ഇന്ത്യൻ ചിത്രകല

Arun Mohan
0

ഇന്ത്യൻ ചിത്രകല

രിത്രാതീത ചിത്രകല

പ്രാക്ചരിത്ര കലയുടെ ഉത്ഭവം പ്രാചീന ശിലായുഗത്തിലായിരുന്നുവെങ്കിലും അതു വികാസം പ്രാപിച്ചത് മധ്യശിലായുഗത്തിലാണ്. ശിലായുഗ മനുഷ്യർ ഗുഹകളുടെ ഭിത്തികളിലാണ് ചിത്രങ്ങൾ വരച്ചിരുന്നത്. അവർ വേട്ടയാടിയിരുന്ന പക്ഷി-മൃഗാദികളുടെ ചിത്രങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. ഫലഭൂയിഷ്ടതയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീ-പുരുഷ ചിത്രങ്ങളും വരയ്ക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വയനാട് ജില്ലയിലുള്ള എടക്കൽ ഗുഹയിൽ നവീന ശിലായുഗമനുഷ്യർ വരച്ച ചിത്രങ്ങളുണ്ട്.

ഗുപ്തകാലഘട്ടത്തിലെ ചിത്രകല

ചിത്രകല അതിന്റെ പൂർണ്ണതയിലെത്തിയത് ഗുപ്‌തന്മാരുടെ കാലത്താണ്. മതപരമായ വസ്തുക്കൾ, ഭൂമി, ഭൂപ്രദേശങ്ങൾ, ജലം, സസ്യജാലം, പക്ഷിമൃഗാദികൾ, മനുഷ്യർ, പിശാചുകൾ തുടങ്ങിയവയായിരുന്നു ഗുപ്ത‌ ചിത്രകലയിലെ പ്രതിപാദ്യവിഷയം. അജന്ത, എല്ലോറ, തമിഴ്‌നാട്ടിലെ സിത്തനവാസൽ ക്ഷേത്രത്തിലെ ബാഘ് ഗുഹുകൾ, ശ്രീലങ്കയിലെ പാറ തുരന്നുണ്ടാക്കിയ അറകൾ എന്നിവിടങ്ങളിലാണ് ഗുപ്‌തചിത്രകലയിലെ ഏറ്റവും മികച്ച സൃഷ്ടികളുള്ളത്. അജന്തയിലെ ചുമർചിത്രങ്ങൾ കലാവിമർശകരുടെ പ്രശംസ പിടിച്ചുപറ്റിയവയാണ്. ഗൗതമബുദ്ധന്റെയും മുൻഗാമികളായ ബുദ്ധന്മാടെയും ജീവിതത്തിലെ സംഭവങ്ങളാണ് അവ ചിത്രീകരിക്കുന്നത്. അജന്തയിലെ പത്താം നമ്പർ ഗുഹയിലെ നീരാടുന്ന ആനക്കൂട്ടത്തിന്റെ ചിത്രം ജീവൻ തുടിക്കുന്നതുപോലെ പൂർണ്ണതയുള്ളതാണ്. മരണശയ്യയിൽ കിടക്കുന്ന രാജകുമാരിയുടെയും അവൾക്കു ചുറ്റുമായി നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ബന്ധുക്കളുടെയും ചിത്രം വിസ്‌മയകരമായ ഒരു കലാസൃഷ്‌ടിയാണ്. 'ബുദ്ധന്റെ പരിത്യാഗം' അജന്താചിത്രങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ സൃഷ്ടിയാണ്. പതിനഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ ചിത്രങ്ങളുടെ തിളക്കം നഷ്‌ടപ്പെട്ടിട്ടില്ല. മറ്റു ലളിത കലകളോടൊപ്പം സംഗീതവും ശ്രദ്ധേയമായ പുരോഗതി നേടി. ഗുപ്‌തഭരണാധികാരികളുടെ രാജസദസ്സിൽ പ്രസിദ്ധരായ അനേകം സംഗീതജ്ഞരുണ്ടായിരുന്നു. അക്കാലത്തെ ശില്പങ്ങളിൽ സംഗീതവും നൃത്തവുമെല്ലാം പ്രതിഫലിക്കപ്പെടുന്നുണ്ട്.

മുഗൾ ചിത്രകല

മുഗൾ ചക്രവർത്തിമാർ ചിത്രകലയെ പ്രോത്സാഹിപ്പിച്ചു. ഭാരതീയ ശൈലിയും പേർഷ്യൻ ശൈലിയും ചേർന്നുള്ള ഒരു പുതിയ ചിത്രകലാശൈലി മുഗളർ ആവിഷ്കരിച്ചു. പുതിയ വർണ്ണസങ്കേതങ്ങൾക്കും രചനാരീതികൾക്കും ഇക്കാലത്ത് തുടക്കം കുറിക്കപ്പെട്ടു. അക്ബർ വലിയൊരു കലാസ്വാദകനായിരുന്നു. ഫത്തേപ്പൂർ സിക്രിയിലെ ചുമരുകളിൽ ചിത്രങ്ങൾ രചിക്കുന്നതിന് അദ്ദേഹം അനേകം ചിത്രകാരന്മാരെ നിയമിച്ചു. ദസ്വന്ത്, ബാസവൻ എന്നിവർ അക്ബറുടെ രാജധാനിയിലെ പ്രശസ്തരായ രണ്ടു ചിത്രകാരന്മാരായിരുന്നു. ജഹാംഗീറിന്റെ കാലത്ത് മുഗൾ ചിത്രകല അതിന്റെ പാരമ്യത്തിലെത്തി. ഒരേ ചിത്രത്തിലെത്തന്നെ ആളുകളുടെ മുഖം, ശരീരം, കാൽ എന്നിവ വ്യത്യസ്ത ചിത്രകാരന്മാർ വരയ്ക്കുന്നത് മുഗൾ രചനാ രീതിയിൽ പതിവായിരുന്നു. ഒരു ചിത്രത്തിലെ വിവിധ ചിത്രകാരന്മാരുടെ വരകൾ വേർതിരിച്ചറിയാൻ ജഹാംഗീറിനു കഴിയുമായിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ എന്തു വിലകൊടുത്തും അദ്ദേഹം വാങ്ങിയിരുന്നു. ജഹാംഗീറിന്റെ കാലത്ത് ഛായാചിത്രരചന വളരെ പ്രചാരം നേടി. അക്കാലത്തെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായിരുന്നു മൻസൂർ.

ഷാജഹാന് ചിത്രകലയിൽ തന്റെ പിതാവിനുണ്ടായിരുന്നത്ര താല്പര്യം ഉണ്ടായിരുന്നില്ല. വാസ്തുശില്പത്തോടും ആഭരണനിർമ്മാണത്തോടുമായിരുന്നു അദ്ദേഹത്തിനു കമ്പം. വർണ്ണവിഭ്രമം, അമിതമായ തങ്കരേഖാ പ്രയോഗം എന്നിവയാണ് അദ്ദേഹത്തിന്റെ കാലത്തെ ചിത്രങ്ങളുടെ മുഖ്യ സവിശേഷതകൾ. ഷാജഹാൻ കൊട്ടാരം ചിത്രകാരന്മാരുടെ എണ്ണം കുറച്ചു. ക്രമേണ ചിത്രകലക്ക് അദ്ദേഹത്തിന്റെ പ്രോത്സാഹനം നഷ്ടപ്പെടുകയും ചെയ്തു. ഔറംഗസേബ് ചിത്രകലയോട് ശത്രുതവെച്ചു പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ചിത്രകാരന്മാർ ബസാറുകളിൽ സ്റ്റുഡിയോകൾ സ്ഥാപിക്കുകയും ജീവിക്കാനായി അവരുടെ ചിത്രങ്ങൾ വിൽക്കുകയും ചെയ്തിരുന്നുവെന്ന് ബെർണിയർ രേഖപ്പെടുത്തുന്നു. സിക്കന്ദ്രയിലെ അക്ബറുടെ ശവകുടീരത്തിലെ ചിത്രങ്ങളടക്കം പല ചിത്രങ്ങളും ഔറംഗസേബ് നശിപ്പിച്ചു. പല കലാകാരന്മാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയം പ്രാപിച്ചു. ഔറംഗസേബിന്റെ പിൻതുടർച്ചക്കാർ മുഗൾ ചിത്രരചന പുനരുജ്ജീവിപ്പിച്ചെങ്കിലും അതിന് പഴയ പ്രൗഢി വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

രജപുത് ചിത്രകല

രജപുത്താന, ബുന്ദേൽഖണ്ഡ്, പഞ്ചാബ്, ഹിമാലയൻ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ചിത്രകലാ രീതിയാണ് രജപുത്.

തഞ്ചാവൂർ ചിത്രകല

ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണ കഥകൾ തുടങ്ങിയവയാണ് തഞ്ചാവൂർ ചിത്രകലയുടെ മുഖ്യപ്രമേയം.

മിഥിലാ ചിത്രകല

സ്ത്രീ കലാകാരികൾക്ക് മേധാവിത്വമുള്ള മേഖലയാണ് മിഥിലാ ചിത്രരചനാരീതി.

പഹാരി ചിത്രകല

ജമ്മു, കുളു, ഗർവാൾ, കാംഗ്ര എന്നിവിടങ്ങളിൽ കാണുന്ന ചിത്രരചനാ രീതിയാണ് പഹാരി ചിത്രകല.

രാജസ്ഥാൻ ചിത്രകല

രാധാ - കൃഷ്ണാ പ്രണയം മുഖ്യവിഷയമാവുന്നത് രാജസ്ഥാൻ ചിത്രകലയിലാണ്.

ഫ്രെസ്കോ ചിത്രങ്ങൾ

കളിമൺ പ്രതലങ്ങളിൽ, പ്രകൃതിജന്യ നിറങ്ങൾ ചാലിച്ച് വരയ്ക്കുന്നവയാണ് ഫ്രെസ്കോ ചിത്രങ്ങൾ.

ഇന്ത്യയിലെ പ്രശസ്തരായ ചിത്രകാരന്മാർ

നന്ദലാൽ ബോസാണ് ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത്. അബനീന്ദ്രനാഥ ടാഗോർ, അമൃതാ ഷേർ-ഗിൽ, രാജാരവിവർമ്മ, എം.എഫ്.ഹുസൈൻ, കെ.സി.എസ്.പണിക്കർ എന്നിവരാണ് ഇന്ത്യയിലെ പ്രശസ്തരായ മറ്റ് ചിത്രകാരന്മാർ.

അബനീന്ദ്രനാഥ ടാഗോർ

ഇന്ത്യക്കാരിൽ ദേശസ്നേഹം വളർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച ചിത്രമാണ് 'ഭാരതമാത'. ബംഗാളി ചിത്രകാരനായ അബനീന്ദ്രനാഥ ടാഗോർ ബംഗാളിലെ സ്വദേശിസമരകാലത്ത് വരച്ച ജലഛായാചിത്രമാണ് ഭാരതമാത. ഇന്ത്യയിലെ ജനങ്ങൾക്ക് ആഹാരം, വസ്ത്രം, വിജ്ഞാനം എന്നിവ നൽകുന്ന ഭാരതമാതാവിനെയാണ് അബനീന്ദ്രനാഥ ടാഗോർ ചിത്രീകരിച്ചത്. ഇതിനെത്തുടർന്ന് പല രൂപത്തിലുള്ള ഭാരതമാതാവിന്റെ ചിത്രം ഇന്ത്യയുടെ ഭൂപടത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പ്രചാരത്തിലായി. ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യസ്വാധീനത്തിൽ നിന്ന് മോചിപ്പിക്കാനും ഭാരത സംസ്‌കാരത്തിലും ദേശീയപാരമ്പര്യത്തിലും അടിയുറച്ച പൗരസ്ത്യചിത്രകലയുടെ പ്രോത്സാഹനത്തിനുമായി കൊൽക്കത്തയിൽ 'ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്' സ്ഥാപിച്ചത് അബനീന്ദ്രനാഥ ടാഗോറാണ്. അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ - ഗണേഷ് ജനനി, ബുദ്ധനും  സുജാതയും, ഷാജഹാന്റെ അന്ത്യം, യാത്രയുടെ അന്ത്യം, ഷാജഹാൻ താജ് സ്വപ്നം കാണുന്നു.

നന്ദലാൽ ബോസ്

ഇന്ത്യയിലെ ശ്രദ്ധേയമായ സാഹിത്യകൃതികളിൽ നിന്നും ചരിത്രസംഭവങ്ങളിൽ നിന്നുമുള്ള സന്ദർഭങ്ങളാണ് നന്ദലാൽ ബോസ് തന്റെ ചിത്രങ്ങൾക്ക് വിഷയമാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാണ് 'സതി'. ഇന്ത്യയിൽ നിലനിന്ന ദുരാചാരങ്ങളിലൊന്നായ സത്യയനുഷ്ഠിക്കുന്ന സ്ത്രീയുടെ ചിത്രമാണിത്. ആരെയും സ്പർശിക്കുന്ന ഈ ചിത്രം ഇത്തരം ദുരാചാരങ്ങൾക്കെതിരെയുള്ള മനോഭാവം ഇന്ത്യക്കാരിൽ വളർത്താൻ കാരണമായി. നന്ദലാൽ ബോസിന്റെ 'ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം 1938ൽ ഹരിപുരയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും അതിനെ കോൺഗ്രസിന്റെ പോസ്റ്ററിനുള്ള ചിത്രമായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തുപ്രതി അലങ്കരിച്ചത് നന്ദലാൽ ബോസിന്റെ നേതൃത്വത്തിലുള്ള ചിത്രകാരന്മാരാണ്. ഉമയുടെ തപസ്യ, പ്രണാമം, സ്പ്രിങ്, ശിവപാർവതി, ഗോപിനി മുതലായവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങൾ.

അമൃതാ ഷേർ-ഗിൽ

ഇന്ത്യയുടെ ഗ്രാമങ്ങളിലെ ജീവിതദുരിതങ്ങൾ വെളിച്ചംകുറഞ്ഞ വർണങ്ങളിൽ ആവിഷ്കരിച്ച ചിത്രകാരിയാണ് അമൃതാ ഷേർ-ഗിൽ. ഇന്ത്യയിലെ ജീവിതത്തെയും സംസ്‌കാരത്തെയും ചിത്രീകരിച്ച ഇവരുടെ സൃഷ്ടികൾ ഇന്ത്യക്കാരുടെ മനസ്സിൽ ഒരൊറ്റ ഇന്ത്യയുടെ ചിത്രം സൃഷ്ടിച്ചു. ഹംഗറിയിലെ ബുദാപെസ്റ്റിലാണ് അമൃതാ ഷേർ-ഗിൽ ജനിച്ചത്. കേവലം പത്തൊൻപതുവയസുള്ളപ്പോൾ വരച്ച ഓയിൽ പെയിന്റിങ്ങായ 'യങ് ഗേൾസ്' അവർക്ക് അംഗീകാരം നേടിക്കൊടുത്തു. അമൃതാ ഷേർ-ഗിൽ കണ്ടെത്തിയ ഇന്ത്യ ദാരിദ്ര്യത്താലും വിസ്തൃതിയാലും ഭൗതികസാഹചര്യങ്ങളുടെ പരിമിതികളാലും ബന്ധിതമായിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഇരകളായി മാറേണ്ടിവന്ന ജനത. അമൃതാ ഷേർ-ഗിലുടെ 'ഭാരതമാതാ' എന്ന ചിത്രത്തിൽ ഒരു ഭിക്ഷക്കാരിയേയും രണ്ടു കുട്ടികളേയും കാണാം. വിഷാദം ഘീഭവിച്ചു കിടക്കുന്ന മുഖങ്ങൾ. ഹൃദയമലിയിക്കുന്നതാണ് ഈ ചിത്രം. വൈകാരികതയോളം എത്തിനിൽക്കുന്ന ദേശീയ ബോധം, പ്രജ്ഞാപരമായ നിസ്സംഗത, സഹാനുഭൂതി എന്നിവയോടുകൂടി അമൃതാ ഷേർ-ഗിൽ ചിത്രങ്ങൾ വരച്ചു.

എം.എഫ്.ഹുസൈൻ

1915 സെപ്റ്റംബർ 17ന് ബോംബെയിലെ പന്ധാർപൂരിലാണ് മക്ബൂൽ ഫിദ ഹുസൈൻ എന്ന എം.എഫ്.ഹുസൈൻ ജനിച്ചത്. ബോംബെ കേന്ദ്രമാക്കി ആരംഭിച്ച ബോംബെ പ്രോഗ്രസ്സീവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പ് എന്ന പ്രസ്ഥാനത്തിനു നേതൃത്വം നൽകി. ഇന്ത്യൻ പിക്കാസോ, നഗ്നപാദനായ ചിത്രകാരൻ എന്നിങ്ങനെ അറിയപ്പെടുന്നു. പാവങ്ങളുടെ അമ്മ (മദർ തെരേസ), കുതിരകൾ, ലാംഗ്വേജ് ഓഫ് സ്റ്റോൺ, ത്രീ ഡൈനാസ്റ്റി എന്നിവയാണ് പ്രശസ്തമായ ചിത്രങ്ങൾ. ഗജഗാമിനി, ത്രൂ ദ ഐസ് ഓഫ് എ പെയിന്റർ, മീനാക്സി : ടെയിൽ ഓഫ് ത്രീ സിറ്റീസ് എന്നിവ എം.എഫ്.ഹുസൈൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങളാണ്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികളും ചിത്രകലയ്ക്കുള്ള കേരളത്തിലെ പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2011 ജൂൺ 9ന് ലണ്ടനിൽ വച്ച് അന്തരിച്ചു.

Post a Comment

0 Comments
Post a Comment (0)