സംസ്കൃതത്തിലെ നിയമ, രാഷ്ട്രീയ ഗ്രന്ഥങ്ങൾ
അർഥശാസ്ത്രം
'അർഥശാസ്ത്രം' എന്ന ഭാരതീയ ഗ്രന്ഥത്തിന്
രണ്ടായിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്. ലോകമെമ്പാടും ആളുകൾ പഠിക്കുകയും
സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്ന ഭാരതീയ ഗ്രന്ഥമാണ് അർഥശാസ്ത്രം.
രാഷ്ട്രതന്ത്രത്തിൽ ഭാരതത്തിന്റെ മഹത്തായ സംഭാവന. ചാണക്യൻ, വിഷ്ണുഗുപ്‌തൻ എന്നീ പേരുകളിൽ
അറിയപ്പെടുന്ന കൗടില്യനാണ് അർഥശാസ്ത്രം എഴുതിയത്. ബി.സി 324-300 കാലഘട്ടത്തിൽ പാടലീപുത്രം ഭരിച്ച
ചന്ദ്രഗുപ്ത മൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. കൗടില്യൻ എഴുതിയതിനാൽ 'കൗടിലീയം' എന്നും അർഥശാസ്ത്രം അറിയപ്പെടുന്നു. 'മനുഷ്യർ ജീവിക്കുന്ന ഭൂമിയുടെ ലബ്‌ധിക്കും
നിലനിൽപ്പിനും വേണ്ട ശാസ്ത്രമാണ് അർഥശാസ്ത്രം'- കൗടില്യൻ തന്നെ തന്റെ പുസ്‌തകത്തെക്കുറിച്ച്
പറയുന്നതാണിത്. ധനം,
പണം, സമ്പത്ത് എന്നൊക്കെയാണ് അർഥം എന്ന
വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അർഥശാസ്ത്രം സമ്പത്തിനെക്കുറിച്ച് മാത്രം
പറയുന്ന പുസ്തകമല്ല. രാജ്യഭരണത്തെപ്പറ്റിയുള്ള ഒട്ടുമിക്ക കാര്യങ്ങളും ഇതിൽ
നിരീക്ഷിച്ച് എഴുതിയിട്ടുണ്ട്. സാമ്പത്തിക-രാഷ്ട്രീയ വിമർശനങ്ങളാണ്
അർഥശാസ്ത്രത്തിന്റെ ഉള്ളടക്കമെന്ന് ചുരുക്കിപ്പറയാം. ഈ വിഷയത്തെ കുറിച്ച്
കണ്ടുകിട്ടിയവയിൽ ഏറ്റവും പഴയതും പ്രാമാണികവുമായ ഗ്രന്ഥമാണ് അർഥശാസ്ത്രം. ആറായിരം
ശ്ലോകങ്ങളാണ് അർഥശാസ്ത്രത്തിൽ ഉള്ളതെന്ന് ആദ്യത്തെ അധ്യായത്തിൽ പറയുന്നുണ്ട്.
പക്ഷേ, 380 എണ്ണം മാത്രമേ
കണ്ടുകിട്ടിയിട്ടുള്ളൂ. കൗടില്യനു മുൻപും ഭാരതത്തിൽ അർഥശാസ്ത്ര പണ്ഡിതൻമാർ
ജീവിച്ചിരുന്നു. പക്ഷേ,
കൗടില്യൻ
ഇവരേക്കാളൊക്കെ പ്രശസ്‌തനായി. ഒരു രാജ്യതന്ത്രജ്‌ഞൻ എന്ന നിലയിലായിരുന്നു
അദ്ദേഹത്തിന്റെ വളർച്ച. 'അധികരണം' എന്ന പേരിൽ 15 ഭാഗങ്ങളായാണ് അർഥശാസ്ത്രം
എഴുതിയിട്ടുള്ളത്. ഓരോ അധികരണങ്ങളും ഓരോ അധ്യായങ്ങളായി വിഭജിച്ചിട്ടുണ്ട്. ഓരോ
വിഷയങ്ങളെയും പ്രകരണങ്ങൾ എന്ന് വിളിക്കുന്നു. ഇങ്ങനെ ആകെ 180 പ്രകരണങ്ങളുണ്ട്. 195 തലക്കെട്ടുകളിലായാണ് ഇവ എഴുതിയിരിക്കുന്നത്.
അവതരണം ഏറെയും ഗദ്യ രൂപത്തിലാണ്. വിഷയം വിസ്‌തരിച്ചു പറഞ്ഞശേഷം അവ ചുരുക്കി
ശ്ലോകങ്ങളായി ചേർത്തിട്ടുമുണ്ട്. സിവിൽ-ക്രിമിനൽ നടപടികൾ, നീതി, ശിക്ഷകൾ, ചാരവൃത്തി, യുദ്ധം, സമാധാനം, മനുഷ്യർ പാലിക്കേണ്ട സാമൂഹ്യമര്യാദകൾ, വിവാഹം, സ്വത്തവകാശം, കച്ചവടം, വകുപ്പുകളുടെ വിഭജനം തുടങ്ങി
രാജ്യഭരണവുമായി ബന്ധപ്പെട്ട് എക്കാലത്തും ആവശ്യമായ അറിവുകൾ അർഥശാസ്ത്രത്തിലുണ്ട്.
പ്രജകളുടെ സുഖമാണ് രാജാവിന്റെ സുഖമെന്നും പ്രജകളുടെ ഇഷ്‌ടമാണ് രാജാവിന്റെയും ഇഷ്‌ടമെന്നും
ഇതിൽ പറയുന്നു. പ്രജകളുടെ ക്ഷേമത്തിന് രാജാവ് ചെയ്യേണ്ട കാര്യങ്ങളും
വിവരിക്കുന്നുണ്ട്. ലോകമെങ്ങുമുള്ള ഭാഷകളിലേക്ക് അർഥശാസ്ത്രം
പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആദ്യ പരിഭാഷ മലയാളത്തിലേതാണെന്ന് കരുതപ്പെടുന്നു.
എ.ഡി 9 മുതൽ 12 വരെ നൂറ്റാണ്ടുകളിൽ രചിച്ചതായി
വിശ്വസിക്കുന്ന ഭാഷാകൗടിലീയമാണിത്.
ധർമ്മശാസ്ത്രങ്ങൾ
ധർമ്മസൂത്രങ്ങളും സ്മൃതികളും അവയുടെ വ്യാഖ്യാനങ്ങളും ചേർന്നവയാണ് ധർമ്മശാസ്ത്രങ്ങൾ. ബി.സി.500 നും 200 നും മധ്യേയാണ് അവ രചിക്കപ്പെട്ടത്. ധർമ്മശാസ്ത്രങ്ങൾ നിയമസംഹിതകളാകാമെന്ന് വിശ്വസിക്കപ്പെടുന്നു. വ്യത്യസ്ത വർണ്ണങ്ങൾക്കും രാജാക്കന്മാർക്കും ഉദ്യോഗസ്ഥർക്കുമുള്ള ചുമതലകൾ അവ നിർദ്ദേശിക്കുന്നു. കളവ്, അക്രമം, കൊല, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവർക്കുള്ള ശിക്ഷയും അതിൽ വിവരിക്കുന്നു. ധർമ്മശാസ്ത്രങ്ങൾ യഥാർത്ഥത്തിൽ നിയമസംഹിതകളല്ല. സാമൂഹ്യബാധ്യതകൾ, ആചാരപരമായ ആവശ്യതകൾ എന്നിവയെ പറ്റിയുള്ള വഴക്കങ്ങളാണ് അവ. ജാതി വ്യവസ്ഥയെ നിലനിർത്തുന്നതിനും ബ്രാഹ്മണരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ധർമ്മശാസ്ത്രങ്ങൾ നിലകൊണ്ടത്. ഭൂമിയിൽ ആദ്യം കൃഷി ചെയ്യുന്നവരാണ് അതിന്റെ ഉടമകൾ എന്ന് ധർമ്മശാസ്ത്രങ്ങൾ പ്രഖ്യാപിച്ചു. നെയ്ത്തുകാരേയും കുശവന്മാരേയും ധർമ്മശാസ്ത്രങ്ങൾ ശൂദ്രന്മാരായി മുദ്രകുത്തി. അവരിൽ ചിലർ സങ്കരജാതിക്കാരായതുകൊണ്ടാണ് ശൂദ്രന്മാരായി കണക്കാക്കപ്പെട്ടത്. താഴ്ന്ന ജാതികളിൽപ്പെട്ടവർ ജാതി ശ്രേണിയുടെ മുകളിലേക്ക് ഉയരാതിരിക്കാൻ ധർമ്മശാസ്ത്രങ്ങൾ പല സിദ്ധാന്തങ്ങളും അവതരിപ്പിച്ചു. ഇത് താഴ്ന്ന വിഭാഗങ്ങളിൽപ്പെട്ടവരെ ബുദ്ധമതം പോലെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിന് പ്രേരിപ്പിച്ചു. വ്യാപാരം, ധനവായ്‌പ, പണമിടപാടുകൾ എന്നിവയെ ധർമ്മശാസ്ത്രങ്ങൾ നിന്ദിക്കുകയും അപലപിക്കുകയും ചെയ്തു.