ഇന്ത്യയിലെ വ്യത്യസ്ത ലിപികൾ

Arun Mohan
0

ഇന്ത്യയിലെ വ്യത്യസ്ത ലിപികൾ

ഹരപ്പൻ ലിപി

ഹരപ്പർ എഴുത്തുവിദ്യ വികസിപ്പിച്ചെടുത്തിരുന്നു. അവർ ഇന്ത്യയിലെ ആദ്യത്തെ സാക്ഷരസമൂഹമായിരുന്നു. ഹരപ്പൻ ലിപിയെക്കുറിച്ച് നമുക്ക് അറിവു ലഭിക്കുന്നത് മുഖ്യമായും അവരുടെ മുദ്രകളിൽ നിന്നാണ്. ഇതിന്റെ ആദ്യത്തെ മാതൃക കണ്ടെത്തിയത് 1853 ലാണ്. 1923 ആയപ്പോഴേക്കും മുഴുവൻ ലിപികളും കണ്ടെത്തി. ഹരപ്പൻ ലിപിയുടെ ഏതാണ്ട് 4000 മാതൃകകൾ കണ്ടെത്തുകയുണ്ടായി. ഹരപ്പൻ നീണ്ട ലിഖിതങ്ങൾ എഴിതിയിരുന്നില്ല. അവരുടെ ലിഖിതങ്ങളിൽ വളരെക്കുറിച്ച് വാക്കുകൾ മാത്രമേയുള്ളൂ. ഹരപ്പൻ ലിപി വലത്തുനിന്നും ഇടത്തോട്ടാണ് എഴുതിയിരുന്നത്.

ബ്രഹ്മി ലിപി

എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിനുമുൻപ് ബ്രഹ്മി ലിപിയുടെ വിവിധ വകഭേദങ്ങളായിരുന്നു സംസ്കൃതത്തിന്റെ ലിപി. ബി.സി ഏഴോ എട്ടോ നൂറ്റാണ്ടുകൾ വരെ പഴക്കമുണ്ട് എന്നു കരുതുന്ന ഈ എഴുത്തുസമ്പ്രദായം മധ്യേഷ്യയിൽ നിന്നെത്തിയ കച്ചവടക്കാരാകാം ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഖരോഷ്ടി, ഗുപ്ത ലിപി തുടങ്ങിയവ ബ്രഹ്മി ലിപിയുടെ വിവിധ വകഭേദങ്ങളായിരുന്നു.

ഖരോഷ്ടി ലിപി

ബ്രഹ്മി ഭാഷയ്ക്ക് പല വകഭേദങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഖരോഷ്ടി. ഇന്നത്തെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായി കിടക്കുന്ന പഴയ ഗാന്ധാരമേഖലയിൽ സംസ്കൃതവും പ്രാകൃതവും എഴുതാൻ ഉപയോഗിച്ച ലിപിയാണിത്. മധ്യേഷ്യയിലും ഖരോഷ്ടി ലിപി വ്യാപകമായി ഉപയോഗിച്ചിരുന്നു. ബി.സി മൂന്നാം നൂറ്റാണ്ടിനും എ.ഡി മൂന്നാം നൂറ്റാണ്ടിനും ഇടയിലാണ് ഖരോഷ്ടി ലിപിക്ക് ഏറ്റവും പ്രചാരമുണ്ടായിരുന്നത്. വലത്തു നിന്ന് ഇടത്തോട്ട് എഴുതുന്ന ഈ ലിപി ബ്രഹ്മി ലിപിയുടെ തന്നെ വകഭേദമായ അരാമിക് ലിപിയിൽ നിന്നാണ് രൂപംകൊണ്ടതെന്നു കരുതുന്നു. എ.ഡി കാലഘട്ടത്തിന്റെ തുടക്കത്തിലും അതിനു തൊട്ടുമുൻപുള്ള ശിലാലിഖിതങ്ങളിൽ നിന്നാണ് ഖരോഷ്ടി ലിപിയെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നത്.

ഗുപ്ത ലിപി

സംസ്കൃതം എഴുതാൻ ഉപയോഗിച്ചിരുന്ന മറ്റൊരു ലിപിയാണ് ഗുപ്തലിപി. ബ്രഹ്മി ഭാഷയിൽ നിന്നാണ് ഈ ലിപി രൂപംകൊണ്ടത്. നാലാം നൂറ്റാണ്ടായപ്പോഴേക്കും ഗുപ്‌ത ലിപിക്ക് ഒട്ടേറെ മാറ്റങ്ങൾ വരാൻ തുടങ്ങി. എഴുതാനുള്ള എളുപ്പത്തിനും ഭംഗിക്കും വേണ്ടി ലിപിയിൽ വളവുകൾ വരാൻ തുടങ്ങിയതായിരുന്നു അതിൽ പ്രധാനം. പിന്നീട് ദേവനാഗരി, ശാരദ, സിദ്ധം എന്നീ ലിപികൾ ഗുപ്തലിപിയിൽ നിന്ന് രൂപമെടുത്തു.

ശാരദ ലിപി

ഗുപ്തലിപിയിൽ നിന്ന് രൂപമെടുത്തതാണ് ശാരദ ലിപി. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ശാരദ ലിപി വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.

ദേവനാഗരി ലിപി

സംസ്കൃതഭാഷ എഴുതാൻ ഇന്ന് 'ദേവനാഗരി' ലിപിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം മാത്രമേ ഈ ലിപിയിൽ സംസ്കൃതം വ്യാപകമായി എഴുതാൻ ആരംഭിച്ചുള്ളൂ. 'ദേവ', 'നാഗരി' എന്നീ പദങ്ങൾ ചേർത്താണ് ദേവനാഗരി എന്ന വാക്കുണ്ടാക്കിയിരിക്കുന്നത്. ദേവ ലിപി എന്നുതന്നെയാണ് ഇതിനർഥം. ഏകദേശം ഏഴാം നൂറ്റാണ്ട് മുതൽ ദേവനാഗരി ലിപി ഉപയോഗിച്ചുതുടങ്ങി. പതിനൊന്നാം നൂറ്റാണ്ടോടുകൂടിയാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് ഈ ലിപിക്ക് രൂപമാറ്റം സംഭവിച്ചത്. സംസ്കൃതത്തിനു പുറമെ പ്രാകൃതം, ഹിന്ദി, നേപ്പാളി, മറാഠി ഭാഷകൾ എഴുതാനും ദേവനാഗരി ലിപി ഉപയോഗിക്കുന്നു. അക്ഷരങ്ങൾക്കു മുകളിൽ വിലങ്ങനെ നീളത്തിൽ വരകൾ ഇടുന്നതാണ് ഈ ലിപിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. എ.ഡി പതിനഞ്ചാം നൂറ്റാണ്ടോടുകൂടി സംസ്കൃതഭാഷയുടെ ഔദ്യോഗിക ലിപിയായി ദേവനാഗരി മാറി.

വട്ടെഴുത്ത് ലിപി

വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ തുടങ്ങിയ ലിപികളിൽ മലയാളം എഴുതിയിരുന്നു.  പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ലിപിസമ്പ്രദായമായിരുന്നു വട്ടെഴുത്ത്. അതിൽ നിന്ന് രൂപപ്പെട്ട മറ്റൊരു ലിപിരീതിയാണ് കോലെഴുത്ത്. താളിയോലയിൽ നാരായം അഥവാ കോലുകൊണ്ട് എഴുതിയതിനാലാണ് കോലെഴുത്ത് എന്ന പേരുവന്നത്. പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛന്റെ ശ്രമഫലമായാണ് ആ പഴയ ലിപികളെല്ലാം പരിഷ്കരിച്ച് ഇന്നു പ്രചാരത്തിലുള്ള മലയാള അക്ഷരങ്ങൾക്ക് രൂപം നൽകുന്നത്. ഗ്രന്ഥലിപിയിൽ നിന്നാണ് ആധുനിക മലയാള അക്ഷരങ്ങളുടെ വരവ്.

ഗുരുമുഖി ലിപി

പഞ്ചാബി ഭാഷയിലെ ഏറ്റവും പഴയ രേഖയാണ് 'ജനം സഖിസ്‌'. 'ഗുരുമുഖി' എന്ന ലിപിയിലാണ് ജനം സഖിസും സിഖ് പുണ്യഗ്രന്ഥമായ 'ആദി ഗ്രന്ഥ'വും എഴുതപ്പെട്ടിരിക്കുന്നത്. 'ഗുരുവിന്റെ മുഖത്തുനിന്ന് വന്നത്' എന്നാണ് ഗുരുമുഖിയുടെ അർഥം. 'ബ്രഹ്മിലിപി'യുമായി അടുത്ത ബന്ധമുള്ള ലിപിയാണിത്.

ഉറുദു ലിപി

ഹിന്ദി, പേർഷ്യൻ, അറബി എന്നീ ഭാഷകളുമായി ഏറെ സാമ്യമുള്ള ഭാഷയാണ് ഉർദു. ഹിന്ദിയുടെയും ഉർദുവിന്റെയും വ്യാകരണവും വാക്കുകളുമൊക്കെ ഏതാണ്ട് ഒരുപോലെ തന്നെ. അറബി ലിപിക്ക് ചില മാറ്റങ്ങൾ വരുത്തി രൂപംകൊടുത്തതാണ് ഉർദു ലിപി. വലത്തുനിന്ന് ഇടത്തോട്ടാണ് ഉർദു എഴുതുന്നത്.

ബംഗാളി ലിപി

ഏഴാം നൂറ്റാണ്ടിനടത്ത് വികാസം പ്രാപിച്ച 'കുടില' എന്ന കിഴക്കൻ ബ്രഹ്മിയിൽ നിന്നാണ് ബംഗാളി ലിപി ഉണ്ടായത്.

Post a Comment

0 Comments
Post a Comment (0)