ക്ഷേത്ര വാസ്തുവിദ്യ

Arun Mohan
0

ക്ഷേത്ര വാസ്തുവിദ്യ

ഇന്ത്യയിൽ രണ്ടുതരം ക്ഷേത്ര വാസ്തുശില്പ ശൈലികളാണ് ഉണ്ടായിരുന്നത്. നഗര ശൈലിയും ദ്രാവിഡ ശൈലിയും. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങൾ നഗരശൈലിയിലും ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ ദ്രാവിഡ ശൈലിയിലുമാണ് നിർമ്മിച്ചിട്ടുള്ളത്.

ഉത്തരേന്ത്യൻ ക്ഷേത്രവാസ്തുവിദ്യ

ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങൾ നഗരശൈലിയിലാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലേക്ക് ചെരിഞ്ഞുപോയി ഒരു ബിന്ദുവിൽ അവസാനിക്കുന്ന ഗോപുരം, കുരിശാകൃതിയിലുള്ള ക്ഷേത്ര പ്ലാൻ, അതിർത്തിച്ചുമരുകളുടെ അഭാവം എന്നിവയാണ് നഗരമാതൃകയിലുള്ള വാസ്തുവിദ്യയുടെ പ്രധാന സവിശേഷതകൾ. ചുറ്റുമതിലുകളോ അതിർത്തി ചുമരുകളോ നഗര ശൈലിയ്ക്ക് ഉണ്ടായിരുന്നില്ല.

ദക്ഷിണേന്ത്യൻ ക്ഷേത്രവാസ്തുവിദ്യ

ദക്ഷിണേന്ത്യയിലെ ഭരണാധികാരികൾ കലയെയും വാസ്തുവിദ്യയെയും പ്രോത്സാഹിപ്പിച്ചിരുന്നു. ധാരാളം ക്ഷേത്രങ്ങൾ അവർ പണികഴിപ്പിച്ചു. ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല, ജനങ്ങളുടെ സാമൂഹിക-മതപര-സാംസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്റെ കേന്ദ്രങ്ങൾ കൂടിയായിരുന്നു. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലിരുന്ന ക്ഷേത്രനിർമ്മാണ ശൈലി ദ്രാവിഡ ശൈലി എന്നറിയപ്പെടുന്നു. ഈ രീതിയിലുള്ള ക്ഷേത്രങ്ങൾ ഏറെക്കുറെ ദക്ഷിണേന്ത്യയിൽ ഒതുങ്ങിനിന്നതുകൊണ്ടാണ് അതിനെ ദ്രാവിഡം എന്നു വിളിക്കുന്നത്. ദ്രാവിഡ ശൈലിയുടെ പ്രധാന സവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കാം.

ഗർഭഗൃഹത്തിനു (മുഖ്യ പ്രതിഷ്ഠാഗൃഹം) മുകളിൽ പല നിലകൾ പടുത്തുയർന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അഞ്ചുമുതൽ ഏഴുവരെ നിലകളുണ്ടായിരിക്കും. ശിഖരങ്ങൾ എന്നാണ് അവയെ വിളിക്കുന്നത്. ഈ നിലകളുടെ (ശിഖരങ്ങൾ) സവിശേഷ രീതിയെ 'വിമാന'രീതി എന്നു വിളിക്കുന്നു.

ശ്രീ കോവിലിനു മുമ്പിൽ കൊത്തുപണികളോടുകൂടിയ ധാരാളം തൂണുകളും പരന്ന മേൽക്കൂരയുമുള്ള ഒരു മണ്ഡപം ഉണ്ടായിരുന്നു.

ഭക്തർക്ക് പ്രദക്ഷിണം ചെയ്യുന്നതിന് ശ്രീകോവിലിനു ചുറ്റും ചിലപ്പോൾ പ്രദക്ഷിണ വഴികൾ നിർമ്മിച്ചിരുന്നു. പ്രദക്ഷിണവഴിയിൽ ഉപദേവന്മാരുടെ രൂപങ്ങൾ പ്രതിഷ്ഠിച്ചിരുന്നു.

ക്ഷേത്രാങ്കണത്തിന്റെ ചുറ്റുമതിലുകളിൽ ഉയർന്ന കവാടങ്ങൾ സ്ഥാപിച്ചിരുന്നു. അവ ഗോപുരങ്ങൾ എന്നറിയപ്പെട്ടു.

ദ്രാവിഡശൈലിയെ പല്ലവശൈലി, ചോളശൈലി, പാണ്ഡ്യശൈലി, വിജയനഗരം ശൈലി, മധുരശൈലി എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്.

ദ്രാവിഡ ശൈലിയിലുള്ള ക്ഷേത്ര വാസ്തുവിദ്യ ആരംഭിച്ചത് പല്ലവ കാലത്താണ്. ചോളന്മാരുടെ കാലത്ത് അത് വളർച്ചയുടെ ഉച്ചഘട്ടത്തിലെത്തുകയും ചെയ്തു.

പല്ലവന്മാരുടെ വാസ്തുവിദ്യ

വാസ്തുവിദ്യയിലെ ദ്രാവിഡരീതിക്ക് ജന്മം നൽകിയത് പല്ലവന്മാരാണ്. എ.ഡി. ഏഴാം നൂറ്റാണ്ടുമുതൽ പല്ലവന്മാർ ക്ഷേത്രനിർമ്മാണം ആരംഭിച്ചിരുന്നു. പല്ലവക്ഷേത്രങ്ങളെ പൊതുവെ രണ്ടായി തിരിക്കാം: (1) പാറ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങൾ (2) കല്ലുകൊണ്ട് കെട്ടി നിർമ്മിച്ച ക്ഷേത്രങ്ങൾ. മഹാബലിപുരത്തെ ഏഴു'രഥ' ക്ഷേത്രങ്ങൾ പാറതുരന്നുണ്ടാക്കിയ ക്ഷേത്രങ്ങൾക്ക് ഏറ്റവും നല്ല മാതൃകയാണ്. ഏഴാം നൂറ്റാണ്ടിൽ നരസിംഹവർമ്മൻ ഒന്നാമനാണ് ഇതു നിർമ്മിച്ചത്. ഇവയിൽ ഏറ്റവും പ്രസിദ്ധമായത് പഞ്ചപാണ്ഡവ രഥങ്ങളാണ്. പഞ്ചപാണ്ഡവ രഥങ്ങളിൽ വലുത് ധർമ്മരാജ രഥമാണ്. കല്ലുകൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളിൽ രണ്ടെണ്ണം വളരെയധികം പ്രാധാന്യമർഹിക്കുന്നു: മഹാബലിപുരത്തെ 'കടൽത്തീരക്ഷേത്രവും', കാഞ്ചിയിലെ 'കൈലാസനാഥ ക്ഷേത്രവും'. ശിവന് സമർപ്പിതമായ കടൽത്തീരക്ഷേത്രം നിർമ്മിച്ചത് രാജസിംഹനാണ്. പല്ലവക്ഷേത്രങ്ങളിൽ ഏറ്റവും വലുത് കൈലാസനാഥ ക്ഷേത്രമാണ്. കാഞ്ചിയിലെ വൈകുണ്ഠപെരുമാൾ ക്ഷേത്രവും ഏറെ പ്രസിദ്ധമാണ്. പല്ലവകാലത്ത് നാലു പ്രത്യേക ക്ഷേത്രശില്‌പകലാരീതികൾ രൂപംകൊണ്ടു. മഹേന്ദ്രരീതി, മാമല്ലരീതി, രാജസിംഹരീതി, അപരാജിത രീതി എന്നിവയാണവ. ഇവയിൽ ഓരോ രീതിക്കും അതിന്റേതായ പ്രത്യേക സവിശേഷതകൾ ഉണ്ടായിരുന്നു.

ചാലൂക്യന്മാരുടെ വാസ്തുവിദ്യ

ചാലൂക്യ രാജാക്കന്മാർ ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. നഗര-ദ്രാവിഡ ശൈലികൾ അവർ സ്വതന്ത്രമായി ഉപയോഗിച്ചു. ഈ ശൈലി ഡക്കാൻ ശൈലി അഥവാ വേസര ശൈലി എന്ന പേരിൽ അറിയപ്പെട്ടു. ചാലൂക്യന്മാർ അനേകം ഗുഹാക്ഷേത്രങ്ങൾ പണി കഴിപ്പിച്ചു. പാറ തുരന്ന് അനേകം ചൈത്യങ്ങളും വിഹാരങ്ങളും അവർ നിർമ്മിച്ചു. അജന്ത, എല്ലോറ എന്നിവിടങ്ങളിലെ ഗുഹകൾ അവർ പ്രകടിപ്പിച്ച കലാവിരുതിന് ഉദാഹരണങ്ങളാണ്. ഐഹോളിൽ (ബിജാപ്പൂർ ജില്ല) എഴുപതോളം ക്ഷേത്രങ്ങൾ ചാലൂക്യന്മാർ പണികഴിപ്പിച്ചിരുന്നു. ബദാമി, പട്ടടക്കൽ എന്നിവിടങ്ങളിലും അനേകം ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. ബദാമിയിലെ 'മേലഗിട്ടി ശിവാലയം' ആകർഷണീയമാണ്. പട്ടടക്കലിൽ 10 ക്ഷേത്രങ്ങളുണ്ട്. അതിൽ നാലെണ്ണം ഉത്തരേന്ത്യൻ ശൈലിയിലും ആറെണ്ണം ദക്ഷിണേന്ത്യൻ ശൈലിയിലുമാണ് നിർമ്മിച്ചിട്ടുള്ളത്. പട്ടടക്കലിലെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് 'പാപനാഥക്ഷേത്ര'വും 'വിരൂപാക്ഷക്ഷേത്ര'വുമാണ്. ഇതിൽ ആദ്യത്തേത് ഉത്തരേന്ത്യൻ ശൈലിയും രണ്ടാമത്തേത് ദക്ഷിണേന്ത്യൻ ശൈലിയും നിർമിച്ചതാണ്. വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഭിത്തികളിൽ രാമായണത്തിലെ പല രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

ചോളന്മാരുടെ വാസ്തുവിദ്യ

ദ്രാവിഡ വാസ്തുതുശില്‌പരീതി അതിന്റെ പ്രതാപത്തിന്റെ പാരമ്യത്തിലെത്തിയത് ചോളന്മാരുടെ കീഴിലാണ്. പാറതുരന്ന് ക്ഷേത്രങ്ങൾ നിർമ്മിക്കുന്ന പല്ലവശൈലി ചോളന്മാർ ഉപേക്ഷിച്ചു. ഇക്കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ കല്ലുകൾകൊണ്ട് പടുത്തുകെട്ടിയവയായിരുന്നു. ശ്രീകോവിലിനു മുമ്പിൽ തട്ടുകളോടുകൂടി നിർമ്മിക്കപ്പെട്ട 'വിമാനം', വിശാലമായ ചുറ്റമ്പലം, ഉയരം കൂടിയ ചുറ്റുമതിൽ, ഭീമാകാരവും അത്യാകർഷകവുമായ കവാടങ്ങൾ (ഗോപുരം) തുടങ്ങിയവയാണ് ചോളക്ഷേത്രങ്ങളുടെ സവിശേഷതകൾ. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ അനേകം ചോളക്ഷേത്രങ്ങളുണ്ട്. നാർത്തമലയിലെ 'വിജയാലയ ചോളേശ്വരക്ഷേത്രം' ഇതിലേറ്റവും പ്രധാനപ്പെട്ടതാണ്. രാജരാജൻ ഒന്നാമൻ തഞ്ചാവൂരിൽ പണികഴിപ്പിച്ച ബൃഹദീശ്വരക്ഷേത്രം ദ്രാവിഡ വാസ്തുശില്പ ശൈലിയുടെ ഏറ്റവും മികച്ച മാതൃകയാണ്. ശിവപ്രതിഷ്ഠക്കു പുറമെ രാജാവിന്റെയും രാജ്ഞിയുടെയും ശില്പങ്ങളും സ്ഥാപിച്ചിരുന്നതുകൊണ്ട് ഇതിനെ 'രാജരാജക്ഷേത്രം' എന്നും വിളിക്കുന്നു. ഈ ക്ഷേത്രത്തിന്റെ മുകളിലുള്ള മകുടം ഒറ്റക്കല്ലിൽ നിർമ്മിക്കപ്പെട്ടതാണ്. ബൃഹദീശ്വരക്ഷേത്രത്തെ അനുകരിച്ച് രാജേന്ദ്രൻ ഗംഗൈകൊണ്ട ചോളപുരത്തു നിർമ്മിച്ച ക്ഷേത്രവും ചോളന്മാരുടെ ക്ഷേത്രനിർമ്മാണ കലയുടെഉത്തമ മാതൃകയാണ്. പിൽക്കാല ചോളക്ഷേത്രങ്ങളായ ദാരാസുരത്തിലെ 'ഐരാവതേശ്വര ക്ഷേത്ര'വും ത്രിഭുവനത്തിലെ 'കമ്പഹരേശ്വരക്ഷേത്ര'വും വാസ്തുശില്പ കലയിലെ വിസ്മയങ്ങളാണ്. നടരാജനെ ചിത്രീകരിക്കുന്ന വെങ്കലപ്രതിമകൾ ചോളകലയുടെ പ്രശസ്‌തി വർദ്ധിപ്പിച്ചു. കുംഭകോണത്തെ നാഗേശ്വരക്ഷേത്രത്തിലെയും ചിദംബരത്തെ നടരാജക്ഷേത്രത്തിലെയും നടരാജവിഗ്രഹങ്ങൾ ഇതിനു ദൃഷ്ടാന്തങ്ങളാണ്.

ചേരന്മാരുടെ വാസ്തുവിദ്യ

കേരളത്തിൽ ക്ഷേത്രനിർമ്മാണത്തിന് രണ്ടുതരത്തിലുള്ള വാസ്‌തുശില്‌പശൈലികൾ ഉപയോഗിച്ചിരുന്നു: ദ്രാവിഡശൈലിയും കേരളശൈലിയും. ശ്രീകോവിൽ, മരപ്പണിക്കുള്ള പ്രാമുഖ്യം എന്നിവയാണ് കേരളശൈലിയുടെ അടിസ്ഥാന സവിശേഷതകൾ. കേരള ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ചില ക്ഷേത്രങ്ങളിൽ കൂത്തമ്പലവും ഗരുഡമണ്ഡപവും കാണാം. കേരളത്തിലെ ക്ഷേത്രനിർമ്മാണത്തിന്റെ വികാസത്തിൽ മൂന്നു ഘട്ടങ്ങളുണ്ട്.

(1) ഒമ്പത്-പതിനൊന്ന് നൂറ്റാണ്ടുകൾക്ക് മധ്യേയുള്ള കാലമാണ് ഒന്നാംഘട്ടം. ഇക്കാലത്തെ ക്ഷേത്രങ്ങളുടെ അടിത്തറ വൃത്താകൃതിയിലോ സമചതുരാകൃതിയിലോ ആണ് നിർമ്മിക്കപ്പെട്ടിരുന്നത്.

(2) പതിനൊന്ന്-പതിനാല് നൂറ്റാണ്ടുകൾക്കിടയിലുള്ള രണ്ടാംഘട്ടത്തിൽ ദ്രാവിഡ-കേരള ശൈലികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ക്ഷേത്രനിർമ്മാണ രീതിയാണ് നിലനിന്നിരുന്നത്. ക്ഷേത്രത്തിനകത്ത് ശ്രീകോവിൽ നിർമ്മിക്കുന്ന രീതി ആരംഭിച്ചത് ഇക്കാലത്താണ്.

(3) പതിനാല്-പത്തൊമ്പത് നൂറ്റാണ്ടുകൾക്ക് മധ്യേയാണ് കേരളത്തിലെ ക്ഷേത്രനിർമ്മാണത്തിന്റെ മൂന്നാംഘട്ടം. ഈ ഘട്ടത്തിൽ ക്ഷേത്രനിർമ്മാണം വളരെയധികം സങ്കീർണ്ണമായിത്തീർന്നു. ആകർഷണീയമായ അലങ്കാരവേലകൾ ക്ഷേത്രങ്ങളുടെ മുഖ്യഘടകമായി മാറി.

കേരള ശൈലിയിൽ നിർമ്മിക്കപ്പെട്ട പ്രധാന ക്ഷേത്രങ്ങൾ താഴെ പറയുന്നവയാണ്.

ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യക്ഷേത്രം (തൃശൂർ)

പെരുവനത്തെ മഹാദേവക്ഷേത്രം (തൃശൂർ)

തൃശൂരിലെ വടക്കുംനാഥക്ഷേത്രം

തൃപ്രയാറിലെ ശ്രീരാമക്ഷേത്രം (തൃശൂർ)

ഗുരുവായൂരിലെ ശ്രീകൃഷ്‌ണക്ഷേത്രം

തലശ്ശേരിയിലെ തിരുവങ്ങാട് ക്ഷേത്രം

വിജയനഗരശൈലി വാസ്തുവിദ്യ

വിജയനഗര ഭരണാധികാരികൾ 'വിജയനഗരശൈലി' എന്നറിയപ്പെട്ട ഒരു പുതിയ വാസ്തുശില്പ കലാശൈലിയെ പ്രോത്സാഹിപ്പിച്ചു. അനേകം ക്ഷേത്രങ്ങൾ അവർ പണികഴിപ്പിച്ചു. കലഹസ്തി, തിരുപ്പതി, ശ്രീരംഗം, ചിദംബരം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾക്ക് അവർ സംരക്ഷണം നൽകിയിരുന്നു. സുപ്രസിദ്ധമായ ഹസർനാ രാമസ്വാമിക്ഷേത്രവും വിട്ടല സ്വാമിക്ഷേത്രവും വിജയനഗര സാമ്രാജ്യകാലത്ത് നിർമ്മിക്കപ്പെട്ടവയാണ്. ഇക്കാലത്തെ ക്ഷേത്രശില്പകലയുടെ പ്രധാന സവിശേഷത ഒരു പ്രത്യേക തരത്തിലുള്ള കൽത്തൂണുകളാണ്. നടുവിൽ ഒരു വലിയ തൂണും ചുറ്റും ഏഴു ചെറിയ തൂണുകളും ഇവയിലുണ്ട്. ഈ ചെറിയ തൂണുകളിൽ തട്ടിയാൽ കർണ്ണാടക സംഗീതത്തിലെ സപ്തസ്വരങ്ങൾ കേൾക്കാം.

Post a Comment

0 Comments
Post a Comment (0)