ഉത്തരേന്ത്യൻ ഭക്തി പ്രസ്ഥാനം
ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും പൊതുവെ ഭക്തി പ്രസ്ഥാനം എന്നു പറയുന്നു. ഒരു ജനകീയ പ്രസ്ഥാനമായി ഭക്തി ആദ്യം വളർന്നുവന്നത് ദക്ഷിണേന്ത്യയിലാണ്. തമിഴ്‌നാട്ടിൽ ആരംഭിച്ച ഭക്തി പ്രസ്ഥാനം പിൽക്കാലത്ത് ഉത്തരേന്ത്യയിലേക്കു വ്യാപിച്ചു. ഭക്തിപ്രസ്ഥാനത്തിന്റെ പ്രധാന സവിശേഷതയായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത് അതിലെ സജീവ സ്ത്രീ സാന്നിധ്യമാണ്. ഭക്തിയുടെ ആശയങ്ങൾ ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചത് പണ്ഡിതന്മാരും സന്യാസികളുമാണ്. ജ്ഞാനേശ്വരൻ, നാമദേവൻ, രാമാനന്ദൻ, കബീർ, ഗുരുനാനാക്ക്, വല്ലഭാചാര്യ, ചൈതന്യ, മീരാബായ് എന്നിവരാണ് ഭക്തിപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കൾ.
ഭക്തിപ്രസ്ഥാനത്തിന്റെ
ഫലങ്ങൾ
◆ ജാതി
വിവേചനത്തിനെതിരായ സാമൂഹിക സമത്വം എന്ന ചിന്ത ഭക്തിപ്രസ്ഥാനം മൂലം ശക്തിപ്പെട്ടു.
◆ സ്ത്രീ
- പുരുഷ സമത്വം എന്ന ആശയം രൂപപ്പെടാൻ തുടങ്ങി.
◆ ജാതിയിൽ
പിന്നാക്കക്കാരായ കബീറും ലാൽദേദും ഭക്തിപ്രസ്ഥാനത്തെ നയിച്ചപ്പോൾ സാമൂഹിക
സമത്വമെന്ന ആശയത്തിൽ പ്രചാരം ലഭിച്ചു.
◆ പ്രാദേശിക
ഭാഷകൾ വികസിച്ചു.
◆ അനാചാരങ്ങൾ
ചോദ്യം ചെയ്യപ്പെട്ടു.
◆ യാഥാസ്ഥിതിക
ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.
◆ സ്ത്രീകൾക്കും
കീഴ്‌ജാതിക്കാർ എന്നു മാറ്റിനിർത്തപ്പെട്ടവർക്കും പ്രാതിനിധ്യം നൽകി.
◆ സാഹിത്യത്തിലും
സംഗീതത്തിലും സംഭാവനകൾ നൽകി.
ഭക്തി പ്രസ്ഥാനത്തിലെ നേതാക്കൾ
ജ്ഞാനേശ്വരൻ : ഭക്തിപ്രസ്ഥാനത്തിലെ ആദ്യകാല ആചാര്യന്മാരിൽ ഒരാളായ ജ്ഞാനേശ്വരൻ മഹാരാഷ്ട്രയിലെ സന്യാസിയായിരുന്നു. ഭഗവദ്ഗീതയ്ക്ക് അദ്ദേഹം ഒരു ഭാഷ്യം തയ്യാറാക്കി. അതിൽ ജ്ഞാനം, കർമ്മം, ഭക്തി എന്നിവയ്ക്ക് അദ്ദേഹം തുല്യപ്രാധാന്യം നൽകി. സാധാരണക്കാർക്ക് ഗീത മനസ്സിലാകുന്നതിനുവേണ്ടി അവരുടെ ഭാഷയായ മറാത്തിയിലാണ് അദ്ദേഹം എഴുതിയത്.
നാമദേവൻ : ജ്ഞാനേശ്വരന്റെ പിൻഗാമിയായിരുന്ന നാമദേവൻ ഒരു തയ്യൽക്കാരനായിരുന്നു. സന്യാസം സ്വീകരിക്കുന്നതിനുമുമ്പ് കുറേക്കാലം അദ്ദേഹം ഒരു കൊള്ളക്കാരനായി ജീവിച്ചു. മറാത്തിയിൽ രചിച്ച അദ്ദേഹത്തിന്റെ കവിതകൾ അഗാധസ്നേഹത്തിന്റെയും ദൈവാരാധനയുടെയും മഹത്വം വാഴ്ത്തുന്നു. ദൈവത്തിന്റെ ഏകതയിൽ വിശ്വസിച്ചിരുന്ന നാമദേവൻ ഈശ്വരസ്നേഹത്തിലൂടെ മാത്രമേ മോക്ഷം നേടാൻ കഴിയുകയുള്ളൂവെന്ന് പ്രചരിപ്പിച്ചു. വിഗ്രഹാരാധനയും ബാഹ്യമായ അനുഷ്ഠാനങ്ങളും മനുഷ്യരെ മോക്ഷത്തിലേക്ക് നയിക്കുകയിലെന്ന് അദ്ദേഹം വിശ്വസിച്ചു. നാമദേവനുശേഷം തുക്കാറാമും രാമദാസും മഹാരാഷ്ട്രയിലെ ഭക്തിപ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുത്തു.
രാമാനന്ദൻ : ഭക്തിപ്രസ്ഥാനത്തിന്റെ മറ്റൊരു ആചാര്യനായിരുന്ന രാമാനന്ദൻ അലഹബാദിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ജനിച്ചത്. വിഷ്ണുവിനുപകരം രാമനെ ആരാധിക്കുക എന്ന സമ്പ്രദായം ആവിഷ്കരിച്ചത് അദ്ദേഹമാണ്. കടുത്ത രാമഭക്തനായിരുന്ന അദ്ദേഹം നാലുവർണ്ണങ്ങളിൽപ്പെട്ടവരിലും തന്റെ ഭക്തിസിദ്ധാന്തം പ്രചരിപ്പിച്ചു. വിവിധ ജാതിക്കാർ ഒരുമിച്ച് പാചകം ചെയ്യുന്നതിനും ഭക്ഷിക്കുന്നതിനുമുണ്ടായിരുന്ന നിരോധനം അദ്ദേഹം അവഗണിച്ചു. കീഴ്ജാതിക്കാരുൾപ്പെടെ എല്ലാ ജാതിയിൽപ്പെട്ടവരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി ഉണ്ടായിരുന്നു. രാമാനന്ദന്റെ പ്രധാനപ്പെട്ട 12 ശിഷ്യന്മാരിൽ രവിദാസ് ചെരുപ്പുകുത്തിയും, കബീർ നെയ്ത്തുകാരനും, സേന ക്ഷുരകനും, സധനൻ അറവുകാരനുമായിരുന്നു.
ഗുരുനാനാക്
: വളരെ ചെറുപ്പത്തിൽ തന്നെ പഞ്ചാബി, സംസ്കൃതം, ഹിന്ദി, പാർസി എന്നീ ഭാഷകളിൽ പ്രാവിണ്യം നേടി.
ഏകദൈവ വിശ്വാസത്തിൽ ഊന്നൽ നൽകിയ അദ്ദേഹം ഹിന്ദു, ഇസ്ലാം മതങ്ങളിലെ തത്വങ്ങളെ
ഏകീകരിക്കാൻ ശ്രമിച്ചു. മതസഹിഷ്ണുത, സാർവത്രിക
സാഹോദര്യം എന്നീ ആശയങ്ങളുടെ വക്താവായിരുന്നു അദ്ദേഹം. ഹിന്ദു-ഇസ്ലാം മതങ്ങളിലെ
ബാഹ്യാനുഷ്ഠാനങ്ങളെയും വിഗ്രഹാരാധന, തീർത്ഥാടനം
തുടങ്ങിയവയെയും അദ്ദേഹം എതിർത്തു. ഗൃഹസ്ഥന്റെ ചുമതലകൾ ആത്മീയ ജീവിതത്തോടൊപ്പം
കൊണ്ടുപോകുന്ന മധ്യമാർഗം പ്രോത്സാഹിപ്പിച്ചു. ഗുരു നാനാക്കിന്റെ സംഭാവനയായ
പ്രാർത്ഥന ഗീതങ്ങൾ ഷാബാദ് എന്നറിയപ്പെടുന്നു. തന്റെ അനുയായികൾ ഒരു പൊതു അടുക്കള
(ലംഗർ) യിൽ നിന്ന് ഭക്ഷണം കഴിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം നിർദേശിച്ചു.
നാനാക്കിന്റെ ആശയങ്ങൾ പിൽക്കാലത്ത് സിഖ് മതത്തിന്റെ ഉത്ഭവത്തിൻ വഴിതെളിച്ചു.
വല്ലഭാചാര്യ : വിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്റെ ഭക്തനായിരുന്ന വല്ലഭാചാര്യൻ ബനാറസിനടുത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണകുടുംബത്തിലെ അംഗമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം കൃഷ്ണദേവരായരുടെ രാജസദസ്സിലേക്കു പോയ അദ്ദേഹം അവസാനം കാശ്മീരിൽ സ്ഥിരതാമസമാക്കുകയും കൃഷ്ണഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.
ചൈതന്യൻ : വല്ലഭാചാര്യന്റെ സമകാലികനായിരുന്ന ചൈതന്യൻ വൈഷ്ണവ സന്യാസിമാരിൽ ഏറ്റവും പ്രശസ്തനായിരുന്നു. ബംഗാളിലെ നദിയയിൽ ഒരു ബ്രാഹ്മണകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ലൗകികജീവിതം ഉപേക്ഷിച്ച അദ്ദേഹം ശിഷ്ടകാലം തന്റെ സന്ദേശങ്ങളായ സ്നേഹവും ഈശ്വരാർപ്പണവും പ്രചരിപ്പിക്കുന്നതിനായി ചെലവഴിച്ചു. വൃന്ദാവനം ഉൾപ്പെടെ ഇന്ത്യ മുഴുവൻ അദ്ദേഹം സഞ്ചരിക്കുകയും അവിടെയെല്ലാം കൃഷ്ണഭക്തി പുനരുദ്ധീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ചൈതന്യൻ കീർത്തനങ്ങൾ പ്രചരിപ്പിച്ചു. സ്നേഹം, സമർപ്പണം, ഗാനം, നൃത്തം എന്നിവയിലൂടെ ഈശ്വരസാന്നിദ്ധ്യം അനുഭവിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ചൈതന്യൻ തന്റെ സന്ദേശം ജാതി-വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങൾക്കിടയിലും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ അനുയായികളിൽ ചിലർ ഹൈന്ദവ സമൂഹത്തിലെ താഴ്ന്ന തട്ടിൽനിന്നുള്ളവരായിരുന്നു.വിഗ്രഹാരാധനയെ അദ്ദേഹം എതിർത്തിരുന്നില്ല. അതേസമയം അദ്ദേഹം ഒരു പാരമ്പര്യവാദിയുമായിരുന്നില്ല.
മീരാഭായി
: ഉത്തരേന്ത്യൻ ഭക്തി പ്രസ്ഥാനത്തിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ്
മീരാഭായിയുടേത്. രാജാസ്ഥാനിലെ മാർവാറിലെ മേർട്ട എന്ന നാട്ടുരാജ്യത്തിലെ രജപുത്ര
രാജകുമാരിയായിരുന്നു മീര. രാജസ്ഥാനിലെ ചിത്തോറിലെ റാണാ സംഗയുടെ മകൻ ഭോജനുമായി
മീരയുടെ വിവാഹം നടത്തി. പക്ഷേ വിവാഹജീവിതത്തിൽ താല്പര്യമില്ലാതിരുന്ന മീര, കൊട്ടാരം ഉപേക്ഷിച്ച് സംഗീതവുമായി
നാട്ടിലെങ്ങും സഞ്ചരിച്ചു. കൃഷ്ണനെ ഭജിക്കുന്ന മീരയുടെ ഭക്തിഗാനങ്ങൾ 'ഭജനുകൾ' എന്ന് അറിയപ്പെടുന്നു. കൃഷ്ണനെ സംബോധന
ചെയ്തുകൊണ്ടുള്ള ധാരാളം ഭജനകൾ മീരാഭായ് രചിച്ചു. തുകൽപണിക്കാരനായ റയിദാസിനെ മീര
ഗുരുവായി സ്വീകരിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അത്.
ജനങ്ങൾ മീരയെ 'ഭക്തമീര' എന്നാണ് വിളിച്ചിരുന്നത്.
