ഇന്ത്യയിലെ നൃത്തരൂപങ്ങൾ
ഇന്ത്യയിലെ
നൃത്തത്തിന്റെ ചരിത്ര പശ്ചാത്തലം
ഭരതമുനിയാണ്
ഇന്ത്യൻ അവതരണ കലകളുടെ പിതാവ് എന്നറിയപ്പെടുന്നത്. ഭരതമുനി രചിച്ച പ്രശസ്തകൃതിയാണ്
നാട്യശാസ്ത്രം. ബി.സി.രണ്ടാം നൂറ്റാണ്ടിനും എ.ഡി.രണ്ടാം നൂറ്റാണ്ടിനുമിടയിലാണ്
നാട്യശാസ്ത്രം രചിച്ചത്. നാട്യശാസ്ത്രത്തിന് അഭിനവഭാരതി എന്ന പേരിൽ ഭാഷ്യമെഴുതിയത്
അഭിനവഗുപ്തൻ. നൃത്തത്തിന്റെ ഉറവിടമായി കരുതപ്പെടുന്ന ഭാരതീയദേവനാണ് ശിവൻ. നൃത്തം
ചെയ്യുന്ന ശിവരൂപമാണ് നടരാജൻ. ചോളരാജാക്കന്മാരുടെ കാലത്താണ് ആദ്യമായി
നടരാജവിഗ്രഹങ്ങൾ നിർമ്മിക്കപ്പെട്ടത്.
ക്ലാസിക്കൽ
നൃത്തങ്ങൾ
ഇന്ത്യയിലെ
നൃത്തരൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്നത് കേന്ദ്ര സംഗീത നാടക അക്കാദമിയാണ്.
നിലവിൽ എട്ടു നൃത്തരൂപങ്ങൾക്കാണ് ഇന്ത്യയിൽ ക്ലാസിക്കൽ പദവിയുള്ളത്. ഭരതനാട്യം, ഒഡീസി, കുച്ചിപ്പുഡി, മണിപ്പുരി, മോഹിനിയാട്ടം, സാത്രിയ, കഥകളി, കഥക് എന്നിവയാണ് ക്ലാസിക്കൽ
നൃത്തരൂപങ്ങൾ.
ഭരതനാട്യം
നാട്യശാസ്ത്രാടിസ്ഥാനത്തിലുള്ള
മുഖ്യനൃത്തരൂപമാണ് ഭരതനാട്യം. ദാസിയാട്ടം എന്നറിയപ്പെട്ടിരുന്ന ഭാരതനാട്യത്തിന്റെ
ഉദ്ഭവം തമിഴ്നാട്ടിലാണ്. 'ചലിക്കുന്ന കാവ്യം' എന്നാണ് ഭരതനാട്യം അറിയപ്പെടുന്നത്.
ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷിപ്പിക്കാറുള്ളത് ഭരതനാട്യത്തെയാണ്.
അഭിനവദർപ്പണം എന്ന കൃതിയാണ് ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം. ഭരതനാട്യത്തിനെ
പരിഷ്കരിച്ചവരിൽ പ്രധാനപ്പെട്ടയാളാണ് രുക്മിണി ദേവി അരുണ്ഡേൽ. 1936ൽ രുക്മിണി ദേവി
സ്ഥാപിച്ചതാണ് കലാക്ഷേത്ര. ചെന്നൈയാണ് ആസ്ഥാനം. യാമിനി കൃഷ്ണമൂർത്തി, പത്മാസുബ്രഹ്മണ്യം, മല്ലികാ സാരഭായ് എന്നിവർ ഈ രംഗത്തെ
പ്രഗല്ഭരാണ്.
ഒഡീസി
ഒഡിഷയിലെ
പ്രധാന നൃത്തരൂപമാണ് ഒഡീസി. ജയദേവരുടെ ഗീത ഗോവിന്ദത്തെയാണ് ഒഡീസിയിൽ
ആധാരമാക്കിയിരിക്കുന്നത്. മംഗളാചരണം, സ്ഥായി, പല്ലവി, അഭിനയം, മോക്ഷം എന്നിവയാണ് ഒഡീസിയിലെ
അഞ്ചുഭാഗങ്ങൾ. മോക്ഷ എന്ന ഭാഗത്തോടെയാണ് ഒഡീസി നൃത്തം അവസാനിക്കുന്നത്. ഒഡിഷയിലെ
ക്ഷേത്രശില്പങ്ങൾ ഒഡീസി നൃത്തമാതൃകയിലുള്ളവയാണ്. കേളുചരൺ മഹാപാത്ര, സോണാൽ മാൻസിങ്, ഇന്ദ്രാണി റഹ്മാൻ, പ്രൊമിത ബേഡി തുടങ്ങിയവരാണ് ഈ രംഗത്തെ
പ്രഗല്ഭർ.
കുച്ചിപ്പുഡി
ആന്ധ്രാപ്രദേശിലെ
കുച്ചിപ്പുഡി ഗ്രാമത്തിലാണ് കുച്ചിപ്പുഡി നൃത്തം ഉടലെടുത്തത്. കുചേലപുരം എന്നും
കുച്ചിപ്പുഡി ഗ്രാമം അറിയപ്പെടുന്നു. സിദ്ധേന്ദ്ര യോഗിയാണ് കുച്ചിപ്പുഡിക്ക്
ഇപ്പോഴുള്ള രൂപം നൽകിയത്. പത്മശോഭനായിഡു, രാജറെഡി, രാധറെഡി, കൗസല്യറെഡി തുടങ്ങിയവരാണ് ഈ രംഗത്തെ
പ്രഗല്ഭർ.
മണിപ്പുരി
മണിപ്പുരിൽ
നിന്നുള്ളതാണ് മണിപ്പുരി നൃത്തം. കൃഷ്ണന്റെ രാസലീലയാണ് മണിപ്പുരി നൃത്തത്തിന്റെ
പ്രധാന ഇതിവൃത്തം. ഗുരു ബിബിൻ സിംഹ, ഗുരു
നീലേശ്വർ മുഖർജി,
ഗുരു ചന്ദ്ര
കാന്ത സിംഹ, തമന്ന റഹ്മാൻ തുടങ്ങിയവർ ഈ
രംഗത്തെ പ്രഗല്ഭരാണ്.
മോഹിനിയാട്ടം
കേരളത്തിന്റെ
തനത് ലാസ്യ നൃത്തരൂപമാണ് മോഹിനിയാട്ടം. ശൃംഗാരഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന
നൃത്തമാണ് മോഹിനിയാട്ടം. മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിൽ പ്രധാന പങ്കു
വഹിച്ച രാജാവാണ് സ്വാതിതിരുനാൾ. കലാമണ്ഡലം ക്ഷേമാവതി, വിനീത നെടുങ്ങാടി, സുനന്ദ നായർ, പല്ലവികൃഷ്ണൻ തുടങ്ങിയവർ ഈ രംഗത്തെ
പ്രഗല്ഭരാണ്.
സാത്രിയ
അസമിന്റെ
ക്ലാസിക്കൽ നൃത്തരൂപമാണ് സാത്രിയ. സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന
നൃത്തരൂപമായിരുന്നു ഇത്. വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവനാണ് സാത്രിയ
നൃത്തത്തിന് ഇപ്പോഴത്തെ രൂപം നൽകിയത്. അനിതാ ശർമ, ഗഹൻ ചന്ദ്രഗോസ്വാമി, ആനന്ദമോഹൻ ഭഗവതി തുടങ്ങിയവർ ഈ രംഗത്തെ
പ്രഗല്ഭരാണ്.
കഥകളി
കേരളത്തിന്റെ
തനതുകലയാണ് കഥകളി. രാമനാട്ടമായിരുന്നു കഥകളിയുടെ ആദിരൂപം. രാമനാട്ടം കഥകളിയായി
രൂപപ്പെട്ടത് കോട്ടയത്തു തമ്പുരാന്റെ കാലത്താണ്. കഥകളിയുടെ സാഹിത്യരൂപമാണ്
ആട്ടക്കഥ. കഥകളിയിലെ വേഷങ്ങളെ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ അഞ്ചായി
തിരിച്ചിരിക്കുന്നു. കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം രാമൻ കുട്ടിനായർ, കലാമണ്ഡലം ഗോപി, ചേമഞ്ചേരി കുഞ്ഞിരാമൻ നായർ തുടങ്ങിയവർ
ഈ രംഗത്തെ പ്രഗല്ഭരാണ്.
കഥക്
വടക്കേ
ഇന്ത്യയിലെ ഏക ക്ലാസിക് നൃത്തമാണ് കഥക്. ഉത്തർപ്രദേശിലാണ് കഥക് ഉത്ഭവിച്ചത്.
ഹിന്ദു-മുസ്ലിം സംസ്‌കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തമാണ് കഥക്.
ശ്രീകൃഷ്ണ കഥകളാണ് കഥക് നർത്തകർ അവതരിപ്പിക്കുന്നത്. ബിർജു മഹാരാജ്, സിത്താരാ ദേവി, കുമുദിനീ ലഖിയ, ഷോവന നാരായൺ തുടങ്ങിയവർ ഈ രംഗത്തെ
പ്രഗല്ഭരാണ്.