സൂഫി പ്രസ്ഥാനം
സൂഫി എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥം 'കമ്പിളി വസ്ത്രം ധരിക്കുന്നവർ' എന്നാണ്. വിശുദ്ധ ഖുറാനിൽനിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ഒരു പരിഷ്കരണ പ്രസ്ഥാനമാണ് സൂഫിസം. ബുദ്ധമതം, ജൈനമതം, ഹിന്ദുമതം എന്നിവയും സൂഫിസത്തെ സ്വാധീനിക്കുകയുണ്ടായി. പശ്ചിമേഷ്യയിൽ ആരംഭിച്ച സൂഫിസം സുൽത്താനേറ്റ് കാലഘട്ടത്തിൽ ഇന്ത്യയിൽ വേരുറപ്പിക്കുകയും പ്രചാരം നേടുകയും ചെയ്തു. സൂഫികൾ അജ്ഞേയവാദികളായിരുന്നു. ഖുറാനിലെ പ്രബോധനങ്ങൾ, ആചാരങ്ങൾ, സുന്ന എന്നിവയെക്കുറിച്ച് അവർക്ക് സ്വന്തമായ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. സൂഫിസത്തിന്റെ തത്ത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
• സമ്പത്ത് പ്രദർശിപ്പിക്കുന്നതിനെ സൂഫികൾ വെറുത്തു. അവർ ലളിതജീവിതത്തിന് പ്രാധാന്യം നൽകി.
• സൂഫികൾ ഏകദൈവത്തിൽ വിശ്വസിച്ചു. എല്ലാ ജനങ്ങളും ദൈവത്തിന്റെ സന്തതികളാണ്. ദൈവം സർവ്വവ്യാപിയാണ്.
• സൂഫികൾ സ്നേഹത്തിനും ഭക്തിക്കും ഊന്നൽ നൽകി. അവരുടെ ദർശനത്തിന്റെ അടിസ്ഥാനം സ്നേഹമായിരുന്നു. സ്നേഹത്തിലൂടെ ദൈവത്തെ പ്രാപിക്കാമെന്ന് അവർ വിശ്വസിച്ചു. ആചാരങ്ങളും വ്രതങ്ങളും ആഘോഷങ്ങളുമെല്ലാം നിരർത്ഥകമാണെന്ന് അവർ പ്രഖ്യാപിച്ചു. സൂഫികളായിരുന്ന ബസാരി, റാബിയ എന്നിവർ പ്രാർത്ഥനക്കും ഉപവാസത്തിനും ദൈവസ്നേഹത്തിനുമാണ് പ്രാധാന്യം നൽകിയത്.
• ആശ്രമജീവിതം, തപസ്സ്, ധ്യാനം, ശ്വാസനിയന്ത്രണം തുടങ്ങിയ അനുഷ്ഠാനങ്ങൾക്ക് സൂഫികൾ പ്രാധാന്യം നൽകി.
