ചരിത്രാതീതകാല സംസ്കാരം
ശിലായുഗം
പുരാവസ്തുശാസ്ത്രജ്ഞന്മാരും
പണ്ഡിതന്മാരും ഇന്ത്യയുടെ ചരിത്രത്തെ വളരെയധികം പുറകോട്ടുകൊണ്ടുപോയി. പ്രാക്ചരിത്ര
കാലഘട്ടം അഥവാ ചരിത്രാതീതകാലം മുതലുള്ള ഇന്ത്യയുടെ ചരിത്രപരമായ പരിണാമത്തെ അവർ
പുനർനിർമ്മിക്കാൻ ശ്രമിച്ചു. ശിലാ-ലോഹ യുഗങ്ങളോടുകൂടിയ ഒരു ചരിത്രാതീതകാലം ഇന്ത്യക്കുണ്ടായിരുന്നു.
ശിലായുഗത്തെ പൊതുവെ മൂന്നുഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. പ്രാചീന ശിലായുഗം, മധ്യ ശിലായുഗം, നവീന ശിലായുഗം. ഓരോ കാലഘട്ടത്തിലെയും
ജനങ്ങൾ ഉപയോഗിച്ചിരുന്ന ശിലായുധങ്ങൾ, അവരുടെ
ജീവിതോപായ മാർഗ്ഗങ്ങൾ എന്നിവയെ ആധാരമാക്കിയാണ് ഈ വിഭജനം നടത്തിയിട്ടുള്ളത്.
പ്രാചീന
ശിലായുഗം
ശിലായുഗത്തിന്റെ
പ്രഥമ ഘട്ടത്തെ പ്രാചീന ശിലായുഗം എന്നു വിളിക്കുന്നു. 'പാലിയോ', 'ലിത്തിക്' എന്നീ പദങ്ങളിൽ നിന്നാണ് ഈ വാക്കിന്റെ
ഉത്ഭവം. 'പാലിയോ' എന്നാൽ പ്രാചീനം എന്നും 'ലിത്തിക്' എന്നാൽ ശില എന്നുമാണ് അർത്ഥം.
പ്രാചീനശിലായുഗം വളർച്ച പ്രാപിച്ചത് ഹിമയുഗത്തിലാണ്. പ്രാചീന ശിലായുഗത്തിലെ
മനുഷ്യർ മിനുസപ്പെടുത്താത്ത പരുക്കൻ ശിലായുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. കൈകോടാലി, വെട്ടുളി, പിളർപ്പുളി, കൽപ്പാളികൾ എന്നിവയാണ് അവരുടെ പ്രധാന
ശിലായുധങ്ങൾ. ഇന്ത്യയിലെ പ്രാചീന ശിലായുഗമനുഷ്യർ ആയുധങ്ങൾ നിർമ്മിച്ചിരുന്നത്
വെള്ളാരൻ കല്ലുകൊണ്ടാണ്. ഇക്കാരണത്താൽ പുരാവസ്തുശാസ്ത്രജ്ഞർ അവരെ 'വെള്ളാരൻകല്ലു മനുഷ്യർ' എന്നു വിശേഷിപ്പിക്കാറുണ്ട്.
മധ്യശിലായുഗം
പ്രാചീന
ശിലായുഗത്തിൽനിന്ന് നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനഘട്ടത്തെയാണ് മധ്യശിലായുഗം
എന്നു വിളിക്കുന്നത്. പ്രാചീന - നവീന ശിലായുഗങ്ങൾക്കിടയിലുള്ള ഈ ഘട്ടം ബി.സി.9000 ഓടെയാണ് ഇന്ത്യയിലാരംഭിച്ചതെന്ന്
കരുതപ്പെടുന്നു. മധ്യശിലായുഗത്തിലെ മനുഷ്യർ 'മൈക്രോലിത്തുകൾ' എന്നറിയപ്പെട്ട ചെറു ശിലായുധങ്ങളാണ്
ഉപയോഗിച്ചിരുന്നത്. മൂർച്ചയുള്ള കത്തി, ഏറുകുന്തം, അമ്പ് എന്നിവയായിരുന്നു അവരുടെ പ്രധാന
ആയുധങ്ങൾ. മിക്ക ആയുധങ്ങൾക്കും ഒരിഞ്ചോളം മാത്രമേ നീളമുണ്ടായിരുന്നുള്ളൂ. അതിനാൽ
മരക്കൊമ്പുകളിലോ എല്ലുകളിലോ ഉറപ്പിച്ചാണ് ഈ ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്.
സ്ഫടികശിലകളുടെ പരന്ന പാളികളിൽനിന്നാണ് 'മൈക്രോലിത്തുകൾ' നിർമ്മിച്ചത്. .
നവീനശിലായുഗം
ഇന്ത്യയിൽ
നവീനശിലായുഗം ആരംഭിച്ചത് ബി.സി 6000 ലാണെന്ന് കരുതപ്പെടുന്നു.
ചെത്തിമിനുക്കിയ ആയുധങ്ങൾ ഉപയോഗിച്ചുതുടങ്ങി. കല്ലിനെ ഉരച്ച് മിനുസപ്പെടുത്തിയാണ്
അവർ ആയുധങ്ങൾ നിർമ്മിച്ചിരുന്നത്. 'സെൽറ്റ്' എന്നറിയപ്പെടുന്ന കൈമഴു ആയിരുന്നു
അവരുടെ പ്രധാന ആയുധം. മനുഷ്യൻ കൃഷി ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. അവർ മൃഗങ്ങളെ
ഇണക്കി വളർത്താനും തുടങ്ങി. നാടോടി ജീവിതം ഉപേക്ഷിച്ച് അവർ ഒരിടത്ത്
താമസമാരംഭിച്ചു. ഇതോടെ കാർഷിക ഗ്രാമങ്ങൾ ഉയർന്നുവന്നു. ഈ കാർഷിക സമൂഹങ്ങൾക്ക്
മിചോല്പാദനം നടത്താൻ കഴിഞ്ഞു. മിച്ചം വരുന്ന ധാന്യങ്ങളും മറ്റും
സംഭരിച്ചുവെക്കുന്നതിനായി അവർ മൺപാത്രങ്ങൾ നിർമ്മിച്ചു.
ശിലാ
- താമ്രയുഗം
നവീന
ശിലായുഗത്തിന്റെ അവസാനത്തോടെ ലോഹങ്ങൾ കണ്ടുപിടിക്കുകയും 'ലോഹയുഗം' ആരംഭിക്കുകയും ചെയ്തു. ആദ്യമായി
കണ്ടുപിടിച്ച ലോഹം ചെമ്പ് ആയിരുന്നു. ചെമ്പിന്റെ ഉപയോഗം മനുഷ്യർ
ആരംഭിച്ചുവെങ്കിലും ശിലകൾകൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല.
അതിനാൽ, ശിലകൾകൊണ്ടും
ചെമ്പുകൊണ്ടുമുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ ശിലാ - താമ്രയുഗം
എന്നുവിളിക്കുന്നു. ശിലാ - താമ്രയുഗത്തിൽ സാങ്കേതികവിദ്യ ഏറെ പുരോഗതി
പ്രാപിച്ചിരുന്നു. ലോഹവിദ്യ അവർക്കു സുപരിചിതമായിരുന്നു. സാങ്കേതികവിദ്യയിലെ
മുന്നേറ്റം പ്രത്യേക തൊഴിലുകളിൽ ഏർപ്പെടാൻ ജനങ്ങളെ സഹായിച്ചു. ശിലാ -
താമ്രയുഗത്തിൽ മനുഷ്യർ ആഭരണങ്ങൾ,
ചെമ്പുപാത്രങ്ങൾ, വജ്രാഭരണങ്ങൾ എന്നിവ
നിർമ്മിച്ചിരുന്നു.
വെങ്കല
യുഗം
ചെമ്പിനോടുകൂടി
ഈയമോ നാകമോ ചേർത്ത് കാഠിന്യമുള്ള വെങ്കലം ഉണ്ടാക്കാനുള്ള വിദ്യ കണ്ടെത്തി. ക്രമേണ
മനുഷ്യർ വെങ്കലം ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു.
വെങ്കലത്തിന്റെ ഉപയോഗം വർദ്ധിച്ചപ്പോൾ ആ കാലഘട്ടം വെങ്കലയുഗം എന്നറിയപ്പെടാൻ
തുടങ്ങി.