പ്രാചീന ഇന്ത്യൻ
വാസ്തുവിദ്യ
ഇന്ത്യൻ
വാസ്തുവിദ്യയെപ്പറ്റി ഗവേഷകർക്ക് വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത് പ്രാചീന ജനത
എല്ല്, മരം, ശില, ചെമ്പ്, വെങ്കലം, ഇരുമ്പ് എന്നീ ആയുധോപകരണങ്ങൾ കൊണ്ട്
നിർമ്മിച്ചിട്ടുള്ള പലതരത്തിലുള്ള നിർമിതികളിൽ നിന്നാണ്. ആവാസകേന്ദ്രങ്ങൾ, നഗരങ്ങൾ, മതിലുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ, കുളങ്ങൾ, കിണറുകൾ, അണക്കെട്ടുകൾ, ക്ഷേത്രങ്ങൾ, വിഗ്രഹങ്ങൾ, രക്ഷകൾ, ആരാധനാ വസ്തുക്കൾ, ശവക്കല്ലറകൾ തുടങ്ങിയവ നിർമിതികൾക്ക്
ഉദാഹരണങ്ങളാണ്.
ഹരപ്പൻ വാസ്തുവിദ്യ
നഗരത്വമാണ്
ഹരപ്പൻ സംസ്‌കാരത്തിന്റെ മുഖ്യ സവിശേഷത. അതിനാൽ നഗരാസൂത്രണത്തിന് പ്രത്യേക ശ്രദ്ധ
നൽകിയിരുന്നു. ഹരപ്പൻ സംസ്‌കാരം പ്രദർശിപ്പിച്ച ഐക്യരൂപം ഏറ്റവും നന്നായി
പ്രകടമാവുന്നത് നഗരാസൂത്രണത്തിലാണ്. കിലോമീറ്ററുകളുടെ അകലമുണ്ടെങ്കിലും
നഗരങ്ങളെല്ലാം ഏറെക്കുറെ ഒരു നിശ്ചിത പ്ലാൻ അനുസരിച്ചാണ്
നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗരാസൂത്രണം വ്യക്തമായി കാണാവുന്നത് വൻ നഗരങ്ങളായ
ഹരപ്പായിലും മോഹൻജൊദാരോയിലുമാണ്. ഹരപ്പൻ നഗരങ്ങൾക്ക് രണ്ടു ഭാഗങ്ങളുണ്ട്; കോട്ടയും (citadel), കീഴ്‌പട്ടണവും (lower city). നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത്
മണ്ണിഷ്‌ടികകൊണ്ട് നിർമ്മിച്ച ഒരു തറയിലാണ് (platform) 'സിറ്റാഡൽ' അഥവാ കോട്ട സ്ഥിതി ചെയ്യുന്നത്.
മതിലുകളാൽ സംരക്ഷിക്കപ്പെട്ട ഒരു ഉയർന്ന ഭാഗമാണ് കോട്ട. ഇവിടെ വലിയ കെട്ടിടങ്ങൾ
കാണപ്പെടുന്നു. ഇവ ഭരണകേന്ദ്രങ്ങളായിരുന്നുവെന്നും ഭരണവർഗ്ഗത്തിൽപ്പെടുന്നവർ ഈ
പൊതു കെട്ടിടങ്ങളിലാണ് താമസിച്ചിരുന്നതെന്നും അഭിപ്രായങ്ങളുണ്ട്. കോട്ടയ്ക്കു
പുറത്തുള്ള കീഴ്‌പട്ടണം ജനങ്ങൾ താമസിക്കുന്ന പ്രദേശമായിരുന്നു. ഈ പട്ടണങ്ങൾക്ക്
ശരാശരി ഒരു ചതുരശ്രമൈൽ വിസ്‌തീർണ്ണമുണ്ട്. കീഴ്‌പട്ടണത്തിലെ വീടുകൾ
നിർമ്മിച്ചിരുന്നത് 'ഗ്രിഡ് വ്യവസ്ഥ'യനുസരിച്ചാണ്. ഇതുപ്രകാരം റോഡുകൾ
അങ്ങോട്ടുമിങ്ങോട്ടും മുറിച്ചുകടന്നത് മട്ടകോണിലാണ്. ഇങ്ങനെ പട്ടണം സമചതുരത്തിലോ
ദീർഘചതുരത്തിലോ ഉള്ള അനേകം ബ്ലോക്കുകളായി വിഭജിക്കപ്പെട്ടു. ഈ പട്ടണത്തിലെ
തെരുവോരങ്ങളിലാണ് നഗരവാസികളുടെ വസതികൾ സ്ഥിതി ചെയ്തിരുന്നത്. ഓരോ പാതവക്കിലും ഒരു
പൊതുകിണർ ഉണ്ടായിരുന്നു.
വസതികൾ
(Dwelling
Houses)
നഗരവാസികൾക്കു
താമസിക്കാനുള്ള വസതികൾ കീഴ്‌പട്ടണത്തിലാണ് നിർമ്മിച്ചിരുന്നത്. ചുടുകട്ടകൾ
കൊണ്ടാണ് വീടുകൾ പണികഴിപ്പിച്ചത്. പല വലിപ്പത്തിലുള്ള വീടുകൾ ഉണ്ടായിരുന്നു.
ഒറ്റമുറിയുള്ള വീടുകൾ മുതൽ പന്ത്രണ്ട് മുറികളും വിശാലമായ മുറ്റവും ഉള്ള വലിയ
വീടുകൾവരെ ഉണ്ടായിരുന്നു. കോണിപ്പടികളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് ഹരപ്പയിൽ
ഇരുനില വീടുകളും ഉണ്ടായിരുന്നു എന്നാണ്. വീടുകൾക്കെല്ലാം ഒരേ പ്ലാനാണ് -
സമചതുരത്തിലുള്ള ഒരു നടുമുറ്റവും അതിനുചുറ്റും നിരവധി മുറികളും. വീട്ടിലേക്കുള്ള
പ്രവേശനം ഇടവീഥിയിൽനിന്നു മാത്രം സാധ്യമാക്കുന്ന രീതിയിലാണ് വാതിൽ
നിർമ്മിച്ചിരുന്നത്. വാതിലുകളും ജനാലകളും നടുമുറ്റത്തേക്ക് തുറക്കുന്നവയായിരുന്നു.
തെരുവിനെ അഭിമുഖീകരിച്ചുകൊണ്ടുള്ള വാതിലുകളും ജനാലകളും അപൂർവ്വമായിരുന്നു. മിക്ക
വീടുകൾക്കും അതിന്റേതായ കിണറുകളും, കുളിമുറികളും
കക്കൂസുകളും ഉണ്ടായിരുന്നു. വീടുകളിൽനിന്ന് മലിനജലം തെരുവോടകളിലേക്ക്
ഒഴുക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. അടുത്തടുത്താണ് വീടുകൾ
നിർമ്മിച്ചിരുന്നത്. രണ്ടു വീടുകൾക്കിടയിലെ ശൂന്യസ്ഥലം ഇഷ്‌ടികയിട്ട്
നിരത്തിയിരുന്നു. പണിക്കാരുടെ വീടുകളുടെ അവശിഷ്‌ടങ്ങൾ ഹരപ്പയിലും മോഹൻജൊദാരോയിലും
കണ്ടെത്തിയിട്ടുണ്ട്. രണ്ടുമുറികൾ മാത്രമുള്ള ഈ ചെറിയ വീടുകളെ "കൂലി
ലൈനുകൾ" എന്നാണ് പുരാവസ്തു ഗവേഷകർ വിശേഷിപ്പിക്കുന്നത്. കീഴ്‌പട്ടണത്തിൽ
ലോഹപണിക്കാർ, ചിപ്പികൊണ്ടുള്ള ആഭരണ
നിർമ്മാതാക്കൾ,
മണിമാല
നിർമ്മിക്കുന്നവർ എന്നിവരുടെ ധാരാളം കടകളും ഉണ്ടായിരുന്നു.
അഴുക്കുചാൽ
സമ്പ്രദായം (Drainage
system)
ഹരപ്പൻ
നഗരങ്ങളിലെ അഴുക്കുചാൽ സംവിധാനം ആധുനിക പട്ടണങ്ങളെപ്പോലും
അതിശയിപ്പിക്കുന്നതായിരുന്നു. മൊത്തം നഗരത്തിന് പൊതുവായ ഒരു അഴുക്കുചാൽ സമ്പ്രദായം
ഉണ്ടായിരുന്നു. നഗരങ്ങളിലെ പ്രധാന തെരുവുകളിലെല്ലാം അഴുക്കുചാലുകൾ
നിർമ്മിച്ചിരുന്നു. ഓടകളെ ചിലയിടങ്ങളിൽ ഇഷ്ടിക ഉപയോഗിച്ചും മറ്റു ചിലയിടങ്ങളിൽ
കൽപ്പാളികൾ ഉപയോഗിച്ചും മൂടിയിരുന്നു. മലിനജലം വാർന്നുവീഴുന്നതിനുള്ള വൻകുഴികളും (soak pits) ഓടകളിലെ തടസ്സങ്ങൾ
നീക്കുന്നതിനുള്ള ആൾത്തുളകളും കൊണ്ട് ഓടകൾ സജ്ജീകരിക്കപ്പെട്ടിരുന്നു. വീടുകളിലെ
ഓടകളെ തെരുവിലെ ഓടകളുമായി ബന്ധിപ്പിച്ചിരുന്നു. ഹരപ്പൻ നഗരങ്ങളിലെ അഴുക്കുചാൽ
സമ്പ്രദായം അസാധാരണമാണ്. ആരോഗ്യത്തിനും ശുചിത്വത്തിനും ഹരപ്പൻ ജനത നൽകിയ അതീവ
ശ്രദ്ധയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മറ്റൊരു വെങ്കലയുഗ സംസ്കാരവും ഇതുപോലെ
കാര്യക്ഷമവും വിജയപ്രദവുമായൊരു അഴുക്കുചാൽ പദ്ധതി ആവിഷ്കരിച്ചിട്ടില്ല. ഹരപ്പൻ
നഗരങ്ങളിൽ ഒരു നഗരഭരണം ഉണ്ടായിരുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. ഹരപ്പരുടെ
എഞ്ചിനിയറിങ്ങ് വൈദഗ്ദ്ധ്യവും ഇതു പ്രകടമാക്കുന്നുണ്ട്. നമുക്കെല്ലാം ഒരു
മാതൃകയായി സ്വീകരിക്കാൻ കഴിയുംവിധം മഹത്തരമായിരുന്നു അവരുടെ അഴുക്കുചാൽ സമ്പ്രദായം
വലിയ
കുളിപ്പുര (The
Great Bath)
മോഹൻജൊദാരോയിലെ
ഏറ്റവും ശ്രദ്ധേയമായ ഒരു പൊതുകെട്ടിടം വലിയ കുളിപ്പുരയാണ്. അവിടത്തെ 'കോട്ട'യ്ക്കുള്ളിലാണ് ഇത് സ്ഥിതി
ചെയ്യുന്നത്. ഈ കുളിപ്പുരയുടെ മുഖ്യഭാഗം മധ്യഭാഗത്തുള്ള ഒരു തുറന്ന കുളമാണ്. ഈ
കുളത്തിന് 11.7 മീറ്റർ നീളവും 6.9 മീറ്റർ വീതിയും 2.4 മീറ്റർ ആഴവുമുണ്ട്. കുളത്തിലേക്ക്
ഇറങ്ങുന്നതിന് രണ്ടു ഭാഗങ്ങളിൽ (വടക്കും, തെക്കും)
പടവുകളുണ്ട്. കുളത്തിനു ചുറ്റുമായി വസ്ത്രം മാറുന്നതിനുള്ള മുറികളും കാണാം. ഒരു
മുറിയിലെ വലിയ കിണറിൽനിന്നാണ് കുളത്തിലേക്കുള്ള വെള്ളം കൊണ്ടുവന്നിരുന്നത്.
കുളത്തിലെ വെള്ളം അഴുക്കുചാലിലേക്ക് ഒഴുക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു.
അനുഷ്ഠാനപരമായ സ്‌നാനത്തിനുവേണ്ടിയാണ് വലിയ കുളിപ്പുര നിർമ്മിച്ചിരുന്നതെന്ന്
കരുതപ്പെടുന്നു. ഇന്ത്യയിലെ ഏതു മത ചടങ്ങിലും സ്‌നാനം വളരെ പ്രധാനപ്പെട്ടതാണല്ലോ.
രാജാക്കന്മാരോ പുരോഹിതന്മാരോ ആണ് വലിയ കുളിമുറി ഉപയോഗിച്ചിരുന്നതെന്ന് പൊതുവെ
വിശ്വസിക്കപ്പെടുന്നു. ഹരപ്പയുടെ എഞ്ചിനിയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ നിദർശനമായാണ്
പലരും ഈ കുളിപ്പുരയെ കാണുന്നത്.
ധാന്യപ്പുരകൾ
(Granaries)
ഹരപ്പൻ
നഗരങ്ങളിൽ ധാന്യപ്പുരകൾ ഉണ്ടായിരുന്നു. മോഹൻജൊദാരോയിലെ ഏറ്റവും വലിയ കെട്ടിടം
അവിടത്തെ ധാന്യപ്പുരയാണ്. ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച 27 ബ്ലോക്കുകളായി അതിനെ
വേർത്തിരിച്ചിട്ടുണ്ട്. ഹരപ്പയിൽ ആറു ധാന്യപ്പുരകളുടെ രണ്ടു നിരകളുണ്ട്.
ചുടുകട്ടകൾ കൊണ്ട് പണിതുയർത്തിയിട്ടുള്ള വലിയ ഫ്ളാറ്റുഫോമുകളിലാണ് ഇവ
ഉറപ്പിച്ചിരിക്കുന്നത്. ഹരപ്പയിലെ ധാന്യപ്പുരകൾ കോട്ടയ്ക്കപുറത്ത് നദീതീരത്താണ്
നിർമ്മിച്ചിട്ടുള്ളത്. ബോട്ടുകൾ വഴി ധാന്യമെത്തിക്കാനും വിതരണം ചെയ്യാനുമുള്ള
സൗകര്യത്തിനു വേണ്ടിയാണ് ഈ സ്ഥാനം തെരഞ്ഞെടുത്തത്. ധാന്യപ്പുരകളുടെ പുറംചുമരുകളിൽ
ത്രികോണാകൃതിയിൽ ദ്വാരങ്ങളിട്ട് വെന്റിലേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ധാന്യപ്പുരകളുടെ തെക്കുഭാഗത്ത് ധാന്യങ്ങൾ മെതിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള
വൃത്താകൃതിയിലുള്ള ഇഷ്ടികത്തറകൾ കാണാം. നഗരവാസികൾക്കാവശ്യമായ ഗോതമ്പ്, ബാർലി തുടങ്ങിയവ ധാന്യപ്പുരകളിലാണ്
സൂക്ഷിച്ചിരുന്നത്. ഭൂനികുതിയായി പിരിച്ചെടുത്തതായിരിക്കാം ഈ ധാന്യങ്ങൾ.
അസംബ്ളി
ഹാളും ബലിപീഠവും
മോഹൻജൊദാരയിൽ
കാണുന്ന മറ്റൊരു പൊതു കെട്ടിടമാണ് അസംബ്ളി ഹാൾ. നാലു നിരകളായി ഇഷ്ടികത്തറയുടെ
മുകളിൽ മരംകൊണ്ടുള്ള തൂണുകൾ പണിതുയർത്തിയാണ് ഇതു നിർമ്മിച്ചിട്ടുള്ളത്. അസംബ്ളി
ഹാളിൽ മുറികളുടെ ഒരു നിര തന്നെയുണ്ട്. അതിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു പുരുഷ
പ്രതിമയെയും കാണാം. കാളിബംഗനിൽ 'അഗ്നികുണ്ഠം' അഥവാ 'ബലിപീഠം' കണ്ടെത്തുകയുണ്ടായി. നിരയായി
നിർമ്മിക്കപ്പെട്ട ഇഷ്‌ടികത്തറകൾ അവിടെ കണ്ടെത്തിയിരുന്നു. അവയിലൊന്നിൽ
ബലിപീഠങ്ങളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. ഒപ്പം മൃഗങ്ങളുടെ അസ്ഥികളും
മാൻകൊമ്പുകളും അടങ്ങുന്ന ഒരു കുഴിയും കണ്ടെത്തുകയുണ്ടായി.
ബുദ്ധമതത്തിന്റെ വാസ്തുവിദ്യ
ഇന്ത്യയിലെ
വാസ്‌തുശില്‌പം,
ശില്‌പകല, ചിത്രകല എന്നിവയുടെ വളർച്ചക്കും
ബുദ്ധമതം സംഭാവനയേകി. അശോക സ്തംഭങ്ങളും, സാഞ്ചി, സാരനാഥ്, നളന്ദ, അമരാവതി, എല്ലോറ എന്നിവിടങ്ങളിലെ സ്തൂപങ്ങളും
ബൗദ്ധ വാസ്‌തുവിദ്യയുടെ ഏറ്റവും മികച്ച മാതൃകകളാണ്. കരിങ്കൽ പാറകൾ തുരന്ന്
നിർമ്മിച്ച വിഹാരങ്ങളും ചൈത്യങ്ങളും ഏറെ പ്രസിദ്ധമാണ്. സാരനാഥ് സ്തംഭത്തിലെ
സിംഹങ്ങളുടെ ശില്‌പവും,
ബർഹട്ട്, ഗയ, സാഞ്ചി എന്നിവിടങ്ങളിലെ കവാടകളിലുള്ള
കൊത്തുപണികളും ബൗദ്ധകലയുടെ മികച്ച ഉദാഹരണങ്ങളാണ്. ഇന്ത്യയിലാദ്യമായി
ആരാധിക്കപ്പെട്ട മനുഷ്യവിഗ്രഹങ്ങൾ ബുദ്ധന്റെതാണ്. കുഷാനന്മാരുടെ കാലത്ത് ഇവിടെ
വളർന്നുവന്ന ഗാന്ധാരകലയും ബുദ്ധമതത്തിന്റെ സ്വാധീനം പ്രകടമാക്കുന്നു. അജന്തയിലേയും
ബാഗിലെയും ചുവർചിത്രങ്ങൾ ബൗദ്ധചിത്രകലയുടെ ഉത്തമ മാതൃകകളാണ്. സാരനാഥ് സ്‌തംഭത്തിലെ
അശോകചക്രമാണ് നമ്മുടെ ദേശീയപതാകയിലെ ചിഹ്നമായി സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ
ബുദ്ധമതത്തിനുള്ള പ്രസക്തിയിലേക്ക് ഇതു വിരൽചൂണ്ടുന്നു.
ജൈനരുടെ വാസ്തുവിദ്യ
കല, ശില്പകല, വാസ്തുശില്‌പകല എന്നീ മേഖലകളിൽ ജൈനമതം
അവിസ്‌മരണീയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. തീർത്ഥങ്കരന്മാരുടേയും ഭിക്ഷുക്കളുടേയും
മനോഹരമായ അനേകം പ്രതിമകൾ അവർ കല്ലിൽ കൊത്തിയുണ്ടാക്കി. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങൾ ജൈനരുടെ
ശില്‌പകലയാൽ സമ്പന്നമാണ്. ശ്രാവണ ബെൽഗോളയിലും കാരക്കലിലും ഉള്ള ഗോമതേശ്വരന്റെ
ഭീമാകാര പ്രതിമകൾ ഭാരതീയ ശില്‌പകലയിലെ അത്ഭുതമായി ഇന്നും നിലനിന്നുപോരുന്നു. പാറ
തുരന്നുള്ള പല ഗുഹാക്ഷേത്രങ്ങളും ജൈനർ നിർമ്മിക്കുകയുണ്ടായി. ഒറീസ്സയിലെ
ഉദയഗിരിയിലുള്ള ഹാഥിഗുംഭ ഗുഹകൾ ഈ ശൈലിയിൽ നിർമ്മിക്കപ്പെട്ടവയാണ്. ജൂനഗഢ്, ഒസനാബാദ് തുടങ്ങിയ സ്ഥലങ്ങളിലും
ഇത്തരത്തിലുള്ള ഗുഹാക്ഷേത്രങ്ങൾ കാണാം. രാജസ്ഥാനിലെ മൗണ്ട് ആബുവിലുള്ള ദിൽവാര
ക്ഷേത്രം ജൈനരുടെ വാസ്‌തുവിദ്യാ മികവിന്റെ പൂർണ്ണത പ്രകാശിപ്പിക്കുന്നുണ്ട്. ജൈനർ
പണിതുയർത്തിയിട്ടുള്ള സ്‌തൂപങ്ങളും സ്‌തംഭങ്ങളും ജൈന കലയുടെ മികവ്
പ്രദർശിപ്പിക്കുന്നു. സന്യാസിമാരുടെ ബഹുമാനാർത്ഥമാണ് സ്തൂപങ്ങൾ
നിർമ്മിച്ചിരുന്നത്. ഉദയഗിരി,
എല്ലോറ, ഖജൂരാഹോ എന്നിവിടങ്ങളിലും ജൈന കലയുടെ
മാതൃകകൾ കാണാം.
മൗര്യന്മാരുടെ
വാസ്തുവിദ്യ
ഇന്ത്യൻ
കലയെ സംബന്ധിച്ചിടത്തോളം മൗര്യൻ കാലഘട്ടം ഒരു വലിയ നാഴികക്കല്ലായിരുന്നു.
മൗര്യന്മാർ സംഘടിത കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. മൗര്യൻ
ചക്രവർത്തിമാരെല്ലാം വലിയ കലാപ്രോത്സാഹകരായിരുന്നു. ചന്ദ്രഗുപ്‌തമൗര്യൻ തടികൊണ്ട്
പലതരം കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നു. അശോകന്റെ കാലത്ത് ശിലകൊണ്ട് ഉയർന്ന
മേന്മയുള്ള അനേകം സ്‌മാരകങ്ങൾ നിർമ്മിക്കപ്പെടുകയുണ്ടായി.
മൗര്യ
കാലഘട്ടത്തിൽ മുഖ്യമായും നാലുതരത്തിലുള്ള കലാശില്‌പങ്ങളാണ് ഉണ്ടായിരുന്നത്.
(1)
സ്‌തംഭങ്ങൾ
(3)
കൊട്ടാരങ്ങൾ
(2)
സ്‌തൂപങ്ങൾ
(4)
ഗുഹകൾ
മൗര്യൻ
കലയുടെ ഏറ്റവും മികച്ച മാതൃക അവരുടെ ശിലാസ്തംഭങ്ങളാണ് (pillars). അവ ഒറ്റക്കല്ലിൽ കൊത്തിയെടുത്തവയാണ്.
രണ്ടുതരത്തിലുള്ള കല്ലുകൾകൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നത്. (1) ചുവപ്പും വെളുപ്പും നിറമുള്ള
മണൽക്കല്ലുകൊണ്ട് (2)
ഇളം മഞ്ഞനിറമുള്ള
മണൽക്കല്ലുകൊണ്ട്. ഒരു സ്തംഭത്തിന് മൂന്നു ഭാഗങ്ങളുണ്ട്: തറയ്ക്കു കീഴെയുള്ള
താങ്ങ്, തൂണ്, മകുടം. ചില സ്തംഭങ്ങളുടെ തറയിൽ
ചിത്രങ്ങൾ കൊത്തിവെച്ചിട്ടുണ്ട് (ഉദാ:മയിലിന്റെ ചിത്രം). തൂണ് ഒറ്റക്കല്ലിൽ
നിർമ്മിച്ചതാണ്. മകുടത്തിൽ (capital)
ഒന്നോ അതിലധികമോ
ചിത്രങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. സിംഹം, ആന, കാള, ധർമ്മചക്രം, താമര എന്നിവയുടെ ചിത്രങ്ങളാണ്
കാണപ്പെടുന്നത്. ശിലാസ്തംഭങ്ങളിൽ ഏറ്റവും മികച്ചത് സാരാനാഥിലെയാണ്. സാരാനാഥ് സ്‌തംഭത്തിന്റെ
മകുടത്തിൽ പുറംതിരിഞ്ഞിരിക്കുന്ന നാലു സിംഹങ്ങളുടെ രൂപമുണ്ട്. ഇന്ത്യാ
ഗവൺമെന്റിന്റെ ദേശീയ ചിഹ്നമായി സ്വീകരിച്ചിട്ടുള്ളത് ഈ രൂപത്തെയാണ്.
കല്ലുകൊണ്ടോ
ഇഷ്ട്ടികകൊണ്ടോ സ്‌തംഭരൂപാകൃതിയിൽ നിർമ്മിക്കപ്പെട്ടവയാണ് സ്‌തൂപങ്ങൾ. അതിനു
ചുറ്റുമായി കല്ലുകൊണ്ടോ ഇഷ്ടികകൊണ്ടോ നിർമ്മിച്ച ഒരു കൈവരിയുണ്ടാകും. ഇവയിൽ
മനോഹരമായ കൊത്തുപണികളും ഒരു കവാടവുമുണ്ട്. സ്‌തൂപത്തിന്റെ നിറുകയിൽ ഒരു സ്തംഭവും
മകുടവും ഉണ്ടാരിക്കും. ബുദ്ധന്റെയും ബൗദ്ധ സന്യാസിമാരുടെയും സ്‌മാരകങ്ങൾ പ്രതിഷ്‌ഠിക്കുന്നതിനുവേണ്ടിയാണ്
സ്‌തൂപങ്ങൾ പണികഴിപ്പിച്ചത്. അതിനാൽ സ്‌തൂപങ്ങൾക്ക് മതപരമായ വിശുദ്ധി
ലഭിച്ചിരുന്നു. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലുമായി അസംഖ്യം സ്തൂപങ്ങൾ അശോകൻ
സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ സാഞ്ചിയിലെ സ്‌തൂപം (ഭോപ്പാലിനടുത്ത്) അതിമനോഹരമായ
കലാസൃഷ്‌ടിയാണ്.
അശോകന്റെ
ഭരണകാലത്ത് അനേകം കൊട്ടാരങ്ങൾ നിർമ്മിക്കപ്പെടുകയുണ്ടായി. പാടലിപുത്രത്തിലെ
കൊട്ടാരത്തിന്റെ പ്രൗഢിയെ വിദേശീയർപോലും വാഴ്ത്തിയിട്ടുണ്ട്. ഈ കൊട്ടാരം 'അമാനുഷ കരങ്ങളുടെ' സൃഷ്‌ടിയാണെന്നാണ് ഫാഹിയാൻ പറയുന്നത്.
പാടലിപുത്രത്തിലെ കൊട്ടാരത്തിന്റെയും നഗരത്തിന്റേയും നിർമ്മാണത്തിൽ അക്കേമീനിയൻ
സംസ്‌കാരത്തിന്റെ സ്വാധീനം പതിഞ്ഞു കാണുന്നുണ്ട്. പാടലിപുത്രത്തിലെ 'നൂറു തൂണുകളുള്ള ഹാൾ' മൗര്യൻ കെട്ടിടനിർമ്മാണകലയുടെ മറ്റൊരു
മികച്ച ഉദാഹരണമാണ്. ഭിക്ഷുകൾക്ക് താമസിക്കാനായി പാറകൾ തുരന്ന് മനോഹരമായ അനേകം
ഗുഹകൾ ഇക്കാലത്ത് നിർമ്മിക്കുകയുണ്ടായി. ഗുഹകളുടെ ഉൾഭാഗത്തുള്ള ചുമരുകൾ
കണ്ണാടിപോലെ മിനുസപ്പെടുത്തിയിരുന്നു. ഗയയുടെ അടുത്തുള്ള നാഗാർജ്ജുന-ബരാബർ
കുന്നുകളിൽ അത്തരത്തിലുള്ള നിരവധി ഗുഹകൾ കാണാം. ലാളിത്യവും സ്ഥലതയുമാണ് മൗര്യൻ
കലയുടെ രണ്ടു പ്രധാന സവിശേഷതകൾ. മൗര്യൻ ചക്രവർത്തിമാരുടെ അധികാരത്തെക്കുറിച്ചും
പ്രതാപത്തെക്കുറിച്ചും ജനങ്ങളിൽ മതിപ്പുളവാക്കുക എന്നതായിരുന്നു മൗര്യൻ കലയുടെ
പ്രധാന ലക്ഷ്യം. മൗര്യൻ കലയ്ക്ക് സാമൂഹ്യമായ വേരുകളുണ്ടായിരുന്നില്ല. അതിനാൽ
പിൽക്കാലത്ത് ഇന്ത്യയിലുണ്ടായ കലാപരമായ വികസനങ്ങളെ സ്വാധീനിക്കുന്നതിൽ അതു
പരാജയപ്പെട്ടു.
ഗുപ്തന്മാരുടെ വാസ്‌തുവിദ്യ
ഗുപ്തരാജാക്കന്മാർ
വാസ്‌തുവിദ്യയെ പ്രോത്സാഹിപ്പിച്ചിരുന്നു. നിരവധി ക്ഷേത്രങ്ങളും വിഹാരങ്ങളും
സ്ഥാപനങ്ങളും സ്‌തംഭങ്ങളും അവർ പണികഴിപ്പിച്ചു. ഇവയിൽ കല്ലുകൊണ്ടു നിർമ്മിച്ച കെട്ടിടങ്ങൾ
വിദേശാക്രമണങ്ങളെപ്പോലും അതിജീവിക്കുകയുണ്ടായി. ഗുപ്തക്ഷേത്രങ്ങൾ തദ്ദേശീയ
ശൈലിയിലാണ് നിർമ്മിക്കപ്പെട്ടിരുന്നത്. ചതുരാകൃതിയിലുള്ള ഒരു ഗർഭഗൃഹവും
(പ്രതിഷ്ഠാമുറി) അതിനു മുന്നിലായി മനോഹരമായി അലങ്കരിച്ച തൂണുകളോടുകൂടിയ ഒരു
മണ്ഡപവും ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ പുറം ചുവരുകൾ
അലങ്കരിക്കപ്പെട്ടിരുന്നില്ല. ക്ഷേത്രനിർമ്മാണത്തിന് മൺകട്ടകൾക്കുപകരം
കല്ലുപയോഗിക്കുന്ന രീതി ഇക്കാലത്താണ് പ്രചാരം നേടിയത്. ഉയർന്ന പ്ളാറ്റ് ഫോമിലാണ്
ക്ഷേത്രം പണിതുയർത്തിയിരുന്നത്. ഗുപ്‌തകാലത്തെ ക്ഷേത്രങ്ങൾ ലളിതവും ആകർഷണീയവുമായിരുന്നു.
വാസ്‌തുശില്‌പകലയുടെ യാതൊരു ഗാംഭീര്യവും അതിന് അവകാശപ്പെടാനില്ല. അക്കാലത്തെ
പ്രധാന ക്ഷേത്രങ്ങൾ താഴെപ്പറയുന്നവയാണ്.
(1)
ദശാവതാരക്ഷേത്രം
: ഝാൻസി
(2)
ശിവക്ഷേത്രം :
പ്രൂമര
(3)
പാർവ്വതിക്ഷേത്രം
: നച്ച്‌ന
(4)
വിഷ്‌ണുക്ഷേത്രം
: ജബൽപ്പൂർ
(5) ഭിത്തർഗാവിലെ ക്ഷേത്രം : കാൺപൂർ (ഇഷ്‌ടികക്ഷേത്രം)