ഇന്ത്യയിലെ
ശില്‌പകല
ഗാന്ധാര
ശില്‌പകല
കനിഷ്കന്റെ
കാലത്ത് ഇന്ത്യയിൽ വളർന്നു വികസിച്ച ശില്‌പകലാരൂപമാണ് ഗാന്ധാര കല. ഗ്രീക്കോ-റോമൻ
ശില്‌പകലയും ഇന്ത്യൻ ശില്‌പകലയും തമ്മിൽ കൂടിച്ചേർന്നതിന്റെ ഫലമായാണ് ഈ ശില്പകലാശൈലി
രൂപംകൊണ്ടത്. യവന-ബൗദ്ധ കല എന്നും ഇതിനെ വിളിക്കാറുണ്ട്. ഗാന്ധാര കലയുടെ
മുഖ്യകേന്ദ്രം പെഷവാറായിരുന്നു. ഗാന്ധാര കലാസൃഷ്‌ടികളിൽ ഏറിയ ഭാഗവും ബുദ്ധ
പ്രതിമകളാണ്. ബുദ്ധന്റേയും ബോധിസത്വന്മാരുടേയും വിഗ്രഹങ്ങൾ അപ്പോളോ ദേവന്റെ
മാതൃകയിൽ അതീവ സുന്ദരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യശരീരത്തെ യഥാർത്ഥമായി, സൂക്ഷ്മമതയോടെ, വസ്ത്രത്തിന്റെ ചുളിവുകൾപോലും
വിട്ടുകളയാതെയാണ് ചിത്രീകരിച്ചിരുന്നത്. ഗാന്ധാര ശില്പ്‌പകലയുടെ പ്രതിപാദ്യ വിഷയം
ഭാരതീയവും ശൈലി ഗ്രീക്കോ റോമനുമാണ്. അതിനാൽ ഗാന്ധാര കലാകാരന് ഇന്ത്യക്കാരന്റെ
ഹൃദയവും ഗ്രീക്കുകാരൻ കൈകളുമാണ് ഉണ്ടായിരുന്നതെന്ന് പറയാറുണ്ട്. മഹായാന
ബുദ്ധമതത്തിന്റെ വളർച്ചക്ക് ഗാന്ധാര കല പ്രചോദമേകി. ഗാന്ധാരകലയുടേയും ബുദ്ധനെ
ദൈവമാക്കി ആരാധിക്കാൻ തുടങ്ങിയ മഹായാനത്തിന്റേയും വളർച്ച ഏതാണ്ട്
ഒപ്പത്തിനൊപ്പമായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വളർന്നുവന്ന ശില്‌പകല
ഗാന്ധാരകലാരീതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.
മഥുര
ശില്‌പകല
ബി.സി.
ഒന്നാം നൂറ്റാണ്ടിൽതന്നെ മഥുര ഒരു ശില്‌പകലാകേന്ദ്രമായി വളർന്നുതുടങ്ങിയിരുന്നു.
കുഷാനന്മാരുടെ വരവ് ഈ വളർച്ചയെ ത്വരിതപ്പെടുത്തി. എന്നാൽ മഥുര പ്രധാനമായും
സ്വദേശകലയുടെ ഒരു കേന്ദ്രമായിരുന്നു. ഗാന്ധാരകലയിൽനിന്നും വ്യത്യസ്‌തമായി
ഏറെക്കുറെ സ്വതന്ത്രമായ ഒരു കലാരീതിയാണ് മഥുര പിന്തുടർന്നിരുന്നത്. കുഷാന
രാജാക്കന്മാരുടെ നിരവധി പ്രതിമകൾ മഥുരയിൽ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ
കനിഷ്ക്കന്റെ തലയില്ലാത്ത പ്രതിമ പ്രത്യേകം ശ്രദ്ധേയമാണ്. മഥുരാ കലാരീതിയിലെ
ഏറ്റവും പ്രശസ്‌തമായ പ്രതിമ ഇതാണ്. മഥുരാ കലാകാരന്മാർ ഭംഗിയുള്ള ബുദ്ധപ്രതിമകളും
നിർമ്മിച്ചു. മഹാവീരന്റെ അനേകം കൽപ്രതിമകളും ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
എ.ഡി ആദ്യ നൂറ്റാണ്ടുകളിലാണ് മഥുരാ ശില്പകല വളർന്നുവികസിച്ചത്. ചുവന്ന
മണൽക്കല്ലുകൊണ്ടുള്ള ഇവിടത്തെ ശില്പങ്ങൾ മഥുരയ്ക്ക് പുറത്തും കാണപ്പെട്ടിട്ടുണ്ട്.
കുശാനകാലത്തെ ഇന്ത്യൻ ശില്പങ്ങളുടെ ഏറ്റവും വലിയ ശേഖരം ഇപ്പോഴുള്ളത് മഥുരയിലാണ്.
ഗുപ്തകല
ഗുപ്തകാലഘട്ടം അഭൂതപൂർവ്വമായ കലാപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ശില്‌പകല, ചിത്രകല, വാസ്തുശില്‌പം എന്നീ മേഖലകളിൽ ഗുപ്‌തന്മാർ മികച്ച സംഭാവനകൾ നൽകുകയുണ്ടായി. കലാരീതികൾ പൂർണ്ണത കൈവരിച്ചു. ഒപ്പം രൂപഭാവങ്ങളെക്കുറിച്ചുള്ള പുതിയ സൗന്ദര്യശാസ്ത്ര സങ്കല്പങ്ങൾ രൂപീകരിക്കപ്പെടുകയും ചെയ്‌തു. ഗുപ്‌തകലയ്ക്ക് ചില സവിശേഷതകളുണ്ടായിരുന്നു. ഗുപ്‌തകലയിൽ വിദേശ സ്വാധീനം ഉണ്ടായിരുന്നില്ല. ഗ്രീക്ക് സ്വാധീനത്തിൽനിന്ന് അത് വിമുക്തമായിരുന്നു. ഗാന്ധാര കലാരീതിയിൽ പ്രകടമായിരുന്ന ഗ്രീക്ക് സ്വഭാവം ഗുപ്‌തകാലഘട്ടത്തിൽ അപ്രത്യക്ഷമായി. ലാളിത്യവും മൗലികതയുമാണ് ഗുപ്‌തകലയുടെ മറ്റൊരു സവിശേഷത. ഇക്കാലത്ത് നിർമ്മിക്കപ്പെട്ട വിഗ്രഹങ്ങളും കെട്ടിടങ്ങളും അവയുടെ ലാളിത്യംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്. തികച്ചും മൗലികമായ ശൈലിയിലാണ് അവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഗുപ്‌തകലയ്ക്ക് ഒരു ആത്മീയ സ്വഭാവമുണ്ട്. കലാസൃഷ്‌ടികളുടെ മുഖ്യ പ്രചോദനം മതമായിരുന്നു. ആത്മീയതയോടൊപ്പം മനോഹാരിതയും കുലീനത്വവും ഗുപ്‌തകലയുടെ മുഖ്യ സവിശേതകളായിരുന്നു. സാരനാഥിൽനിന്നും കണ്ടെടുത്തിട്ടുള്ള ബുദ്ധപ്രതിമകളിൽ ഈ സവിശേഷതകൾ കാണാം. ഗുപ്തകാലഘട്ടത്തിലെ ശില്പികൾ കല്ലിലും ലോഹത്തിലും അനേകം ബുദ്ധവിഗ്രഹങ്ങൾ നിർമ്മിച്ചു. ഇവ ഗാന്ധാര പ്രതിമകളിൽനിന്ന് വ്യത്യസമായിരുന്നു. കുഷാന കാലത്തെ ബുദ്ധപ്രതിമകളുടെ മുണ്ഡനം ചെയ്ത ശിരസ്സുകൾക്കു പകരം ചുരുണ്ട തലമുടിയോടുകൂടിയ പ്രതിമകളാണ് ഗുപ്‌തകലാകാരൻ നിർമ്മിച്ചത്. കൂടാതെ ബുദ്ധവിഗ്രഹങ്ങളുടെ പുറകിലുള്ള പ്രകാശവലയത്തെ അലങ്കരിക്കുന്ന ശൈലിയും അവർ കൊണ്ടുവന്നു. ശാരീരികസൗന്ദര്യത്തെക്കാൾ മുഖത്തിന്റെയും കണ്ണുകളുടെയും ആത്മീയശാന്തതയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്. സാരനാഥിലെയും, മഥുരയിലെയും (നിൽക്കുന്ന ബുദ്ധൻ), സുൽത്താൻ ഗഞ്ചിലെയും വിഖ്യാതമായ ബുദ്ധപ്രതിമകളിൽ ഈ സവിശേഷതകൾ കാണാം. വിഷ്ണുവിന്റെയും ശിവന്റെയും വിഗ്രഹങ്ങൾ ആദ്യമായി നിർമ്മിക്കപ്പെട്ടത് ഗുപ്തകാലഘട്ടത്തിലാണ്. ബ്രാഹ്മണമതത്തിലെ മിത്തുകളും ഐതിഹ്യങ്ങളും രാമന്റെയും കൃഷ്‌ണന്റെയും ഇതിഹാസകഥകളും അസാധാരണ പൂർണ്ണതയോടെ ദൃശ്യവൽക്കരിക്കപ്പെട്ടു. മിക്കവാറും എല്ലാ ദേവന്മാരുടെയും രൂപങ്ങൾ പല സ്ഥലങ്ങളിൽനിന്നായി നമുക്ക് ലഭിക്കുന്നുണ്ട്. ഇതിൽ വിഷ്‌ണുവിന്റെയും ശിവന്റെയും വിഗ്രഹങ്ങൾ മികച്ച കലാസൃഷ്ടികളാണ്.