സംസ്കൃതത്തിലെ ശാസ്ത്ര ഗ്രന്ഥങ്ങൾ
പ്രാചീന കാലത്ത് ശാസ്ത്രമേഖലയിൽ ഗണ്യമായ പുരോഗതിയുണ്ടായി.
ബി.സി.മൂന്നാം നൂറ്റാണ്ടോടെ ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ സ്വതന്ത്രമായി
വികാസം പ്രാപിക്കാൻ തുടങ്ങി. സൂചനാങ്കനം, ദശാംശ സമ്പ്രദായം, പൂജ്യത്തിന്റെ ഉപയോഗം എന്നിവയാണ്
ഗണിതശാസ്ത്രത്തിന്റെ മേഖലയിലുണ്ടായ പ്രധാന സംഭാവനകൾ. ബി.സി.രണ്ടാം നൂറ്റാണ്ടിലാണ് പൂജ്യം
കണ്ടുപിടിച്ചത്. ഇക്കാലത്ത് അന്തിമരൂപം കൈവരിച്ച 'സുൽവസൂത്രം' ക്ഷേത്രഗണിതം, അളവ് എന്നിവയെക്കുറിച്ചുള്ള
ജ്ഞാനം പ്രകടമാക്കുന്നുണ്ട്. ബി.സി രണ്ടാം നൂറ്റാണ്ടിൽ 'അപസ്‌തംഭം' ബലിപീഠങ്ങളുടെ നിർമ്മാണത്തിനുവേണ്ടി
ഒരു പ്രയുക്ത ക്ഷേത്രഗണിതം തയ്യാറാക്കി. ന്യൂനകോൺ, അധികകോൺ, സമകോൺ എന്നിവയെ അതു വിശദീകരിക്കുന്നു.
ഇന്ത്യയിലെ ചായം മുക്കൽ വിദഗ്ധർ ഈടുനിൽക്കുന്ന നിറങ്ങളും നീല വർണ്ണവും കണ്ടുപിടിക്കുകയുണ്ടായി.
ലോകത്തിലാദ്യമായി ഉരുക്ക് നിർമ്മിച്ചത് ഇന്ത്യയിലെ ലോഹപ്പണിക്കാരാണ്.
ജ്യോതിശാസ്ത്രത്തിലെ
ഗ്രന്ഥങ്ങൾ
ആര്യഭടന്റെ
ഗ്രന്ഥങ്ങൾ
ജ്യോതിശാസ്ത്രവും
ഗണിതവും ഒരുമിച്ചുവരുന്ന മഹത്തായ ഒരു ഗ്രന്ഥം ഭാരതം ശാസ്ത്രലോകത്തിന് സംഭാവന ചെയ്‌തിട്ടുണ്ട്.
അതാണ് ആര്യഭടീയം. ആര്യഭടൻ എന്ന ജ്യോതിശാസ്ത്രജ്‌ഞനാണ് ഇതെഴുതിയത്. ഭാരതത്തിലെ
പ്രാചീന ജ്യോതിശാസ്ത്രജ്‌ഞരിൽ ഏറ്റവും പ്രമുഖനാണ് ആര്യഭടൻ. ദക്ഷിണഭാരതത്തിൽ
പ്രചാരത്തിലുള്ള പഞ്ചാംഗം ആര്യഭടീയത്തെ അടിസ്‌ഥാനമാക്കിയാണ് തയാറാക്കിയിട്ടുള്ളത്.
പദ്യരൂപത്തിലാണ് ആര്യഭടീയത്തിലെ വിവരണങ്ങൾ. 121 പദ്യങ്ങളാണ് ഇതിലുള്ളത്. വളരെ
കുറച്ചുമാത്രം അക്ഷരങ്ങളുള്ള വരികളെല്ലാം തന്നെ അർഥസമ്പുഷ്ടവുമായവയാണ്. ഗീതിക, ഗണിതം, കാലക്രിയ, ഗോളം എന്നിങ്ങനെ നാല് പാദങ്ങളായി ഈ
ഗ്രന്ഥത്തെ വിഭജിച്ചിരിക്കുന്നു. 13
പദ്യങ്ങൾ മാത്രമുള്ള ഗീതികയാണ് കൂട്ടത്തിൽ ഏറ്റവും ചെറുത്. മറ്റു മൂന്നു
പാദങ്ങൾക്കും വേണ്ട സംഖ്യാനിർദേശങ്ങളെല്ലാം ഇതിലാണുള്ളത്. നിലവിലുണ്ടായിരുന്ന
സംഖ്യാരീതികൾക്കു പകരം പുതിയ രീതികളും ഇതിൽ പരീക്ഷിച്ചിട്ടുണ്ട്. രണ്ടാം പാദമാണ്
ഗണിതം. ഇതിൽ 33 പദ്യങ്ങളുണ്ട്.
അടിസ്ഥാനഗണിതത്തിനൊപ്പം ജ്യോതിശാസ്ത്രത്തിന് കൂടി പ്രയോജനപ്പെടുന്ന കാര്യങ്ങളും
ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വർഗം മുതലുള്ള ഗണിതക്രിയകളാണ് ഇതിലുള്ളത്. ഘനം, വർഗമൂലം, ഘനമൂലം, ഭുജങ്ങൾ, വൃത്തങ്ങൾ, ഛായാഗണിതം (ഷാഡോ കാൽക്കുലേഷൻ), പ്രോഗ്രഷൻ, പലിശ തുടങ്ങിയവയെല്ലാം ഈ ഭാഗത്ത്
പ്രതിപാദിക്കുന്നുണ്ട്.
മൂന്നാമത്തെ
പാദമായ കാലക്രിയയിൽ 25 ശ്ലോകങ്ങളുണ്ട്. മാസവും
വർഷവും ഉൾപ്പെടുന്ന കാലവിഭാഗം,
രാശി മുതലായ
ക്ഷേത്രവിഭാഗം,
ഗുരുവർഷം, സൗരവർഷം, ചാന്ദ്രമാസം, നക്ഷത്രമാസം, അതിമാസം, തുടങ്ങിയവയൊക്കെ ഇതിൽ പറയുന്നു. 50 ശ്ലോകങ്ങൾ ഉള്ള ഗോളപാദത്തിൽ
ഗ്രഹങ്ങളുടെ സഞ്ചാരം,
ഭൂഗോളത്തിന്റെ സ്‌ഥാനനിർണയം, എന്നിവയൊക്കെ കടന്നുവരുന്നു.
നക്ഷത്രങ്ങൾ ഭ്രമണം ചെയ്യുന്നതിന്റെയും പകലും രാത്രിയും കൂടിയും കുറഞ്ഞും
വരുന്നതിന്റെയും കാരണങ്ങൾ ഇവിടെ വിശദമാക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ
സൂര്യനും നക്ഷത്രങ്ങളും സഞ്ചരിക്കുന്നതായി തോന്നുന്നതിന്റെ കാരണം കണ്ടത്തിയ
ജ്യോതിശാസ്ത്ര പ്രതിഭയാണ് ആര്യഭടൻ. നിശ്ചിതമായ അച്ചുതണ്ടിനെ കേന്ദ്രമാക്കി ഭൂമി
സ്വയം കറങ്ങുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്ന് ആര്യഭടൻ വിശദീകരിച്ചു.
അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്‌ഞർക്ക് വഴികാട്ടിയായി. ആര്യഭടൻ രണ്ടാമതൊരു ഗ്രന്ഥം
കൂടി രചിച്ചതായി സൂചനയുണ്ട്. 'ആര്യഭട സിദ്ധാന്തം' എന്നാണ് അതിന്റെ പേര്. ജ്യോതിശാസ്ത്രത്തിലെ
മഹത്തായ ഗ്രന്ഥമാണ് ആര്യഭട സിദ്ധാന്തം.
വരാഹമിഹിരന്റെ ഗ്രന്ഥങ്ങൾ
ഗണിതത്തിലും
ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും അസാധാരണമായ പാണ്ഡിത്യം നേടുകയും ആധികാരിക ഗ്രന്ഥങ്ങൾ
രചിക്കുകയും ചെയ്ത ആചാര്യനായിരുന്നു വരാഹമിഹിരൻ. ഗണിതത്തേക്കാളധികം ജ്യോതിഷത്തിലാണ്
വരാഹമിഹിരൻ താത്പര്യം കാണിച്ചിരുന്നത്. ജ്യോതിഷത്തിൽ അവഗാഹം നേടിയ വരാഹമിഹിരൻ അതിന്റെ
സാരാംശങ്ങൾ ശേഖരിച്ച് സാധാരണക്കാർക്കായി ലളിതമായ വിധത്തിൽ അവതരിപ്പിച്ചു. അദ്ദേഹം അങ്ങനെ
രചിച്ച ഗ്രന്ഥങ്ങളാണ് പഞ്ചസിദ്ധാന്തിക, ബൃഹൽസംഹിത, മഹായാത്ര, വിവാഹപടലം, ലഘുജാതകം,
ബൃഹജ്ജാതകം മുതലായവ. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ബൃഹജ്ജാതകം. ആ ഗ്രന്ഥത്തെ
അടിസ്ഥാനമാക്കി നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടായി. ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട
ആധികാരികഗ്രന്ഥമായും ബൃഹജ്ജാതകം അറിയപ്പെട്ടു. "അതിബുദ്ധിമാന്മാർ എഴുതിയിട്ടുള്ള
മഹാഗ്രന്ഥങ്ങൾ പഠിച്ച്, ജ്യോതിശാസ്ത്രമാകുന്ന മഹാസമുദ്രം കടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർക്കുവേണ്ടി
ചെറുതും രസകരവുമായ ഒരു കടത്തുതോണി ഞാൻ നിർമ്മിക്കുന്നു". വരാഹമിഹിരൻ രചിച്ച 'ബൃഹജ്ജാതകം'
എന്ന പുസ്തകം ആരംഭിക്കുന്നത് ഈ പ്രസ്താവനയോടെയാണ്. 'ജ്യോതിശാസ്ത്രഗ്രന്ഥങ്ങൾക്കിടയിലെ
മഹാത്ഭുതം' എന്നാണ് പണ്ഡിതന്മാർ ആ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.
ബ്രഹ്മഗുപ്തന്റെ ഗ്രന്ഥങ്ങൾ
'ഗണിതജ്ഞർക്കിടയിലെ
രത്നം' എന്നു വിശേഷിപ്പിക്കപ്പെട്ട മഹാനായ ഭാരതീയ ജ്യോതിശാസ്ത്രജ്ഞനാണ് ബ്രഹ്മഗുപ്തൻ.
മുപ്പതാം വയസ്സിൽ ബ്രഹ്മഗുപ്തൻ മഹത്തായ ഒരു ഗ്രന്ഥം രചിച്ചു. 'ബ്രഹ്മസ്ഫുടസിദ്ധാന്തം'
എന്നായിരുന്നു ഗ്രന്ഥത്തിന്റെ പേര്. ഗണിതശാസ്ത്ര പഠനങ്ങളും ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും
ഉൾപ്പെടുന്ന വലിയൊരു ഗ്രന്ഥമാണ് ബ്രഹ്മസ്ഫുടസിദ്ധാന്തം. പദ്യ രൂപത്തിൽ എഴുതിയ ഈ മഹാഗ്രന്ഥത്തിന്
21 അധ്യായങ്ങളുണ്ട്. അതിൽ കുറേയെണ്ണം ശുദ്ധഗണിതം മാത്രം കൈകാര്യം ചെയ്യുന്ന അധ്യായങ്ങളാണ്.
അങ്കഗണിതം, ക്ഷേത്രഗണിതം, സമതലത്രികോണമിതി എന്നിവയെക്കുറിച്ചെല്ലാം അവയിൽ പറയുന്നു.
ബ്രഹ്മസ്ഫുടസിദ്ധാന്തത്തിന് നിരവധി വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്.
എ.ഡി.എട്ടാം നൂറ്റാണ്ടിൽ അൽഫസാരി എന്ന അറബി പണ്ഡിതൻ ബ്രഹ്മസ്ഫുടസിദ്ധാന്തം വിവർത്തനം
ചെയ്തു. മുഹമ്മദ് ബെൻ മൂസാ പിൽക്കാലത്ത് ഇതിന്റെ ഒരു ചുരുക്കരൂപം തയാറാക്കി. അറേബ്യൻ
നാടുകളിൽ കുറേക്കാലം ഇത് പാഠപുസ്തകമായി ഉപയോഗിച്ചിരുന്നത്രേ. ഒമ്പതാം നൂറ്റാണ്ടിൽ പൃഥുകസ്വാമി
എന്ന ഗണിതജ്ഞൻ ബ്രഹ്മസ്ഫുടസിദ്ധാന്തത്തിന് വ്യാഖ്യാനമെഴുതി. പൂജ്യം എന്ന സംഖ്യയെ സംബന്ധിച്ച്
ആദ്യമായി പഠനം നടത്തിയ ഭാരതീയ ശാസ്ത്രജ്ഞനായും ബ്രഹ്മഗുപ്തൻ അറിയപ്പെടുന്നു. പൂജ്യം
കൊണ്ട് ഒരു സംഖ്യയെ ഹരിച്ചാൽ ഫലമെന്താവും എന്ന് ആദ്യം ചിന്തിച്ച ഗണിതശാസ്ത്രജ്ഞനും
അദ്ദേഹമായിരുന്നത്രേ. ആ ഹരണഫലത്തിന് 'ഖഛേദം' എന്നാണ് ബ്രഹ്മഗുപ്തൻ പേരിട്ടത്.
ഭാസ്കരൻ ഒന്നാമന്റെ ഗ്രന്ഥങ്ങൾ
സൗരാഷ്ട്രൻ,
അശ്മകൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞനാണ് ഭാസ്കരൻ ഒന്നാമൻ. ഇദ്ദേഹം
കേരളീയനാണെന്നും പറയപ്പെടുന്നു. ആര്യഭടന്റെ ആരാധകനായിരുന്നു ഭാസ്കരൻ ഒന്നാമൻ. ആര്യഭടീയത്തെ
അടിസ്ഥാനമാക്കി അദ്ദേഹം ഒരു ഗ്രന്ഥം തയാറാക്കി. ആര്യഭടീയഭാഷ്യം എന്നാണ് അതിന്റെ പേര്.
അതുവരെയുള്ള ഭാരതീയ ഗണിതചരിത്രം ഭാസ്കരൻ ഒന്നാമന്റെ ആര്യഭടീയഭാഷ്യത്തിൽ നിറഞ്ഞു നിൽക്കുന്നു.
ആര്യഭടന്റെ അനുയായികൾ അങ്കഗണിതത്തിലെയും ബീജഗണിതത്തിലെയും തത്ത്വങ്ങൾ സ്ഥാപിക്കാനും
വിശദീകരിക്കാനും ക്ഷേത്രഗണിതം ഉപയോഗിച്ചിരുന്നതായി ഭാസ്കരൻ ഒന്നാമൻ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രാകൃത ഭാഷയിലുള്ള ഗണിത സംബന്ധമായ ചില ശ്ലോകങ്ങളും ഇദ്ദേഹം ഉദ്ധരിക്കുന്നു. ജൈനരുടെ
പുരാതന ഗണിതത്തിന് ആര്യഭട സമ്പ്രദായം പരിഷ്കരിക്കുന്നതിലുള്ള സ്വാധീനവും അദ്ദേഹം എടുത്തുകാട്ടുന്നു.
മറ്റെങ്ങും പണ്ട് പരാമർശിക്കപ്പെടാത്ത ഏതാനും പുരാതന ഗണിതപണ്ഡിതന്മാരുടെ പേരുകളും ആര്യഭടീയഭാഷ്യത്തിൽ
വായിക്കാം. മാസ്‌കരി, പൂരാണൻ എന്നിവർ അവരിൽ ചിലരാണ്. ആര്യഭടീയഭാഷ്യം കൂടാതെ ഭാസ്കരൻ
ഒന്നാമന്റേതായി രണ്ട് പ്രധാന കൃതികൾ കൂടി ലഭിച്ചിട്ടുണ്ട്. മഹാഭാസ്കരീയം, ലഘുഭാസ്കരീയം
എന്നിവയാണത്. മഹാഭാസ്കരീയത്തിന്റെ ചുരുക്കത്തിലുള്ള രൂപമാണ് മഹാഭാസ്കരീയം. ഭൂമി ഉരുണ്ടതാണെന്ന്
പാശ്ചാത്യരേക്കാൾ മുമ്പ് ഭാസ്കരൻ ഒന്നാമൻ മനസിലാക്കിയിരുന്നു. ആകാശഗോളങ്ങളെക്കുറിച്ചുള്ള
പഠനത്തിൽ ആര്യഭടന്റെ തത്ത്വങ്ങളെ ഭാസ്കരൻ ഒന്നാമൻ വികസിപ്പിച്ചു.
ഭാസ്കരാചാര്യന്റെ ഗ്രന്ഥങ്ങൾ
1114ൽ,
ഗോദാവരിനദിയുടെ തീരത്ത് വിജ്ജഡവിഡം എന്ന ഗ്രാമത്തിലാണ് ഭാസ്കരാചാര്യൻ ജനിച്ചത്. മുപ്പത്താറാം
വയസിൽ ഭാസ്കരാചാര്യൻ 'സിദ്ധാന്തശിരോമണി' എന്ന കൃതി രചിച്ചു. സിദ്ധാന്തശിരോമണിയിൽ നാലു
ഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്തിൽ അങ്കഗണിതത്തെപ്പറ്റി പറയുന്നു. ലീലാവതി എന്നാണ് അതിന്
പേരിട്ടിരിക്കുന്നത്. ലീലാവതി കൂടാതെ ബീജഗണിതം, ഗ്രഹഗണിതം, ഗോളാധ്യായം എന്നീ ഭാഗങ്ങളുമുണ്ട്
സിദ്ധാന്തശിരോമണിയിൽ. ഗണിതക്രിയകൾ രസകരമായി പ്രതിപാദിച്ചിരിക്കുന്ന ലീലാവതിയിൽ പതിമൂന്ന്
അധ്യായങ്ങളുണ്ട്. കൂട്ടലിലും കുറയ്ക്കലിലും തുടങ്ങി സങ്കീർണമായ ഗണിതപ്രശ്നങ്ങളിൽ ചെന്നെത്തുന്നു.
ഗണിതസിദ്ധാന്തങ്ങൾ രസകരമായ ഉദാഹരണങ്ങളിലൂടെയാണ് അതിൽ വിശദീകരിക്കുന്നത്. ഗണിതശാസ്ത്രത്തിലെയും
ജ്യോതിശാസ്ത്രത്തിലെയും കഠിനമായ നിയമങ്ങൾ വ്യക്തവും ലളിതവുമാക്കുന്നതിൽ വിദഗ്ദനായിരുന്നു
ഭാസ്കരാചാര്യൻ. ചിഹ്നസങ്കേതം, അറിയാത്ത സംഖ്യകളെ പ്രതിനിധാനം ചെയ്യാൻ അക്ഷരങ്ങൾ ഉപയോഗിക്കൽ
തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ ഭൂമിയുടെ
സമീപത്തായി അറുപത്തിയാറ് കിലോമീറ്റർ കനത്തിൽ വായുമണ്ഡലം വ്യാപിച്ചിരിക്കുന്നു എന്ന്
ഭാസ്കരാചാര്യൻ രേഖപ്പെടുത്തിയിരിക്കുന്നു. വായുമണ്ഡലങ്ങൾക്കു മുകളിൽ മേഘമണ്ഡലങ്ങളും
അതിനും മുകളിൽ വിദ്യുന്മണ്ഡലങ്ങളും ഉള്ളതായി അദ്ദേഹം വിശ്വസിച്ചു. ഗ്രഹങ്ങളുടെ ചലനത്തെ
സംബന്ധിച്ചും അദ്ദേഹത്തിനറിയാമായിരുന്നു.
ഗണിതശാസ്ത്രത്തിലെ
ഗ്രന്ഥങ്ങൾ
ബൗധായനന്റെ ഗ്രന്ഥങ്ങൾ
ബൗധായനൻ
രചിച്ചതാണ് ബൗധായന ശൂൽബസൂത്രം. അദ്ദേഹത്തിന്റെ ജീവിതകാലം ബി.സി 600 നും 500 നും ഇടയ്ക്കായിരുന്നു.
ഇന്നത്തെ ജ്യാമിതിയാണ് അക്കാലത്ത് ശൂൽബസൂത്രമായി പ്രചരിച്ചിരുന്നത്. ശൂൽബസൂത്രത്തിൽ
മൂന്ന് അദ്ധ്യായങ്ങളുണ്ട്. ഒന്നാം അദ്ധ്യായത്തിൽ 116 സൂത്രങ്ങളും രണ്ടാം അദ്ധ്യായത്തിൽ
86 സൂത്രങ്ങളും മൂന്നാം അദ്ധ്യായത്തിൽ 323 സൂത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അങ്ങനെ
ആകെ 525 സൂത്രങ്ങളാണ് ബൗധായന ശൂൽബസൂത്രത്തിൽ ഉള്ളത്. പൂജാ കർമ്മങ്ങൾക്കുള്ള യജ്ഞവേദികളുടെ
അളവുകളും അവ നിർമ്മിക്കുവാനുള്ള രീതികളുമാണ് ഈ സൂത്രങ്ങളിൽ വിശദീകരിച്ചിരിക്കുന്നത്.
ബൗധായനനെ കൂടാതെ ആപസ്തംഭൻ, കാത്യായനൻ എന്നിവരും ശൂൽബസൂത്രങ്ങൾ രചിച്ചിട്ടുണ്ട്. ആപസ്തംഭൻ
ശൂൽബസൂത്രം, കാത്യായനൻ ശൂൽബസൂത്രം എന്നിവയാണവ. ഇവ കൂടാതെ മാണവ ശൂൽബസൂത്രം, ഹിരണ്യകോശ
ശൂൽബസൂത്രം എന്നീ ശൂൽബസൂത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ എഴുതിയവരെ കുറിച്ചുള്ള വിവരങ്ങളൊന്നും
അറിയാൻ കഴിഞ്ഞിട്ടില്ല.
മഹാവീരന്റെ ഗ്രന്ഥങ്ങൾ
ജൈന
ഗണിതശാസ്ത്രജ്ഞരിൽ ഏറ്റവും പ്രശസ്തനാണ് മഹാവീരൻ. എ.ഡി.ഒമ്പതാം നൂറ്റാണ്ടിൽ കർണാടകത്തിലാണ്
ഇദ്ദേഹം ജീവിച്ചിരുന്നത്. 'ഗണിതസാരസംഗ്രഹം' എന്ന പേരിൽ അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു.
ദക്ഷിണേന്ത്യയിൽ വൻ പ്രചാരം നേടിയ ഗ്രന്ഥമാണ് ഗണിതസാരസംഗ്രഹം. അതിൽ അങ്കഗണിതം, ബീജഗണിതം,
ജ്യാമിതി എന്നീ വിഭാഗങ്ങളിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നു. ഈ ഗ്രന്ഥത്തിൽ
മഹാവീരൻ മുമ്പ് ജീവിച്ചിരുന്ന ചില ഗണിതശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ അതേപടി പകർത്തി
എഴുതിയിട്ടുമുണ്ട്. ഗണിതശാസ്ത്രത്തിന് മഹാവീരന്റെ സംഭാവനകൾ ഒട്ടേറെയുണ്ട്. ഏകം, ദശം,
ശതം, സഹസ്രം, ദശസഹസ്രം, ലക്ഷം, ദശലക്ഷം, കോടി, ദശകോടി, ശതകോടി, അർബുദം, ന്യർബുദം, ഖർവം,
മഹാഖർവം, പത്മം, മഹാപത്മം, ക്ഷോണി, മഹാക്ഷോണി, ശംഖം, മഹാശംഖം, ക്ഷിതി, മഹാക്ഷിതി, ക്ഷോഭം,
മഹാക്ഷോഭം എന്നിങ്ങനെ 24 സ്ഥാനം വരെയുള്ള സംഖ്യകൾക്ക് മഹാവീരൻ പ്രത്യേക പേരുകൾ നിശ്ചയിച്ചു.
ഭിന്നസംഖ്യകളുടെ ക്രിയകളിൽ ആദ്യമായി 'ല സാഗു' ഉപയോഗിച്ച ഭാരതീയ ഗണിതശാസ്ത്രജ്ഞൻ മഹാവീരനാണ്.
നെഗറ്റീവ് സംഖ്യകൾ ഉപയോഗിച്ചുള്ള ഗണിതക്രിയകളും ഇദ്ദേഹം ചെയ്തിരുന്നു. ദീർഘവൃത്തത്തെക്കുറിച്ചു
പഠനം നടത്തിയിട്ടുള്ള ആദ്യ ഭാരതീയഗണിതശാസ്ത്രജ്ഞൻ എന്ന ബഹുമതിയും മഹാവീരനു സ്വന്തമാണ്.
സംഗമഗ്രാമ മാധവന്റെ ഗ്രന്ഥങ്ങൾ
1350
നും 1600 നും ഇടയ്ക്ക് കേരളത്തിലാണ് സംഗമഗ്രാമ മാധവൻ ജനിച്ചത്. കേരളീയ ഗണിതശാസ്ത്രത്തിന്റെ
സുവർണകാലമായും അക്കാലത്തെ വിശേഷിപ്പിക്കുന്നു. വേണ്വാരോഹണം, അഗരണം, ലഗ്നപ്രകരണം, മഹാജ്ഞാനയാഗപ്രകരണം,
അഗണിത പഞ്ചാംഗം, ഗോളവാദം തുടങ്ങിയവ മാധവന്റെ പ്രധാന കൃതികളാണ്. എന്നാൽ വേറെയും കുറേ
ഗ്രന്ഥങ്ങൾ മാധവൻ രചിച്ചിട്ടുണ്ടാവാമെന്ന് പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. വേണ്വാരോഹണം
എന്ന കൃതിയിൽ മാധവൻ, ചന്ദ്രന്റെ ഓരോ മിനുട്ടിലെയും സ്ഥാനം കണ്ടുപിടിക്കാനുള്ള വഴി വിശദീകരിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകൾക്കു മുമ്പ് അദ്ദേഹം കൈവരിച്ച ഈ നേട്ടം ഒരു അദ്‌ഭുതമായി അവശേഷിക്കുന്നു.
പരമേശ്വരന്റെ ഗ്രന്ഥങ്ങൾ
1360നും
1455നും മധ്യേ കേരളത്തിലാണ് പരമേശ്വരൻ നമ്പൂതിരി ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ മാധവന്റെ ശിഷ്യനായിരുന്നു പരമേശ്വരൻ നമ്പൂതിരി. ആര്യഭടൻ
ആവിഷ്കരിച്ച രീതിയാണ് ജ്യോതിശാസ്ത്രത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്. പിന്നീട് ഹരിദത്തൻ
എന്നൊരു പണ്ഡിതൻ പരഹിതം എന്നൊരു സമ്പ്രദായത്തിന് തുടക്കം കുറിച്ചു. എന്നാൽ പരഹിതത്തിന്റെ
പ്രയോഗത്തിലും ചില പിഴവുകൾ പിന്നീട് കണ്ടെത്തി. പരഹിത രീതിയിൽ കണക്കാക്കുമ്പോൾ ആകാശഗോളങ്ങളുടെ
യഥാർത്ഥ സ്ഥാനത്തിന് മാറ്റം വരുന്നതായി തെളിഞ്ഞു. പരഹിതത്തിന് പരിഷ്കരണങ്ങൾ ആവശ്യമായിരിക്കുന്നുവെന്ന്
പരമേശ്വരൻ നമ്പൂതിരി ചിന്തിച്ചു. അന്നു മുതൽ അദ്ദേഹം ഭാരതപ്പുഴയുടെ മണലിൽ മലർന്നുകിടന്ന്
ആകാശത്തിലെ ഗോളങ്ങളെ നിരീക്ഷിക്കാൻ തുടങ്ങി. ഗോളങ്ങളെ നിരീക്ഷിക്കുന്നതോടൊപ്പം മണലിൽ
ചില കണക്കുകൂട്ടലുകളും അദ്ദേഹം നടത്തി. നീണ്ട അമ്പത്തഞ്ച് വർഷക്കാലം ആ നിരീക്ഷണ പഠനങ്ങൾ
തുടർന്നു. അങ്ങനെ അദ്ദേഹം 1431ൽ ദൃഗ്ഗണിതം രചിച്ചു. കൂടാതെ മുപ്പതിലേറെ ഗ്രന്ഥങ്ങൾ
അദ്ദേഹം രചിച്ചു. ഗോളദീപിക, ചന്ദ്രഛായ ഗണിതം, വാക്യകരണം എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട
കൃതികളാണ്. ആര്യഭടീയത്തിന് ഭടദീപിക എന്ന പേരിലും മഹാഭാസ്കരീയത്തിന് കർമദീപിക എന്ന പേരിലും
അദ്ദേഹം വ്യാഖ്യാനങ്ങൾ എഴുതുകയുണ്ടായി. ലഘുഭാസ്കരീയത്തിന്റെ വ്യാഖ്യാനമായിരുന്നു 'പരമേശ്വരി'
എന്ന ഗ്രന്ഥം. ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള
ഗ്രന്ഥങ്ങൾക്കു പുറമേ ചില ജ്യോതിഷ ഗ്രന്ഥങ്ങൾക്കും പരമേശ്വരൻ നമ്പൂതിരി വ്യാഖ്യാനങ്ങൾ
രചിച്ചു. സമർഥരായ നിരവധി ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു.
നീലകണ്‌ഠ സോമയാജിയുടെ ഗ്രന്ഥങ്ങൾ
കേരളത്തിന്റെ
ഗണിത ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ മറ്റൊരു ഗണിത പ്രതിഭയാണ്
നീലകണ്‌ഠ സോമയാജി. തിരൂരിനടുത്ത് തൃക്കണ്ടിയൂരിൽ 1465ൽ നീലകണ്‌ഠ സോമയാജി ജനിച്ചു. പരമേശ്വരൻ
നമ്പൂതിരിയുടെ മകൻ ദാമോദരന്റെ ശിഷ്യനാണ് താനെന്ന് അദ്ദേഹത്തിന്റെ ആര്യഭടീയഭാഷ്യം എന്ന
ഗ്രന്ഥത്തിൽ പറയുന്നുണ്ട്. തൃക്കണ്ടിയൂരൂകാരനും മലയാളഭാഷയുടെ പിതാവുമായ തുഞ്ചത്ത് എഴുത്തച്ഛൻ
നീലകണ്‌ഠ സോമയാജിയുടെ ശിഷ്യനായിരുന്നെന്നും കരുതപ്പെടുന്നു. തമിഴ്‌നാട്ടുകാരനായ ജ്യോതിശാസ്ത്രപണ്ഡിതൻ
സുന്ദരരാജൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്കെല്ലാം വിശദീകരണം നൽകുന്ന ഗ്രന്ഥമായ 'സുന്ദരാജപ്രശ്നോത്തരം' രചിച്ചു. ആര്യഭടീയത്തിന്
അദ്ദേഹം ഗണിതപാദം എന്ന പേരിൽ വിശദീകരണവും എഴുതിയിട്ടുണ്ട്. ആര്യഭടീയത്തെ അടിസ്ഥാനമാക്കി
അന്നോളം കേരളത്തിൽ അറിയപ്പെട്ടിരുന്ന ഗണിത ശാസ്ത്രസിദ്ധാന്തങ്ങളെല്ലാം ഉൾക്കൊള്ളിച്ച്
സ്വതന്ത്രമായ ഗ്രന്ഥത്തിന്റെ രൂപത്തിലാണ് ഗണിതപാദം രൂപപ്പെടുത്തിയിരിക്കുന്നത്. 'തന്ത്രസംഗ്രഹം'
അദ്ദേഹത്തിന്റെ മറ്റൊരു മുഖ്യകൃതിയാണ്. അതിലും ഗണിതപ്രശ്നങ്ങൾ കൂടുതൽ ഭംഗിയായും വിശദമായും
അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. വാനശാസ്ത്രത്തെക്കുറിച്ചുള്ള പഠന ഗ്രന്ഥമാണ് തന്ത്രസംഗ്രഹം.
1500ൽ ഇത് രചിച്ചതായി കരുതപ്പെടുന്നു. എട്ട് അദ്ധ്യായങ്ങളിലായി അഞ്ഞൂറോളം ശ്ലോകങ്ങൾ
തന്ത്രസംഗ്രഹത്തിലുണ്ട്. ത്രികോണമിതി, ഗോളീയ ത്രികോണമിതി എന്നിവയെക്കുറിച്ചെല്ലാം അതിൽ
പറയുന്നുണ്ട്. ഗ്രഹണനിർണയം, ചന്ദ്രഛായാഗണിതം, ഗോളസാരം, സിദ്ധാന്ത ദർപ്പണം, ഗൃഹപരീക്ഷാക്രമം
എന്നിവയാണ് അവ.
ശങ്കരവാരിയരുടെ ഗ്രന്ഥങ്ങൾ
ഗണിതശാസ്ത്രത്തിന്
മഹത്തായ സംഭാവനകൾ നൽകിയ കേരളീയനായ മറ്റൊരു ഗണിത പണ്ഡിതനാണ് ശങ്കരവാരിയർ. നീലകണ്ഠ സോമയാജിയുടെ
ശിഷ്യനായിരുന്ന അദ്ദേഹം ഗുരുവിനെക്കുറിച്ച് തന്റെ കൃതികളിൽ വളരെ ആദരവോടെ വിവരിച്ചിട്ടുണ്ട്.
ക്രിയാക്രമകരി, കരണസാരം, പഞ്ചബോധ വ്യാഖ്യാനം, യുക്തി ദീപിക, ലഘുവിവൃത്തി, എന്നിവ അദ്ദേഹത്തിന്റെ
കൃതികളാണ്.
ശ്രീധരന്റെ ഗ്രന്ഥങ്ങൾ
ഭാരതത്തിലെ
പ്രസിദ്ധനായ ഒരു ഗണിത ശാസ്ത്രജ്ഞനാണ് ശ്രീധരൻ. എ.ഡി.1020 ലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന്
കരുതുന്നു. പാടീഗണിതം, ത്രിശതിക എന്നിവയാണ് ശ്രീധരന്റെ പ്രധാന കൃതികളായി കരുതപ്പെടുന്നത്.
ത്രിശതികയിൽ മുന്നൂറ് ശ്ലോകങ്ങളാണ് ഉള്ളത്. ശ്രീധരി ലീലാവതി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ
മറ്റൊരു കൃതിയാണ്. ബീജഗണിതം എന്ന പേരിൽ അദ്ദേഹം ഒരു ഗ്രന്ഥം കൂടി രചിച്ചിട്ടുള്ളതായി
ചില പണ്ഡിതന്മാർ പറയുന്നു. സമവാക്യങ്ങൾ, ഭിന്നസംഖ്യകൾ, പൂജ്യം കൊണ്ടുള്ള വിദ്യകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം
അദ്ദേഹത്തിന്റെ കൃതികളിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് നൂറ്റാണ്ടുകൾക്കുശേഷം ഗണിതശാസ്ത്രജ്ഞന്മാർ
കണ്ടെത്തിയിട്ടുണ്ട്.
നാരായണ പണ്ഡിതന്റെ കൃതികൾ
ഭാസ്കരാചാര്യനുശേഷം
ഭാരതീയ ഗണിതശാസ്ത്രത്തിനുണ്ടായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ചയാളാണ് നാരായണ പണ്ഡിതൻ. പതിനാലാം
നൂറ്റാണ്ടിലാണ് നാരായണ പണ്ഡിതൻ ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഗണിതകൗമുദി, ബീജ ഗണിതാവതംസം
എന്നീ പ്രശസ്ത കൃതികൾ രചിച്ചത് ഇദ്ദേഹമാണ്. 1356 ലാണ് നാരായണ പണ്ഡിതൻ ഗണിതകൗമുദി രചിച്ചത്.
ഭാരതീയ ഗണിതശാസ്ത്രത്തിന്റെ വികാസത്തിൽ ഒരു നാഴികക്കല്ലാണ് ആ കൃതി. ഗണിതക്രിയകൾ രസകരമായി
വിശദീകരിക്കുന്ന കാര്യത്തിൽ നാരായണ പണ്ഡിതന്റെ മിടുക്ക് ഗണിതകൗമുദി എന്ന കൃതിയിൽ കാണാം.
രസകരമായ ചോദ്യങ്ങൾ ഉന്നയിച്ച് അവയ്ക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുന്ന രീതിയിലാണ് വിവരണം.
നാരായണ പണ്ഡിതന്റെ ബീജഗണിത ഗ്രന്ഥവും അതിശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. ബീജഗണിത
ഗ്രന്ഥത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ധാരാളം പേർ നാരായണ പണ്ഡിതന്റെ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങൾ
രചിച്ചിട്ടുണ്ട്. ജ്ഞാനദാസ്, സൂര്യദാസ് എന്നിവർ അവരിലുൾപ്പെടുന്നു.
വൈദ്യശാസ്ത്രത്തിലെ ഗ്രന്ഥങ്ങൾ
ചരകസംഹിത
ആയുർവേദത്തിലെ മഹാചാര്യൻമാരിൽ ഒരാളായിരുന്നു ചരകൻ. അദ്ദേഹം രചിച്ച ആയുർവേദഗ്രന്ഥമാണ് "ചരകസംഹിത'. ആയുർവേദത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നാണിത്. ഓരോ വിഷയവും പ്രത്യേകം തിരിച്ച് ആകെ 12 അധ്യായങ്ങളിലായാണ് ചരകസംഹിത എഴുതിയിട്ടുള്ളത്. ചരകന്റെ ജീവിതകാലത്തെക്കുറിച്ച് കൃത്യമായ രേഖകളില്ലാത്തതിനാൽ ചരകസംഹിതയുടെ രചനാകാലഘട്ടം ഏതെന്ന് വ്യക്തമല്ല. ശരീരചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ചരകന് ശേഷം എ.ഡി ഒൻപതാം ശതകത്തിൽ ദൃഢബലൻ എന്ന കാശ്മീരി ഭിഷഗ്വരൻ സംഹിത വീണ്ടും 'അഗ്നിവേശതന്ത്രം' എന്ന പേരിൽ പരിഷ്കരിച്ചു. വൈദ്യവും ശാസ്ത്രവും എങ്ങനെ ഉണ്ടായി, എന്ന കഥ തൊട്ടാണ് ചരകസംഹിത തുടങ്ങുന്നത്. 8 ഭാഗങ്ങളിലായി 120 അദ്ധ്യായങ്ങളുള്ള പദ്യവും ഗദ്യവും ചേർത്താണ് എഴുതിയിരിക്കുന്നത്. 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ആ ഗ്രന്ഥത്തിലുണ്ട്. 341 സസ്യങ്ങളും അവയിൽ നിന്നുണ്ടാകുന്ന ഔഷധങ്ങളും, കൂടാതെ ജന്തുക്കളിൽ നിന്നും ലഭിക്കുന്ന 177 ഔഷധങ്ങൾ, 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഹരിശ്ചന്ദ്രൻ, ചക്രപാണിദത്തൻ, ശിവദാസൻ എന്നിവർ ചരകസംഹിതയെ വ്യാഖ്യാനിച്ച് എഴുതിയ ഗ്രന്ഥങ്ങളും പ്രസിദ്ധമാണ്. ചരകസംഹിതയെ അടിസ്ഥാനമാക്കിയാണ് വാഗ്‌ഭടൻ അഷ്ടാംഗഹൃദയം രചിച്ചതെന്ന് കരുതുന്നു.
സുശ്രുതസംഹിത
ലോകത്തിലെ ആദ്യത്തെ
ശസ്ത്രക്രിയാ ഗ്രന്ഥമായ 'സുശ്രുതസംഹിത' രചിച്ചത് സുശ്രുതനാണ്. 'സുശ്രുതസംഹിത' ആയുർവേദത്തിലെ
അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നാണ്. 'ശസ്ത്രക്രിയയ്ക്ക് പ്രാധാന്യം നൽകി രചിച്ചിരിക്കുന്ന
സുശ്രുതസംഹിതയിൽ സൂത്രസ്ഥാനം, നിദാനസ്ഥാനം, ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്പസ്ഥാനം
എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിലായി 120 അദ്ധ്യായങ്ങളും, 66 അദ്ധ്യായങ്ങളുള്ള ഉത്തരതന്ത്രവും
അടങ്ങിയതാണ് ആ സംഹിത. എട്ട് രീതിയിലുള്ള ശസ്ത്രക്രിയകളെ കുറിച്ചാണ് അതിൽ പ്രതിപാദിക്കുന്നത്.
ഛേദ്യം, ഭേദ്യം, ലേഖ്യം, വേധ്യം, ഏഷ്യം, ആഹാര്യം, വിസ്രാവ്യം, സീവ്യം തുടങ്ങിയവയാണവ.
ശസ്ത്രക്രിയ സ്വയം നടത്തുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്ത അദ്ദേഹം ശസ്ത്രക്രിയയ്ക്കുള്ള
120 ഉപകരണങ്ങളെപ്പറ്റിയും (യന്ത്ര-ശസ്ത്രങ്ങൾ) സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു.
ശരീരത്തിൽ നിന്ന് ശല്യങ്ങൾ എടുത്തുമാറ്റുവാനുള്ളവയാണ് യന്ത്രങ്ങൾ. കീറിമുറിക്കുവാനുള്ളതാണ്
ശസ്ത്രങ്ങൾ. വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം' ചരക - സുശ്രുത സംഹിതകളുടെ സംഗ്രഹമാണ്. നിരവധി
വ്യാഖ്യാനങ്ങൾ സുശ്രുതസംഹിതയ്ക്ക് ഉണ്ടായിട്ടുണ്ട്. സുശ്രുതസംഹിത ഒൻപതാം നൂറ്റാണ്ടിൽ
അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തു. പിന്നീട് ലാറ്റിൻ, ജർമ്മൻ എന്നീ ഭാഷകളിലും വിവർത്തനം
ചെയ്യപ്പെട്ടു. അതിനുശേഷമാണ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്.
അഷ്‌ടാംഗഹൃദയം
ഭാരതത്തിന്
ലോകമെമ്പാടും പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്ത ചികിൽസാ രീതിയാണ് ആയുർവേദം.
ധാരാളം വിദേശികൾ ആയുർവേദ ചികിൽസ തേടി നമ്മുടെ നാട്ടിൽ എത്താറുണ്ട്. കേരളമാണ്
ആയുർവേദ ചികിൽസയുടെ ഈറ്റില്ലം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചികിൽസാരീതിയാണ്
ആയുർവേദം. രോഗലക്ഷണങ്ങളും ചികിൽസാവിധികളുമൊക്കെ വിശദമാക്കുന്ന പുരാതനഗ്രന്ഥങ്ങൾ
ആയുർവേദത്തിലുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അഷ്‌ടാംഗഹൃദയം. കേരളത്തിലെ
വൈദ്യൻമാർ ചികിൽസയ്ക്ക് അടിസ്‌ഥാനമായി സ്വീകരിച്ചിട്ടുള്ള ആയുർവേദ ഗ്രന്ഥമാണിത്.
നമ്മുടെ ശരീരത്തിൽ ഹൃദയം എത്രത്തോളം പ്രധാനപ്പെട്ടതാണോ അതുപോലെയാണ് ആയുർവേദത്തിൽ
അഷ്‌ടാംഗഹൃദയത്തിന്റെ സ്‌ഥാനം. വാഗ്‌ഭടാചാര്യനാണ് പ്രസിദ്ധമായ ഈ ആയുർവേദഗ്രന്ഥം
എഴുതിയത്.
ചികിൽസാവിധികൾ ഇത്ര ലളിതമായി വിവരിക്കുന്ന മറ്റൊരു ആയുർവേദ ഗ്രന്ഥമില്ലെന്നാണ് ആയുർവേദ ആചാര്യൻമാർ ഈ ഗ്രന്ഥത്തെക്കുറിച്ച് പറയുന്നത്. ആവശ്യമില്ലാത്ത ഒരു വാക്കു പോലും ഇതിൽ ചേർത്തിട്ടില്ലെന്ന് വാഗ്ഭടാചാര്യൻ അഭിമാനത്തോടെ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. 120 അധ്യായങ്ങളാണ് അഷ്‌ടാംഗഹൃദയത്തിലുള്ളത്. ഇവയെ സൂത്രസ്ഥാനം, ശരീരസ്ഥാനം നിദാനസ്‌ഥാനം, ചികിത്സാസ്ഥാനം, കൽപ്പസ്‌ഥാനം, ഉത്തരസ്‌ഥാനം എന്നിങ്ങനെ ആറു സ്‌ഥാനങ്ങളായി തിരിച്ചിരിക്കുന്നു. പദ്യരൂപത്തിലാണ് അഷ്ടാംഗഹൃദയത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നത്. ധന്വന്തരീ പരമ്പര, ആത്രേയ പരമ്പര എന്നിങ്ങനെ രണ്ടു വ്യത്യസ്‌ത പാരമ്പര്യങ്ങളെ പിന്തുടർന്നായിരുന്നു ആയുർവേദത്തിന്റെ വളർച്ച. ഇതിൽ ആത്രേയ പരമ്പരയോട് ചേർന്നു നിൽക്കുന്ന രീതികളാണ് അഷ്ടാംഗഹൃദയത്തിന്റേത്. സസ്യ ഔഷധങ്ങളെ ഇത് പ്രധാനമായും ആശ്രയിക്കുന്നു. അദ്ഭുതസിദ്ധിയുള്ള ഔഷധങ്ങളെപ്പറ്റി പ്രത്യേകം വിവരണമുണ്ട്.
