സംസ്കൃത സാഹിത്യം

Arun Mohan
0

സംസ്കൃത സാഹിത്യം

ഇന്തോ ആര്യൻ ഭാഷയുടെ രണ്ടു വിഭാഗങ്ങളാണ് വേദിക് സംസ്കൃതവും ക്ലാസിക്കൽ സംസ്കൃതവും. വൈദിക സംഹിതകൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ എന്നിവ വേദിക് സംസ്കൃതത്തിൽ ഉൾപ്പെടുന്നു. ഇതിഹാസങ്ങളും മറ്റും ഉൾപ്പെടുന്നത് ക്ലാസിക്കൽ സംസ്കൃതത്തിലാണ്. ആധ്യാത്മിക വിഷയങ്ങളായിരുന്നു ആദ്യകാലത്ത് സംസ്കൃതത്തിൽ എഴുതപ്പെട്ടതെങ്കിലും പിന്നീട് സാഹിത്യം, ശാസ്ത്രം എന്നുതുടങ്ങി പല മേഖലകളിലും മികച്ച കൃതികളുണ്ടായി.

1. വേദകാല സാഹിത്യം

വേദ സംസ്കാരത്തെക്കുറിച്ച് നമുക്ക് അറിവു ലഭിക്കുന്നത് മുഖ്യമായും വേദസാഹിത്യത്തിൽ നിന്നാണ്. വേദഗ്രന്ഥങ്ങൾ രചിച്ചത് അനേകം എഴുത്തുകാരാണ്. ബുദ്ധന്റെ കാലഘട്ടത്തിനു മുമ്പുതന്നെ ഭൂരിഭാഗം ഗ്രന്ഥങ്ങളും രചിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു. വേദഗ്രന്ഥങ്ങൾ തലമുറകളിൽനിന്ന് തലമുറകളിലേക്ക് പകർന്നത് വാമൊഴിയായാണ്. സ്വാഭാവികമായും അവയിൽ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഉണ്ടായി. വാമൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വേദഗ്രന്ഥങ്ങൾ നൂറ്റാണ്ടുകൾക്കു ശേഷമാണ് ലിഖിത രൂപത്തിലാക്കപ്പെട്ടത്. സംസ്കൃതഭാഷയിലാണ് വേദകാലസാഹിത്യം രചിക്കപ്പെട്ടത്. അവയെ ശ്രുതിയെന്നും സമൃതിയെന്നും രണ്ടായിത്തിരിക്കാം.

ശ്രുതി

ഹിന്ദുമതത്തിന്റെ കേന്ദ്രബിന്ദുവായ ഗ്രന്ഥങ്ങളടങ്ങിയ വേദസാഹിത്യത്തെയാണ് ശ്രുതിസാഹിത്യം എന്നുപറയുന്നത്. ക്ലാസിക്കൽ ശ്രുതിസാഹിത്യത്തിൽ നാലുവേദങ്ങളും ഉപനിഷത്തുകളും ആരണ്യകങ്ങളും ബ്രാഹ്മണങ്ങളും ഉൾപ്പെടുന്നു.

സ്‌മൃതി

ശ്രുതിസാഹിത്യത്തിൽനിന്ന് വ്യത്യസ്തമായി, വേദകാലത്തിനുശേഷം എഴുതപ്പെട്ട സാഹിത്യത്തെയാണ് സ്മൃതിസാഹിത്യം എന്നുപറയുന്നത്. സ്മൃതിസാഹിത്യമെന്നാൽ ഓർമ്മിക്കപ്പെടുന്ന സാഹിത്യം എന്നാണ്. ഈ വിഭാഗത്തിലെ ക്ലാസിക് കൃതികളിൽ പുരാണങ്ങൾ, ഉപവേദം, തന്ത്രങ്ങൾ, ഇതിഹാസങ്ങൾ മുതലായവ ഉൾപ്പെടുന്നു.

വേദങ്ങൾ

മാനവരാശിക്ക് പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത് വേദങ്ങളെയാണ്. ഋക്, സാമം, യജുർ, അഥർവം എന്നിങ്ങനെ നാലുവേദങ്ങളാണുള്ളത്. ബി.സി. 1500-നും 1200-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഋഗ്വേദം രചിക്കപ്പെട്ടതെന്നാണ് പ്രൊഫ.മാക്സ്‌മുള്ളറുടെ നിഗമനം. മറ്റുവേദങ്ങളുടെ കാലം ബി.സി.1200 -നും 800-നും ഇടയ്ക്കാണെന്ന് അനുമാനിക്കപ്പെടുന്നു. ലോകമാന്യ തിലകിന്റെ അഭിപ്രായത്തിൽ, ഋഗ്വേദം ബി.സി 6000-ത്തിനുമുൻപ് രചിക്കപ്പെട്ടതാണ്. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത് ബി.സി. 800-നും 600 -നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ്. ഓരോ വേദത്തോടുമനുബന്ധിച്ച് എഴുതപ്പെട്ടവയാണിവ. യാഗങ്ങളുടെയും യജ്ഞങ്ങളുടെയും പ്രാധാന്യത്തെ ഇവ വിശദീകരിക്കുന്നു.

ഋഗ്വേദം

പൂർവവേദകാലഘട്ടത്തിലുണ്ടായിരുന്ന ഏകവേദമാണ് ഋഗ്വേദം. സാമൂഹികമായും മതപരമായും ഏറ്റവും പ്രാധാന്യമുള്ള വേദമാണിത്. സ്തുതിക്കുക എന്നർഥമുള്ള 'ഋച്' എന്ന ധാതുവിൽനിന്നുണ്ടായ പദമാണ് 'ഋക്'. ലോകത്തിലെ ഏറ്റവും പ്രാചീനമായ മതഗ്രന്ഥമാണിത്. സംസ്കൃതത്തിലെ ഏറ്റവും പ്രാചീനകൃതിയും ഇന്തോ-യൂറോപ്യൻ ഭാഷകളിലെ ആദ്യഗ്രന്ഥവും ഋഗ്വേദമാണ്. എല്ലാ വേദസാഹിത്യങ്ങളുടെയും അടിസ്ഥാനം ഋഗ്വേദമാണ്. ഇതിൽ പ്രധാനമായും വ്യത്യസ്തദേവതകളെ സ്തുതിക്കുന്ന വരികൾ അടങ്ങിയിരിക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളെ ദേവതകളായി വ്യക്തിവത്കരിക്കുന്ന മനുഷ്യമനസ്സിന്റെ വികാസത്തിന്റെ ഒരുഘട്ടത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഋഗ്വേദത്തിന് 10 മണ്ഡലങ്ങളാണുള്ളത്. ആകെ 1028 സൂക്തങ്ങളുടെ (10,500 മന്ത്രങ്ങൾ) സമാഹാരമാണ് ഋഗ്വേദം. 'അഗ്നിമീളേ പുരോഹിതം' എന്നാരംഭിക്കുന്ന ഋഗ്വേദം 'യഥ വസ്സുസഹാസതി' എന്നവസാനിക്കുന്നു. മന്ത്രങ്ങൾ പ്രധാനമായും ഋഷികളുടെ സൃഷ്ടിയായിരുന്നു. ഏഴ് പ്രധാന ഋഷികളായിരുന്നു അത്രി, കണ്വൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ജമദഗ്നി, ഗൗതമൻ, ഭരദ്വാജൻ എന്നിവർ. ഋഗ്വേദത്തിന്റെ മൂന്നാമത്തെ മണ്ഡലത്തിലാണ് ഗായത്രീമന്ത്രം ഉൾപ്പെടുന്നത്. വിശ്വാമിത്രനാണ് ഗായത്രിമന്ത്രം രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. സാവിത്രിയെന്ന മൂർത്തിക്കാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. ഹൈന്ദവവിശ്വാസമനുസരിച്ച് ഉപനയനസമയത്ത് ഗുരൂപദേശമായിമാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രീമന്ത്രം. ഋഗ്വേദത്തിൽ ഏറ്റവും പ്രാധാന്യമുള്ള ദേവൻ ഇന്ദ്രനാണ്. യുദ്ധദേവനായിട്ടാണ് അദ്ദേഹം പരാമർശിക്കപ്പെട്ടിരിക്കുന്നത്. ഋഗ്വേദത്തിലെ ഏറ്റവും കൂടുതൽ മന്ത്രങ്ങൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത് ഇന്ദ്രനാണ്. കോട്ടകളെ തകർക്കുന്നവൻ എന്ന അർഥത്തിൽ പുരന്ദരൻ എന്നുവിളിച്ചിരുന്നത് ഇന്ദ്രനെയാണ്. ഭാരതീയപുരാണങ്ങളിൽ ദേവൻമാരുടെ രാജാവായ ഇന്ദ്രൻ മഴയുടെയും ഇടിമിന്നലിന്റെയും അധിദേവനാണ്. ഋഗ്വേദകാലത്ത് ജലത്തിന്റെ അധിദേവനായി കണക്കാക്കപ്പെട്ടിരുന്നത് വരുണനാണ്. ഋഗ്വേദത്തിൽ ഓം എന്ന വാക്ക് 1028 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഋഗ്വേദകാലത്ത് ജീവിച്ചിരുന്ന രണ്ട് പ്രധാന പുരോഹിതൻമാരാണ് വസിഷ്ഠനും വിശ്വാമിത്രനും. ഇവർ യഥാക്രമം സൂര്യവംശത്തിന്റെയും ചന്ദ്രവംശത്തിന്റെയും കുലഗുരുക്കളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

സാമവേദം

സംഗീതത്തെപ്പറ്റിയുള്ള ആദ്യത്തെ പുസ്തകമാണ് സാമവേദം. ഇന്ത്യൻ സംഗീതത്തിന്റെ ഉറവിടമെന്നും സാമവേദത്തെ വിശേഷിപ്പിക്കുന്നു. ഇതിന് 1549 ശ്ലോകങ്ങളുണ്ട്. ഏകദേശം 75 ശ്ലോകങ്ങൾ ഋഗ്വേദത്തിൽ നിന്നാണെടുത്തത്.

യജുർവേദം

ഇതിന് 1875 ശ്ലോകങ്ങളുണ്ട്. യജുർവേദത്തെ കൃഷ്ണയജുർവേദമെന്നും (കറുപ്പ്) ശുക്ലയജുർവേദമെന്നും (വെളുപ്പ്) രണ്ടായിത്തിരിച്ചിട്ടുണ്ട്. കൃഷ്ണയജുർവേദത്തിലെ മന്ത്ര-സൂക്തങ്ങൾ ശുക്ലയജുർവേദത്തിലെതുപോലെ ക്രമമായി ചിട്ടപ്പെടുത്താത്തതിനാലാണ് അതിന് 'കൃഷ്ണ' (കറുപ്പ് - അവ്യക്തത) യജുർവേദം എന്ന പേര് വന്നത്. ഗദ്യരൂപത്തിലുള്ള ഏകവേദമാണ് യജുർവേദം. ഋഗ്വേദം, സാമവേദം, യജുർവേദം എന്നിവയെല്ലാം ചേർന്ന് വേദത്രയി എന്നപേരിൽ അറിയപ്പെടുന്നു. പിൽക്കാലത്ത് അഥർവവേദവും ഈ ഗണത്തിൽ ഉൾപ്പെടുത്തി.

അഥർവവേദം

വേദങ്ങളിൽ ഒടുവിൽ രചിക്കപ്പെട്ട അഥർവവേദം, ബ്രഹ്മവേദമെന്നും അറിയപ്പെടുന്നു. ഇത് 20 കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ശ്ലോകങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള വേദമായ ഇതിൽ 730 ശ്ലോകങ്ങളാണുള്ളത്. ഈ ശ്ലോകങ്ങളിൽ ഭൂരിഭാഗവും ദുഷ്ടാത്മാക്കളെ അകറ്റാനുപയോഗിക്കുന്ന ആഭിചാരപ്രവൃത്തികളെക്കുറിച്ച് പ്രതിപാദിക്കുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ്. അഥർവവേദത്തിന് രണ്ട് വ്യത്യസ്തവിഭാഗങ്ങളുണ്ട് - പൈപ്പലാദ, സൗനകീയ. 'യുദ്ധം മനുഷ്യന്റെ മനസ്സിൽ തുടങ്ങുന്നു' എന്നത് ഈ വേദത്തിലെ വാക്യമാണ്. ചരിത്രപരമായും സാമൂഹികശാസ്ത്രപരമായും ഋഗ്വേദം കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വേദമാണ് അഥർവം. ഏറ്റവും പ്രയോജനപ്രദമായ വേദമായും ഇതിനെ കണക്കാക്കുന്നു.

പിൽക്കാലവേദങ്ങൾ

ഋഗ്വേദവുമായി സാദൃശ്യമുള്ള, പാഴ്‌സികളുടെ വിശുദ്ധഗ്രന്ഥമാണ് സെന്ത് അവെസ്ത. വേദം എന്ന വാക്കിനർഥം അറിവ് എന്നാണ്. ഋഗ്വേദത്തിലെ മാണ്ഡൂക്യസൂക്തം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്യവ്യവസ്ഥ നിലവിൽവന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്യവിഭാഗങ്ങൾ. മഹാവിഷ്ണുവിന്റെ ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽനിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടുവെന്ന് പുരുഷസൂക്തത്തിൽ പറയുന്നു. സാമവേദം, യജുർവേദം, അഥർവവേദം എന്നിവയാണ് പിൽക്കാലവേദങ്ങൾ.

ബ്രാഹ്മണങ്ങൾ

വേദങ്ങളുടെ അനുബന്ധമായി ഗദ്യരൂപത്തിലുള്ള വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ. വേദങ്ങളിലെ ശ്ലോകങ്ങളെ വിശദീകരിക്കുന്നത് ബ്രാഹ്മണങ്ങളാണ്. ഇവ യാഗശാസ്ത്രമാണ് കൈകാര്യംചെയ്യുന്നതെന്ന് പറയാം. വിവിധ യാഗങ്ങളെയും ആചാരങ്ങളെയും അവയുടെ നിഗൂഢാർഥങ്ങളെയും കുറിച്ച് അവ വിശദമായി വിവരിക്കുന്നു. ഓരോ വേദത്തിനും ഒട്ടേറെ ബ്രാഹ്മണങ്ങളുണ്ട്.

ഉപനിഷത്തുകൾ

ഹിന്ദുമതത്തിന്റെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ. അവ ഇന്ത്യൻ തത്ത്വചിന്തയുടെ ഉറവിടം എന്നറിയപ്പെടുന്നു. 'ഉപനിഷത്ത്' എന്ന വാക്ക് 'ഉപനി-സദ്' എന്ന ധാതുവിൽനിന്നാണ് ഉരുത്തിരിഞ്ഞത്. 'ആരുടെയെങ്കിലും അടുത്ത് ഇരിക്കുക' എന്നർഥം. അറിവ് പഠിക്കാൻ ഒരു വിദ്യാർഥി തന്റെ ഗുരുവിന്റെ കാൽക്കൽ ഇരിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഒടുവിൽ ആ പദം ഗുരു തന്റെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പകർന്നുനൽകിയ രഹസ്യ അറിവിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചു. ധ്യാനത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും മോക്ഷം കൈവരിക്കുക എന്ന ജീവിതലക്ഷ്യമാണ് ഉപനിഷത്തുകൾ വിഭാവനംചെയ്യുന്നത്. ബി.സി. 600-നോടടുപ്പിച്ചാണ് ഉപനിഷത്തുകൾ രചിക്കപ്പെട്ടത്. ഇവ 108 എണ്ണമുണ്ടെന്നാണ് ഏറ്റവും പ്രബലമായ വിശ്വാസം. അവയിൽ പന്ത്രണ്ടെണ്ണത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ഉപനിഷത്തുകൾ പൊതുവേ 'വേദാന്തങ്ങൾ' എന്നറിയപ്പെടുന്നു. ഏറ്റവും വലിയ ഉപനിഷത്ത് ബൃഹദാരണ്യകോപനിഷത്താണ്. മാണ്ഡൂക്യോപനിഷത്താണ് ഏറ്റവും ചെറുത്. ഏറ്റവും പഴക്കമുള്ള ഉപനിഷത്തുകൾ ബൃഹദാരണ്യകോപനിഷത്തും ഛാന്ദോഗ്യോപനിഷത്തുമാണ്. ഇന്ത്യയുടെ ദേശീയ ആപ്തവാക്യമായ 'സത്യമേവ ജയതേ' (സത്യം മാത്രമേ ജയിക്കൂ) എന്ന വാക്യം മുണ്ടകോപനിഷത്തിലേതാണ്. ശങ്കരാചാര്യർ, രാമാനുജൻ, രാമകൃഷ്ണ പരമഹംസർ, അരവിന്ദ ഘോഷ് തുടങ്ങിയ ചിന്തകരെ സ്വാധീനിച്ച പിൽക്കാല ഇന്ത്യൻ തത്ത്വചിന്തയുടെ അടിത്തറയാണ് ഉപനിഷത്തുകൾ. 'ഉത്തിഷ്ഠത, ജാഗ്രത' എന്ന വാക്യം കഠോപനിഷത്തും 'തമസോമാ ജ്യോതിർഗമയ' എന്ന വാക്യം ബൃഹദാരണ്യകോപനിഷത്തും 'മാതൃദേവോ ഭവ' എന്ന വാക്യം തൈത്തിരീയോപനിഷത്തും ഉൾക്കൊള്ളുന്നു. യമനും നചികേതസും തമ്മിലുള്ള സംഭാഷണമടങ്ങിയിരിക്കുന്നത് കഠോപനിഷത്തിലാണ്. വർണാശ്രമത്തെക്കുറിച്ച് ആദ്യപരാമർശമുള്ളത് ജാബാല ഉപനിഷത്തിലാണ്. ശ്രീകൃഷ്ണനെക്കുറിച്ച് ആദ്യം പരാമർശിച്ചിരിക്കുന്നത് ഛാന്ദോഗ്യോപനിഷത്തിലാണ്. ആത്മാവിന്റെ പലായനത്തെക്കുറിച്ച് പരാമർശിക്കുന്ന ഉപനിഷത്താണ് ബൃഹദാരണ്യകോപനിഷത്ത്.

ഉപനിഷത്ത് പരിഭാഷ

ഉപനിഷത്തുകൾ (50 എണ്ണം) പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ മുഗൾ രാജകുമാരനാണ് ദാരാഷുക്കോ (1657). ഉപനിഷത്തുകൾ വിവർത്തനംചെയ്യപ്പെട്ട ആദ്യ വിദേശഭാഷയാണ് പേർഷ്യൻ. ഉപനിഷത്തുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് മാക്സ്‌മുള്ളർ എന്ന ജർമൻ പണ്ഡിതനാണ്. ഉപനിഷത് ചിന്തയിലൂടെ പരമസത്യം നാല് മഹാവാക്യങ്ങളായി ഉപന്യസിക്കാമെന്ന് പണ്ഡിതമതം. പ്രജ്ഞാനം ബ്രഹ്മ (ഐതരേയം), അഹം ബ്രഹ്മാസ്മി (ബൃഹദാരണ്യകം), അയമാത്മാ ബ്രഹ്മ (മാണ്ഡുക്യം). തത്ത്വമസി (ഛാന്ദോഗ്യേം) എന്നിവയാണവ.

സൂത്രങ്ങൾ

സൂത്രങ്ങൾ ഉദ്ഭവിച്ചത് വാമൊഴിപാരമ്പര്യങ്ങളിലാണ്. അവിടെ മനഃപാഠമാക്കലും പാരായണവും പ്രധാന രീതികളായിരുന്നു. പതഞ്ജലിയുടെ യോഗസൂത്രങ്ങൾ, ബ്രഹ്മസൂത്രങ്ങൾ, വിവിധ ബുദ്ധസൂത്രങ്ങൾ, ജൈനസൂത്രങ്ങൾ എന്നിവ സൂത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്. മൂന്നുതരം യാഗങ്ങൾ എങ്ങനെ അർപ്പിക്കണം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ ശ്രൗതസൂത്രങ്ങൾ നൽകുന്നു. മനുഷ്യൻ ജനനംമുതൽ മരണംവരെ പാലിക്കേണ്ട ആചാരവിധികളെക്കുറിച്ച് ഗൃഹ്യസൂത്രങ്ങൾ പ്രതിപാദിക്കുന്നു. വിവാഹം എട്ടുരീതികളായി തരംതിരിക്കപ്പെട്ടു. ബ്രാഹ്മം, പ്രാജാപത്യം, ആർഷം, ദൈവം, ഗാന്ധർവം, ആസുരം, രാക്ഷസം, പൈശാചം എന്നിവയായിരുന്നു ഇവ. ഇവയിൽ ആദ്യത്തെ നാലും ശ്രേഷ്ഠങ്ങളായി വിധിക്കപ്പെട്ടു. ഗൃഹനാഥൻ അനുഷ്ഠിക്കേണ്ട പഞ്ചയജ്ഞങ്ങളായിരുന്നു ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദൈവയജ്ഞം, അതിഥിയജ്ഞം എന്നിവ. ഒരാളുടെ ജീവിതദശ നാല് ആശ്രമധർമാനുഷ്ഠാനങ്ങളിൽക്കൂടി കടന്നുപോകേണ്ടതാണെന്ന് വിധിക്കപ്പെട്ടു. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ് ആ ഘട്ടങ്ങൾ. വിജ്ഞാനസമ്പത്ത് വർധിപ്പിക്കുന്നതിനുവേണ്ടി മറ്റെല്ലാം ത്യജിക്കുന്ന ബ്രഹ്മചാരി (25 വയസ്സുവരെ), മാതൃകാപരനായ ഗൃഹനാഥൻ (25 മുതൽ 50 വയസ്സുവരെ), ആധ്യാത്മികജീവിതത്തിലും ധ്യാനത്തിലും മാത്രം മുഴുകി വനത്തിലെ ഏകാന്തതയിൽ കഴിയുന്ന വാനപ്രസ്ഥൻ (50 മുതൽ 75 വയസ്സുവരെ), ഐഹികമായ എല്ലാം ത്യജിച്ച് മോക്ഷപ്രാപ്തിക്കുവേണ്ടി അലയുന്ന ഭിക്ഷു (75 മുതൽ 100 വയസ്സുവരെ) എന്നിവയായിരുന്നു ആശ്രമധർമത്തിലെ ഘടകങ്ങൾ. ധർമസൂത്രങ്ങൾ പൊതുവേ നിയമങ്ങൾ, മര്യാദകൾ, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഗൗതമൻ, ബൗധായനൻ, വസിഷ്ഠൻ, ആപസ്തംബൻ എന്നിവരാണ് പ്രധാന ധർമസൂത്രകാരൻമാർ. യാഗപീഠങ്ങൾ നിർമിക്കുന്നതിന് സുൽവസൂത്രം വിവിധ അളവുകൾ നിർദേശിക്കുന്നു.

ആരണ്യകങ്ങൾ

ആരണ്യകം എന്ന വാക്കിന്റെ അർഥം 'കാട്' എന്നാണ്. ഇവയെ 'വനഗ്രന്ഥങ്ങൾ' എന്നുവിളിക്കുന്നു. പ്രധാനമായും കാട്ടിൽ താമസിക്കുന്ന സന്ന്യാസിമാർക്കും വിദ്യാർഥികൾക്കും വേണ്ടി എഴുതിയതാണ് ഇവ. ബ്രാഹ്മണങ്ങളുടെയോ അവയുടെ അനുബന്ധങ്ങളുടെയോ അവസാനഭാഗങ്ങളാണിവ. ബ്രാഹ്മണങ്ങൾക്കും ഉപനിഷത്തുകൾക്കും ഇടയിലുള്ള കൃതികളായ ആരണ്യകങ്ങളുടെ ലക്ഷ്യം വാനപ്രസ്ഥത്തിനായി ആരണ്യകത്തിലേക്കു പോകുന്നവർക്ക് ആത്മീയജ്ഞാനമാർജിക്കാൻ സഹായകമാകുകയെന്നതാണ്. ആരണ്യകങ്ങൾ യാഗങ്ങളനുഷ്ഠിക്കുന്നതിനുള്ള നിയമങ്ങളോ ചടങ്ങുകളുടെ വിശദീകരണങ്ങളോ അല്ല.

പുരാണങ്ങൾ

വേദവ്യാസനാണ് 18 പുരാണങ്ങളും രചിച്ചതെന്ന അഭിപ്രായമുണ്ട്. 18 മഹാപുരാണങ്ങളെ കൂടാതെ 18 ഉപപുരാണങ്ങളും ഉണ്ടെന്നു കണക്കാക്കിയിരിക്കുന്നു. ബ്രഹ്മപുരാണം, ഭഗവതപുരാണം, മാർക്കണ്ഡേയപുരാണം, വിഷ്ണുപുരാണം, നാരദീയപുരാണം, പദ്മപുരാണം, വായുപുരാണം, അഗ്നിപുരാണം, ഭവിഷ്യപുരാണം, ബ്രഹ്മ വൈവർത്തകപുരാണം, ലിംഗപുരാണം, വരാഹപുരാണം, സ്കന്ദപുരാണം, വാമന പുരാണം, കൂർമപുരാണം, മത്സ്യപുരാണം, ഗരുഡപുരാണം, ബ്രഹ്മാണ്ഡപുരാണം. ഏറ്റവും പ്രധാനപ്പെട്ട പുരാണങ്ങൾ വിഷ്ണുപുരാണം, വായുപുരാണം, മത്സ്യപുരാണം, ബ്രഹ്മപുരാണം, ഭവിഷ്യപുരാണം എന്നിവയാണ്. ഏറ്റവും വലിയ പുരാണം സ്കന്ദപുരാണമാണ്. ഇതിൽ 80,000-ൽപ്പരം പദ്യങ്ങളുണ്ട്. രണ്ടാംസ്ഥാനത്തുള്ള പദ്‌മപുരാണത്തിൽ 55,000 പദ്യങ്ങളുണ്ട്. പ്രാചീന ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമായി സ്കന്ദപുരാണം കണക്കാക്കപ്പെടുന്നു. മാർക്കണ്ഡേയപുരാണമാണ് ഏറ്റവും ചെറിയ പുരാണം. ദേവീഭാഗവതപ്രകാരമുള്ള ഉപപുരാണങ്ങൾ - സനൽകുമാരം, നരസിംഹം, നാരദീയം, ശിവം, ദുർവാസസം, കാപിലം, വാമനം, ഔശനസ്സം, വാരുണം, കാളിക, ഭാർഗവം, നന്ദി, സൗരം, സാംബം, മാഹേശ്വരം, പാരശരം, ഗണേശം, വാസിഷ്ഠം എന്നിവ. 

വേദാംഗങ്ങൾ

വേദങ്ങളുടെ അനുബന്ധകൃതികളാണ് വേദാംഗങ്ങൾ. വേദകാലത്തിന്റെ അവസാനത്തോടെ, ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തിലോ അതിനുശേഷമോ ആണ് വേദാംഗങ്ങൾ വികസിച്ചതെന്ന് കരുതപ്പെടുന്നു. ഇവ ആറെണ്ണമുണ്ട്. ശിക്ഷ ഉച്ചാരണത്തെക്കുറിച്ചും ഛന്ദ മന്ത്രങ്ങളുടെ ഘടന സംബന്ധിച്ച ചട്ടങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വ്യാകരണമാണ് മൂന്നാമത്തെത്. കല്പം ആചാരങ്ങളെക്കുറിച്ച് വിവരിക്കുന്നു. വേദാംഗങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണിത്. ശ്രൗതസൂത്രം, ഗൃഹ്യസൂത്രം, ധർമസൂത്രം, സുൾവസൂത്രം എന്നിങ്ങനെ നാലായി കല്പം വിഭജിക്കപ്പെട്ടിട്ടുണ്ട്. വാക്കുകളുടെ ഉദ്ഭവമാണ് നിരുക്തത്തിന്റെ ഉള്ളടക്കം. ജ്യോതിഷം തിളക്കമുള്ള വസ്തുക്കളെക്കുറിച്ച് പ്രതിപാദിക്കുന്നു. വേദാംഗങ്ങളെക്കുറിച്ച് ആദ്യമായി പരാമർശിച്ചിരിക്കുന്നത് മുണ്ടകോപനിഷത്തിലാണ്. നിരുക്തത്തിന്റെ കർത്താവായി അറിയപ്പെടുന്നത് യാസ്‌കനാണ്. നൂറ്റാണ്ടുകളായി വേദപാരമ്പര്യത്തിന്റെ പരിശുദ്ധിയും സമഗ്രതയും നിലനിർത്തുന്നതിൽ വേദാംഗങ്ങൾ നിർണായകപങ്കാണ് വഹിച്ചത്.

ഭാരതീയ ദർശനങ്ങൾ

ഭാരതീയ ദർശനങ്ങൾ മുഖ്യമായി ഒൻപതെണ്ണമെന്നു കണക്കാക്കാം. ആസ്തിക ദർശനങ്ങൾ (വേദപ്രാമാണ്യം അംഗീകരിക്കുന്നവ) ആറെണ്ണവും നാസ്തിക ദർശനങ്ങൾ (വേദപ്രാമാണ്യം അംഗീകരിക്കാത്തവ) മൂന്നെണ്ണവും ഉണ്ട്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂർവമീമാംസ, ഉത്തരമീമാംസ (വേദാന്തം) എന്നിവയാണ് ആസ്തിക ദർശനങ്ങൾ. ഇവയെ ഷഡ്‌ദർശങ്ങൾ എന്നു പറയുന്നു. ബൗദ്ധം, ജൈനം, ചാർവാകം (ബാർഹസ് പത്യം അഥവാ ലോകായതം) എന്നിവ നാസ്തിക ദർശനങ്ങളുമാണ്. ഉത്തരമീ മാംസയെ ജ്ഞാനകാണ്ഡം എന്നും പൂർവ മീമാംസയെ കർമകാണ്ഡം എന്നും വിളിക്കുന്നു. കപില മഹർഷി സാംഖ്യത്തിന്റെയും ജൈമിനി പൂർവമീമാംസത്തിന്റെയും ഗൗതമൻ ന്യായദർശനത്തിന്റെയും കണാദൻ വൈശേഷികദർശനത്തിന്റെയും പതഞ്‌ജലി യോഗത്തിന്റെയും ബാദരായണൻ ഉത്തരമീമാംസയുടെയും ഉപജ്ഞാതാക്കളാണ്. ന്യായസൂത്രമാണ് ന്യായദർശനത്തിന്റെ പ്രാമാണിക ഗ്രന്ഥം. വൈശേഷികദർശനത്തിന്റെ പ്രാമാണികഗ്രന്ഥം വൈശേഷികസൂത്രങ്ങളാണ്. മീമാംസസൂത്രം പൂർവമീമാംസയുടെയും സാംഖ്യസൂത്രം സാംഖ്യദർശനത്തിന്റെയും യോഗസൂത്രം യോഗദർശനത്തിന്റെയും ബ്രഹ്മസൂത്രം ഉത്തരമീമാംസയുടെയും പ്രാമാണികഗ്രന്ഥങ്ങളാണ്. ഈ ദർശനങ്ങളെല്ലാം ജീവിതത്തിന്റെ മൂല്യങ്ങളെ പ്രചരിപ്പിക്കുന്നു. ഷഡ്‌ദർശനങ്ങളിൽ ഏറ്റവും പഴക്കമുള്ളത് സാംഖ്യമാണ്. ഇന്ത്യൻ കണികാസിദ്ധാന്തം എന്നറിയപ്പെടുന്നത് വൈശേഷികദർശനമാണ്.

ഉപവേദങ്ങൾ

വേദങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടതായി വേദാംഗങ്ങളും ദർശനങ്ങളും അവകാശപ്പെടുന്നുവെങ്കിലും അവയെ കാതലായ വേദസാഹിത്യത്തിന്റെ കുടക്കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല. വേദതത്ത്വചിന്തയെ വിശദീകരിക്കുന്നവയാണ് ഉപവേദങ്ങൾ. സാമവേദത്തിന്റെ ഉപവേദമായ ഗന്ധർവവേദം സംഗീതത്തെപ്പറ്റി പ്രതിപാദിക്കുന്നു. യജുർവേദത്തിന്റെ ഉപവേദമായ ധനുർവേദം അസ്ത്രവിദ്യയെപ്പറ്റി പ്രതിപാദിക്കുന്നു. ഭൃഗുവാണ് ഉപജ്ഞാതാവ്. അഥർവവേദത്തിന്റെ ഉപവേദങ്ങളായ ശില്പവേദം (സ്ഥാപത്യവേദം) വാസ്തുവിദ്യയെക്കുറിച്ചും ആയുർവേദം വൈദ്യശാസ്ത്രത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. ആയുർവേദത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത് ചരകൻ, സുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ്. ആയുർവേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനേയും ആരോഗ്യത്തെയുമാണ്. വേദസാഹിത്യത്തിന്റെ ഭാഗമല്ലെന്നിരുന്നാലും ഉപവേദങ്ങൾക്ക് വലിയ പവിത്രത കല്പിക്കപ്പെടുന്നു.

2. ക്ലാസ്സിക്കൽ സംസ്കൃതം

ഇതിഹാസങ്ങൾ മറ്റും ഉൾപ്പെടുന്നത് ക്ലാസിക്കൽ സംസ്കൃതത്തിലാണ്. ക്ലാസിക്കൽ സംസ്കൃതത്തിൽ എഴുതപ്പെട്ട വിവിധ കൃതികളും അവയുടെ രചയിതാക്കളും ചുവടെ കൊടുത്തിരിക്കുന്നു.

1. രാമായണം - വാല്മീകി

2. മഹാഭാരതം - വ്യാസൻ

3. ചരകസംഹിത - ചരകമുനി

4. അമരകോശം - അമരസിംഹൻ

5. അഷ്ടാധ്യായി - പാണിനി

6. മഹാഭാഷ്യം - പതഞ്‌ജലി

7. അർഥശാസ്ത്രം - കൗടില്യൻ

8. ഗീതാഗോവിന്ദം - ജയദേവൻ

9. നാട്യശാസ്ത്രം - ഭരതമുനി

10. അഷ്ടാംഗഹൃദയം - വാഗ്ഭടൻ

11. പഞ്ചതന്ത്രം - വിഷ്ണുശർമ

12. ആര്യഭടീയം - ആര്യഭടൻ

13. ലീലാവതി - ഭാസ്കരൻ രണ്ടാമൻ

14. അഭിജ്ഞാനശാകുന്തളംമാളവികാഗ്നിമിത്രംകുമാരസംഭവം - കാളിദാസൻ

15. ബുദ്ധചരിതം - അശ്വഘോഷൻ

16. സ്വപ്നവാസവദത്തംഊരുഭംഗംപഞ്ചരാത്രംചാരുദത്തംദൂതഘടോത്കചംഅവിമാരകംബാലചരിതംകർണഭാരംഅഭിഷേകനാടകംപ്രതിമാനാടകംദൂതവാക്യം - ഭാസൻ

17. മൃച്ഛകടികം - ശൂദ്രകൻ

18.  ശതകത്രയം - ഭർതൃഹരി

19. കാദംബരിഹർഷചരിതം - ബാണഭട്ടൻ

20. സൂര്യദശകം - മയൂരഭട്ടൻ

21. ശിശുപാലവധം - മാഘൻ

22. ജനകീഹരണം - കുമാരദാസൻ

23. കാവ്യാദർശം - ദണ്ഡി

24. വാസവദത്ത - സുബന്ധു

25. വേണിസംഹാരം - ഭട്ടനാരായണൻ

26. മാലതിമാധവം - ഭവഭൂതി

27. കഥാസരിത് സാഗരം - സോമദേവഭട്ടൻ

Post a Comment

0 Comments
Post a Comment (0)