ഇന്ത്യയിലെ ഔദ്യോഗിക ഭാഷകൾ
ആയിരത്തി
അഞ്ഞൂറിലേറെ മാതൃഭാഷകൾ നിലനിന്ന ഭാരതത്തിൽ ഒരു പൊതുഭാഷ ഇല്ലാതിരുന്നത് വലിയ
പ്രശ്നമായിരുന്നു. സ്വാതന്ത്ര്യം നേടിയശേഷവും ഇക്കാര്യത്തിൽ നമ്മുടെ ഭരണഘടനാനിർമാണ
സഭയ്ക്ക് ഒരു തീരുമാനത്തിലെത്താനായില്ല. ഒടുവിൽ വോട്ടിങ് നടത്തുകയും
രാഷ്ട്രപതിയുടെ 'കാസ്റ്റിങ് വോട്ടി'ന്റെ ഭൂരിപക്ഷത്തോടെ ഹിന്ദി
തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അങ്ങനെ ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 343 ലാണ് ഹിന്ദിയുടെ ഔദ്യോഗിക
ഭാഷാ പദവിയെക്കുറിച്ച് പറയുന്നത്. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷയേയും ഔദ്യോഗിക
ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണെന്ന് ഭരണഘടന അനുശാസിക്കുന്നു. രാജ്യത്തെ
ഏതാണ്ട് 46 ശതമാനം ജനങ്ങളും ഹിന്ദിയും
സമാനഭാഷകളായ ഉർദുവും ഹിന്ദുസ്ഥാനിയും സംസാരിക്കുന്നവരായതുകൊണ്ടാണ് ഹിന്ദിക്ക് ഈ
പദവി കൈവന്നത്.
ഭരണഘടനയുടെ
എട്ടാം ഷെഡ്യൂളിൽ ആദ്യം 14
ഭാഷകളാണ്
ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക ഭാഷാ കമ്മിഷൻ 1955ൽ രൂപീകരിച്ചു. ബി.ജി.ഖേർ ആയിരുന്നു
അതിന്റെ ചെയർമാൻ. 1967ൽ 21 ആം ഭരണഘടന ഭേദഗതിയിലൂടെ സിന്ധിയെ
എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. 1992ൽ 71 ആം ഭരണഘടന ഭേദഗതിയിലൂടെ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ
ഉൾപ്പെടുത്തുകയുണ്ടായി. 2003ൽ 92 ആം ഭരണഘടന ഭേദഗതിയിലൂടെ ദോഗ്രി, ബോഡോ, സന്താലി, മൈഥിലി എന്നീ ഭാഷകളെയും എട്ടാം
ഷെഡ്യൂളിൽ ഉൾപ്പെടുത്തി. ഇപ്പോൾ ഔദ്യോഗിക ഭാഷയായി 22 എണ്ണമുണ്ട്. രാജ്യത്തെ ആകെ ജനങ്ങളിൽ 91 ശതമാനത്തോളം പേർ സംസാരിക്കുന്ന
ഭാഷകളാണവ. അസ്സമീസ്,
ബംഗാളി, ബോഡോ, ദോഗ്രി, ഗുജറാത്തി, ഹിന്ദി, കശ്മീരി, കന്നഡ, കൊങ്കണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാഠി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുങ്ക്, ഉർദു എന്നിവയാണ് ഔദ്യോഗിക ഭാഷകൾ.