ഗുപ്‌ത സാഹിത്യം
ഗുപ്തകാലഘട്ടം
സാഹിത്യരംഗത്ത് ഉജ്ജ്വലമായ പുരോഗതി കൈവരിച്ചു. സംസ്കൃത സാഹിത്യത്തിന്റെ സുവർണ്ണ
കാലമായിരുന്നു അത്. ഒപ്പം പ്രാദേശിക ഭാഷകളും പുരോഗതി നേടി. പാലി, പ്രാകൃതം, തമിഴ്, ബംഗാളി തുടങ്ങിയ ബഹുജന ഭാഷകൾ
ഇക്കാലത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി. സാഹിത്യരംഗത്തെ ഈ കുതിപ്പിനു കാരണം
ഗുപ്‌തരാജാക്കന്മാരുടെ പ്രോത്സാഹനമായിരുന്നു. 'നവരത്നങ്ങൾ' എന്ന പേരിലറിയപ്പെട്ട ഒമ്പതു മഹാകവികൾ
ചന്ദ്രഗുപ്‌ത വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. ഇവരിൽ ഏറ്റവും
സമുന്നതമായ സ്ഥാനം കാളിദാസനാണ്. അദ്ദേഹം രചിച്ച 'അഭിജ്ഞാനശാകുന്തളം' ലോകത്തിലെ മഹത്തരങ്ങളായ നൂറു സാഹിത്യകൃതികളിൽ
ഒന്നാണ്. യൂറോപ്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ കൃതികളിലൊന്നാണ്
ശാകുന്തളം. അദ്ദേഹത്തിന്റെ 'മാളവികാഗ്നിമിത്രം', 'വിക്രമോർവ്വശീയം' എന്നീ നാടകങ്ങൾ ഉയർന്ന
സാഹിത്യമേന്മയുള്ളവയാണ്. 'കുമാരസംഭവം', 'രഘുവംശം' എന്നീ ഇതിഹാസ കാവ്യങ്ങളും 'ഋതുസംഹാരം', 'മേഘസന്ദേശം' എന്നീ കാവ്യങ്ങളും കാളിദാസൻ
രചിക്കുകയുണ്ടായി. കലാഭംഗിയും സാഹിത്യമൂല്യവും ഒത്തൊരുമിച്ച ഈ കൃതികൾ
ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്നു.
ഗുപ്തകാലത്തെ
മറ്റൊരു പ്രമുഖ കവിയും നാടകകൃത്തുമായിരുന്നു വിശാഖദത്തൻ. അദ്ദേഹം എഴുതിയ
ചരിത്രനാടകമായ 'മുദ്രാരാക്ഷസം' ചന്ദ്രഗുപ്‌തമൗര്യന്റെ ചരിത്രം അനാവരണം
ചെയ്യുന്നു. അദ്ദേഹത്തിന്റെ മറ്റൊരു നാടകമായ 'ദേവീചന്ദ്രഗുപ്‌തം' ചന്ദ്രഗുപ്‌തവിക്രമാദിത്യനും ശകന്മാരും
തമ്മിലുള്ള യുദ്ധവും അദ്ദേഹം ശകന്മാരടെമേൽ നേടിയ വിജയവുമാണ് ചിത്രീകരിക്കുന്നത്.
ഭാരവിയുടെ 'കിരാതാർജ്ജുനീയം', ശുദ്രകന്റെ 'മൃച്ഛകടികം' ഭട്ടിയുടെ 'രാവണവധം', ദണ്ഡിൻ എഴുതിയ 'കാവ്യദർശനം', 'ദശകുമാരചരിതം' തുടങ്ങിയവ ഗുപ്‌തകാലഘട്ടത്തിലെ
പ്രസിദ്ധമായ ഗ്രന്ഥങ്ങളാണ്. ഭാസന്റെ്റെ 13
നാടകങ്ങൾ ഈ കാലഘട്ടത്തിലേതാണ്. ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പൂർത്തിയാക്കപ്പെട്ടത്
ഗുപ്തന്മാരുടെ കാലത്താണെന്ന് കരുതപ്പെടുന്നു. യാജ്ഞവൽക്യൻ, നാരദൻ, കാത്യായനൻ, ബൃഹസ്‌പതി എന്നിവരുടെ സ്മൃതികളും
ഇക്കാലത്ത് രചിക്കപ്പെട്ടു. ആദ്യകാല പുരാണങ്ങൾ എഴുതപ്പെട്ടതും ഗുപ്‌തകാലത്താണ്.
സമുദ്രഗുപ്‌തന്റെ
മന്ത്രിയും കവിയുമായിരുന്ന ഹരിസേനൻ ഇക്കാലത്തെ മറ്റൊരു പ്രതിഭാശാലിയായിരുന്നു. 'പഞ്ചതന്ത്രകഥകൾ' ഗുപ്‌തകാലത്ത് എഴുതപ്പെട്ടവയാണ്. 'അമരകോശം' എന്ന നിഘണ്ടുവിന്റെ രചയിതാവായ അമരസിംഹൻ
ജീവിച്ചിരുന്നതും ഗുപ്‌തകാലത്തുതന്നെയാണ്. അനേകം ശാസ്ത്ര-വൈദ്യശാസ്ത്ര
ഗ്രന്ഥങ്ങളും ഗുപ്‌തകാലത്ത് രചിക്കപ്പെട്ടു. സുപ്രസിദ്ധ പണ്ഡിതനായ ആര്യഭട്ടൻ തന്റെ
വിശിഷ്‌ട കൃതിയായ 'ആര്യഭടീയം' രചിച്ച് ജ്യോതിശാസ്ത്രത്തെയും
ഗണിതശാസ്ത്രത്തെയും പരിപോഷിപ്പിച്ചു. 'പഞ്ചസിദ്ധാന്തിക', 'ബൃഹത്സംഹിത', 'ബൃഹദ്ജാതകം', 'ലഘുജാതകം' എന്നീ ഗ്രന്ഥങ്ങളുടെ കർത്താവും
ജ്യോതിശാസ്ത്ര പണ്ഡിതനുമായ വരാഹമിഹിരനും ഇക്കാലത്താണ് ജീവിച്ചിരുന്നത്.
ശാസ്ത്രസാഹിത്യത്തിൽ സംഭാവന നൽകിയ മറ്റൊരു ജ്യോതിശാസ്ത്രജ്ഞനാണ് ബ്രഹ്മഗുപ്‌തൻ.
വാഗ്‌ഭടന്റെ 'അഷ്‌ടാംഗഹൃദയ'വും ധന്വന്തരിയുടെ ആയുർവ്വേദ
ഗ്രന്ഥങ്ങളും വൈദ്യശാസ്ത്രത്തെ സമ്പുഷ്ടമാക്കിയ കൃതികളാണ്.
ഗുപ്തകാലത്തെ
ഗ്രന്ഥകർത്താക്കൾ (കൃതികൾ)
1.
വിശാഖദത്തൻ - മുദ്രാരാക്ഷസം, . ദേവീചന്ദ്രഗുപ്‌തം
2.
ഭാരവി -
കിരാതാർജ്ജുനീയം
3.
ശൂദ്രകൻ -
മൃച്ഛകടികം
4.
ഭട്ടി - രാവണവധം
5.
ദണ്ഡിൻ -
കാവ്യദർശനം, ദശകുമാരചരിതം
6.
ആര്യഭട്ടൻ -
ആര്യഭടീയം
7.
വരാഹമിഹിരൻ -
പഞ്ചസിദ്ധാന്തിക,
ബൃഹത്ജാതകം, ബൃഹദ്‌സംഹിത, ലഘുജാതകം
8.
വാഗ്ഭടൻ - അഷ്‌ടാംഗഹൃദയം
9.
കാളിദാസൻ -
അഭിജ്ഞാനശാകുന്തളം,
മാളവികാഗ്നിമിത്രം, വിക്രമോർവ്വശീയം, കുമാരസംഭവം, രഘുവംശം, ഋതുസംഹാരം, മേഘസന്ദേശം