ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ

Arun Mohan
0

ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ

ഒരു ഭാഷയ്ക്കു ക്ലാസിക് പദവി നൽകുന്നതിനായി നാലു മാനദണ്ഡമാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തിട്ടുള്ളത്‌.

മാനദണ്ഡം 1 - ഒരു ഭാഷയുടെ ആദ്യകാലഗ്രന്ഥങ്ങൾക്കോ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിനോ 1500 - 2000 വർഷത്തെ പ്രാചീനത ഉണ്ടായിരിക്കണം.

മാനദണ്ഡം 2 - തലമുറകളായി ഭാഷ ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ മഹത്തായ പാരമ്പര്യമായി കരുതുന്ന ഒരു പ്രാചീന സാഹിത്യമോ ഗ്രന്ഥങ്ങളോ ഉണ്ടായിരിക്കണം.

മാനദണ്ഡം 3 - മറ്റൊരു ഭാഷ സംസാരിക്കുന്ന വിഭാഗത്തിൽനിന്നു കടംകൊണ്ടതല്ലാത്തതും തനതുമായ ഒരു സാഹിത്യ പാരമ്പര്യം ഉണ്ടായിരിക്കണം.

മാനദണ്ഡം 4 - ഒരു ക്ലാസ്സിക്കൽ ഭാഷ പിന്നീടു രൂപം കൊണ്ടവയിൽനിന്നു വ്യതിരിക്തമോ പിന്നീടു രൂപപ്പെട്ട ഭാഷാ ഭേദങ്ങളുമായി തുടർബന്ധം ഇല്ലാത്തതോ ആയിരിക്കണം.

തമിഴ് (2004), സംസ്കൃതം (2005), തെലുങ്കു (2008), കന്നഡ (2008), മലയാളം (2013), ഒഡിയ (2014), അസമീസ് (2024), ബംഗാളി (2024), മറാഠി (2024), പാലി (2024), പ്രാകൃത് (2024) എന്നീ ഇന്ത്യൻ ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ളത്.

ക്ലാസിക്കൽ പദവി ലഭിച്ച ഇന്ത്യൻ ഭാഷകൾ

1. തമിഴ്

ദ്രാവിഡ ഭാഷാകുടുംബത്തിലെ പ്രധാന ഭാഷയാണ് തമിഴ്. തമിഴിനാടിന്റെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെയും ഔദ്യോഗിക ഭാഷയാണിത്. ദ്രാവിഡ ഭാഷകളിലെ ഏറ്റവും പഴക്കമുള്ള സാഹിത്യം തമിഴിന്റേതാണ്. ഏകദേശം 2300 വർഷത്തെ പഴക്കമുണ്ട് തമിഴിലെ ആദ്യകാല സാഹിത്യമായ സംഘസാഹിത്യത്തിന്. വ്യാകരണത്തിലും വാക്കുകളിലും ഉണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ തമിഴിന്റെ ചരിത്രത്തെ മൂന്ന് കാലഘട്ടങ്ങളിലായി തിരിക്കാം. പ്രാചീന തമിഴ് (ബി.സി 450 - എ.ഡി 700), മധ്യകാല തമിഴ് (എ.ഡി 700 - എ.ഡി 1600), ആധുനിക തമിഴ് (എ.ഡി 1600 മുതൽ). ബ്രഹ്മി ലിപിയിൽനിന്നാണ് തമിഴിലെ അക്ഷരങ്ങളുടെ വരവ്. 2004ൽ തമിഴിനെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചു.

2. സംസ്കൃതം

പുരാതന ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്രയായ ക്ലാസിക് ഭാഷയാണ് സംസ്കൃതം. സംസ്കൃതം മാതൃഭാഷയായിട്ടുള്ളവർ വളരെ കുറവായിരിക്കും. എന്നാൽ ഭാരതത്തിന്റെ എല്ലാ ഭാഗത്തുള്ളവർക്കും സ്വന്തമെന്നു പറയാവുന്ന ഭാഷയാണ് സംസ്കൃതം. സംസ്കൃതം മറ്റെല്ലാ ഭാരതീയ ഭാഷകളുടെ വളർച്ചയ്ക്കും സാഹിത്യപുരോഗതിക്കും കാരണമായ ഒരേയൊരു ഭാഷയാണ്. പല കാലങ്ങളിൽ പല സമൂഹങ്ങളായി ഇന്ത്യയിലെത്തിയ ആര്യന്മാർ സംസ്കൃതം ഇവിടെ പ്രചരിപ്പിച്ചു. ഏകദേശം 2500 വർഷം മുമ്പ് പാണിനി എഴുതിയ 'അഷ്ടാധ്യായി' സംസ്കൃതത്തിലെ ഒരു പ്രശസ്ത വ്യാകരണഗ്രന്ഥമാണ്. ഇന്തോ - ആര്യൻ ഭാഷകളുടെ രണ്ടു വിഭാഗങ്ങളാണ് വേദ സംസ്കൃതവും ക്ലാസിക്കൽ സംസ്കൃതവും. 2005ൽ സംസ്കൃതത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചു.

3. തെലുങ്ക്

ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ഒപ്പം പുതുച്ചേരിയുടെ ഭാഗമായ യാനത്തിന്റെയും പ്രധാന ഭാഷയാണ് തെലുങ്ക്. ദ്രാവിഡ ഭാഷാ കുടുംബത്തിലെ മുഖ്യ ഭാഷകളിലൊന്നാണ് തെലുങ്ക്. സംസ്കൃത വാക്കായ 'ത്രിലിംഗ'മാണ് പിന്നീട് തെലുങ്ക് ആയതെന്ന് ഒരു വാദമുണ്ട്. തെലുങ്കിൽ എഴുതപ്പെട്ട ആദ്യ രേഖകൾക്ക് ബി.സി.575 വരെ പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ബ്രഹ്മി ലിപിയിൽനിന്ന് രൂപംകൊണ്ട ഇതിന്റെ ലിപിക്ക് കന്നഡയുമായി അടുത്ത ബന്ധമുണ്ട്. സംസ്കൃതത്തിന്റെ സ്വാധീനം തെലുങ്കിൽ ധാരാളമായി കാണാം. 2008ൽ ഭാരത സർക്കാർ തെലുങ്കിന് ശ്രേഷ്ഠഭാഷാ പദവി നൽകി.

4. കന്നഡ

ദ്രാവിഡ ഭാഷാകുടുംബത്തിലെ ഒരംഗമായ കന്നഡ ഭാഷ കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ്. കനറീസ്, കന്നണ എന്നീ പേരുകളിലും ഈ ഭാഷ അറിയപ്പെടുന്നു. നാല് പ്രധാന ദ്രാവിഡഭാഷകളിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനത്താണ് കന്നഡ. ബ്രഹ്മി ലിപിയിൽനിന്ന് രൂപംകൊണ്ടതാണ് കന്നഡ ലിപി. കന്നഡഭാഷയുടെ വളർച്ചയിൽ മൂന്ന് ഘട്ടങ്ങളുണ്ട് : പഴയകാല കന്നഡ (എ.ഡി 450 - 1200), മധ്യകാല കന്നഡ (എ.ഡി 1200 - 1700), ആധുനിക കന്നഡ (എ.ഡി 1700 മുതൽ). തെക്കൻ കന്നഡ, വടക്കൻ കന്നഡ, തീരദേശ കന്നഡ എന്നിങ്ങനെ കന്നഡയ്ക്ക് പല രൂപഭേദങ്ങളുണ്ട്. 2008ൽ ഭാരത സർക്കാർ കന്നഡയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നൽകി.

5. മലയാളം

'മലകളുടെ നാട്' എന്ന അർഥത്തിൽ നാടിനു കിട്ടിയ പേര് പിന്നീട് ഭാഷയ്ക്ക് സ്വന്തമാക്കുകയായിരുന്നു എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. കേരളത്തിനു പുറമേ ലക്ഷദ്വീപിലെയും പുതുച്ചേരിയിലെയും ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. മലയാളത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട പ്രധാനമായും രണ്ട് വാദങ്ങളാണുള്ളത്. മധ്യകാല തമിഴിൽ നിന്നാണ് മലയാളം രൂപപ്പെട്ടത് എന്നതാണ് അതിൽ ഒന്ന്. മൂലദ്രാവിഡത്തിൽ നിന്ന് രൂപപ്പെട്ടതാണ് മലയാളം എന്നതാണ് രണ്ടാമത്തേത്. മൂന്നു ശാഖകളിലായിട്ടാണ് പഴയ മലയാളം വളർന്നതെന്നു പറയാം. നാടൻപാട്ടുകളിലെ ശുദ്ധ മലയാളമായിരുന്നു ആദ്യത്തേത്. തമിഴിന്റെ സ്വാധീനമുള്ള മലയാളമായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേതാവട്ടെ സംസ്കൃതത്തിന്റെ സ്വാധീനമുള്ളതും. സംസ്കൃതത്തിൽനിന്ന് ധാരാളം വാക്കുകൾ സ്വീകരിച്ചാണ് മലയാളം വളർന്നത്. 2013ൽ ഭാരത സർക്കാർ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നൽകി.

6. ഒഡിയ

ഒഡിഷ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഒഡിയ. മഗധി എന്ന പ്രാകൃത ഭാഷാരൂപത്തിൽ നിന്ന് ജന്മമെടുത്ത ഒഡിയ ഭാഷയുടെ ആദ്യ പേര് ഒറിയ എന്നായിരുന്നു. 2011 ലാണ് ഒഡിയ എന്ന് പേരുമാറ്റിയത്. പത്താം നൂറ്റാണ്ടോടുകൂടി ഒഡിയ ഇന്നത്തെ രൂപത്തിൽ ഒരു പ്രത്യേക ഭാഷയായി രൂപംകൊണ്ടു എന്ന് കരുതുന്നു. 'അർധമഗധി', 'ശൗര്യസേനി' എന്നീ പ്രാചീന ഭാഷകളുടെ സ്വാധീനം ഈ ഭാഷയിൽ കാണാം. 2014ൽ ഒഡിയക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

7. അസമീസ്

ഇന്ത്യയുടെ കിഴക്കൻ ഭാഗത്തുള്ള ഇന്തോ - ആര്യൻ ഭാഷകളിലെ പ്രധാനപ്പെട്ട ഭാഷയാണ് അസമീസ് അഥവാ അസമിയ. ബംഗാളിയും അസമീസും തമ്മിൽ അടുപ്പമുണ്ട്. രണ്ട് അക്ഷരങ്ങൾ ഒഴിച്ചാൽ ഈ രണ്ടു ഭാഷകളുടെയും ലിപികൾ ഒന്നുതന്നെ. രണ്ടിന്റെയും വ്യാകരണത്തിനും സാമ്യമുണ്ട്. എങ്കിലും സംസാരരീതി രണ്ടുഭാഷകളിലും വ്യത്യസ്തമാണ്. അസമീസിലെ പദങ്ങളിൽ പകുതിയും സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്. ഹിന്ദി, മറാഠി, ഗുജറാത്തി, അറബി, പേർഷ്യൻ, പോർച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളുടെ സ്വാധീനവും അസമീസ് ഭാഷയിൽ കാണാം. 2024ൽ അസമീസിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

8. ബംഗാളി

ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെയും അയൽരാജ്യമായ ബംഗ്ലാദേശിലെയും മാതൃഭാഷയാണ് ബംഗാളി. ബനാറസ് മുതൽ ഗുവാഹത്തി വരെ പണ്ടു നിലനിന്നിരുന്ന സംസാരഭാഷയിൽനിന്ന് പത്താം നൂറ്റാണ്ടിനോടടുത്ത് രൂപംകൊണ്ട ഭാഷയാണ് ബംഗാളി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന പല ഭാഷകളുടെയും സ്വാധീനം ഇതിനുണ്ടായി. പ്രത്യേകിച്ച് സംസ്കൃതം, മൈഥിലി, ഒറിയ, ഭോജ്‌പുരി എന്നീ ഭാഷകളുടെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ബംഗാളി ഭാഷ വിട്ടുകസിച്ചത്. പഴയ ബംഗാളി (എ.ഡി 950 - 1350), മധ്യ ബംഗാളി (എ.ഡി 1350 - 1800), ആധുനിക ബംഗാളി (എ.ഡി 1800 നുശേഷം) എന്നിവയാണ് ആ ഘട്ടങ്ങൾ. 2024ൽ ബംഗാളിയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

9. മറാഠി

ഇന്തോ - ആര്യൻ ഭാഷകളിൽ ഏറ്റവും പഴക്കംചെന്ന ഭാഷയാണ് മറാഠി. പതിമൂന്നാം നൂറ്റാണ്ടിലാണ് മറാഠി ഭാഷയുടെ വളർച്ച ആരംഭിക്കുന്നത്. 'പ്രാകൃത് മഹാരാഷ്ട്രി' എന്ന ഭാഷാരൂപത്തിൽ നിന്നാണ് മറാഠി വികസിച്ചതെന്ന് പല ചരിത്രകാരന്മാരും പറയുന്നു. സംസ്കൃതം മറാഠി ഭാഷയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മറാഠി ഭാഷയുടെ പദസമ്പത്തിൽ മുക്കാൽ പങ്കും സംസ്കൃതത്തിൽ നിന്ന് വന്നതാണ്. പഴയ മറാഠി (എ.ഡി 1350 വരെ), മധ്യകാല മറാഠി (എ.ഡി 1350 മുതൽ 1800 വരെ), ആധുനിക മറാഠി (എ.ഡി 1800നു ശേഷം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയായിരുന്നു മറാഠി സാഹിത്യത്തിന്റെ വളർച്ച. 2024ൽ മറാഠിക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

10. പാലി ഭാഷ

പ്രാചീന ഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഇന്തോ ആര്യൻ ഭാഷാകുടുംബത്തിലെ ഒരു പ്രാകൃത ഭാഷയാണ് പാലി. ബി.സി 500 മുതൽ എ.ഡി 1000 വരെയുള്ള മധ്യ ഇന്തോ - ആര്യൻ കാലഘട്ടത്തിലാണ് പാലി ഭാഷ നിലനിന്നിരുന്നത്. ബുദ്ധമതക്കാരുടെ ഭാഷയായിരുന്നു പാലി. ബുദ്ധൻ തന്റെ പ്രബോധനങ്ങൾ നടത്തിയത് സാധാരണ ജനങ്ങളുടെ ഭാഷയായ പാലിയിലാണ്. ബുദ്ധമതപ്രമാണങ്ങൾ എഴുതപ്പെട്ടതും പാലി ഭാഷയിലാണ്. ത്രിപിടകങ്ങൾ, ജാതകകഥകൾ തുടങ്ങിയ മതഗ്രന്ഥങ്ങൾ പാലി ഭാഷയിലാണ് രചിക്കപ്പെട്ടത്. ദീപവംശം, മഹാവംശം എന്നീ ബൗദ്ധ ഗ്രന്ഥങ്ങളും എഴുതപ്പെട്ടിട്ടുള്ളതും പാലിയിലാണ്. 2024ൽ പാലി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

11. പ്രാകൃത ഭാഷ

വൈദിക സംസ്കൃതത്തിൽ നിന്നുണ്ടായ ഭാഷകളാണ് പ്രാകൃത ഭാഷകൾ. പ്രാകൃത ഭാഷ എന്നത് പ്രാചീന ഇന്ത്യയിൽ ഉപയോഗത്തിലിരുന്ന ഒരു കൂട്ടം ഭാഷകളെ പൊതുവായി സൂചിപ്പിക്കുന്ന പദമാണ്. ഇത് മധ്യ-ഇന്തോ-ആര്യൻ ഭാഷാ കുടുംബത്തിൽ പെടുന്നു. സംസ്കൃതവുമായി അടുത്ത ബന്ധമുണ്ടെങ്കിലും, പ്രാകൃത ഭാഷകൾ കൂടുതൽ ലളിതവും സംസാരഭാഷയോട് അടുത്തുമായിരുന്നു. ബി.സി 500 മുതൽ എ.ഡി 1000 വരെയുള്ള കാലഘട്ടത്തിലാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ബുദ്ധ, ജൈന ഗ്രന്ഥങ്ങൾ പ്രാകൃത ഭാഷയിൽ രചിച്ചിട്ടുണ്ട്. മഹാരാഷ്ട്രി, ശൗര്യസേനി, മാഗധി, പൈശാചി എന്നിവയാണ് പ്രാകൃത ഭാഷകളിൽ പ്രധാനം. എ.ഡി 800 കളിൽ ഇന്ത്യയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഭാഷയാണ് പ്രാകൃത് മഹാരാഷ്ട്രി. എ.ഡി 1000 മുതലാണ് ആധുനിക ഇന്തോ - ആര്യൻ ഘട്ടം. സാഹിത്യഭാഷകളായ പ്രാകൃതങ്ങളിൽ നിന്ന് 'അപഭ്രംശങ്ങൾ' എന്ന സംസാര ഭാഷകൾ ഇക്കാലത്ത് രൂപംകൊണ്ടു. 2024ൽ പ്രാകൃത് ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

Post a Comment

0 Comments
Post a Comment (0)