ഇന്ത്യയിലെ മൺപാത്രനിർമ്മാണം
നവീനശിലായുഗത്തിലാണ്
മൺപാത്രനിർമ്മാണം ആരംഭിച്ചത്. ഭക്ഷ്യധാന്യങ്ങൾ, പാൽ എന്നിവ സൂക്ഷിക്കുന്നതിനും ഭക്ഷണം
പാകം ചെയ്യുന്നതിനും മൺപാത്രങ്ങൾ ആവശ്യമായിരുന്നു. ആദ്യകാലത്ത് പൂർണ്ണമായും
കൈകൊണ്ടാണ് പാത്രങ്ങൾ നിർമ്മിച്ചത്. ചക്രം കണ്ടുപിടിച്ചതിനുശേഷം മൺപാത്ര
നിർമ്മാണത്തിൽ അത് ഉപയോഗപ്പെടുത്താൻ തുടങ്ങി. ഹരപ്പൻ സൈറ്റുകളിൽ നിന്ന് അനേകം
മൺപാത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൺപാത്ര നിർമ്മാണം നന്നായി വികാസം
പ്രാപിച്ചിരുന്നുവെന്നും കുശവന്മാർ കരവേലക്കാരിലെ പ്രധാന വിഭാഗമായിരുന്നുവെന്നും
ഇതു സൂചിപ്പിക്കുന്നു. ചക്രമുപയോഗിച്ചാണ് മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നത്.
ഉൽഖനന
കേന്ദ്രങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന ഭൗതികാവശിഷ്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു
മൺപാത്രങ്ങൾ. മൺപാത്രങ്ങളെ പുരാവസ്തുശാസ്ത്രത്തിന്റെ 'അക്ഷരമാല'യെന്നു വിളിക്കാറുണ്ട്. മൺപാത്രങ്ങളോ
അവയുടെ കഷണങ്ങളോ ഒരിക്കലും നശിക്കാറില്ല. 'തെർമോലൂമിനിസെൻസ്' എന്ന കാലഗണനാരീതി ഉപയോഗിച്ച് അവയുടെ
കാലവും നിർണ്ണയിക്കാൻ കഴിയും. പ്രാചീന ഇന്ത്യയിൽ അധിവസിച്ചിരുന്ന വിവിധ
ജനസമൂഹങ്ങളെ വേർതിരിക്കുന്നതിന് പുരാവസ്തു ശാസ്ത്രജ്ഞന്മാർ മിക്കപ്പോഴും
ആധാരമാക്കുന്നത് മൺപാത്രങ്ങളെയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പല
തരത്തിലുള്ള മൺപാത്രങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. അവയെ നാലായി തരംതിരിക്കാം.
1.
കാവി
നിറമുള്ള മൺപാത്രങ്ങൾ
ബി.സി
2000 നും 1000 നും മദ്ധ്യേയാണ് കാവിനിറമുള്ള മൺപാത്രങ്ങളുടെ കാലം. ഉത്തരേന്ത്യയിലെ
പലഭാഗങ്ങളിൽനിന്നും ഇത്തരം മൺപാത്രങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. മണൽ കലർന്ന ഒരു
തരം കളിമണ്ണുകൊണ്ടാണ് കാവിനിറമുള്ള മൺപാത്രങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. മണൽ
കലർന്ന ഒരു തരം കളിമണ്ണുകൊണ്ടാണ് കാവിനിറമുള്ള മൺപാത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
ഹരപ്പാനന്തര കാലഘട്ടത്തിൽ ജീവിച്ചിരുന്ന കാർഷിക ജനസമൂഹത്തെയാണ് ഇതു പ്രതിനിധാനം
ചെയ്യുന്നത്.
2.
കറുപ്പ്-ചുവപ്പ്
നിറങ്ങളോടുകൂടിയ മൺപാത്രങ്ങൾ
കറുപ്പ്
- ചുവപ്പ് നിറങ്ങളോടുകൂടിയ മൺപാത്രങ്ങളുടെ കാലം ബി.സി 2400 മുതൽക്കാണ്. ഇത്തരം മൺപാത്രങ്ങളുടെ
ഉൾഭാഗവും പുറമെയുള്ള കഴുത്തുഭാഗവും കറുപ്പ് നിറത്തിലും, അവശേഷിക്കുന്ന ഭാഗങ്ങൾ
ചുവപ്പുനിറത്തിലും ആയിരിക്കും. ഇരുമ്പുസംസ്കരണവിദ്യയിൽ പുരോഗമിച്ച ഒരു പ്രാചീന
ജനസമൂഹത്തെ ഇതു പ്രതിനിധാനം ചെയ്യുന്നു.
3.
ചാരനിറമുള്ള
വർണ്ണാലംകൃത മൺപാത്രങ്ങൾ
ഏറ്റവും
വ്യാപകമായി ഉപയോഗിച്ചിരുന്നവയാണ് ചാരനിറത്തിലുള്ള വർണ്ണാലംകൃത മൺപാത്രങ്ങൾ.
കറുപ്പ്, കടും ചോക്ലേറ്റ് എന്നീ
നിറങ്ങളാണ് ഇത്തരം മൺപാത്രങ്ങൾക്ക് കൊടുത്തിട്ടുള്ളത്. ഇതുവരെ നാല്പത്തിരണ്ടോളം
ഡിസൈനുകളിലുള്ള PGM
മൺപാത്രങ്ങൾ
കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും കോപ്പ, തളിക എന്നീ ഇനങ്ങളിലുള്ള പാത്രങ്ങളാണ്.
ഇരുമ്പ് ഉപയോഗിച്ചിരുന്ന മെച്ചപ്പെട്ടൊരു കാർഷിക ജനവിഭാഗവുമായി ഇവ
ബന്ധപ്പെട്ടിരിക്കുന്നു.
4.
കറുത്തതും
തിളക്കമാർന്നതുമായ മൺപാത്രങ്ങൾ
കറുത്തതും തിളക്കമാർന്നതുമായ മൺപാത്രങ്ങളുടെ കാലം ബി.സി.800 നും 500 നും മദ്ധ്യേയാണ്. ഇവ നന്നായി മിനുസപ്പെടുത്തിയവയും സമൃദ്ധമായി അലങ്കരിക്കപ്പെട്ടവയുമാണ്. ഈ മൺപാത്രങ്ങൾ സമ്പന്നർ മാത്രം ഉപയോഗിച്ചിരുന്നതാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ 'രണ്ടാം നഗരവൽക്കരണ'ത്തിന്റെ സൂചനകൾ ഇവയിൽനിന്നു ലഭിക്കുന്നു.