മധ്യകാല സാഹിത്യം
പേർഷ്യൻ
സാഹിത്യം
മുസ്ലിങ്ങളുടെ
ഇന്ത്യൻ അക്രമണത്തോടെ ഇന്ത്യയുടെ ചരിത്രരചനാ ശാസ്ത്രത്തിൽ പുതിയൊരു പാരമ്പര്യം
ഉടലെടുത്തു. മുസ്ലിങ്ങൾക്ക് ഉന്നതമായ ചരിത്രബോധമുണ്ടായിരുന്നു. പ്രവാചകന്റെ കാലം
മുതൽ ഇസ്ലാം മതത്തെപ്പറ്റി അവർ ഗ്രന്ഥങ്ങൾ രചിക്കാൻ തുടങ്ങിയിരുന്നു. അറബിക്
ഭാഷയിലാണ് ഈ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടത്. എന്നാൽ പത്താം നൂറ്റാണ്ടിനുശേഷം അറബിക്
ഭാഷയുടെ സ്ഥാനം പേർഷ്യൻ ഭാഷ കയ്യടക്കി. മുസ്ലിങ്ങൾ ഇന്ത്യയിലേക്കു വന്നപ്പോൾ
പേർഷ്യൻ സാഹിത്യവും കൊണ്ടുവന്നു. ഇതോടെ ചരിത്ര ഗ്രന്ഥങ്ങളുടെ എണ്ണത്തിലും
ഗുണമേന്മയിലും അസാധാരണമായ വർദ്ധനവുണ്ടായി. അൽ-ബിറൂനി, അമീർ ഖുസ്‌റോ, സിയാവുദ്ദീൻ ബറാനി, ഇബ്നു-ബത്തൂത്ത, അബുൾ ഫസൽ എന്നിവരാണ് അറബ് - പേർഷ്യൻ പാരമ്പര്യത്തിന്
അടിത്തറ പാകിയ പ്രമുഖർ. പേർഷ്യൻ ഭാഷ മുഗൾ കാലഘട്ടത്തിൽ പുരോഗതി കൈവരിച്ചിരുന്നു.
പേർഷ്യൻ ഗദ്യവും പദ്യവും അതിന്റെ പരമോന്നതിയിലെത്തിയത് അക്ബറുടെ ഭരണകാലത്താണ്.
മഹാനായ പണ്ഡിതനും പ്രശസ്തനായ ചരിത്രകാരനുമായിരുന്ന അബുൾ ഫസൽ ഗദ്യരചനയിൽ ഒരു പുത്തൻ
ശൈലി ആവിഷ്കരിച്ചു. പേർഷ്യൻ - അറബ് രചനാ പാരമ്പര്യം സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ
നവീന ശൈലി അനേകം തലമുറകൾ പിന്തുടരുകയുണ്ടായി.
ഉറുദു
സാഹിത്യം
കച്ചവടം, മതപഠനം എന്നിവയ്ക്കുവേണ്ടി
ഉപയോഗിക്കപ്പെട്ട ഉർദു പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ഒരു ഭാഷയായി വളർന്നത്.
ക്രമേണ ഗുജറാത്ത്,
ഡെക്കാൻ മേഖലകളിൽ
ഉർദു സാഹിത്യം വികസിക്കാൻ തുടങ്ങി. 'മസ്നവി' എന്നു പേരുള്ള നീണ്ട
കാവ്യങ്ങളായിരുന്നു ആദ്യകാല ഉർദു സാഹിത്യകൃതികൾ. മുഗളന്മാർ ഉർദു സാഹിത്യത്തിന്
വലിയ പ്രോത്സാഹനം നൽകി. 'ഗസൽ' എന്ന പേരിൽ പ്രസിദ്ധമായ ഗാനങ്ങൾ ഉർദു
സാഹിത്യത്തിന്റെ ഭാഗമായി പുറത്തുവന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം
രൂപംകൊണ്ട 'അലിഗഡ് പ്രസ്ഥാന'ത്തിന്റെ വരവോടെയാണ് ഉർദു
സാഹിത്യത്തിന് ഉണർവ് ലഭിക്കുന്നത്. സർ സയ്യിദ് അഹമ്മദ് ഖാനായിരുന്നു ഈ
സാഹിത്യപ്രസ്ഥാനത്തിന്റെ മുഖ്യ ശില്പി. ഉർദുവിന്റെ നവോത്ഥാന കാലഘട്ടമായിരുന്നു
ഇത്. ഉർദുവിൽ ഗദ്യസാഹിത്യവും ഇക്കാലത്ത് വളർന്നുതുടങ്ങി. ഉർദു സാഹിത്യത്തിലെ
ഏറ്റവും വലിയ എഴുത്തുകാരനാണ് 'സാരേ ജഹാൻസെ അച്ഛാ' എന്ന ഗാനം രചിച്ച മുഹമ്മദ് ഇഖ്ബാൽ.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഉർദു സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം
നീണ്ടുനിന്നു. ഹിന്ദിയിലും ഉർദുവിലും ഒരുപോലെ എഴുതിയിരുന്ന പ്രേംചന്ദ്, പിന്നീടു വന്ന ഖുർറത്തുൽ ഐൻ ഹൈദർ, അലി സർദാർ ജഫ്രി തുടങ്ങിയവരൊക്കെ
പ്രശസ്തരായ ഉർദു എഴുത്തുകാരാണ്. ഖുർറത്തുൽ ഐൻ ഹൈദർ, അലി സർദാർ ജഫ്രി എന്നിവർ ജ്ഞാനപീഠം
നേടിയ എഴുത്തുകാരാണ്.
ഹിന്ദി
സാഹിത്യം
ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും വലിയ സംഭാവനകൾ നൽകിയവരാണ് ഭക്തകവികൾ. കബീറായിരുന്നു ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്തനായ കവി. എഴുതാനും വായിക്കാനും അറിയില്ലായിരുന്നുവെങ്കിലും അദ്ദേഹം മികച്ച കവിതകൾ ചൊല്ലി, ശിഷ്യർ അവ എഴുതിയെടുത്തു. തുളസീദാസ്, സൂർദാസ്, മീരാബായി എന്നിവരാണ് ഭക്തി പ്രസ്ഥാനത്തിലെ മറ്റു പ്രമുഖർ. കൃഷ്ണഭക്തരായിരുന്നു സൂർദാസും മീരാബായിയും. ഇവരുടെ കവിതകളിലെ പ്രധാന വിഷയവും കൃഷ്ണഭക്തി തന്നെ. തുളസീദാസിന്റെ 'രാമചരിതമാനസം' പ്രശസ്തമാണ്. പതിനാലാം നൂറ്റാണ്ടിലെ സൂഫി കവി ആമിർ ഖുസ്രു, പതിനഞ്ചാം നൂറ്റാണ്ടിലെ വിദ്യാപതി തുടങ്ങി ഒട്ടേറെ പ്രതിഭാധനന്മാരിലൂടെയാണ് ഹിന്ദി സാഹിത്യം വളർച്ച നേടിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഹിന്ദി സാഹിത്യത്തിന്റെ ആധുനികകാലം തുടങ്ങി. ആധുനിക ഹിന്ദി സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഭാരതേന്ദു ഹരിശ്ചന്ദ്രയാണ്.