ഇതിഹാസങ്ങൾ

Arun Mohan
0

ഇതിഹാസങ്ങൾ

പ്രാചീന ഇന്ത്യൻ സമൂഹത്തെക്കുറിച്ച് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്.

രാമായണം

വാല്മീകിമഹർഷിയാണ് ആദികാവ്യമെന്നറിയപ്പെടുന്ന രാമായണം രചിച്ചത്. വാല്മീകിയുടെ പഴയ പേര് രത്നാകരൻ എന്നായിരുന്നു. കാട്ടാളനായിരുന്ന ഇദ്ദേഹം മനംമാറ്റത്തെത്തുടർന്ന് താപസനായി, ദീർഘകാലതപസ്സുമൂലം അദ്ദേഹത്തിനുചുറ്റും ചിതൽപ്പുറ്റ് അഥവാ വല്മീകം രൂപംകൊണ്ടു. അങ്ങനെ വാല്മീകിയെന്ന പേരുലഭിച്ചു. രാമായണം എന്നതിന് രാമന്റെ യാത്ര എന്നാണർഥം. 500 സർഗങ്ങളിലായി 24,000 ശ്ലോകങ്ങളാണ് രാമായണത്തിലുള്ളത്. കാവ്യരൂപത്തിലുള്ള ആദ്യകൃതിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യമെന്നും അറിയപ്പെടുന്നു. രാമായണത്തിന്റെ ഭാഗങ്ങൾ കാണ്ഡം എന്നാണറിയപ്പെടുന്നത്. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്ണിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ് രാമായണത്തിലെ ഏഴുകാണ്ഡങ്ങൾ. രാമായണത്തിന്റെ ഇതിവൃത്തം കോസലത്തിലെ രാജാവായ ശ്രീരാമനും ലങ്കാധിപനായ രാവണനും തമ്മിലുള്ള യുദ്ധമാണ്.

മഹാഭാരതം

ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമാണിത്. രാമായണത്തിന്റെ നാലുമടങ്ങ് വലുതാണ് മഹാഭാരതം. ലോകത്തിലെ ഏറ്റവും നീളംകൂടിയ പദ്യം എന്നും മഹാഭാരതം വിശേഷിപ്പിക്കപ്പെടുന്നു. വേദങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത സാധാരണ ജനങ്ങൾക്കു സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ് 'ഇതിഹാസങ്ങൾ' എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം (അഞ്ചാമത്തെ വേദം) എന്നും വിളിക്കുന്നു. ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡും ഒഡീസിയും ചേർത്തുവയ്ക്കുന്നതിന്റെ പത്തു മടങ്ങുവരും മഹാഭാരതത്തിന്റെ ദൈർഘ്യം. ഒരുലക്ഷത്തോളം ശ്ലോകങ്ങളുള്ള മഹാഭാരതത്തിന് 18 പർവങ്ങളുണ്ട്. ഒന്നാമത്തെ പർവം ആദിപർവമാണ്. സ്വർഗാരോഹണപർവമാണ് അവസാനത്തെത്. ഹരിവംശം എന്നൊരു അനുബന്ധഭാഗവും മഹാഭാരതത്തിനുണ്ട്. ജയസംഹിത എന്നാണ് മഹാഭാരതത്തിന്റെ പഴയ പേര്. ശതസഹസ്രസംഹിത (ശതം എന്നാൽ നൂറ്, സഹസ്രം എന്നാൽ ആയിരം, അതായത് നൂറായിരം അഥവാ ഒരുലക്ഷം) എന്നും മഹാഭാരതത്തെ വിളിക്കാറുണ്ട്. കൗരവരും പാണ്ഡവരും തമ്മിൽ പതിനെട്ടുദിവസം നീണ്ടുനിന്ന കുരുക്ഷേത്ര യുദ്ധമാണ് ഇതിന്റെ കേന്ദ്രപ്രമേയം. ഈ മഹായുദ്ധത്തിൽ, ഇന്ത്യയിലെ മിക്കവാറും എല്ലാ സമകാലികരാജാക്കന്മാരും ഏതെങ്കിലുമൊരു പക്ഷം ചേർന്നു. അതിന്റെ ഫലമായി കൗരവർ പൂർണമായി ഉന്മൂലനംചെയ്യപ്പെടുകയും പാണ്ഡവർ ഒടുവിൽ പരമാധികാരം നേടുകയും ചെയ്തു. വ്യാസനാണ് മഹാഭാരതത്തിന്റെ കർത്താവ്. പരാശരമുനിയുടെയും സത്യവതിയുടെയും പുത്രനായ വ്യാസൻ കൃഷ്ണദ്വൈപായനൻ എന്നപേരിലും അറിയപ്പെട്ടു. യമുനാ നദിയിലെ ഒരു ദ്വീപിലാണ് വ്യാസൻ ജനിച്ചത്. വേദങ്ങളെ പകുത്തതിനാൽ വേദവ്യാസൻ എന്നുവിളിക്കപ്പെട്ടു.

മഹാഭാരതത്തിന്റെ 18 പർവങ്ങൾ

ആദിപർവം, സഭാപർവം, വനപർവം, വിരാടപർവം, ഉദ്യോഗപർവം, ഭീഷ്മപർവം, ദ്രോണപർവം, കർണപർവം, ശല്യപർവം, സൗപ്തികപർവം, സ്ത്രീപർവം, ശാന്തിപർവം, അനുശാസനപർവം, അശ്വമേധികപർവം, ആശ്രമവാസികപർവം, മൗസലപർവം, മഹാപ്രസ്ഥാനികപർവം, സ്വർഗാരോഹണപർവം.

മഹാഭാരതത്തിലെ പർവങ്ങളിൽ ഏറ്റവും വലുത് പന്ത്രണ്ടാം പർവമായ ശാന്തിപർവവും ഏറ്റവും ചെറുത് പതിനേഴാം പർവമായ മഹാപ്രസ്ഥാനികപർവവുമാണ്. മഹാഭാരതം ആദ്യമായി തമിഴിലേക്ക് തർജ്ജമചെയ്തത് പെരുന്തേവനാരാണ്. കിസരി മോഹൻ ഗാംഗുലിയാണ് മഹാഭാരതം ആദ്യമായി സമ്പൂർണമായി സംസ്കൃതത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

ഭഗവദ്ഗീത

മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത് ഭഗവദ്ഗീതയാണ്. 18 അധ്യായങ്ങളിലായി 700 ശ്ലോകങ്ങളുണ്ട്. മഹാഭാരതത്തിലെ ഭീഷ്മപർവത്തിന്റെ 25 മുതൽ 42 വരെ അധ്യായങ്ങളാണ് ഭഗവദ്‌ഗീത. തത്ത്വജ്ഞാനമാണ് ഗീതയുടെ പ്രമേയം. കുരുക്ഷേത്രയുദ്ധത്തിനു മുൻപ്, ബന്ധുക്കളുൾപ്പെട്ട കൗരവസൈന്യത്തോട് ഏറ്റുമുട്ടാൻ വിമുഖതകാട്ടിയ അർജുനനെ യുദ്ധോത്സുകനാക്കാൻ ശ്രീകൃഷ്ണൻ നൽകുന്ന ഉപദേശമെന്ന നിലയിലാണ് ഇതിന്റെ രചന. ഭഗവദ്ഗീതയുടെ അധ്യായങ്ങൾ യോഗം എന്നറിയപ്പെടുന്നു. ആദ്യത്തെ ആറധ്യായങ്ങൾ കർമയോഗമെന്നും മധ്യത്തിലെ ആറധ്യായങ്ങൾ ഭക്തിയോഗമെന്നും അവസാനത്തെ ആറധ്യായങ്ങൾ ജ്ഞാനയോഗമെന്നും അറിയപ്പെടുന്നു. ആദ്യ അധ്യായം വിഷാദയോഗമാണ്. അവസാനത്തെ അധ്യായം മോക്ഷ-ഉപദേശ യോഗം. ഉപനിഷത്തുകളുടെ ഉപനിഷത്ത്, മോക്ഷശാസ്ത്രം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് ഭഗവദ്‌ഗീതയാണ്. ഗീതോപനിഷത്ത് എന്നും ഭഗവദ്ഗീതയെ വിളിക്കാറുണ്ട്.

Post a Comment

0 Comments
Post a Comment (0)