ആധുനിക സാഹിത്യം
ബംഗാളി സാഹിത്യം
പതിനൊന്നാം നൂറ്റാണ്ടിൽ എഴുതിയതെന്ന് കരുതുന്ന ചര്യാപദ എന്ന ഗ്രന്ഥത്തെയാണ് ബംഗാളി സാഹിത്യത്തിലെ ആദ്യ കൃതിയായി പലരും കണക്കാക്കുന്നത്. അതിനു ശേഷമുള്ള ബംഗാളി സാഹിത്യത്തെ മധ്യകാല ബംഗാളി സാഹിത്യമെന്നും ആധുനിക ബംഗാളിസാഹിത്യമെന്നും വിളിക്കാം. ജയദേവകവികളുടെ 'ഗീതാഗോവിന്ദം', വിദ്യാപതി എഴുതിയ 'മൈഥിലി ഗാനങ്ങൾ' എന്നിവയൊക്കെ ബംഗാളി എഴുത്തിനെ ഏറെ സ്വാധീനിച്ച കൃതികളാണ്. മധ്യ ബംഗാളി സാഹിത്യത്തിൽ ഏറ്റവും പ്രസിദ്ധനായിരുന്നു ചൈതന്യൻ എന്ന കവി. സാഹിത്യത്തെ വളർത്തുന്ന മഹത്തായ സംഭാവനകൾ അദ്ദേഹം നൽകി. പത്തൊൻപതാം നൂറ്റാണ്ട് മുതലാണ് ആധുനിക ബംഗാളി സാഹിത്യം വികസിച്ചുതുടങ്ങിയത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രോത്സാഹനത്തോടെ ഫോർട്ട് വില്യം കോളേജ് ബംഗാളി ഗദ്യ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനായി പ്രശസ്ത ബംഗാളി പണ്ഡിതരെ നിയോഗിക്കുകയും ചെയ്തു. പിന്നീട്, റാം മോഹൻ റോയിയെപ്പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളും ബങ്കിം ചന്ദ്ര ചാറ്റർജി, മധുസൂദൻ ദത്ത, രബീന്ദ്രനാഥ ടാഗോർ, ശരത്ചന്ദ്ര ചാറ്റർജി തുടങ്ങിയ എഴുത്തുകാരും ബംഗാളി സാഹിത്യത്തെ ഒന്നാം സ്ഥാനത്തെത്തിച്ചു. രബീന്ദ്രനാഥ ടാഗോറിന് നൊബേൽ സമ്മാനം കിട്ടിയതോടെയാണ് ബംഗാളി സാഹിത്യത്തിന്റെ സുവർണകാലം ആരംഭിക്കുന്നത്. അതോടെ ബംഗാളി സാഹിത്യം ലോകശ്രദ്ധയിലെത്തി. ബംഗാളി കൃതികൾ വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. താരാശങ്കർ ബാനർജി, ആർസി ദത്ത, പ്രേമേന്ദ്ര മിത്ര തുടങ്ങി പല ബംഗാളി എഴുത്തുകാരും ഇന്ന് ലോകപ്രശസ്തരാണ്.
അസമീസ്
സാഹിത്യം
സമ്പന്നമായ
സാഹിത്യമാണ് അസമീസ് ഭാഷയുടേത്. ആദ്യകാല സാഹിത്യം, മധ്യകാല സാഹിത്യം, ആധുനിക സാഹിത്യം എന്നിങ്ങനെ മൂന്നു
വളർച്ചാ ഘട്ടങ്ങളായി അസമീസ് സാഹിത്യത്തെ തിരിക്കാറുണ്ട്. 14 - 16 നൂറ്റാണ്ടുകളിലുണ്ടായ
സാഹിത്യകൃതികളാണ് ആദ്യകാല സാഹിത്യത്തിൽ പെടുന്നത്. ഹേമസരസ്വതി എഴുതിയ 'പ്രഹ്ളാദ ചരിത'മാണ് പതിനാലാം നൂറ്റാണ്ടിൽ അസമീസ്
ഭാഷയിലുണ്ടായ ഒരു പ്രധാന കാവ്യം. ഇക്കാലത്ത് മിക്ക കാവ്യങ്ങളുടെയും പ്രധാനവിഷയം
രാമായണ കഥകളും മഹാഭാരത കഥകളുമായിരുന്നു. ശങ്കരദേവൻ, മാധവദേവൻ എന്നീ പ്രശസ്ത കവികളുടെ
കൃതികളെല്ലാം ഈ വിഭാഗത്തിൽ പെടുന്നു.
17
- 18 നൂറ്റാണ്ടുകളിലെ
കൃതികളാണ് മധ്യകാല സാഹിത്യത്തിൽ വരുന്നത്. ഇക്കാലത്ത് ധാരാളം സംസ്കൃത കാവ്യങ്ങളും
നാടകങ്ങളും അസമീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇത് അസമീസ് സാഹിത്യത്തെ
സമ്പന്നമാക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ആധുനിക അസമീസ് സാഹിത്യത്തിന്റെ
വളർച്ച തുടങ്ങി. ഗദ്യവും പദ്യവും ഇക്കാലത്ത് ഒരുപോലെ പുരോഗമിച്ചു. ഹേംബറുവാ, നവകാന്ത ബറുവാ, നിലമണി ഫുക്കൻ, അബ്ദുൽ മല്ലിക്, അതുൽ ചന്ദ്ര ഹസാരിക തുടങ്ങിയവർ ആധുനിക
അസമീസ് സാഹിത്യത്തിലെ ശ്രദ്ധേയരായ എഴുത്തുകാരാണ്.
ഒഡിയ
സാഹിത്യം
ഇന്ത്യയിലെ
മികച്ച സാഹിത്യകൃതികൾ പിറക്കുന്ന ഒരു ഭാഷയാണ് ഒഡിയ. 14 - 15 നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ട
സരളാദാസിന്റെ 'മഹാഭാരതം' ഒഡിയയിലെ ആദ്യ കൃതിയാണ് എന്ന്
കരുതപ്പെടുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഒഡിയ സാഹിത്യത്തിന്റെ വളർച്ച. എ.ഡി 1500 വരെയുള്ള കാലമാണ് ആദ്യത്തേത്. 1500 മുതൽ 1800 വരെയുള്ള മധ്യഘട്ടവും 1800 ന് ശേഷമുള്ള ആധുനിക ഘട്ടവുമാണ്
പിന്നീടുള്ളവ. ബുദ്ധ-ശൈവ മതങ്ങൾ പ്രചരിച്ചതോടെ ഒഡീഷയിൽ സാഹിത്യം വളർന്നു തുടങ്ങി.
മറ്റു മിക്ക ഭാരതീയ ഭാഷകളിലും പദ്യസാഹിത്യമാണ് ആദ്യം പുരോഗമിച്ചതെങ്കിലും ഒഡിയ
ഭാഷയിൽ ഗദ്യം ആദ്യകാലത്തുതന്നെ വളർന്നു തുടങ്ങിയിരുന്നു. ഒഡിയ ഭാഷയിൽ പതിനാലാം
നൂറ്റാണ്ടിൽ ഗദ്യരൂപത്തിൽ എഴുതപ്പെട്ട കൃതിയാണ് അവധൂത നാരായണസ്വാമിയുടെ 'രുദ്രസുധാനിധി'. മഹാഭാരതവും രാമായണവുമൊക്കെ കഥകളായും
കാവ്യങ്ങളായും ഒഡിയയിൽ എഴുതപ്പെട്ടു. മലയാളത്തിലെ കവിത്രയം പോലെ ആധുനിക ഒഡിയ
സാഹിത്യത്തിലും ത്രിമൂർത്തികൾ ഉണ്ടായിരുന്നു. ഫക്കീർ മോഹൻ സേനാപതി, രാധാനാഥ് റായി, മധുസൂദൻ റാവു എന്നിവരായിരുന്നു അവർ.
ഒഡിയ നോവൽ പ്രസ്ഥാനത്തിന് തുടക്കമിട്ടയാളാണ് ഫക്കീർ മോഹൻ സേനാപതി. കാളിന്ദീചരൺ
പാണിഗ്രഹി, ഗോപിനാഥ മൊഹന്തി, സീതാകാന്ത് മഹാപാത്ര തുടങ്ങിയവർ
പ്രശസ്തരായ ഒഡിയൻ സാഹിത്യകാരൻമാരാണ്.
ഗുജറാത്തി
സാഹിത്യം
ആദിഘട്ടം, മധ്യഘട്ടം, ആധുനിക ഘട്ടം എന്നിങ്ങനെ മൂന്ന്
കാലങ്ങളിലൂടെയായിരുന്നു ഗുജറാത്തി സാഹിത്യത്തിന്റെ വളർച്ച. ആദ്യകാല കൃതികളെല്ലാം
ജൈനമതക്കാരുടെ വകയായിരുന്നു. മുസ്‌ലിംകളും പാഴ്സികളും മധ്യഘട്ടത്തിൽ ഗുജറാത്തി
സാഹിത്യത്തെ വളർത്തി. ഹിന്ദു മതത്തിന്റെ ഭാഗമായി ഭക്തിസാഹിത്യവും ഇക്കാലത്ത്
ഉടലെടുത്തു. 15
- 16
നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന നരസിംഹ മേത്തയും മീരാബായിയും ആയിരുന്നു ഈ
വിഭാഗത്തിലെ പ്രമുഖർ. 17
- 18
നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന അഖാ ഭഗത്, പ്രേമാനന്ദ
ഭട്ട്, ശ്യാമൾ ഭട്ട് എന്ന കവികളുടെ
കാലത്താണ് ഗുജറാത്തി സാഹിത്യം ആധുനിക ഘട്ടത്തിലേക്ക് മാറിയത്. പേർഷ്യൻ സാഹിത്യവും
ഇംഗ്ലീഷ് സാഹിത്യവും ഇക്കാലത്ത് ഗുജറാത്തിഭാഷയുടെ വളർച്ചയെ സ്വാധീനിച്ചു.
കെ.എം.മുൻഷി, ഉമാശങ്കർ ജോഷി, ചന്ദ്രവദൻ മേത്ത, ഗുലാബ്ദാസ് ബ്രോക്കർ, കാക്കാ കലേൽക്കർ തുടങ്ങിയവർ ആധുനിക
ഗുജറാത്തി സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് വളർത്തിയവരാണ്.
സിന്ധി
സാഹിത്യം
സിന്ധി
സാഹിത്യത്തെ കുറിച്ച് മറ്റു ഭാഷക്കാർ അറിയുന്നത് പതിനേഴാം നൂറ്റാണ്ടിലെ സൂഫി
കവിയായ ഷാ അബ്ദുൾ ലത്തീഫിന്റെ കൃതികളിലൂടെയാണ്. സൂഫി കവിതകളിലൂടെയും അദ്വൈത
വേദാന്ത കവിതകളിലൂടെയുമാണ് സിന്ധി സാഹിത്യം വികസിച്ചത്. 19 - 20 നൂറ്റാണ്ടുകളിൽ പാകിസ്ഥാനിലും
ഇന്ത്യയിലും രണ്ട് രീതിയിലായിരുന്നു ഈ വളർച്ച. പാകിസ്ഥാനിൽ പേർഷ്യൻ ഭാഷയുടെ
വഴിയിലൂടെയാണ് സിന്ധി എഴുത്തുകാർ പോയത്. ഇന്ത്യയിൽ ഹിന്ദി സാഹിത്യത്തിന്റെ
രീതികളാണ് സിന്ധി രചയിതാക്കൾ മാതൃകയാക്കിയത്.
കാശ്മീരി
സാഹിത്യം
ഏകദേശം
750 വർഷത്തെ പഴക്കമുണ്ട് കശ്മീരി
സാഹിത്യത്തിന്. സംസ്കൃത,
പേർഷ്യൻ
സാഹിത്യങ്ങൾ കശ്മീരി സാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയാണ് ശൈവ സാഹിത്യവും
സൂഫി സാഹിത്യവും കശ്മീരിയിൽ കടന്നുവന്നത്. പാട്ടുകൾക്ക് കശ്മീരിലുള്ള വൻപ്രചാരം
മൂലം കശ്മീരികൾ 'പാടുന്ന ജനത' എന്നറിയപ്പെടുന്നു! പതിനഞ്ചാം
നൂറ്റാണ്ടിൽ സൈൻ-ഉൽ അബിദിൻ എന്ന കശ്മീരി രാജാവിന്റെ കാലത്ത് കലകളും സാഹിത്യവും ഏറെ
പുരോഗമിച്ചു. ആധുനിക കശ്മീരി സാഹിത്യത്തിൽ വിദേശ ഭാഷകളുടെയും സാഹിത്യത്തിന്റെയും
സ്വാധീനമുണ്ട്. പണ്ഡിറ്റ് നന്ദാറാം, 'മാസ്റ്റർജി' എന്നറിയപ്പെടുന്ന സിൻഡ കൗൾ തുടങ്ങിയവർ
കശ്മീരിലെ പ്രശസ്ത സാഹിത്യകാരന്മാരാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രകാശ് റാം ഭട്ട്
എഴുതിയ കശ്മീരി രാമായണം പ്രസിദ്ധമാണ്.
പഞ്ചാബി
സാഹിത്യം
ഇന്ത്യയിലെ
മറ്റ് പല പ്രാദേശിക ഭാഷകളെക്കാളും മുൻപ് സാഹിത്യകൃതികൾ പിറന്ന ഭാഷയാണ് പഞ്ചാബി.
എങ്കിലും ഗുരുനാനാക്കിന്റെ കാലഘട്ടമാണ് പഞ്ചാബി സാഹിത്യത്തിന്റെ സുവർണകാലമായി
കരുതുന്നത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിനെക്കുറിച്ച് തയ്യാറാക്കിയ ജനം സഖിസ്
പഞ്ചാബി ഗദ്യസാഹിത്യത്തിന് തുടക്കമിട്ടു. 16 - 17 നൂറ്റാണ്ടുകളിൽ സൂഫി ഗുരുക്കൻമാരുടെ
രചനകളാണ് പഞ്ചാബി സാഹിത്യത്തിൽ വ്യാപകമായത്. ഷാ ഹുസൈൻ, സുൽത്താൻ ബാഹു, ഷാ ഷറഫ് തുടങ്ങിയ സൂഫി ഗുരുക്കന്മാർ
സൂഫി സാഹിത്യത്തെ വളർത്തി. പതിനെട്ടാം നൂറ്റാണ്ടിൽ പഞ്ചാബിൽ രാഷ്ട്രീയം
ചൂടുപിടിക്കുകയും സിഖുകാർ മുഗളരെ തോൽപ്പിക്കുകയും ചെയ്തതോടെ സാഹിത്യത്തിലും
പുരോഗതി വന്നു. 1860
കൾക്ക് ശേഷമാണ്
ആധുനിക പഞ്ചാബി സാഹിത്യം വളർച്ച തുടങ്ങിയത്. നാനാക് സിങ്, വീർ സിങ്, തുടങ്ങിയവരുടെ രചനകളിലൂടെ പഞ്ചാബി
നോവലുകൾ വികസിച്ചു. സ്വാതന്ത്ര്യസമരകാലത്തെ ദേശസ്നേഹമുണർത്തുന്ന കവിതകൾ
പദ്യസാഹിത്യത്തിലും ഉണർവുണ്ടാക്കി. ജസ്വന്ത് സിങ് രഹി, ശിവ് കുമാർ ബട്ടൽവി തുടങ്ങിയവർ
പ്രശസ്തരായ പഞ്ചാബി എഴുത്തുകാരാണ്. പഞ്ചാബി സാഹിത്യത്തിലെ പ്രമുഖ സ്ത്രീ
എഴുത്തുകാരാണ് അമൃതാപ്രീതം,
ദലീപ്കൗർ
എന്നിവർ.
മറാഠി
സാഹിത്യം
പഴയ
മറാഠി (എ.ഡി 1350 വരെ), മധ്യകാല മറാഠി (1350 - 1800), ആധുനിക മറാഠി (1800 നു ശേഷം) എന്നിങ്ങനെ മൂന്ന്
ഘട്ടങ്ങളിലൂടെയായിരുന്നു മറാഠി സാഹിത്യത്തിന്റെ വളർച്ച. 1189 മുതൽ 1320 വരെ ഭരിച്ച യാദവ രാജാക്കന്മാരുടെ
കാലത്ത് മറാഠി പദ്യവും ഗദ്യവും പുരോഗമിച്ചു തുടങ്ങി. രാമായണം, മഹാഭാരതം, പഞ്ചതന്ത്രം തുടങ്ങിയ കൃതികൾ
ഇക്കാലത്ത് പഴയ മറാഠി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പിന്നീട് വന്ന
മഹാനുഭാവ പന്ത്,
വരഗരി പന്ത്
എന്നീ മതവിഭാഗങ്ങളും മറാഠിയുടെ വളർച്ചയ്ക്ക് കാരണമായി. ഇവർ തങ്ങളുടെ ആശയങ്ങൾ
പ്രചരിപ്പിക്കാൻ മറാഠി ഭാഷ ഉപയോഗിച്ചു. പദ്യരൂപത്തിലായിരുന്നു ഈ വിഭാഗങ്ങളുടെ
എഴുത്തുകളേറെയും.
ഭക്തകാവ്യങ്ങൾ
മറാഠി ഭാഷയിൽ പ്രചരിപ്പിച്ചവരാണ് ജ്ഞാനദേവനും നാമദേവനും. സാഹിത്യത്തിന്റെ എല്ലാ
മേഖലകളിലും ആദ്യമായി കൈവച്ച മറാഠി എഴുത്തുകാരനാണ് നാമദേവൻ. മധ്യകാല മറാഠിയിലെ
പ്രശസ്ത സാഹിത്യകാരനായ ഏക്‌നാഥ്,
ഭക്തകവിതകൾ
എഴുതിയ തുക്കാറാം എന്നിവരൊക്കെ മറാഠിയുടെ വളർച്ചയ്ക്ക് കാരണക്കാരായി. ഹരിനാരായണ
ആപ്‌തേ, വി.എസ്.ഖാണ്ഡേക്കർ
തുടങ്ങിയവരൊക്കെ ആധുനിക മറാഠി സാഹിത്യത്തിലെ പ്രമുഖരാണ്. ജ്ഞാനപീഠം നേടിയ
ഖാണ്ഡേക്കറുടെ പല നോവലുകളും മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
തമിഴ് സാഹിത്യം
ഏകദേശം
2300 വർഷത്തെ പഴക്കമുണ്ട് തമിഴിലെ
ആദ്യകാല സാഹിത്യമായ സംഘസാഹിത്യത്തിന്. വ്യാകരണത്തിലും വാക്കുകളിലും ഉണ്ടായ
മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ തമിഴിന്റെ ചരിത്രത്തെ മൂന്ന് കാലഘട്ടങ്ങളായി
തിരിക്കാം. പ്രാചീന തമിഴ് (ബി.സി.450 - എ.ഡി
700), മധ്യകാല തമിഴ് (എ.ഡി 700 - എ.ഡി 1600), ആധുനിക തമിഴ് (എ.ഡി 1600 മുതൽ). ബ്രാഹ്മി ലിപിയിൽ നിന്നാണ്
തമിഴിലെ അക്ഷരങ്ങളുടെ വരവ്. തമിഴ് വ്യാകരണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഏറ്റവും
പഴയ ഗ്രന്ഥമാണ് 'തൊൽക്കാപ്പിയം'. തിരുക്കുറൾ രചിച്ച തിരുവള്ളുവർ, ചിലപ്പതികാരത്തിന്റെ രചയിതാവായ
ഇളങ്കോവടികൾ, പ്രശസ്ത കവി സുബ്രഹ്മണ്യ ഭാരതി
തുടങ്ങി തമിഴ് സാഹിത്യത്തെ ശ്രേഷ്ഠമാക്കിയ പ്രഗത്ഭർ ഏറെയാണ്.
മലയാള
സാഹിത്യം
മലയാള
ഭാഷയുടെ പ്രാഗ്‌രൂപമുള്ള സംഘകാല കൃതികൾക്കുശേഷം ചെന്തമിഴ്സ്വധീനം കുറഞ്ഞ് മലയാളം
സ്വാതന്ത്രഭാഷയായി എന്നാണ് കരുതുന്നത്. സംസ്കൃതത്തിൽ നിന്ന് ധാരാളം വാക്കുകൾ
സ്വീകരിച്ചാണ് മലയാളം വളർന്നത്. പതിമൂന്നാം നൂറ്റാണ്ടോടെ തമിഴ്-ബ്രാഹ്മി
ലിപിയിൽനിന്ന് വേറിട്ട ഒരു ലിപി മലയാളത്തിനുണ്ടായി. 'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്നത് തുഞ്ചത്ത് രാമാനുജൻ
എഴുത്തച്ഛനാണ്. അദ്ദേഹമാണ് രാമായണവും മഹാഭാരതവും മലയാളത്തിലെഴുതിയത്. എന്നാൽ, പതിനഞ്ചാം നൂറ്റാണ്ടിൽ ചെറുശ്ശേരി
രചിച്ച 'കൃഷ്ണഗാഥ'യാണ് ആധുനിക മലയാളത്തിലെ ആദ്യ
സൃഷ്ടിയെന്ന് കരുതുന്നവരുമുണ്ട്. 'കൃഷ്ണഗാഥ'യ്ക്കു മുമ്പുള്ള കാലഘട്ടം
മലയാളഭാഷയുടെ പഴയ കാലമായി പരിഗണിക്കാറുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ
തുള്ളൽകൃതികളിലൂടെ മലയാളത്തെ സമ്പന്നമാക്കിയ പ്രതിഭാശാലിയാണ് കുഞ്ചൻ നമ്പ്യാർ.
ക്രിസ്തീയ മിഷനറിമാരും ആധുനിക മലയാള ഭാഷയുടെ വളർച്ചയിൽ വലിയ പങ്കു
വഹിച്ചിട്ടുണ്ട്. മലയാളം,
ഇംഗ്ലീഷ് നിഘണ്ടു
തയ്യാറാക്കിയ ഹെർമൻ ഗുണ്ടർട്ട് ഇവരിൽ പ്രധാനിയാണ്. മലയാള ഭാഷയുടെ അടിസ്ഥാന
വ്യാകരണഗ്രന്ഥങ്ങൾ രചിച്ചത് 'കേരളപാണിനി' എ.ആർ രാജരാജ വർമയാണ്. ഇദ്ദേഹത്തെ
കൂടാതെ കേരളവർമ വലിയകോയിത്തമ്പുരാൻ, ഒ.ചന്തുമേനോൻ, സി.വി.രാമൻപിള്ള, കുമാരനാശാൻ, ഉള്ളൂർ.എസ്.പരമേശ്വരയ്യർ, വള്ളത്തോൾ നാരായണ മേനോൻ തുടങ്ങി അനേകം
സാഹിത്യപ്രതിഭകളുടെ മികച്ച സംഭാവനകൾ മലയാള സാഹിത്യത്തെ ശക്തമാക്കി.
കന്നഡ
സാഹിത്യം
അഞ്ചാം
നൂറ്റാണ്ടിൽ എഴുതപ്പെട്ട ലിഖിതമാണ് കന്നഡഭാഷയിലുള്ള ഏറ്റവും പഴയ രേഖ.
സാഹിത്യത്തിലാകട്ടെ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നൃപതുംഗ രചിച്ച 'കവിരാജമാർഗ'മാണ് ഏറ്റവും പഴക്കമുള്ള കന്നഡ
സാഹിത്യകൃതി. പമ്പ,
കുമാരവ്യാസൻ, ബസവേശ്വരൻ എന്നിങ്ങനെ പ്രശസ്തരായ പല
സാഹിത്യകാരന്മാരും കന്നഡ സാഹിത്യത്തെ വളർത്തി വലുതാക്കി. വീരശൈവ, ഹരിദാസ എന്നീ ഭക്തി പ്രസ്ഥാനങ്ങൾ കന്നഡ
സാഹിത്യത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സംസ്കൃതത്തിന്റെ സ്വാധീനത്തിൽ വളർന്ന
കന്നഡ ഭാഷയിലും സാഹിത്യത്തിലും പിൽക്കാലത്ത് ഇംഗ്ലീഷിന്റെ സ്വാധീനവുമുണ്ടായി.
കെ.വി.പുട്ടപ്പ,
ഡി.ആർ.ബെന്ദ്രെ, എം വെങ്കിടേശ അയ്യങ്കാർ, ശിവ റാം കാരന്ത്, ഗിരീഷ് കർണാഡ് തുടങ്ങിയവർ ഇരുപതാം
നൂറ്റാണ്ടിലെ പ്രശസ്ത കന്നഡ സാഹിത്യകാരന്മാരാണ്.
തെലുങ്ക്
സാഹിത്യം
പതിനൊന്നാം
നൂറ്റാണ്ടിലാണ് തെലുങ്കുസാഹിത്യം ആരംഭിക്കുന്നത്. നണ്ണയ്യ ഭട്ട എഴുതിയ
മഹാഭാരതത്തോടെയായിരുന്നു ഇത്. തെലുങ്ക് സാഹിത്യത്തിൽ വലിയ സംഭാവന നൽകിയ
കവിത്രയമാണ് നണ്ണയ്യ,
തിക്കണ, എറണ എന്നിവർ. വിജയനഗര സാമ്രാജ്യത്തിലെ
പ്രശസ്ത ഭരണാധികാരി,
കൃഷ്ണദേവരായരുടെ
ഭരണകാലമായ പതിനാറാം നൂറ്റാണ്ട് 'തെലുങ്കു സാഹിത്യത്തിന്റെ
സുവർണ കാലം' എന്നാണ് അറിയപ്പെടുന്നത്.
പിന്നീട് ബ്രിട്ടീഷ് ഭരണക്കാലത്ത് ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനവും തെലുങ്കിന്റെ
വളർച്ചയ്ക്ക് സഹായകമായി. വിശ്വനാഥ സത്യനാരായൺ, സി.നാരായണ റെഡ്‌ഡി, റാവൂരി ഭരദ്വാജൻ തുടങ്ങിയവർ
തെലുങ്കിലേക്ക് ജ്ഞാനപീഠ പുരസ്‌കാരം കൊണ്ടുവന്ന സാഹിത്യകാരന്മാരാണ്.