സംഘസാഹിത്യം
ഇറൈനാർ അകപ്പൊരുളാണ് സംഘം കൃതികളെക്കുറിച്ച് പറയുന്ന പ്രധാനപ്പെട്ട ഒരു കൃതി. എ.ഡി എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സംഘസാഹിത്യ വ്യാഖ്യാനമാണത്. ഈ വ്യാഖ്യാനമനുസരിച്ച് പഴയകാല തമിഴ് കൃതികളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കാം : പത്തുപ്പാട്ട്, എട്ടുത്തൊകൈ, പതിനെൺ കീഴ്ക്കണക്ക്. ഇവയിൽ ഏറ്റവും പ്രാചീനമായത് തൊൽക്കാപ്പിയം എന്ന വ്യാകരണഗ്രന്ഥമാണ്. സംഘം കൃതികളിൽ ഏറ്റവും പുതിയവ രണ്ട് ഇതിഹാസങ്ങളാണ് - ചിലപ്പതികാരവും മണിമേഖലയും. ആദ്യകാലത്തെ എട്ട് തമിഴ് സാഹിത്യകൃതികളെ മൊത്തത്തിൽ പറയുന്ന പേരാണ് എട്ടുത്തൊകൈ എന്നത്. നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പതിറ്റുപത്ത്, പരിപാടൽ, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ് എന്നിവയാണ് ഈ എട്ടു കൃതികൾ. പത്തുപാട്ട് പത്ത് ദീർഘ കവിതകളുടെ സമാഹാരമാണ്. തിരുമുരുകാറ്റുപ്പടൈ, പൊരുനാരാറ്റുപ്പടൈ, ചിരുപാണാറ്റുപ്പടൈ, പെരുമ്പോണാറ്റുപ്പടൈ, മുല്ലൈപ്പാട്ട്, കുറിഞ്ഞിപ്പാട്ട്, മതുരൈക്കാഞ്ചി, നെടുനൽവാടൈ, പട്ടിനിപ്പാലൈ, മലൈപാടുകടാഅം തുടങ്ങിയവയാണിവ. കാല്പനിക ഭാവവും വീരവർണ്ണനകളുമാണ് ഇവയിലെ പ്രധാന പ്രതിപാദ്യം. അതോടൊപ്പം പ്രകൃതി വർണ്ണനകളും ജനജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളും ലഭിക്കുന്നു. പൊതുവിൽ സംഘം കൃതികളെ 'അകം' 'പുറം' എന്ന് രണ്ടായി തിരിക്കുന്നു. പുറംപാട്ടുകൾ രാജാക്കന്മാരുടെ വ്യക്തിഗത നേട്ടങ്ങളുടെയും അവർ നടത്തുന്ന യുദ്ധങ്ങളുടെയും വർണ്ണനകളാണ്. അകംപാട്ടുകൾ പ്രണയം, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 18 കൃതികളടങ്ങുന്നതാണ് പതിനെൺകീഴ്ക്കണക്ക്. ഇവയിലേറ്റവും പ്രധാനപ്പെട്ടത് തിരുവള്ളുവർ രചിച്ച തിരുക്കുറൾ ആണ്. സാർവ്വലൗകിക സത്യങ്ങളാണ് തിരുക്കുറളിലെ പ്രതിപാദ്യം. തമിഴ് സാഹിത്യത്തിലെ അനശ്വരകൃതിയായി അത് ഗണിക്കപ്പെടുന്നു. കാവ്യരൂപത്തിലാണ് സംഘം കൃതികൾ രചിക്കപ്പെട്ടിരിക്കുന്നത്. ചില കവിതകളോടൊപ്പം അവയുടെ വ്യാഖ്യാനവും കാണാവുന്നതാണ്. ഈ കൃതികളെല്ലാം തന്നെ തമിഴ് ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. പല കവിതകളിലും കന്നുകാലികളെ അപഹരിക്കുന്നതും കൊള്ളചെയ്യുന്നതുമാണ് വർണ്ണിച്ചിരിക്കുന്നത്. പാരിസ്ഥിതിക ബോധത്തെയും പരിസര ധാരണകളെയും വ്യക്തമാക്കുന്നവയുമാണിവ. തെക്കേ ഇന്ത്യയുടെ പ്രാചീന ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നവയാണ് സംഘം കൃതികൾ.