ഡൽഹി സുൽത്താനേറ്റ് വാസ്തുവിദ്യ

Arun Mohan
0

ഡൽഹി സുൽത്താനേറ്റ് വാസ്തുവിദ്യ

എ.ഡി 1206 മുതൽ 1526 വരെയുള്ള കാലഘട്ടം ഇന്ത്യാ ചരിത്രത്തിൽ ഡൽഹി സുൽത്താനേറ്റ് കാലം എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന സുൽത്താൻ ഭരണകാലത്ത് അഞ്ചു രാജവംശങ്ങൾ ഡൽഹി ഭരിക്കുകയുണ്ടായി - അടിമ വംശം, ഖിൽജി വംശം, തുഗ്ലക് വംശം, സയ്യിദ് വംശം, ലോദി വംശം. സുൽത്താനേറ്റു കാലത്തെ വാസ്തുശില്പം ഭാരതീയ - ഇസ്ലാമിക് ശൈലികളുടെ ഒരു സമന്വയമായിരുന്നു. അറബികളും പേർഷ്യക്കാരും തുർക്കികളും അവരോടൊപ്പം ഇസ്ലാമിക കലാശൈലി ഇന്ത്യയിലേക്കു കൊണ്ടുവന്നു. ഇന്ത്യയിലെ തദ്ദേശീയ കലാരീതികളുമായി അതു കൂടികലർന്നു. തൽഫലമായി, രണ്ടു കലാരീതികളുടെയും സവിശേഷതകൾ പ്രകടിപ്പിച്ച ഒരു പുത്തൻ വാസ്തുശില്പ ശൈലി ഇന്ത്യയിൽ വികാസം പ്രാപിച്ചു. വാസസ്ഥലങ്ങൾ, ആരാധനാലയങ്ങൾ, ശവകുടീരങ്ങൾ, സ്മാരകങ്ങൾ എന്നിവയിലാണ് ഇന്തോ - മുസ്ലിം വാസ്തുശില്പ ശൈലി മുഖ്യമായും പ്രകടമാകുന്നത്. സുൽത്താനേറ്റ് കാലത്തെ വാസ്തുശില്പ കലയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്.

സുൽത്താനേറ്റ് വാസ്തുശില്പകലയുടെ മുഖ്യ സവിശേഷത കമാനങ്ങളുടെയും താഴികക്കുടങ്ങളുടെയും ഉപയോഗമാണ്. സമചതുരാകൃതിയിലുള്ള കെട്ടിടങ്ങൾക്കു മുകളിൽ വൃത്താകാരമായ താഴികക്കുടങ്ങൾ കൂടുതൽ ഉയരത്തിൽ സ്ഥാപിക്കുന്നതിന് ധാരാളം പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇത്തരത്തിൽ ധാരാളം കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. കമാനങ്ങളുടെയും താഴികക്കുടങ്ങളുടെയും ഉപയോഗം തൂണുകളുടെ ആവശ്യം കുറച്ചു. കൂടാതെ വിശാലമായ ഹാളുകളുടെ നിർമ്മാണത്തിന് പ്രയോജനപ്പെടുകയും ചെയ്തു.

കമാനങ്ങളിൽ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രൂപങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. അവ ഉപയോഗിക്കുന്നത് ഇസ്ലാമിക വിരുദ്ധമായതിനാലാണ് ഒഴിവാക്കപ്പെട്ടത്. പകരം പുഷ്പങ്ങളുടെ ചിത്രങ്ങളും ഖുറാൻ വചനങ്ങളുമാണ് കമാനങ്ങളിൽ കൊത്തിവെച്ചിട്ടുള്ളത്. അങ്ങനെ അറബി ലിപി തന്നെ അലങ്കാരമായി മാറി.

കെട്ടിടനിർമ്മാണത്തിന് തുർക്കികൾ ഉപയോഗിച്ചിരിക്കുന്നത് തദ്ദേശീയരായ നിർമ്മാണത്തൊഴിലാളികളെയാണ്. കല്ലുചെത്തുന്നവർ, കല്ലാശാരിമാർ എന്നിവരെ ഇതിനായി അവർ നിയമിച്ചു. കെട്ടിടങ്ങൾക്ക് ഉറപ്പു ലഭിക്കുന്നതിന് കുമ്മായവും നിറം പകരുന്നതിന് ചെങ്കല്ലും അവർ ഉപയോഗിച്ചു.

അടിമ രാജവംശം

തുർക്കികൾ നിർമ്മിച്ച ഏറ്റവും മനോഹരവും പ്രൗഢിയാർന്നതുമായ കെട്ടിടം കുത്തബ്‌മീനാറാണ്. കുത്തബുദ്ദീൻ ഭക്തിയാർ കാകിയെന്ന സൂഫി സന്യാസിയുടെ സ്മരണയ്ക്കായി നിർമ്മിക്കപ്പെട്ടതാണ് ഈ കെട്ടിടം. കുത്തബ്ദ്ദീൻ ഐബക്കിന്റെ കാലത്ത് തുടങ്ങിയ ഈ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത് ഇൽത്തുമിഷാണ്. കുത്തബ്മീനാറിന് 238 അടി ഉയരവും നാലുനിലകളുമുണ്ടായിരുന്നു. പിന്നീട് ഫിറോസ് ഷാ തുഗ്ലക് അഞ്ചാമതൊരു നിലകൂടി കൂട്ടിച്ചേർക്കുകയുണ്ടായി. കുത്തബ് മീനാറിന്റെ ഗോപുരത്തിൽനിന്നു തള്ളിനിൽക്കുന്ന ബാൽക്കണികൾ വിസ്മയകരവും സുന്ദരവുമാണ്. കുത്തബ് മീനാറിനു സമീപമുള്ള കുവാത്ത് - ഉൾ - ഇസ്ലാം പള്ളി ഇസ്ലാമിക വാസ്തുവിദ്യയുടെ മറ്റൊരുദാഹരണമാണ്. പള്ളിയുടെ കവാടവും കെട്ടിടവും കൊത്തുപണികളാൽ അലംകൃതമാണ്. ബദാവൂരിലെ പള്ളിയും കെട്ടിടങ്ങളും, നാഗൂരിലെയും ഹാൻസിയിലെയും കവാടങ്ങളും തുർക്കികളുടെ ശ്രേഷ്ഠമായ നിർമ്മിതികളാണ്. ഇൽത്തുമിഷിന്റെ ശവകുടീരത്തിലും ഹിന്ദു-മുസ്ലിം വാസ്തുവിദ്യാ പാരമ്പര്യം കാണാവുന്നതാണ്.

ഖിൽജി രാജവംശം

ഖിൽജികളുടെ ഭരണകാലത്തും ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. അലാവുദ്ദീൻ ഖിൽജി തന്റെ തലസ്ഥാനം സിറിയിൽ നിർമ്മിച്ചു. നിർഭാഗ്യവശാൽ ഈ നഗരത്തിന്റെ ഒന്നും തന്നെ ഇന്നു ശേഷിക്കുന്നില്ല. അലാവുദ്ദീന്റെ രണ്ടു കെട്ടിടങ്ങൾ വളരെ ശ്രദ്ധേയമാണ് - (1) ജമായിത്ത് ഖാൻ മസ്ജിദ്, (2) അലൈ ദർവാസ. അലാവുദ്ദീൻ കുത്തബ്മീനാറിന് നിർമിച്ച ആകർഷകമായ പ്രവേശന കവാടമാണ് അലൈ ദർവാസ.

തുഗ്ലക്ക് രാജവംശം

തുഗ്ലക് ഭരണകാലത്തും ധാരാളം നിർമ്മാണങ്ങൾ നടന്നു. ഗിയാസുദ്ദീനും മുഹമ്മദ് തുഗ്ലക്കും ചേർന്ന് തുഗ്ലക്കാബാദ് എന്ന പേരിൽ കൊട്ടാരങ്ങളും കോട്ടകളുമടങ്ങുന്ന ഒരു സമുച്ചയം നിർമ്മിച്ചു. യമുനയിലെ വെള്ളം തടഞ്ഞു നിർത്തി തുഗ്ലക്കാബാദിനെ ചുറ്റുമായി വലിയൊരു കൃത്രിമ തടാകവും നിർമ്മിച്ചു. ഇവിടത്തെ വാസ്തുവിദ്യയുടെ ഒരു പ്രധാന സവിശേഷത ചെരിഞ്ഞ ഭിത്തികളാണ്. ഈ രീതി ബാറ്റർ എന്നറിയപ്പെടുന്നു. കെട്ടിടങ്ങളിൽ കമാനം, ലിന്റൽ, ഉത്തരം എന്നിവയുടെ തത്ത്വങ്ങളെ തുഗ്ലക്കുകൾ സമന്വയിപ്പിച്ചു. ഫിറോസ് തുഗ്ലക്കിന്റെ കെട്ടിടങ്ങളിൽ ഈ രീതിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ഇപ്പോൾ കോട്ല എന്നു വിളിക്കപ്പെടുന്ന ഫിറോസിന്റെ രാജകൊട്ടാരത്തിലെ കെട്ടിടങ്ങൾ ഇതിനുദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ വിനോദകല വസതിയായി നിർമ്മിച്ചിട്ടുള്ള 'ഹൗസ് ഖാസി'ന്റെ ഒന്നിടവിട്ട നിലകളിൽ കമാനങ്ങളും ലിന്റലുകളും ഉത്തരങ്ങളും ദൃശ്യമാണ്. സുലഭമായി കിട്ടിയിരിക്കുന്ന ചാരക്കല്ലുകളാണ് തുഗ്ലക്കുകൾ കെട്ടിടനിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നിരവധി പള്ളികളും ഇക്കാലത്ത് നിർമ്മിച്ചിട്ടുണ്ട്. അവ അത്ര രമണീയമല്ല. കാരണം മിനുക്കാത്ത കല്ലുകൾകൊണ്ടാണ് അവ നിർമ്മിച്ചിട്ടുള്ളത്.

ലോധി രാജവംശം

പാറക്കഷണങ്ങളോ, ചെത്തിമിനുക്കാത്ത കല്ലോ ഉപയോഗിച്ചാണ് ലോദികൾ കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നത്. ഇരട്ട താഴികക്കുടങ്ങൾ ഉപയോഗിക്കുന്ന രീതി അവരിവിടെ അവതരിപ്പിച്ചു. അഷ്ടകോണാകൃതിയിലുള്ള ശവകുടീരങ്ങൾ അവർ നിർമ്മിച്ചിരുന്നു. അവയ്ക്കു ചുറ്റുമായി ഒരു വരാന്ത ഉണ്ടായിരുന്നു. ഒപ്പം വെയിലിൽനിന്നും മഴയിൽനിന്നും സംരക്ഷണം ലഭിക്കുന്നതിനായി ചെരിവോടുകൂടിയ ഇറകളും പണികഴിപ്പിച്ചിരുന്നു. ചില കല്ലറകൾ സ്ഥാപിച്ചിട്ടുള്ളത് പൂന്തോട്ടങ്ങളുടെ മധ്യത്തിലാണ്. ഡൽഹിയിലെ 'ലോദി ഗാർഡൻ' ഇതിനു മാതൃകയാണ്. ഉയർന്ന പ്ലാറ്റ്‌ഫോമിൽ കെട്ടിടങ്ങൾ, പ്രത്യേകിച്ച് ശവകുടീരങ്ങൾ, നിർമ്മിക്കുന്ന വാസ്തുവിദ്യാരീതിയും ലോദികൾ ഇവിടെ അവതരിപ്പിച്ചു.

Post a Comment

0 Comments
Post a Comment (0)