ഇന്ത്യൻ സംഗീതം

Arun Mohan
0

ഇന്ത്യൻ സംഗീതം

ഇന്ത്യയിലെ സംഗീതം

ഭാരതീയ സംഗീതത്തിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത് സാമവേദമാണ്. ഭാരതീയ സംഗീതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ് കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും. സപ്തസ്വരങ്ങൾ എന്നറിയപ്പെടുന്നത് ഷഡ്ജം (സ), ഋഷഭം (രി), ഗാന്ധാരം (ഗ), മധ്യമം (മ), പഞ്ചമം (പ), ധൈവതം (ധ), നിഷാദം (നി) എന്നിവയാണ്.

കർണാടക സംഗീതം

കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എഴുപത്തിരണ്ടെണ്ണമാണ്. ഇവ മേളകർത്താ രാഗങ്ങൾ എന്നറിയപ്പെടുന്നു. അടിസ്ഥാന രാഗങ്ങളെ ആധാരപ്പെടുത്തിയുള്ള ആധുനിക കർണാടക സംഗീത സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് വെങ്കിടമഖി. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് പുരന്ദരദാസനാണ് (1484 - 1564). സംഗീതപഠനത്തിലെ അടിസ്ഥാനരാഗമായി മായാമാളവഗൗളയെ അദ്ദേഹം നിശ്ചയിച്ചു. പ്രഭാതത്തിൽ ആലപിക്കുന്ന കർണാടക സംഗീത രാഗങ്ങളാണ് ഭൂപാളം, മലയമാരുതം, മലഹരി, ഗൗരി എന്നിവ. ബിലഹരി, സാവേരി, ദേവമനോഹരി രാഗങ്ങൾ ആലപിക്കുന്നത് ദിവസത്തിന്റെ ആദ്യയാമത്തിൽ. ദിവസത്തിന്റെ രണ്ടാം യാമത്തിൽ ആലപിക്കാവുന്ന രാഗങ്ങളാണ് മധ്യമാവതി, സാരംഗം, ശ്രീ എന്നിവ. ഹിന്ദോളം, കാപി, കാനഡ എന്നിവ വൈകുന്നേരം ആലപിക്കാവുന്ന രാഗങ്ങളാണ്. സന്ധ്യയ്ക്ക് ആലപിക്കുന്ന രാഗങ്ങളാണ് ശങ്കരാഭരണം, കല്യാണി, നാട്ടക്കുറിഞ്ചി എന്നിവ. പന്തുവരാളി, നീലാംബരി, ആനന്ദഭൈരവി എന്നീ രാഗങ്ങൾ ആലപിക്കാവുന്നത് രാത്രിയിൽ. ദിവസത്തിന്റെ ഏത് സമയത്തും ആലപിക്കാവുന്നതായി കരുതപ്പെടുന്ന കർണാടക രാഗങ്ങളാണ് മോഹനവും കാംബോജിയും.

കർണാടക സംഗീതത്തിലെ കീർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് താളപ്പാക്കം അന്നമാചാര്യർ. ശ്യാമശാസ്ത്രികൾ, ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ എന്നിവരാണ് കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ. സ്വരജതി എന്ന സംഗീതാംശം കർണാടക സംഗീതത്തിൽ അവതരിപ്പിച്ചത് ശ്യാമശാസ്ത്രികൾ. മലയമാരുതം, മയൂരധ്വനി, നളിനകാന്തി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചത് ത്യാഗരാജൻ. സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചത് മുത്തുസ്വാമി ദീക്ഷിതർ. പഞ്ചരത്ന കീർത്തനങ്ങളുടെ കർത്താവാണ് ത്യാഗരാജൻ. രാമസ്വാമി ദീക്ഷിതരാണ് ഹംസധ്വനി രാഗത്തിന്റെ സ്രഷ്ടാവ്. എല്ലാവർഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്നത് തമിഴ്‌നാട്ടിലെ തിരുവയ്യാറിലാണ്.

ഹിന്ദുസ്ഥാനി സംഗീതം

അക്ബർ ചക്രവർത്തിയുടെ സദസ്സിലെ ആസ്ഥാന ഗായകനായിരുന്ന താൻസെൻ പാട്ടുപാടി മഴ പെയ്യിച്ചിട്ടുണ്ടത്രേ! താൻസെൻ ദീപക് രാഗം പാടിയപ്പോൾ വിളക്കുകൾ സ്വയം തെളിഞ്ഞുവെന്നും മേഘമൽഹാർ രാഗം പാടിയപ്പോൾ മഴ വർഷിച്ചുവെന്നുമാണ് കഥ. ഇന്ത്യൻ സംഗീതത്തിന്റെ രണ്ടു വഴികളാണ് ഹിന്ദുസ്ഥാനിയും കർണാടക സംഗീതവും. ഉത്തരേന്ത്യയാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത്. അക്ബർ ചക്രവർത്തിയുടെ സദസ്സിലെ അംഗമായിരുന്നു സംഗീത പ്രതിഭയായ താൻസൻ. താൻസന്റെ ശരിയായ പേരാണ് താണ മിശ്ര. സ്വാമി ഹരിദാസ് ആയിരുന്നു താൻസന്റെ ഗുരു. താൻസൻ എന്ന പേര് നൽകിയത് ഗ്വാളിയർ രാജാവ് വിക്രംജിത്ത്. താൻസൻ സൃഷ്ടിച്ചതായി കരുതപ്പെടുന്ന ഹിന്ദുസ്ഥാനി രാഗങ്ങളാണ് മിയാൻകി ഇയോദി, മിയാൻകി സാരംഗ്, മിയാൻകി മൽഹാർ എന്നിവ. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണമാണ് തംബുരു.

സംഗീതോപകരണങ്ങൾ

വാദ്യം എന്നാൽ വാദ്യോപകരണം എന്നാണർത്ഥം. ഏറ്റവും പഴക്കം ചെന്ന സംഗീതോപകരണമാണ് ഡ്രംസ്. 'നാട്യശാസ്ത്രം' രചിച്ച ഭരതമുനി സംഗീതോപകരണങ്ങളെ നാലു പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് - തന്ത്രി വാദ്യങ്ങൾ, അവനദ്ധ വാദ്യങ്ങൾ, സുഷിര വാദ്യങ്ങൾ, ഘന വാദ്യങ്ങൾ. ഏതു വസ്തുകൊണ്ടാണ് സംഗീതോപകരണം നിർമിക്കപ്പെട്ടിട്ടുള്ളത്, എങ്ങനെയാണ് അവ സംഗീതം പുറപ്പെടുവിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.

തന്ത്രി വാദ്യങ്ങൾ

തന്ത്രികൾ ഉപയോഗിച്ച് നാദം ഉണ്ടാക്കുന്ന വാദ്യങ്ങളാണ് തന്ത്രി വാദ്യങ്ങൾ അഥവാ തതവാദ്യങ്ങൾ. ഇവ തന്ത്രികളുടെ കമ്പനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാദ്യങ്ങളാണ്. വീണ, തംബുരു എന്നിവ തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

അവനദ്ധ വാദ്യങ്ങൾ

'അവനദ്ധം' എന്ന സംസ്കൃതവാക്കിന്റെ അർത്ഥം മൂടപ്പെട്ടത്, പൊതിയപ്പെട്ടത് എന്നെല്ലാമാണ്. പൊള്ളയായ വസ്തുവിന്റെ തുറന്ന ഭാഗത്ത് തുകൽ മുറുക്കി ബന്ധിച്ചാണ് അവനദ്ധ വാദ്യങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ അവയെ തുകൽ വാദ്യങ്ങൾ അല്ലെങ്കിൽ ചർമ്മ വാദ്യങ്ങൾ എന്നും വിളിക്കുന്നു. തിമില, മദ്ദളം, ഇടയ്ക്ക എന്നിവ അവനദ്ധ വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

സുഷിര വാദ്യങ്ങൾ

സുഷിരങ്ങളിലൂടെ വായു കടന്നുപോകുമ്പോൾ നാദമുണ്ടാക്കുന്ന ഉപകരണങ്ങളാണ് സുഷിര വാദ്യങ്ങൾ. ഇവ ഉച്‌ഛ്വാസ വായു ഉപയോഗിച്ച് വായിക്കുന്നു. സുഷിര വാദ്യങ്ങൾക്ക് കുഴൽ വാദ്യങ്ങൾ എന്നും പേരുണ്ട്. ശംഖ്, ഓടക്കുഴൽ, നാദസ്വരം എന്നിവ സുഷിര വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ഘന വാദ്യങ്ങൾ

മണ്ണ്, തടി, ലോഹങ്ങൾ തുടങ്ങിയവകൊണ്ടാണ് ഘനവാദ്യങ്ങൾ നിർമ്മിക്കുന്നത്. മിക്ക ഘനവാദ്യങ്ങളും താളം പകരുവാനാണ് ഏറെയും ഉപയോഗിക്കുന്നത്. കർണാടക സംഗീതത്തിൽ ഇവയെ ഉപതാളവാദ്യങ്ങളായാണ് കണക്കാക്കുന്നത്. ചേങ്ങില, ഇലത്താളം, കോൽ, ഓണവില്ല് തുടങ്ങിയ കേരളത്തിലെ ഘന വാദ്യങ്ങളാണ്.

താള വാദ്യങ്ങൾ

മിഴാവ്, തകിൽ, ചെണ്ട, മദ്ദളം, ഉടുക്ക്, തിമില, മൃദംഗം, ദഫ്, ഇടയ്ക്ക് തുടങ്ങിയവ താള വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

PSC ചോദ്യങ്ങൾ

1. ഭാരതീയ സംഗീതത്തിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന വേദമേത്? - സാമവേദം

2. സപ്തസ്വരങ്ങൾ ഏതൊക്കെ? - ഷഡ്ജം (സ), ഋഷഭം(രി), ഗാന്ധാരം(ഗ), മധ്യമം(മ), പഞ്ചമം (പ), ധൈവതം(ധ), നിഷാദം(നി)

3. കർണാടകസംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എത്ര? - 72

4. കർണാടകസംഗീതത്തിലെ അടിസ്ഥാനരാഗങ്ങൾ അറിയപ്പെടുന്നത്? - മേളകർത്താ രാഗങ്ങൾ

5. അടിസ്ഥാന രാഗങ്ങളെ ആധാരപ്പെടുത്തിയുള്ള ആധുനിക കർണാടകസംഗീത സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാര്? - വെങ്കിടമഖി

6. ഭാരതീയ സംഗീതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങൾ ഏതൊക്കെ? - കർണാടകസംഗീതം, ഹിന്ദുസ്ഥാനി

7. 'സംഗീതരത്നാകരം' എന്ന കൃതി ആരുടേതാണ്? - ശാർങ്‌ധരൻ

8. കർണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? - പുരന്ദരദാസൻ (1484-1564)

9. കർണാടകസംഗീതപഠനത്തിലെ അടിസ്ഥാന രാഗമേത്? - മായാമാളവഗൗളം

10. സംഗീതപഠനത്തിലെ അടിസ്ഥാനരാഗമായി മായാമാളവഗൗളത്തെ നിശ്ചയിച്ചതാര്? - പുരന്ദരദാസൻ

11. പ്രഭാതത്തിൽ ആലപിക്കുന്ന കർണാടകസംഗീത രാഗങ്ങൾ ഏവ? - ഭൂപാളം, മലയമാരുതം, മലഹരി, ഗൗരി

12. ബിലഹരി, സാവേരി, ദേവമനോഹരി രാഗങ്ങൾ ആലപിക്കുന്നതെപ്പോൾ? - ദിവസത്തിന്റെ ആദ്യയാമത്തിൽ

13. ദിവസത്തിന്റെ രണ്ടാം യാമത്തിൽ ആലപിക്കാവുന്ന രാഗങ്ങളേവ? - മധ്യമാവതി, സാരംഗം, ശ്രീ

14. വൈകുന്നേരം ആലപിക്കാവുന്ന രാഗങ്ങളേവ? - ഹിന്ദോളം, കാപി, കാനഡ

15. സന്ധ്യക്ക് ആലപിക്കുന്ന രാഗങ്ങളേവ? - ശങ്കരാഭരണം, കല്യാണി, നാട്ടക്കുറിഞ്ചി

16. പന്തുവരാളി, നീലാംബരി, ആനന്ദഭൈരവി എന്നീ രാഗങ്ങൾ ആലപിക്കാവുന്നതെപ്പോൾ? - രാത്രി

17. ദിവസത്തിന്റെ ഏത് സമയത്തും ആലപിക്കാവുന്നതായി കരുതപ്പെടുന്ന കർണാടക രാഗങ്ങൾ ഏവ? - മോഹനം, കാംബോജി

18. കർണാടകസംഗീതത്തിലെ കീർത്തനങ്ങൾക്ക് തുടക്കം കുറിച്ചതാര്? - താളപ്പാക്കം അന്നമാചാര്യർ

19. കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ? - ശ്യാമശാസ്ത്രികൾ(1762-1827), ത്യാഗരാജൻ(1767-1847), മുത്തുസ്വാമി ദീക്ഷിതർ (1776-1835)

20. സ്വരജതി എന്ന സംഗീതാംശം കർണാടകസംഗീതത്തിൽ അവതരിപ്പിച്ചതാര്? - ശ്യാമശാസ്ത്രികൾ

21. മലയമാരുതം, മയൂരധ്വനി, നളിനകാന്തി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചതാര്? - ത്യാഗരാജൻ

22 സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചതാര്? - മുത്തുസ്വാമി ദീക്ഷിതർ

23. പഞ്ചരത്നകീർത്തനങ്ങളുടെ കർത്താവാര്? - ത്യാഗരാജൻ

24. ഹംസധ്വനി രാഗത്തിൻെറ സ്രഷ്ടാവാര്? - രാമസ്വാമി ദീക്ഷിതർ

25. എല്ലാവർഷവും ത്യാഗരാജസംഗീതോത്സവം നടക്കുന്നതെവിടെ? - തമിഴ്‌നാട്ടിലെ തിരുവയ്യാർ

26. താണ മിശ്ര ഏത് പേരിലാണ് സംഗീതലോകത്ത് പ്രസിദ്ധൻ? - താൻസൻ (രാംതാണു എന്നും വിളിക്കപ്പെട്ടു)

27. ഏത് ചക്രവർത്തിയുടെ സദസ്സിലാണ് താൻസനുണ്ടായിരുന്നത്? - അക്ബർ

28. താൻസന്റെ ഗുരു ആരായിരുന്നു? - സ്വാമി ഹരിദാസ്

29. താൻസൻ എന്ന പേര് നൽകിയതാര്? - ഗ്വാളിയർ രാജാവ് വിക്രംജിത്ത്

30. താൻസൻ സൃഷ്ടിച്ചതായി കരുതപ്പെടുന്ന ഹിന്ദുസ്ഥാനി രാഗങ്ങൾ ഏവ? - മിയാൻകി ഇയോദി, മിയാൻകി സാരംങ്, മിയാൻകി മൽഹാർ

31. കർണാടക സംഗീതത്തിലും, ഹിന്ദുസ്ഥാനിയിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണം – തംബുരു

32. ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ - ശെമ്മാങ്കുടി ശ്രീനിവാസയ്യർ

33. പുരന്ദരദാസിന്റെ യഥാർത്ഥ നാമം - ശ്രീനിവാസ് നായിക്

34. പഞ്ചരത്ന കീർത്തനങ്ങളുടെ ഉപജ്ഞാതാവ് - ത്യാഗരാജ സ്വാമികൾ

35. കർണാടക സംഗീതത്തിലെ പ്രാഥമിക പാഠങ്ങളെ പറയുന്നത് - അഭ്യാസഗാനങ്ങൾ

36. കർണാടക സംഗീതത്തിലെ വർണ്ണം, പദം, കീർത്തനം എന്നിവ മൂന്നും രചിച്ച ഏക സംഗീതജ്ഞൻ - ഇരയിമ്മൻ തമ്പി

37. ത്യാഗരാജ സംഗീതോത്സവം നടക്കുന്നത് - തിരുവയ്യാർ (തമിഴ്‌നാട്)

38. കർണാടക സംഗീതത്തിലെ വിദഗ്ധർക്ക് വർഷം തോറും ചെന്നൈയിലെ മ്യൂസിക്ക് അക്കാദമി നൽകിവരുന്ന പുരസ്‌കാരം - സംഗീത കലാനിധി

39. ദക്ഷിണേന്ത്യൻ സംഗീതത്തിന് കർണാടക സംഗീതം എന്ന പേര് ആദ്യമായി നൽകിയത് - വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിയായിരുന്ന വിദ്യാരണ്യ

40. പാടുന്ന വ്യക്തിയുടെ ശബ്ദത്തിന്റെ പ്രത്യേകതയനുസരിച്ച് പാടാൻ തിരഞ്ഞെടുക്കുന്ന അടിസ്ഥാന നാദം - ശ്രുതി

41. സമയദൈർഘ്യത്തെ കൃത്യമായും ക്രമമായും കണക്കാക്കുവാൻ ഉപയോഗിക്കുന്ന പ്രവൃത്തി വിശേഷം - താളം

Post a Comment

0 Comments
Post a Comment (0)