സംസ്കൃതത്തിലെ സാഹിത്യ ഗ്രന്ഥങ്ങൾ
പാണിനീയം
സംസ്കൃതഭാഷയിലെ
വ്യാകരണഗ്രന്ഥമാണ് പാണിനീയം. പാണിനി രചിച്ചതിനാലാണ് പാണിനീയം എന്ന പേരു ലഭിച്ചത്.
ആകെ എട്ട് അധ്യായങ്ങളുള്ളതിനാൽ 'അഷ്ടാധ്യായി' എന്നും ഇതറിയപ്പെടുന്നു. പാണിനിയുടെ
ജീവിതകാലം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ബി.സി. 700-നും 600-നും മധ്യേ അദ്ദേഹം ജീവിച്ചിരുന്നു
എന്നാണ് ഭൂരിഭാഗം ഗവേഷകരും അംഗീകരിച്ചിട്ടുള്ളത്. എന്നാൽ, ബി.സിയിലല്ല എ.ഡി ഏഴാം
നൂറ്റാണ്ടിനോടടുത്താണ് അദ്ദേഹത്തിന്റെ ജീവിതകാലം എന്ന് മറ്റു ചിലർ വാദിക്കുന്നു.
സലാതുരം ആണ് പാണിനിയുടെ ജന്മദേശമായി അറിയപ്പെടുന്നത്. പിൽക്കാലത്ത് ലാഹോർ
എന്നറിയപ്പെട്ടത് ഈ സ്‌ഥലമാണെന്നും കരുതപ്പെടുന്നു. വ്യാകരണനിയമങ്ങളെ
നാലായിരത്തോളം ലഘുസൂത്രങ്ങളിലാക്കി, നന്നാലു
പാദങ്ങളായി തിരിച്ചശേഷം എട്ട് അധ്യായങ്ങളിലായി അവതരിപ്പിരിക്കുകയാണ് ഈ പുസ്‌തകത്തിൽ.
'നാമങ്ങളുടെയെല്ലാം ഉൽപ്പത്തി
ധാതുക്കളിൽ നിന്നാണ്'
എന്ന
സിദ്ധാന്തമാണ് പാണിനിയുടെ വ്യാകരണത്തിന്റെ അടിസ്‌ഥാനം. ബീജഗണിതത്തിലേതുപോലുള്ള
സൂത്രങ്ങൾ കൊണ്ട് ഈ വ്യാകരണനിയമങ്ങൾ പഠിയ്ക്കാനാകും. അതിനാൽ ഇവ ഹൃദിസ്‌ഥമാക്കാൻ
എളുപ്പമാണ്. നിലവിലുള്ള വ്യാകരണനിയമങ്ങൾ പഠിച്ച ശേഷം ആധികാരികമായ ഒന്ന് നിർമിക്കുക
എന്ന ഉദ്ദേശത്തോടെ പാണിനി എഴുതിയ ഗ്രന്ഥമാണിത്. അതിനാൽ സംസ്കൃതഭാഷ നന്നായി
അറിയുന്നവർക്ക് വളരെ എളുപ്പവും സംസ്‌കൃതം നന്നായി അറിയാത്തവർക്ക് മനസ്സിലാക്കാൻ
തീരെ പ്രയാസവുമായിരിക്കും ഇത്. ചുരുക്കിപ്പറഞ്ഞാൽ, സംസ്കൃതം പച്ചവെള്ളം പോലെ
അറിയുന്നവർക്കുവേണ്ടിയുള്ള ഗ്രന്ഥം. എല്ലാ ഭാരതീയ ഭാഷകളിലും അനവധി വ്യാഖ്യാനങ്ങൾ
പാണിനീയത്തിന് ഉണ്ടായിട്ടുണ്ട്. പാണിനീയസൂത്രങ്ങൾക്ക് പതഞ്ജലി രചിച്ച മഹാഭാഷ്യം
ഏറെ പ്രസിദ്ധമാണ്. ആഹികൻ,
ദാക്ഷീപുത്രൻ, ശാലങ്കി, പാണിനൻ തുടങ്ങി പല പേരുകളിലും പാണിനി
അറിയപ്പെടുന്നു.
നാട്യശാസ്ത്രം
നാട്യശാസ്ത്രം
എന്നുകേട്ടാൽ നൃത്തത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം എന്നാണ് നമ്മൾ കരുതുക. എന്നാൽ, നൃത്തം മാത്രമല്ല നാടകം, സംഗീതം, രസം, അലങ്കാരം, അഭിനയം തുടങ്ങി സകല കലകളുടേയും ഉത്തമ
ലക്ഷണഗ്രന്ഥമാണ് നാട്യശാസ്ത്രം. ഭരതമുനിയാണ് ഇത് രചിച്ചത്. ലോകത്തിൽ ഇന്ന്
ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ സൗന്ദര്യശാസ്ത്രമാണ് നാട്യശാസ്ത്രം.
"നതജ്‌ഞാനം,
നതചിൽപ്പം, നസാവിദ്യ, നസകലാ, നസൗയോഗോ, നതത്കർമ്മ, നാട്യോസ്മമിൻ യന്നദൃശ്യതേ' നാട്യശാസ്ത്രത്തെക്കുറിച്ച് ഭരതമുനി
അഭിമാനത്തോടെ പറയുന്നതാണിത്. അതായത്, നാട്യശാസ്ത്രത്തിൽ
പ്രതിപാദിക്കാത്ത യാതൊരുവിധ ജ്‌ഞാനമോ ശിൽപ്പമോ വിദ്യയോ കലയോ യോഗമോ കർമ്മമോ ഇല്ല
എന്നർഥം. അത്രേയാദി മുനികളുടെ അഭ്യർഥനപ്രകാരം ഭരതമുനി പറഞ്ഞുകൊടുക്കുന്ന
രീതിയിലാണ് നാട്യശാസ്ത്രം രചിച്ചിരിക്കുന്നത്. പദ്യരൂപവും ഗദ്യരൂപവും ഇതിന്റെ
രചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്.
നാട്യശാസ്ത്രത്തിന്റെ
36 അധ്യായങ്ങളാണ്
ലഭിച്ചിട്ടുള്ളത്. ആദ്യത്തെ അധ്യായം നാടോൽപ്പത്തിയെക്കുറിച്ചാണ്. നാട്യഗൃഹം
എവിടെപ്പണിയണം,
എങ്ങനെ പണിയണം
എന്നുള്ള ശാസ്ത്രവിധികളാണ് രണ്ടാമധ്യായത്തിൽ. സ്വർഗത്തിൽ ജനിച്ച നാട്യം എങ്ങനെ
ഭൂമിയിൽ എത്തി എന്ന് അവസാനത്തെ രണ്ട് അധ്യായങ്ങളിൽ പറയുന്നു. ബാക്കിയുള്ള 33 അധ്യായങ്ങളിലായി കലകളെക്കുറിച്ചും
സംഗീതശാസ്ത്രത്തെക്കുറിച്ചുമൊക്കെ വിവരിക്കുന്നു. ഏതു കാലഘട്ടത്തിലാണ് ഈ ഗ്രന്ഥം
എഴുതപ്പെട്ടത് എന്നതിനെ കുറിച്ച് ഗവേഷകർക്കടയിൽ വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ട്.
ബി.സി രണ്ടാം നൂറ്റാണ്ടിലാണെന്നാണ് ചിലരുടെ വാദം. എന്നാൽ എ.ഡി. രണ്ടാം
നൂറ്റാണ്ടാണ് ഇതിന്റെ രചനാകാലഘട്ടമെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു.
ഇംഗ്ലിഷിലെ ഡ്രാമയ്ക്ക് തുല്യമായ വാക്കാണ് രൂപകം. നാട്യശാസ്ത്രത്തിൽ ഭരതമുനി പത്തു
തരം രൂപകങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഇതിൽ ഒന്ന് മാത്രമാണ് നാടകം. പ്രകരണം, വീഥി, അങ്കം, ഭാണം, വ്യായോഗം, സമാവകാരം, പ്രഹസനം, ഡിമം, ഈഹാമൃഗം എന്നിവയാണ് മറ്റുള്ളവ. എന്നാൽ
ഇവയിൽ നാടകം ഒഴികെ പലതും ഇന്നില്ല.
പഞ്ചതന്ത്രം
പണ്ടുപണ്ട്
മഹിളാരോപ്യം എന്നൊരു ദേശത്ത് അമരശക്തി എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു.
സർവഗുണങ്ങളും തികഞ്ഞവനായിരുന്നു അമരശക്തി. എന്നാൽ തന്റെ മൂന്ന് ആൺമക്കളുള്ളതിൽ
ഒന്നുപോലും രാജാവിനെപ്പോലെ ആയിരുന്നില്ല. മൂന്നുപേരും ബുദ്ധിയും വിവേകവുമില്ലാത്തവർ.
മക്കളെ പഠിപ്പിച്ച് മിടുക്കരാക്കാൻ തീരുമാനിച്ച രാജാവ് അവരെ വിഷ്ണുശർമൻ എന്ന
ബ്രാഹ്‌മണന്റെ കൂടെ വിട്ടു. ശാസിച്ചാലൊന്നും കുട്ടികൾ നന്നാവില്ലെന്നുകണ്ട
വിഷ്ണുശർമൻ അവരെ പഠിപ്പിക്കാൻ ഒരു ഉപായം കണ്ടെത്തി. കഥകളിലൂടെ കാര്യം
പഠിപ്പിക്കുക! വിഷ്ണുശർമൻ പറഞ്ഞ ആ കഥകളാണ് പഞ്ചതന്ത്രം കഥകളായത്.
ലോകമെമ്പാടുമുള്ള കുട്ടികൾ പഞ്ചതന്ത്രം കഥകളുടെ ആരാധകരാണ്. പലനാടുകളിലും
പ്രചാരത്തിലുള്ള സാരോപദേശ കഥകളിൽ വളരെ വലിയ സ്വാധീനം ചെലുത്താൻ പഞ്ചതന്ത്രം
കഥകൾക്ക് കഴിഞ്ഞിട്ടുണ്ട്. വിഷ്ണുശർമനാണ് രചിച്ചതെന്ന് പഞ്ചതന്ത്രത്തിന്റെ
തുടക്കത്തിൽ പറയുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതകാലവും സ്‌ഥലവുമൊന്നും
എവിടെയും പറഞ്ഞിട്ടില്ല. വിഷ്ണുശർമൻ എന്ന പേരുപോലും സാങ്കൽപ്പികമായിരിക്കാം
എന്നാണ് ചിലരുടെ അഭിപ്രായം.
നിറയെ
കഥകളാണെങ്കിലും കുട്ടികൾക്കുവേണ്ടിയുള്ള വെറും കഥാപുസ്‌തകമായല്ല പഞ്ചതന്ത്രം
കണക്കാക്കപ്പെടുന്നത്. മറിച്ച്,
സംസ്കൃതഭാഷയിൽ
ഏറ്റവും പ്രചാരം നേടിയ നീതിശാസ്ത്രഗ്രന്ഥമായാണ് ഇതിനെ വിലയിരുത്തുന്നത്.
പക്ഷിമൃഗാദികൾക്ക് മനുഷ്യന്റെ സ്വഭാവഗുണങ്ങൾ നൽകി വളരെ രസകരമായാണ് കഥകൾ ഓരോന്നും
രചിച്ചിട്ടുള്ളത്. ഓരോ കഥയിലും എന്തെങ്കിലും സാരോപദേശം ഉണ്ടാകും. മിത്രഭേദം, മിത്രപ്രാപ്‌തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരിതം എന്നീ അഞ്ചു
തന്ത്രങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. അതിനാലാണ് ഇത് പഞ്ചതന്ത്രം എന്ന്
അറിയപ്പെടുന്നത്. വളരെ പണ്ടേ മറ്റുഭാഷകളിലേക്ക് വിവർത്തനം ചെയ്ത കൃതിയാണ്
പഞ്ചതന്ത്രം. ലോകത്തെ അമ്പതോളം ഭാഷകളിലായി ഇരുനൂറിലധികം വിവർത്തന കൃതികൾ
പഞ്ചതന്ത്രത്തിന് ഉണ്ടായിട്ടുണ്ട്. ലോകബാലസാഹിത്യത്തിൽ പഞ്ചതന്ത്രം എന്നും
മുൻപന്തിയിലാണ്.
അമരകോശം
സംസ്കൃതഭാഷ
പഠിച്ചുതുടങ്ങിയ കുട്ടികൾ സിദ്ധരൂപവും അമരകോശവും പഠിച്ചു എന്നു പറയുന്നതു
കേൾക്കാം. അമരകോശത്തിന് സംസ്കൃത പഠനത്തിൽ അത്രയ്ക്ക് പ്രാധാന്യമുണ്ട്.
സംസ്കൃതഭാഷയിൽ ഏറ്റവും പ്രചാരം കിട്ടിയ നിഘണ്ടു (കോശഗ്രന്ഥ) ആണ് അമരകോശം.
അമരസിംഹനാണ് ഈ ഗ്രന്ഥം എഴുതിയത്. അമരകോശത്തിനു മുമ്പും സംസ്കൃതത്തിൽ കോശഗ്രന്ഥങ്ങൾ
പലതുമുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും അമരകോശത്തോളം മികച്ചതല്ല. ഈ
ഗ്രന്ഥത്തെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. 'നാമലിംഗാനുശാസനം' എന്നാണ് ഗ്രന്ഥത്തിന് അമരസിംഹൻ കൊടുത്ത
പേര്. നാമരൂപങ്ങളെയും അവയുടെ ലിംഗഭേദങ്ങളെയും കുറിച്ച് വിവരിക്കുന്നതിനാലാണ് ഈ
പേരു നൽകിയത്. സ്വരാദികാണ്ഡം,
ഭൂമ്യാദികാണ്ഡം
സാമാന്യകാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങൾ ഉണ്ടിതിൽ. ഓരോ ഇനങ്ങളെ ഓരോ വർഗമായി
തിരിച്ച് ഓരോന്നിലും പെട്ട പര്യായപദങ്ങൾ ഉൾപ്പെടുത്തിയാണ് അമരകോശം
തയ്യാറാക്കിയിരിക്കുന്നത്. ഭൂവർഗം, ശൈലവർഗം, മനുഷ്യവർഗം തുടങ്ങിയവയാണ് വർഗങ്ങൾ.
ഇങ്ങനെ മൂന്ന് കാണ്ഡങ്ങളിലായി ആകെ 27
വർഗങ്ങളുണ്ട്.
ഗ്രന്ഥം
എഴുതിയ അമരസിംഹൻ അമരൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ അമരൻ രചിച്ച
കോശഗ്രന്ഥം, പിൽക്കാലത്ത് അമരകോശം എന്ന്
അറിയപ്പെട്ടു. ഇരുപത്തിയേഴ് വർഗങ്ങളിൽ പെടുന്ന 13,000 പദങ്ങൾ അമരകോശത്തിലുണ്ട്. ഒന്നും
രണ്ടും കാണ്ഡങ്ങളിൽ വിശേഷനാമങ്ങളെയും മൂന്നാമത്തേതിൽ സാമാന്യനാമങ്ങളെയും ആണ്
ചേർത്തിരിക്കുന്നത്. അനുഷ്‌ടുപ്പ് വൃത്തത്തിൽ 1,583 പദ്യങ്ങളായിട്ടാണ് അമരസിംഹൻ ഈ നിഘണ്ടു
പൂർത്തിയാക്കിയിരിക്കുന്നത്. വിക്രമാദിത്യനും വേതാളവും കഥകളിലെ നായകനായ
വിക്രമാദിത്യചക്രവർത്തിയുടെ (ചന്ദ്രഗുപ്‌തൻ രണ്ടാമൻ) സദസ്സിലെ ശ്രേഷ്‌ഠരായ
നവരത്നങ്ങളിൽപ്പെട്ട അമരസിംഹൻ തന്നെയാണ് അമരകോശം രചിച്ച അമരൻ എന്നൊരു വാദമുണ്ട്.
എന്നാൽ, നവരത്നങ്ങളിൽപെട്ട പലരും പല
കാലങ്ങളിൽ ജീവിച്ചവരാണെന്ന അഭിപ്രായവമുണ്ട്. അമരസിംഹൻ എ.ഡി 700-നും 900-നും ഇടയിലാണ് ജീവിച്ചിരുന്നത് എന്നാണ്
മറ്റൊരു വാദം. ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ പറയുന്ന അമരസിംഹൻ
തന്നെയാണ് ഇതെന്നും പറയപ്പെടുന്നു. എ.ഡി. 788-820 ആണ് ശങ്കരാചാര്യരുടെ ജീവിതകാലം.
അങ്ങനെയെങ്കിൽ അമരസിംഹനും ഈ കാലത്ത് ജീവിച്ചയാളായിരിക്കണം.
ബുദ്ധമതവിശ്വാസിയായിരുന്നു അമരസിംഹനെന്ന് തെളിയിക്കുന്ന വിവരങ്ങളും ലഭ്യമാണ്.
കഥാസരിത്
സാഗരം
സംസ്കൃതത്തിലെ
പ്രശസ്‌തമായ ഒരു കഥാസമാഹാരമാണ് കഥാസരിത് സാഗരം. പന്ത്രണ്ടാം നൂറ്റാണ്ടിൽ
കശ്മീരദേശത്തു ജീവിച്ചിരുന്ന സോമദേവഭട്ടനാണ് ഇതിന്റെ രചയിതാവ്. ഗുണാഢ്യന്റെ 'ബൃഹൽകഥ' എന്ന ഗ്രന്ഥം പദ്യരൂപത്തിലേക്ക്
മാറ്റിയതാണിത്. ഇതിൽ 124 തരംഗ (അധ്യായങ്ങൾ) ങ്ങളിലായി 22,000 ശ്ലോകങ്ങളുണ്ട്.
മുത്തശ്ശിക്കഥകളും നാടോടിക്കഥകളുമാണ് ഈ പദ്യങ്ങളെല്ലാം. കഥാസരിത് സാഗരം എന്ന
പേരിന്റെ അർഥം കഥകളുടെ പുഴകൾ ചേർന്ന സമുദ്രം എന്നാണ്. കശ്മീരിലെ രാജാവായിരുന്ന
അനന്തദേവന്റെ ഭാര്യ സൂര്യമതിക്ക് വേണ്ടി രചിച്ച കൃതിയാണിത്. കഥാസരിത് സാഗരം ധാരാളം
വിദേശഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പല കവികളും ഇതിലെ കവിതകൾ
വിഷയങ്ങളുമാക്കി. മഹാകവി വള്ളത്തോളിന്റെ ചിത്രയോഗം മഹാകാവ്യത്തിന്റെ വിഷയം
കഥാസരിത് സാഗരത്തിൽ നിന്നും എടുത്തതാണ്.
യന്ത്രസർവസ്വം
യന്ത്രങ്ങളുടെ
പ്രവർത്തനത്തെക്കുറിച്ച് ശാസ്ത്രീയമായി വിശദീകരിക്കുന്ന ഒരു പുരാതന ഭാരതീയ
ഗ്രന്ഥമുണ്ട്. അതാണ് യന്ത്രസർവസ്വം.ഭരദ്വാജ മഹർഷിയാണ് ഈ സംസ്കൃതഗ്രന്ഥം
രചിച്ചതെന്ന് കരുതപ്പെടുന്നു. യന്ത്രങ്ങളെക്കുറിച്ച് സകല വിവരങ്ങളും എന്നാണ്
യന്ത്രസർവസ്വം എന്നതിന്റെ അർഥം. വിമാനങ്ങളുടെ നിർമാണം, പ്രവർത്തനം എന്നിവയൊക്കെ
വിശദീകരിക്കുന്ന 'വൈമാനിക പ്രകരണം' എന്നൊരു അധ്യായവും ഈ ഗ്രന്ഥത്തിലുണ്ട്.
ബുദ്ധചരിതം
വാല്മീകിക്ക്
ശേഷമുള്ള പുരാതന സംസ്കൃതകവികളിൽ പ്രമുഖമാണ് അശ്വഘോഷൻ. കുശാന രാജാവായിരുന്ന കനിഷ്കൻ
ഒന്നാമന്റെ രാജ്യസഭയിലെ അംഗമായിരുന്ന അശ്വഘോഷൻ ബുദ്ധമത വിശ്വാസിയായിരുന്നു.
കാളിദാസന് മുൻപ് എ.ഡി 80
- 150 കാലഘട്ടത്തിൽ
ജീവിച്ചിരുന്നു എന്ന് കരുതുന്ന അദ്ദേഹത്തെ സംസ്കൃതത്തിലെ ആദ്യ നാടകകൃത്ത് എന്ന്
വിശേഷിപ്പിക്കാറുണ്ട്. ബുദ്ധചരിതം ആണ് അശ്വഘോഷന്റെ ഏറ്റവും പ്രശസ്തമായ കാവ്യം.
സംസ്കൃതഭാഷയിലെ ആദ്യകാല മഹാകാവ്യങ്ങളിൽ ഒന്നായ ഈ കൃതിയുടെ പകുതി അധ്യായങ്ങൾ
നഷ്ടപ്പെട്ടുപോയി. ഈ ഭാഗങ്ങൾ പിൽക്കാലത്ത് അമൃതാനന്ദ എന്ന നേപ്പാളി കവി
എഴുതിച്ചേർത്തു. അഞ്ചാം നൂറ്റാണ്ടിൽ ബുദ്ധചരിതം ചൈനീസ് ഭാഷയിലേക്ക് വിവർത്തനം
ചെയ്യപ്പെട്ടു. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ടിബറ്റൻ
വിവർത്തനവുമുണ്ടായി. ഈ രണ്ട് വിവർത്തനങ്ങളിലും യഥാർഥ കൃതിയിലെ 28 അധ്യായങ്ങളും ഉണ്ട്.
മൃച്ഛകടികം
മറ്റ്
പുരാതന സംസ്കൃത കവികളെ പോലെ തന്നെ ശൂദ്രകൻ എന്ന കവിയെ സംബന്ധിച്ചും വ്യക്തമായ
അറിവുകൾ ഒന്നും ലഭിച്ചിട്ടില്ല. 'മൃച്ഛകടികം' എന്ന നാടകമാണ് അദ്ദേഹത്തെ
പ്രശസ്തനാക്കിയത്. ശൂദ്രകൻ ദക്ഷിണേന്ത്യക്കാരനായിരുന്നു എന്നൊരു വാദമുണ്ട്.
ഉത്തരേന്ത്യക്കാരായ കാവ്യമീമാംസകർ (കാവ്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി
പഠിക്കുന്നവർ) അപൂർവമായി മാത്രം മൃച്ഛകടികത്തെക്കുറിച്ച് സംസാരിക്കുന്നതും
ദക്ഷിണേന്ത്യൻ ജാതികളെ കുറിച്ച് മൃച്ഛകടികത്തിൽ ഉള്ള പരാമർശങ്ങളും ആണ് ഈ
വാദത്തിന്റെ അടിസ്ഥാനം. ശൂദ്രകനും ഭാസനും ഒരാൾ തന്നെയാണെന്നും ഒരു വാദമുണ്ട്. ഭാസൻ
എഴുതിയ ദരിദ്രചാരുദത്തനും ശൂദ്രകന്റെ മൃച്ഛകടികവും തമ്മിലുള്ള സാമ്യമാണ് ഇതിന്റെ
അടിസ്ഥാനം. എന്നാൽ ഭാസന്റെ നാടകം വികസിപ്പിച്ചാണ് ശൂദ്രകൻ തന്റെ മൃച്ഛകടികം
എഴുതിയത് എന്നും പറയാറുണ്ട്. മൃച്ഛകടികം എന്ന വാക്കിന്റെ അർഥം 'ചെറു കളിമൺവണ്ടി' എന്നാണ്. ചാരുദത്തൻ, വസന്തസേന എന്നിവരാണ് ഇതിലെ പ്രധാന
കഥാപാത്രങ്ങൾ. മഹാപണ്ഡിതനായ ശൂദ്രകൻ എന്ന രാജാവാണ് മൃച്ഛകടികം രചിച്ചത് എന്നാണ് ഈ
കൃതിയുടെ ആരംഭത്തിൽ പറയുന്നത്. നൂറ്റിപ്പത്ത് വയസ്സുവരെ അദ്ദേഹം
ജീവിച്ചിരുന്നതായും ഇതിലുണ്ട്. എങ്കിലും ശൂദ്രകൻ എന്നു പേരുള്ള ഒരു രാജാവിനെ
ഇതുവരെ ചരിത്രത്തിൽ കണ്ടെത്താനായിട്ടില്ല.
ഭാസന്റെ
നാടകങ്ങൾ
സ്വപ്നവാസവദത്തം, ഊരുഭംഗം, പഞ്ചരാത്രം, ചാരുദത്തം, ദൂതഘടോത്കചം, അവിമാരകം, ബാലചരിതം, കർണഭാരം, അഭിഷേകനാടകം, പ്രതിമാനാടകം, ദൂതവാക്യം തുടങ്ങിയവയാണ് ഭാസന്റെ
പ്രധാന നാടകങ്ങൾ. ഭാസന്റെ 'മാസ്റ്റർപീസ്' ആയി കരുതുന്ന നാടകമാണ്
സ്വപ്നവാസവദത്തം. പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ഉദയനൻ എന്ന രാജാവിന്റെയും
വാസവദത്ത എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും കഥയാണ് സ്വപ്നവാസവദത്തം.
എന്നെന്നേക്കുമായി നഷ്ടമായി എന്ന് വിചാരിച്ചിരുന്ന ഈ കൃതിയുടെ ഒരു
കയ്യെഴുത്തുപ്രതി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ നിന്നാണ്
കണ്ടെടുത്തത്. 1909ൽ പദ്മനാഭപുരത്തെ മണലിക്കര
മഠത്തിൽ നിന്ന് ടി.ഗണപതിശാസ്ത്രിയാണ് സ്വപ്നവാസവദത്തം ഉൾപ്പെടെയുള്ള ഭാസന്റെ
നാടകങ്ങൾ കണ്ടെത്തിയത്. അധികം താമസിയാതെ തന്നെ, 'കേരള പാണിനി' എന്നറിയപ്പെടുന്ന എ.ആർ രാജരാജവർമ
സ്വപ്നവാസവദത്തത്തിന് മലയാളം വിവർത്തനം ഉണ്ടാക്കുകയും ചെയ്തു. ഭീമനുമായി
ഗദായുദ്ധത്തിൽ ഏർപ്പെട്ട് മരിക്കാറായി കിടക്കുന്ന ദുര്യോധനനാണ് ഊരുഭംഗത്തിലെ
നായകൻ. കുരുക്ഷേത്രയുദ്ധത്തിനു മുൻപുള്ള കർണന്റെ മാനസിക സംഘർഷങ്ങളാണ് 'കർണഭാരം' എന്ന ഏകാംഗനാടകത്തിന്റെ വിഷയം. ഭീമനാണ്
'മധ്യമവ്യായോഗ'ത്തിലെ പ്രധാന കഥാപാത്രം.
സ്വപ്നവാസവദത്തത്തിലെ നായകനായ ഉദയനൻ എന്ന രാജാവ് തന്നെയാണ് 'പ്രതിജ്ഞായൗഗന്ധരായണ'ത്തിലെയും കേന്ദ്രകഥാപാത്രം. 'അവിമാരകം' എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രം അവിമാരകൻ
എന്ന രാജകുമാരനാണ്. 'പഞ്ചരാത്രം' എന്ന നാടകത്തിൽ പ്രധാന കഥാപാത്രമായി
വരുന്നത് ദുര്യോധനൻ ആണ്. കൃഷ്ണന്റെ ജനനം മുതൽ കംസവധം വരെയുള്ള കഥയാണ് 'ബാലചരിതം'. ദരിദ്രനായ ചാരുദത്തന്റെയും
വസന്തസേനയുടെയും കഥ പറയുന്ന 'ദരിദ്രചാരുദത്തൻ' എന്ന നാടകം അപൂർണമാണ്. ഇത്
വികസിപ്പിച്ചാണ് ശൂദ്രകൻ 'മൃച്ഛകടികം' എഴുതിയത് എന്ന് പറയപ്പെടുന്നു.
കാളിദാസന്റെ
കൃതികൾ
'രഘുവംശം', 'കുമാരസംഭവം' എന്നിവയാണ് കാളിദാസന്റെ മഹാകാവ്യങ്ങൾ.
അദ്ദേഹത്തിന്റെ പ്രശസ്തമായ സന്ദേശകാവ്യമാണ് 'മേഘസന്ദേശം'. 'മേഘദൂതം' എന്നും ഇതറിയപ്പെടുന്നു.
മാളവികാഗ്നിമിത്രം,
വിക്രമോർവശീയം, അഭിജ്ഞാനശാകുന്തളം എന്നിവയാണ്
കാളിദാസന്റെ നാടകങ്ങൾ. 'ഋതുസംഹാരം' എന്ന കാവ്യവും കാളിദാസന്റേതാണെന്ന്
കരുതുന്നു. ശിവന്റെയും പാർവതിയുടെയും പുത്രനായ സുബ്രഹ്മണ്യന്റെ ജനനമാണ്
കുമാരസംഭവത്തിന്റെ കഥ. കുമാരസംഭവം എന്നു പറഞ്ഞാൽ കുമാരന്റെ, അതായത് സുബ്രഹ്മണ്യന്റെ ജനനം എന്നാണ്
അർഥം. എന്നാൽ,
സുബ്രഹ്മണ്യന്റെ
ജനനത്തിനു മുൻപ് ഈ കാവ്യം അവസാനിക്കുന്നു. അതുകൊണ്ടുതന്നെ ഇതൊരു അപൂർണ
കൃതിയാണെന്ന് പറയാറുണ്ട്. മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം കഥയ്ക്ക് ചില മാറ്റങ്ങൾ
വരുത്തി കാളിദാസൻ രചിച്ച ലോകപ്രശസ്ത നാടകമാണ് 'അഭിജ്ഞാനശാകുന്തളം'. ശകുന്തളയും ദുഷ്യന്തനുമാണ് ഇതിലെ
പ്രധാന കഥാപാത്രങ്ങൾ.
ബാണഭട്ടന്റെ
കൃതികൾ
കന്യാകുബ്ജം
എന്ന് മുൻപ് അറിയപ്പെട്ട ഇന്നത്തെ കനൗജിലെ രാജാവായിരുന്ന ഹർഷവർദ്ധനന്റെ ആസ്ഥാന
കവിയായിരുന്നു ബാണൻ എന്ന ബാണഭട്ടൻ. ഏഴാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്
എന്ന് കരുതുന്നു. ഹർഷവർദ്ധനനെക്കുറിച്ച് രചിച്ച 'ഹർഷചരിതം', ലോകത്തിലെ തന്നെ ആദ്യ നോവലുകളിൽ
ഒന്നായികരുതുന്ന 'കാദംബരി' എന്നിവയാണ് ബാണന്റെ പ്രശസ്ത കൃതികൾ.
ഇവയിൽ നിന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത്.
ചണ്ഡികാശതകം, പർവതീപരിണയം തുടങ്ങിയവയാണ്
ബാണന്റേതെന്നു കരുതുന്ന മറ്റ് പ്രധാന കൃതികൾ. കാദംബരിയുടെ ആദ്യഭാഗം മാത്രമാണ് ബാണൻ
എഴുതിയത് എന്നും ബാക്കി അദ്ദേഹത്തിന്റെ മകൻ ഭൂഷണഭട്ടനാണ് പൂർത്തിയാക്കിയതെന്നും
പറയപ്പെടുന്നു.