ഇന്ത്യയിലെ കലണ്ടറുകൾ

Arun Mohan
0

ഇന്ത്യയിലെ കലണ്ടറുകൾ

ചന്ദ്രപഞ്ചാംഗവും സൗരപഞ്ചാംഗവും

ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ ചന്ദ്രപഞ്ചാംഗമെന്നും സൂര്യനെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ സൗരപഞ്ചാംഗമെന്നും അറിയപ്പെടുന്നു. ചന്ദ്രനെ ആധാരമാക്കിയുള്ള കലണ്ടർ ആദ്യമായി തയ്യാറാക്കിയത് മെസോപ്പൊട്ടേമിയക്കാരാണ്. ഒരു ദിവസത്തെ 24 മണിക്കൂറുകളായി വിഭജിച്ചതും മെസോപ്പൊട്ടേമിയക്കാരാണ്. സൂര്യനെ ആധാരമാക്കിയുള്ള സൗരപഞ്ചാംഗം ആദ്യമായി തയ്യാറാക്കിയത് ഈജിപ്തുകാരാണ്.

വിക്രമാബ്ദം

ബി.സി. 58-ൽ ഉജ്ജയിനിയിലെ വിക്രമാദിത്യൻ എന്ന രാജാവ്‌ ശകരാജാവിനെ (അസെസ്‌) തോല്‍പ്പിച്ചുവെന്നും അതിന്റെ വിജയം ആഘോഷിക്കാൻ വിക്രമാബ്ദം എന്ന പുതിയ സംവത്സരം തുടങ്ങി എന്നും കരുതപ്പെടുന്നു. കൃതവര്‍ഷം, മാളവവര്‍ഷം എന്നീ പേരുകളിലും അത്‌ അറിയപ്പെടുന്നു.

ശകവർഷം

ഇന്ത്യയുടെ ദേശീയ കലണ്ടറാണ് ശകവർഷം. കുശാന രാജാവായ കനിഷ്‌ക്കനാണ് എ.ഡി.78-ൽ ശകവർഷം ആരംഭിച്ചത്. 1957 മാർച്ച് 22 നാണ് ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത്. 12 മാസങ്ങളുളള ശകവർഷത്തിലെ ആദ്യമാസം ചൈത്രവും, അവസാനമാസം ഫാൽഗുനവുമാണ്. ചൈത്രം, വൈശാഖം, ജ്യേഷ്‌ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാർത്തികം, ആഗ്രഹായണം, പൗഷം, മാഹം, ഫാൽഗുനം എന്നിവയാണ് ശകവർഷ മാസങ്ങൾ. 2024 എന്നത് ശകവർഷപ്രകാരം 1946 ആയിരുന്നു.

ഹിജറാ കലണ്ടർ

ഇസ്‌ലാംമതത്തിലെ ഔദ്യോഗിക കലണ്ടറാണ് ഹിജറാ കലണ്ടർ. ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള 12 മാസങ്ങളാണ് ഹിജറാ കലണ്ടറിലുളളത്. മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത എ.ഡി.622 മുതലാണ് ഹിജറവർഷം ആരംഭിക്കുന്നത്. ഇസ്‌ലാമിക കലണ്ടറിലെ ആദ്യമാസം മുഹർറമും, അവസാനമാസം ദുൽഹജ്ജുമാണ്.

ജൂലിയൻ കലണ്ടർ

ബി.സി. 46-ൽ ജൂലിയസ് സീസർ ആരംഭിച്ചതാണ് ജൂലിയൻ കലണ്ടർ. സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരമാണ് ജൂലിയസ് സീസർ കലണ്ടർ ആരംഭിച്ചത്. ജൂലിയൻ കലണ്ടറിൽ 365 ദിവസങ്ങൾ ഉണ്ടായിരുന്നു. 'അധിവർഷം' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ജൂലിയൻ കലണ്ടറാണ്.

ഗ്രിഗോറിയൻ കലണ്ടർ

ലോകത്ത് ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കലണ്ടർ സംവിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ. 1582-ൽ ഗ്രിഗോറിയൻ കലണ്ടർ സ്ഥാപിച്ചത് ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയാണ്. ജൂലിയൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ചു കൊണ്ടാണ് ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നത്. അലോഷിയസ് ലിലിയസ് എന്ന ഭിഷഗ്വരനാണ് മാർപാപ്പയുടെ കല്പന അനുസരിച്ച് ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്. യേശുക്രിസ്തു ജനിച്ച വർഷമായ എ.ഡി.1 അടിസ്ഥാനമാക്കിയാണ് ഗ്രിഗോറിയൻ കലണ്ടറിൽ വർഷങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, പോളണ്ട് എന്നിവയാണ് ഗ്രിഗോറിയൻ കലണ്ടർ ആദ്യമായി അംഗീകരിച്ച രാജ്യങ്ങൾ. ജനവരി മുതൽ ഡിസംബർ വരെയുള്ള 12 മാസങ്ങളാണ് ഗ്രിഗോറിയൻ കലണ്ടറിലുളളത്. റോമൻ ഐതിഹ്യത്തിലെ ജാനസ് ദേവന്റെ പേരിൽ നിന്നാണ് ജനവരി മാസത്തിന് ആ പേര് ലഭിച്ചത്. കവാടങ്ങളുടെയും, വാതിലുകളുടെയും ദേവനാണ് ജാനസ്. 30 ദിവസത്തിൽ കുറവുളളതും, ഏറ്റവും ചെറുതുമായ മാസമാണ് ഫിബ്രവരി. നാലു വർഷത്തിലൊരിക്കലുള്ള അധിവർഷങ്ങളിൽ ഫിബ്രവരിക്ക് 29 ദിവസങ്ങളുണ്ടാവും. 'ശുദ്ധീകരണം' എന്നർഥം വരുന്ന ഫിബ്രം എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഫിബ്രവരി എന്ന പേരുണ്ടായത്. മാർച്ച് മാസത്തിന് ആ പേര്‌ ലഭിച്ചത് റോമാക്കാരുടെ യുദ്ധദേവനായ മാർസിൽ നിന്നാണ്. ജൂനോ എന്ന റോമൻ ദേവതയുടെ പേരിൽ നിന്നാണ് ജൂൺ മാസത്തിന്റെ പേരുണ്ടായത്. ജൂലിയസ് സീസറുടെ സ്‌മരണാർഥം നാമകരണം ചെയ്യപ്പെട്ട മാസമാണ് ജൂലായ്.

പ്രാദേശിക കലണ്ടറുകൾ

മലയാളം കലണ്ടറാണ് കൊല്ലവർഷം. എ.ഡി.825-ൽ ഉദയ മാർത്താണ്ഡവർമയാണ് കൊല്ലവർഷം ആരംഭിച്ചതെന്നു കരുതപ്പെടുന്നു. സൂര്യനെ കേന്ദ്രീകരിച്ചുള്ള കലണ്ടർ സംവിധാനമാണ് കൊല്ലവർഷം. മലയാളം കലണ്ടറിലെ ആദ്യമാസം ചിങ്ങവും അവസാനമാസം കർക്കിടകവുമാണ്. സൂര്യനെ ആധാരമാക്കിയുള്ള തമിഴ് കലണ്ടറിനും 12 മാസങ്ങളുണ്ട്. തമിഴ് കലണ്ടറിലെ ആദ്യ മാസം ചിത്തിരൈയും അവസാനമാസം പങ്കുനിയുമാണ്.

Post a Comment

0 Comments
Post a Comment (0)