ പതാകയിൽ എന്തൊക്കെയാണ് ആലേഖനം ചെയ്തിരുന്നത് - താമരകളും അർദ്ധചന്ദ്രനും

22. ആദ്യമായി അവതരിപ്പിച്ച ത്രിവർണ പതാകയിൽ എത്ര താമരകളാണ് ഉണ്ടായിരുന്നത് - എട്ട്

23. താമരകൾ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത് - ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകൾ

24. അർധചന്ദ്രൻ എന്തിന്റെ പ്രതീകമായിരുന്നു - ഹിന്ദു-മുസ്ലിം ഐക്യം

25. ചർക്കയോടുകൂടിയ ദേശീയ പതാകയ്ക്ക് രൂപം നൽകിയത് ആരുടെ നേതൃത്വത്തിലാണ് - ഗാന്ധിജിയുടെ

26. ചർക്ക എന്തിന്റെ പ്രതീകമായിരുന്നു - സ്വാശ്രയത്വം, വിദേശാധിപത്യത്തിനെതിരായ പ്രതിഷേധം

27. ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര് - മാഡം ബിക്കാജി കാമ

28. ജർമനിയിലെ സ്റ്റട്ട്ഗർട്ടിൽ നടന്ന രണ്ടാം ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ ത്രിവർണ പതാക ഉയർത്തിയ വർഷമേത് - 1907

29. 'നീൽദർപ്പൺ' ഏത് കർഷകരുടെ പ്രശ്നങ്ങളാണ് ഉയർത്തിക്കാട്ടിയത് - നീലം കർഷകരുടെ

30. ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ പ്രമേയമാക്കി 'നീൽദർപ്പൺ' എന്ന നോവൽ എഴുതിയത് - ദീനബന്ധു മിത്ര

31. 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന കൃതി ആരെല്ലാം ചേർന്നാണ് എഴുതിയത് - ലാറി കൊളിൻസ്‌, ഡൊമിനിക് ലാപിയർ

32. 'ഇന്ത്യ വിൻഡ് ഫ്രീഡം' ആരുടെ കൃതിയാണ് - മൗലാന അബുൾകലാം ആസാദ്

33. 'ഇന്ത്യ ഡിവൈഡഡ്' ആരുടെ കൃതിയാണ് - ഡോ.രാജേന്ദ്രപ്രസാദ്

34. 'ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ' ആരുടെ കൃതിയാണ് - എ.എൽ.ബാഷം

35. 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' ആരുടെ രചനയാണ് - രാമചന്ദ്ര ഗുഹ

36. ഹയാത്ത്-ഇ-സാദി, ഹയാത്ത്-ഇ-ജവീദ് എന്നിവ ആരുടെ രചനകളാണ് - അൽത്താഫ് ഹുസൈൻ ഹാലി

37. ആധുനിക ബംഗാളി സാഹിത്യത്തിന്റെ പിതാവ് - ബങ്കിം ചന്ദ്ര ചാറ്റർജി

38. ബംഗാളി സാഹിത്യത്തിലെ ആദ്യ നോവൽ - ദുർഗേശ നന്ദിനി (1865)

39. ദുർഗേശ നന്ദിനി രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി

40. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യ സാഹിത്യ കൃതി - ദുർഗേശ നന്ദിനി

41. ബ്രിട്ടീഷുകാർക്കെതിരെ നടന്ന സന്ന്യാസി കലാപത്തെ പശ്ചാത്തലമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നേവൽ - ആനന്ദമഠം

42. ആനന്ദമഠം പ്രസിദ്ധീകരിച്ച വർഷം - 1882

43. ആനന്ദമഠം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച മാസിക - ബംഗദർശൻ

44. ബങ്കിം ചന്ദ്ര ചാറ്റർജി ആരംഭിച്ച ബംഗാളി പത്രം - ബംഗദർശൻ (1872)

45. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഇംഗ്ലീഷ് നോവൽ - രാജ്‌മോഹൻസ് വൈഫ്

46. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ അവസാനത്തെ നോവൽ - സീതാറാം

47. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾ - ദുർഗേശ നന്ദിനി, ആനന്ദമഠം, കൃഷ്ണ ചരിത്ര, ദേവി ചൗധരണി, വിഷവൃക്ഷ, മൃണാളിനി

48. ഏത് നോവലിൽനിന്നാണ് ദേശീയ ഗീതമായ വന്ദേമാതരം എടുത്തിട്ടുള്ളത് - ആനന്ദമഠം

49. 'സാരേ ജഹാം സേ അച്ഛാ ഹിന്ദോസിതാം ഹമാരാ' (1904) എന്ന ഗാനം രചിച്ചത് - ഉറുദു കവിയായ അല്ലാ മുഹമ്മദ് ഇഖ്ബാൽ

50. ബംഗാൾ വിഭജനസമയത്ത് (1905) രബീന്ദ്രനാഥ ടാഗോർ രചിച്ച ദേശഭക്തിഗാനം - അമർ സോനാർ ബംഗ്ലാ

51. 'വരിക വരിക സഹജരേ' എന്ന ഗാനം രചിച്ചതാര് - അംശി നാരായണപിള്ള

52. 'ചോർച്ചാസിദ്ധാന്തം' പ്രതിപാദിക്കുന്ന ദാദാഭായ് നവറോജിയുടെ പുസ്തകം - പോവാർട്ടി ആൻഡ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' (1901)

53. ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന ആദ്യത്തെ ഇന്ത്യക്കാരൻ - സത്യേന്ദ്രനാഥ ടാഗോർ

54. ഇന്ത്യൻ യുവത്വത്തെ സ്വാതന്ത്ര്യബോധത്തിലേക്ക് നയിക്കാനുതകിയ ദി ഇന്ത്യൻ സ്ട്രഗിൾ, ഡ്രീംസ് ഓഫ് ദ യൂത്ത്, ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് - സുഭാഷ് ചന്ദ്രബോസ്

55. രബീന്ദ്രനാഥ ടാഗോർ രചിച്ച ദേശീയഗാനമായ ജനഗണമന, ശങ്കരാഭരണം രാഗത്തിൽ സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ആര് - രാം സിങ് ഠാക്കൂർ

56. ദേശീയ പ്രസ്ഥാനത്തിന് ശക്തിപകർന്ന 'എന്റെ ഗുരുനാഥൻ' ആരുടെ രചനയാണ് - മഹാകവി വള്ളത്തോളിന്റെ

Post a Comment

0 Comments
Post a Comment (0)