ബുദ്ധ - ജൈന സാഹിത്യം
ബുദ്ധ സാഹിത്യം
ബുദ്ധമതഗ്രന്ഥങ്ങൾ
പാലി ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അവയുടെ സമാഹാരത്തെ 'ത്രിപിടക'ങ്ങൾ എന്നു വിളിക്കുന്നു. ഇതിനു മൂന്നു
ഭാഗങ്ങളുണ്ട്: വിനയപിടകം,
സുത്തപിടകം, അഭിധമ്മപിടകം. ത്രിപിടകങ്ങളുടെ
ആദ്യഭാഗമായ വിനയപിടകത്തിൽ അഞ്ചു പുസ്‌തകങ്ങളുണ്ട്. സന്യാസിമാർക്കുള്ള മാർഗ്ഗ
നിർദ്ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളുമാണ് ഇതിലുള്ളത്. സംഘത്തിലേക്ക് പുതിയതായി
പ്രവേശനം തേടുന്നവർക്കുള്ള നിയമങ്ങളും ഇതിലുണ്ട്. ത്രിപിടകത്തിന്റെ രണ്ടാംഭാഗമായ
സുത്തപിടകം ബുദ്ധന്റെ മതപ്രബോധനങ്ങളുടെ സമാഹാരമാണ്. 'നികയങ്ങൾ' എന്ന പേരിൽ അഞ്ചു സമാഹാരങ്ങളായി ഇതിനെ
വിഭജിച്ചിട്ടുണ്ട്. ത്രിപിടകത്തിന്റെ മൂന്നാം ഭാഗമായ അഭിധമ്മപിടകത്തിൽ ബുദ്ധമതത്തിന്റെ
പ്രമാണങ്ങൾ വിശദീകരിക്കുന്നു. ഇതിൽ എട്ടു പുസ്‌തകങ്ങളുണ്ട്. ബുദ്ധസാഹിത്യത്തിലെ
ജാതക കഥകൾ ബോധിസത്വന്മാരുടെ ജീവചരിത്രം പ്രതിപാദിക്കുന്നു. ബുദ്ധന്റെ പൂർവ്വ
ജന്മങ്ങളുടെ കഥയാണ് (ഓരോ ജനന കഥയും ജാതകം എന്നാണ് വിളിക്കപ്പെടുന്നത്) ഇതു
പറയുന്നത്. പ്രാദേശിക ഭാഷകളായ പാലി, പ്രാകൃതം, അർദ്ധമാഗധി, തമിഴ് തുടങ്ങിയവയെ ബുദ്ധമതം
പ്രോത്സാഹിപ്പിച്ചു. ത്രിപിടകങ്ങൾ, ജാതകകഥകൾ
തുടങ്ങിയ മതഗ്രന്ഥങ്ങൾ പാലി ഭാഷയിലാണ് രചിക്കപ്പെട്ടത്. ദീപവംശം, മഹാവംശം എന്നീ ബൗദ്ധ ഗ്രന്ഥങ്ങളും
എഴുതപ്പെട്ടിട്ടുള്ളതും പാലിയിലാണ്.
ജൈന സാഹിത്യം
ജൈന സാഹിത്യത്തിൽ മതപരവും മതേതരവുമായ കൃതികൾ ഉണ്ടായിരുന്നു. അർദ്ധമാഗധി, പ്രാകൃതം എന്നീ ഭാഷകളിലാണ് അവ രചിക്കപ്പെട്ടിരുന്നത്. രാജസ്ഥാനിലേയും ഗുജറാത്തിലേയും ജൈനക്ഷേത്രങ്ങളിൽ അവയുടെ കയ്യെഴുത്തുപ്രതികൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ജൈനരുടെ വിശുദ്ധഗ്രന്ഥം 'അഗമസിദ്ധാന്തം' എന്നറിയപ്പെടുന്നു. അവരുടെ മൗലിക ഗ്രന്ഥങ്ങളെ പൂർവങ്ങൾ എന്നു വിളിക്കുന്നു. അവ പതിനാലെണ്ണമുണ്ട്. പൂർവ്വങ്ങളെ 'അംഗങ്ങൾ' എന്നറിയപ്പെടുന്ന 12 ഭാഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. പ്രാകൃത ഭാഷയിലാണ് അവ എഴുതപ്പെട്ടിട്ടുള്ളത്. ശ്വേതാംബരരും ദിഗംബരരും അവരുടെ സ്വന്തമായ സാഹിത്യരചനകൾ നടത്തിയിട്ടുണ്ട്. പ്രാകൃതഭാഷയിലാണ് ഈ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത്. പിൽക്കാലത്ത് അവർ സംസ്കൃതത്തിലും ഗ്രന്ഥങ്ങളെഴുതി. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രദേശിക ഭാഷകളിലെ മതസാഹിത്യത്തിന് അവർ സംഭാവനകൾ നൽകിയിട്ടുണ്ട്. തമിഴിലെ മികച്ച കൃതികളിലൊന്നായ 'ജീവക ചിന്താമണി' ഒരു ജൈനൻ സംഭാവനയാണ്. ചില ജൈനഗ്രന്ഥങ്ങൾ സംസ്കൃതവും പ്രാകൃതവും തമ്മിലുള്ള ബന്ധഭാഷയായ അപഭ്രംശത്തിലും രചിക്കപ്പെട്ടിട്ടുണ്ട്.