ഇന്ത്യൻ ഭാഷാകുടുംബങ്ങൾ
പല വിദേശരാജ്യങ്ങളിൽനിന്നും വിഭിന്നമായി വ്യത്യസ്ത സംസ്കാരങ്ങളും തികച്ചും വ്യത്യസ്തമായ ഒട്ടനവധി ഭാഷകളുമുള്ള നാടാണ് ഇന്ത്യ. ഈ ഭാഷകളെയെല്ലാം പൊതുവേ നാലു കുടുംബങ്ങളായി തിരിച്ചിട്ടുണ്ട്. പ്രോട്ടോ ആസ്ട്രലോയിഡ്, ദ്രാവിഡം, സീനോ-ടിബറ്റൻ, ഇന്തോ-ആര്യൻ എന്നിവയാണവ. 1961ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ആകെയുണ്ടായിരുന്ന മാതൃഭാഷകളുടെ എണ്ണം 1652 ആയിരുന്നു. ഇവരിൽ അപൂർവം ചിലതൊഴികെയുള്ളതെല്ലാം മുകളിൽ പറഞ്ഞ നാല് ഭാഷാകുടുംബങ്ങളിൽ ഉൾപ്പെട്ടു. ഇന്ത്യയിലെ നാല് ഭാഷാകുടുംബങ്ങളിൽ ഉൾപ്പെടുന്ന ഭാഷകളും രാജ്യത്തെ എത്ര ശതമാനം പേർ അവ സംസാരിക്കുന്നു എന്ന കണക്ക് ഇപ്രകാരമാണ് - ആസ്ട്രോ ഏഷ്യാറ്റിക് - 14 (1.13%), ദ്രാവിഡം - 17 (22.53%), ടിബറ്റോ ബർമൻ - 62 (0.97%), ഇന്തോ-ആര്യൻ - 19 (75.28%).
നീഗ്രോയിഡ്
ഗ്രൂപ്പ്
പല
കാലങ്ങളിലായി ഇന്ത്യയിലെത്തിയ വിവിധ മനുഷ്യവിഭാഗങ്ങളിൽനിന്നാണ് നമ്മുടെ
ഭാഷാകുടുംബങ്ങൾ ഉദ്ഭവിച്ചത്. ആഫ്രിക്കയിൽ നിന്നുള്ള 'നെഗ്രിറ്റോ' വംശജരാണ് നമ്മുടെ നാട്ടിൽ ആദ്യം
കുടിയേറിയവരെന്നു കരുതുന്നു. തെക്കേ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലുമൊക്കെ ആ
ഗോത്രക്കാരുടെ പിൻമുറക്കാരുണ്ടെങ്കിലും അവരുടേതിന് സമാനമായ ഭാഷകൾ ഇന്ന്
ഇവിടെയില്ല.
പ്രോട്ടോ
ആസ്ട്രലോയിഡ് ഗ്രൂപ്പ്
പ്രോട്ടോ
ആസ്ട്രലോയിഡ് വംശജരാണ് പിന്നീട് ഇവിടെയെത്തിയത്. ബർമ, ഇന്തോ - ചൈന മുതൽ ഓസ്ട്രേലിയ, പോളിനേഷ്യ എന്നിവിടങ്ങളിൽ വരെ
കുടിയേറിപ്പാർത്ത ഇവരുടെ പിൻമുറക്കാരാണ് ഇന്ത്യയിലെ കോൾ, മുണ്ട തുടങ്ങിയ വർഗക്കാർ. മുണ്ടാരി, സന്താലി തുടങ്ങിയ ഇന്ത്യൻ ഭാഷകൾ
ആസ്ട്രോ-ഏഷ്യാറ്റിക് കുടുംബത്തിൽ പെടുന്നു.
ദ്രാവിഡ
ഗ്രൂപ്പ്
ഏതാണ്ട്
5000 വർഷങ്ങൾക്കുമുമ്പ് നമ്മുടെ
നാട്ടിലെത്തിയവരാണ് ദ്രാവിഡർ. തെക്കേ ഇന്ത്യയിൽ താവളമുറപ്പിച്ച ഇവരിൽനിന്നാണ്
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളുണ്ടായത്. ഈ
വികസിതഭാഷകൾക്കുപുറമേ തുളു,
കുടക്, കോട, ഗോണ്ടി തുടങ്ങിയ നിരവധി അവികസിതഭാഷകളും
ദ്രാവിഡ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ തമിഴാണ് ഒരു സാഹിത്യഭാഷയായി
ആദ്യം വികസിച്ചത്.
സീനോ-ടിബറ്റൻ
ഗ്രൂപ്പ്
ഇന്ത്യയിലെത്തിയ
സീനോ-ടിബറ്റൻ അഥവാ മംഗളോയിഡ് വംശക്കാരുടെ ഭാഷകളാണ് അടുത്ത കുടുംബത്തിൽ. ഈ
കുടുംബത്തിന്റെ ഉപവിഭാഗമായ ടിബറ്റോ - ബർമനാണ് ഇന്ത്യയിലുള്ളത്. വടക്കുകിഴക്കൻ
സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള മണിപ്പൂരി, അംഗാമി നാഗ, മിസോ തുടങ്ങിയ ഭാഷകൾ
ഇവയ്ക്കുദാഹരണങ്ങളാണ്.
ഇന്തോ-ആര്യൻ
ഗ്രൂപ്പ്
രണ്ടായിരത്തിലേറെ വർഷങ്ങൾക്കുമുമ്പ് വടക്കേ ഇന്ത്യയിലെത്തിയ ആര്യന്മാരിൽ നിന്നുണ്ടായ ഭാഷകളാണ് ഇന്തോ-ആര്യൻ കുടുംബത്തിൽ വരുന്നത്. ലോക ഭാഷാകുടുംബങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്തോ-യൂറോപ്യൻ കുടുംബത്തിന്റെ ഉപവിഭാഗമാണ് ഇന്തോ-ആര്യൻ. ഏറ്റവുമൊടുവിൽ ഇന്ത്യയിലെത്തിയ ഈ ഭാഷാകുടുംബത്തിലെ മൂലഭാഷ സംസ്കൃതമാണ്. പ്രാചീന ഇന്തോ - ആര്യൻ (ബി.സി 2000 മുതൽ ബി.സി 500 വരെ), മധ്യ ഇന്തോ - ആര്യൻ (ബി.സി 500 മുതൽ എ.ഡി 1000 വരെ), ആധുനിക ഇന്തോ - ആര്യൻ (എ.ഡി 1000 മുതൽ) എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലൂടെയാണ് സംസ്കൃതം വികസിച്ചത്. മഹാരാഷ്ട്രി, ശൗരസേനി, മാഗധി എന്നിവയാണ് സംസ്കൃത ഭാഷയിൽ നിന്നും വികസിച്ച പ്രധാന ഭാഷകൾ. ഹിന്ദി, ബംഗാളി, പഞ്ചാബി, സിന്ധി, മറാഠി, കൊങ്കണി, ഒറിയ, അസമീസ്, മൈഥിലി, മാഗധി, ഭോജ്പൂരി, ഛോട്ടാ നാഗ്‌പുരി, കോസലി, അവധി, ഉർദു, ഗുജറാത്തി, വ്രജ്, ദോഗ്രി, രാജസ്ഥാനി, പഹാഡി, ഗോർഖാലി - നേപ്പാളി, കശ്മീരി തുടങ്ങിയവ ഈ കുടുംബത്തിലാണ്. പാലിയും മാഗധിയും പോലുള്ള പ്രാകൃതഭാഷകളും ഒട്ടനവധി ഉപഭാഷകളും ഉൾപ്പെടുന്നതാണ് ഈ ഭാഷാകുടുംബം.