ഇന്ത്യയിലെ മ്യൂസിയങ്ങൾ

Arun Mohan
0

ഇന്ത്യയിലെ മ്യൂസിയങ്ങൾ

ഇന്ത്യയുടെ മഹത്തായ പൈതൃകവും സമ്പന്നമായ സംസ്ക്കാരവും ഇന്നും മാറ്റുകുറയാതെ കാത്തുസൂക്ഷിച്ചിരിക്കുന്ന മ്യൂസിയങ്ങൾ പലതമുണ്ട്. അതിൽ ഏറ്റവും തലയെടുപ്പോടുകൂടി നിൽക്കുന്നത് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്നതും വലുതുമായ ഈ മ്യൂസിയം 1814-ലാണ് പണികഴിപ്പിച്ചത്. ഇത് ചരിത്രക്കാരന്മാരെയും കലാസ്നേഹികളെയും ആകർഷിച്ചതോടെ പുതിയ മ്യൂസിയങ്ങൾ രാജ്യത്ത് തുറക്കുന്നതിന് പ്രചോദനമായി. നിലവിൽ നാന്നൂറിലധികം മ്യൂസിയങ്ങൾ ഇന്ത്യയിലുണ്ട്.

ഇന്ത്യൻ മ്യൂസിയം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെന്നല്ല ഏഷ്യ പസഫിക്ക് റീജണിൽ തന്നെയുള്ള ഏറ്റവും വലിയ മ്യൂസിയമാണ് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ഏഷ്യാറ്റിക്ക് സൊസൈറ്റിയുടെ കീഴിലാണ് ഇന്ത്യൻ മ്യൂസിയം പ്രവർത്തിക്കുന്നത്. 1784-ൽ കൊൽക്കത്തയിൽവെച്ചാണ് ഏഷ്യാറ്റിക്ക് സൊസൈറ്റി ജനിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി സേവനം ചെയ്യാൻ ജീവിതമുഴിഞ്ഞുവെച്ച സർ. വില്യം ജോൺസാണ് സൊസൈറ്റി രൂപവത്കരിക്കുന്നതിന് ചുക്കാൻപിടിച്ചത്. അദ്ദേഹം തന്നെയാണ് മ്യൂസിയം പണിയണമെന്ന ആശയം മുന്നോട്ടുവെച്ചതും. 1808-ൽ ഗവൺമെന്റിന്റെ അധീനതയിലുണ്ടായിരുന്ന പാർക്ക് സ്ട്രീറ്റിലെ വിജനമായ പ്രദേശത്ത് അതിന്റെ പ്രാരംഭഘട്ട ജോലികൾ സൊസൈറ്റി തുടങ്ങിവെച്ചു. ആറുവർഷത്തിനുശേഷം മ്യൂസിയത്തിന് കാതലായ മാറ്റങ്ങൾ വന്നു. അതിന് നേതൃത്വം നൽകിയത് ഡാനിഷ് ബോട്ടണിസ്റ്റായ ഡോ.നതാനിയൽ വാലിച്ചാണ്. സെരാംപൂർ ജയിലിലായിരുന്ന നതാനിയലിനെ ഗവൺമെന്റ് മ്യൂസിയം നിർമിക്കുന്നതിനായി കൊണ്ടുവന്നു. അദ്ദേഹം ഏഷ്യാറ്റിക്ക് സൊസൈറ്റിക്ക് മുൻപാകെ ഒരു പ്രൊപ്പോസലും നൽകി. ആ പ്രൊപ്പോസലിന് ഏഷ്യാറ്റിക്ക് സൊസൈറ്റി പച്ചക്കൊടി കാണിച്ചതോടെ ഇന്ത്യൻ മ്യൂസിയം പതിയെ എഴുന്നേറ്റുനിൽക്കാൻ തുടങ്ങി. 1814 ഫെബ്രുവരി 2ന് ഇന്ത്യയിലെ ആദ്യ മ്യൂസിയം എന്ന ഖ്യാതിയോടെ ഇന്ത്യൻ മ്യൂസിയം നിലവിൽവന്നു. കൗതുകമുണർത്തുന്നതും വിലപിടിപ്പുള്ളതും ചരിത്രപ്രാധാന്യമുള്ളതുമായ നിരവധി വസ്തു‌ക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മ്യൂസിയത്തിലേക്ക് കൊണ്ടുവന്നു. 1816-ൽ 174 വസ്തു‌ക്കളുള്ള വലിയൊരു ഉപഹാരം 27 യൂറോപ്യൻ രാജ്യങ്ങൾ മ്യൂസിയത്തിനുവേണ്ടി നൽകി. ഇന്ത്യയിൽനിന്ന് സമ്മാനമായി നിരവധി അമൂല്യവസ്തുക്കൾ മ്യൂസിയത്തിലേക്ക് ഒഴുകി. 1837-ൽ മ്യൂസിയത്തെ ദേശീയ മ്യൂസിയമാക്കാൻ സർക്കാർ തീരുമാനമെടുത്തു. 1840 മുതൽ മ്യൂസിയം തുറന്നുപ്രവർത്തിക്കാൻ തുടങ്ങി. ഏഷ്യാറ്റിക്ക് മ്യൂസിയം എന്ന പേരിലാണ് ആദ്യം മ്യൂസിയം അറിയപ്പെട്ടത്. പിന്നീട് അത് ഇംപീരിയൽ മ്യൂസിയമെന്നാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമാണ് ഇന്ത്യൻ മ്യൂസിയം എന്ന പേര് കൈവന്നത്. കല, ആർക്കിയോളജി, ആന്ത്രോപ്പോളജി എന്നീ വിഭാഗങ്ങളായാണ് ഇന്ന് മ്യൂസിയം പ്രവർത്തിക്കുന്നത്. അതിനോടൊപ്പം എട്ട് സഹ സർവീസുകളും മ്യൂസിയം നൽകുന്നുണ്ട്. പ്രിസർവേഷൻ, പബ്ലിക്കേഷൻ, ഫോട്ടോഗ്രഫി, പ്രസന്റേഷൻ, മോഡലിങ്, വിദ്യാഭ്യാസം, ലൈബ്രറി എന്നിവയാണവ. ഇന്ത്യൻ മ്യൂസിയത്തിന് സ്വന്തമായി ഒരു മെഡിക്കൽ യൂണിറ്റ് തന്നെയുണ്ട്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലാണ് ഇന്ന് ഇന്ത്യൻ മ്യൂസിയം പ്രവർത്തിക്കുന്നത്. ദിവസേന പതിനായിരക്കണക്കിന് സഞ്ചാരികളാണ് മ്യൂസിയം സന്ദർശിക്കാനായി എത്തുന്നത്.

നാഷണൽ മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ് നാഷണൽ മ്യൂസിയം. ചരിത്രവുമായി വലിയ ബന്ധമുള്ള ഈ മ്യൂസിയം 1949-ൽ ഡൽഹിയിലെ ജനപഥിലാണ് നിർമിച്ചത്. ഇന്ത്യ ഭരിച്ച രാജാക്കന്മാർ ഉപയോഗിച്ച ട്രെയിനുകളിലെ ബോഗികൾ കാണാൻ പറ്റിയ ഇടമാണ് ഈ മ്യൂസിയം. നിരവധി അമൂല്യവസ്‌തുക്കളുടെ കലവറയാണ് നാഷണൽ മ്യൂസിയം. ആഭരണങ്ങൾ, പെയിന്റിങ്ങുകൾ, ആയുധങ്ങൾ, മനുസ്‌മൃതി തുടങ്ങിയവയും മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തിലെ മറ്റൊരു ഭാഗത്ത് ബുദ്ധമതവിശ്വാസികൾക്കായി ഒരുക്കിയ പ്രത്യേക വിഭാഗമുണ്ട്. അവിടെ ശ്രീബുദ്ധന്റെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അശോക ചക്രവർത്തി നിർമിച്ച പ്രതിമയാണത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചെന്നൈയിലെ ഗവൺമെന്റ് മ്യൂസിയം

മദ്രാസ് മ്യൂസിയമെന്ന പേരിൽ പ്രസിദ്ധമാണ് ഗവൺമെന്റ് മ്യൂസിയം. ചെന്നൈ എഗ്‌മോറിലാണ് ഇത്. 1851-ൽ പണികഴിപ്പിച്ച ഈ മ്യൂസിയത്തിൽ ജിയോളജി, സുവോളജി, ആന്ത്രോപ്പോളജി, ബോട്ടണി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വസ്‌തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ ഇവിടത്തെ സംസ്‌കാരങ്ങളെയാണ് ഈ മ്യൂസിയം കൂടുതൽ എടുത്തുകാണിക്കുന്നത്. ചാലൂക്യന്മാർ, ചോളന്മാർ തുടങ്ങിയവരുടെ അവശേഷിപ്പുകളും വിജയനഗര സാമ്രാജ്യത്തിലെ പരമപ്രധാനമായ ചില വസ്‌തുക്കളും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾക്കായി ഒരു പ്രത്യേക സെക്ഷനും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ലൈബ്രറിയാണ് മ്യൂസിയത്തിന്റെ പ്രധാന സവിശേഷത. കഴിഞ്ഞ കാലത്തിന്റെ ഓർമകൾ പേറുന്ന പുരാതനമായ നിരവധി ഗ്രന്ഥങ്ങൾ ഗവൺമെന്റ് മ്യൂസിയത്തിന്റെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ശങ്കേഴ്സ് ഇന്റർനാഷണൽ പാവ മ്യൂസിയം

പാവകളെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? ഒരു വലിയ കെട്ടിടം നിറയെ പാവകളുടെ പ്രദർശനമായാലോ? അതാണ് ഡൽഹിയിലെ ശങ്കേഴ്സ് ഇന്റർനാഷണൽ പാവ മ്യൂസിയം യാഥാർഥ്യമാക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പാവകൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ന്യൂസിലൻഡ്, യുണൈറ്റഡ് കിങ്ഡം, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പാവകളെ ഒരു സെക്ഷനായി തിരിച്ചിട്ടുണ്ട്. രണ്ടാമത്തെ സെക്ഷനിൽ മിഡിൽ ഈസ്റ്റ്, ഇന്ത്യ, ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയിൽനിന്ന് ശേഖരിച്ച പാവകളാണ് സൂക്ഷിച്ചിരിക്കുന്നത്. ഗ്ലാസ് കേസുകളിലാണ് പാവകൾ സൂക്ഷിച്ചിരിക്കുന്നത്. അവയിൽ പലതും വർഷങ്ങളോളം പഴക്കമുള്ളവയാണ്. പല തരത്തിലുള്ള സംസ്‌കാരത്തെ സൂചിപ്പിക്കുന്ന പാവകളും ഇവിടെയുണ്ട്. ഇന്ത്യൻ നൃത്തകലാരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാവകൾ, വരന്റെയും വധുവിന്റെയും വിവിധ വേഷങ്ങളിലുള്ള പാവകൾ എന്നിവ അവയിൽ ചിലതുമാത്രം.

സാലാർ ജങ് മ്യൂസിയം

നൈസാമുകളുടെ നാടായ ഹൈദരാബാദിൽ തലയെടുപ്പോടെ നിൽക്കുന്ന മ്യൂസിയമാണ് സാലാർ ജങ്. വളരെ വ്യത്യസ്തമായ കാഴ്‌ചകളാണ് ഈ മ്യൂസിയം സഞ്ചാരികൾക്കായി ഒരുക്കുന്നത്. പെയിന്റിങ്ങുകൾ, വസ്ത്രങ്ങൾ, മെറ്റൽ വാസ്‌തുകലാശില്പങ്ങൾ, ക്ലോക്കുകൾ, കൊത്തുപണികൾ തുടങ്ങിയവയാണ് അതിൽ പ്രധാനം. അവ മിക്കതും അന്യരാജ്യങ്ങളിൽനിന്ന് കൊണ്ടുവന്നതാണ്. ചൈന, നോർത്ത് അമേരിക്ക, ഈജിപ്ത്, നേപ്പാൾ, യൂറോപ്പ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വസ്‌തുക്കളാണ് കൂടുതലായും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ പൈതൃകം പേറുന്ന നിരവധി കലാസൃഷ്ടികളും മ്യൂസിയത്തിലുണ്ട്. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും മ്യൂസിയം തുറന്നുപ്രവർത്തിക്കും.

നാഷണൽ റെയിൽ മ്യൂസിയം

ന്യൂഡൽഹിയിലെ ചാണക്യപുരിയിലാണ് നാഷണൽ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്. വിവിധ രൂപങ്ങളിലുള്ള നൂറോളം ട്രെയിനുകൾ ഇവിടെ പ്രദർശനത്തിനായി വെച്ചിട്ടുണ്ട്. പത്ത് ഏക്കർ വിശാലമായ പ്രദേശത്താണ് പാർക്ക് സ്ഥിതിചെയ്യുന്നത്. സഞ്ചാരികൾക്ക് അവിടം മൊത്തം ചുറ്റിക്കാണാൻ ഒരു പൈതൃക ട്രെയിൻ സർവീസ് ഉണ്ട്. പഴക്കം ചെന്ന ഫർണിച്ചർ, എൻജിനുകൾ, ബോഗികൾ, വർക്കിങ് മോഡലുകൾ, ചരിത്രപ്രാധാന്യമുള്ള ഫോട്ടോകൾ, സിഗ്നൽ നൽകാൻ ഉപയോഗിക്കുന്ന വസ്‌തുക്കൾ തുടങ്ങിയവയുടെ പ്രദർശനവും മ്യൂസിയത്തിലുണ്ട്. തിങ്കൾ ഒഴികെ എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ മ്യൂസിയം പ്രവർത്തിക്കുന്നു.

കാലിക്കോ മ്യൂസിയം

അഹമ്മദാബാദ് നഗരത്തിന്റെ ആകർഷണങ്ങളിലൊന്നാണ് കാലിക്കോ മ്യൂസിയം. 1949-ൽ ഗൗതം സാരാഭായിയും അദ്ദേഹത്തിന്റെ സഹോദരി ഗിര സാരാഭായിയും ചേർന്നാണ് മ്യൂസിയത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. തുണികൾക്ക് മാത്രമായുള്ള ഒരു പ്രത്യേക മ്യൂസിയമാണിത്. അതിപുരാതനമായ തുണികൾ വരെ ഇവിടെ പ്രദർശനത്തിനുവെച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യയുടെ പട്ടിന്റെ പെരുമ മാറ്റുകുറയാതെ സഞ്ചാരികളിലേക്ക് മ്യൂസിയം എത്തിക്കുന്നുമുണ്ട്. ഇന്ത്യ മുഗൾ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന സമയത്ത് രാജാക്കന്മാരും പ്രജകളും ധരിച്ചിരുന്ന വസ്ത്രങ്ങളും ബ്രിട്ടീഷ് കാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുമെല്ലാം കാലിക്കോ മ്യൂസിയത്തിൽ പ്രദർശനത്തിനുവെച്ചിട്ടുണ്ട്. ഒപ്പം പുരാതന ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന വിവിധ ഗൃഹോപകരണങ്ങളുടെയും വസ്‌തുക്കളുടെയും കമനീയശേഖരവും മ്യൂസിയത്തിലുണ്ട്.

ഡോ. ഭാവു ദാജി ലഡ് മ്യൂസിയം

ഇന്ത്യയുടെ കലാരംഗം പുരാതനകാലം തൊട്ട് എത്ര പ്രൗഢമായിരുന്നു എന്ന് കാണിച്ചുതരുകയാണ് ഡോ.ഭാവു ദാജി ലഡ് മ്യൂസിയം. 19-ാം നൂറ്റാണ്ടിലെ മിക്ക കലാസൃഷ്ടികളും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1872 മേയ് 2-നാണ് മ്യൂസിയം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ആ സമയത്ത് വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം എന്നതായിരുന്നു പേര്. മുംബൈയിലെ റാണി ബാഗിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. അതിപുരാതനമായ ഫോട്ടോഗ്രാഫുകൾ, കളിമൺ പ്രതിമകൾ, മാപ്പുകൾ, തുണിത്തരങ്ങൾ എന്നിവയും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

നേപ്പിയർ മ്യൂസിയം

കേരളത്തിലെ ഏറ്റവും പ്രൗഢമായ മ്യൂസിയങ്ങളിലൊന്നാണ് നേപ്പിയർ മ്യൂസിയം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1855-ലാണ്. 1874-ൽ ഇതിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിതു. പുതിയ കെട്ടിടം 1866 മുതൽ 1872 വരെ മദ്രാസ് സർക്കാരിന്റെ ഗവർണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ നാമകരണം ചെയ്‌തു. റോബർട്ട് കിസോം എന്ന വാസ്തുകലാ വിദഗ്‌ധനാണ് ഈ മ്യൂസിയത്തിന് രൂപരേഖ നൽകിയത്. ഈ മ്യൂസിയത്തിൽ ചരിത്രപ്രാധാന്യമുള്ള ധാരാളം പൗരാണിക വസ്തുതുക്കളും വെങ്കല പ്രതിമകളും ആഭരണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ പുരാതനകാലത്തെ ഒരു വലിയ തേരും ആനക്കൊമ്പ് കൊണ്ടുള്ള കൊത്തുപണികളും ഇവിടെ കാണാം. മ്യൂസിയത്തിനകത്ത് ശ്രീചിത്ര ആർട്ട് ഗാലറിയും സ്ഥിതിചെയ്യുന്നു. ഇവിടെ രാജാ രവിവർമയുടെയും നിക്കോളാസ് റോറിച്ചിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ മുഗൾ വംശകാലത്തെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിന്റെ പരിസരത്തുതന്നെയാണ് തിരുവനന്തപുരം മൃഗശാലയും സ്ഥിതിചെയ്യുന്നത്.

മോട്ടോർ സൈക്കിൾ മ്യൂസിയം

വിന്റേജ് കാറുകളുടെ മ്യൂസിയം ഇപ്പോൾ ഏറെക്കുറയെ സാധാരണമായിരിക്കുകയാണ്. എന്നാൽ വിന്റേജ് മോട്ടോർ സൈക്കിളുകൾക്ക് മാത്രമായി ഒരു മ്യൂസിയം ഒരുക്കിയിരിക്കുകയാണ് എസ്.കെ. പ്രഭു എന്ന വാഹനപ്രേമി. ബെംഗളൂരുവിന് സമീപത്തായി പുലകേശി നഗറിലാണ് അദ്ദേഹം ലെജന്റ് മോട്ടോർ സൈക്കിൾ മ്യൂസിയം എന്ന പേരിൽ ഒരു മ്യൂസിയം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്തെ മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ ഇരുപതിലധികം മോട്ടോർ സൈക്കിളുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്ദ്രോദ ദിനോസർ ആൻഡ് ഫോസിൽ പാർക്ക്

സബർമതിനദിയുടെ തീരത്തായി ഏകദേശം 400 ഹെക്ടർ സ്ഥലത്തായി പരന്നുകിടക്കുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇന്ദ്രോദ ദിനോസർ ആൻഡ് ഫോസിൽ പാർക്ക്. ഇന്ത്യയിലെ ഏക ദിനോസർ മ്യൂസിയമാണ് ഇത്. ഗുജറാത്ത് ഇക്കോളജിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനാണ് ഇന്ദ്രോദ ദിനോസർ ആൻഡ് ഫോസിൽ പാർക്ക് നോക്കിനടത്തുന്നത്. ഇന്ത്യയുടെ ജുറാസിക് പാർക്ക് എന്നൊരു വിളിപ്പേരും ഇന്ദ്രോദ ദിനോസർ ആൻഡ് ഫോസിൽ പാർക്കിനുണ്ട്.

ഐലൻഡ് മ്യൂസിയം

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയുടെ ഭാഗമായ നാഗാർജുനകൊണ്ട ബുദ്ധകേന്ദ്രമെന്ന പേരിൽ പ്രസിദ്ധമാണ്. നാഗാർജുന സാഗറിൽനിന്ന് വളരെ അടുത്തായിട്ടാണ് ദ്വീപ് പോലുള്ള ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ബുദ്ധമതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം ഇവിടെയുണ്ട്. ഇത് ഐലൻഡ് മ്യൂസിയം എന്ന പേരിൽ അറിയപ്പെടുന്നു.

സബ്‌മറൈൻ മ്യൂസിയം

ഏഷ്യയിലെതന്നെ ഒരേ ഒരു സബ്മറൈൻ മ്യൂസിയമാണ് വിശാഖപട്ടണത്തിലെ രാമകൃഷ്ണ ബീച്ചിൽ ഉള്ളത്. സ്‌മൃതിക എന്നാണ് മ്യൂസിയം അറിയപ്പെടുന്നത്. 2001-ൽ ആണ് ഐ.എൻ.എസ്. കുർസുര എന്ന റഷ്യൻ അന്തർവാഹിനിക്കപ്പൽ മ്യൂസിയമാക്കി മാറ്റിയത്. നിരവധി സഞ്ചാരികളാണ് ഈ മ്യൂസിയം കാണാനായി ദിവസേനയെത്തുന്നത്.

ടോയ്‌ലെറ്റ് മ്യൂസിയം

പേരുകേൾക്കുമ്പോൾ കൗതുകത്തിനൊപ്പം ചിരിയും വരുന്നുണ്ടാകും. പക്ഷേ ഇങ്ങനെയൊരു മ്യൂസിയമുണ്ട്. ഡൽഹിയിലാണത്. സുലഭ് ഇന്റർനാഷണൽ മ്യൂസിയം ഓഫ് ടോയ്‌ലെറ്റ് എന്നാണ് ഈ മ്യൂസിയത്തിന്റെ പേര്. പഴയകാലങ്ങളിൽ എത്തരത്തിലുള്ള ടോയ്‌ലെറ്റുകളാണ് ഉപയോഗിച്ചിരുന്നതെന്ന് ഈ മ്യൂസിയത്തിൽ എത്തുമ്പോൾ നമുക്ക് മനസ്സിലാകും. അതുപോലെ തന്നെ വിവിധ തരത്തിലുള്ള സാനിറ്ററി ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

അർണ ഝർണ

രാജസ്ഥാന്റെ സംസ്‌കാരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഓപ്പൺ മ്യൂസിയമാണിത്. അർണ ഝർണ എന്നാണ് ഈ ഡസേർട്ട് മ്യൂസിയത്തിന്റെ പേര്. മറ്റ് മ്യൂസിയങ്ങൾ പോലെ എന്തെങ്കിലും കെട്ടിടത്തിനുള്ളിലല്ല ഈ മ്യൂസിയം പ്രവർത്തിക്കുന്നത്. ജോധ്‌പുരിൽനിന്ന് 23 കിലോമീറ്റർ അകലെയായി അർണേശ്വർ ക്ഷേത്രത്തിന് സമീപത്തായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

മെഴുക് മ്യൂസിയം

ലോകപ്രശസ്ത മെഴുക് മ്യൂസിയമായ മാഡം തുസൗഡ്‌സിന്റെ ഇരുപതിനാലാമത്തെ മ്യൂസിയമാണ് ഡൽഹിയിൽ സ്ഥിതിചെയ്യുന്ന മാഡം തുസൗഡ്‌സ് ഹോളിവുഡ്. ന്യൂഡൽഹിയിലെ റീഗൽ സിനിമയുടെ രണ്ടാമത്തെ നിലയിലാണ് ഇതുള്ളത്. ഇന്ന് ഡൽഹിയിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നുകൂടിയായി ഇവിടം മാറിയിട്ടുണ്ട്. കുട്ടികളെയാണ് ഇവിടത്തെ കാഴ്‌ചകൾ കൂടുതലും ആകർഷിക്കുന്നത്. സിനിമാതാരങ്ങളുടെ ജീവൻ തുടിക്കുന്ന മെഴുകുപ്രതിമകളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാം എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം.

ഗാന്ധി മ്യൂസിയം

ഗാന്ധിജിയുടെ കൊലപാതകത്തിനുശേഷം അദ്ദേഹത്തെ കൂടുതലറിയുവാൻ താത്‌പര്യമുള്ളവർക്കായി നിർമിക്കപ്പെട്ട മ്യൂസിയമാണ് ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയം. ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധി മ്യൂസിയം കൂടിയാണിത്. രാജ്ഘട്ടിലാണിത് സ്ഥിതിചെയ്യുന്നത്.

രാഷ്ട്രപതിഭവൻ മ്യൂസിയം

രാഷ്ട്രപതിഭവൻ 88 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിനോടനുബന്ധിച്ചാണ് രാഷ്ട്രപതിഭവൻ മ്യൂസിയം 2016- ൽ നിർമിച്ചത്. ബ്രിട്ടീഷുകാർ നിർമിച്ച രാഷ്ട്രപതിഭവന്റെ ചരിത്രവും സ്വാതന്ത്ര്യംവരെ അവിടെ ജീവിച്ച വൈസ്രോയിമാരുടെയും പിന്നീട് ഇന്ത്യ ഭരിച്ച രാഷ്ട്രപതിമാരുടെയും ചരിത്രവും ജീവിതവും സ്വാതന്ത്ര്യത്തിന്റെ നാൾവഴികളുമെല്ലാം മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. രാഷ്ട്രപതിഭവനിലെ പൈതൃക കെട്ടിടത്തിന്റെ സമീപമാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇതിനോടുചേർന്ന് ഒരു ആർട്ട് ഗാലറിയും ഒരുക്കിയിട്ടുണ്ട്. മലയാളികൾക്ക് അഭിമാനിക്കാനായി കുമരകത്തെ കെട്ടുവള്ളവും അൽഫോൺസാമ്മയുടെ ഓർമകളുമെല്ലാം മ്യൂസിയത്തിലുണ്ട്. ഇന്ത്യയിലെ രാഷ്ട്രപതിമാരുടെ ഛായാചിത്രങ്ങളും പ്രതിമകളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം മുംബൈ ഫിലിംസ് ഡിവിഷൻ ആസ്ഥാനത്താണ് പ്രവർത്തിക്കുന്നത്. ശ്യാം ബെനഗലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് മ്യൂസിയത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. മുംബൈ ഫിലിംസ് ഡിവിഷൻ ആസ്ഥാനത്തെ ഗുൽഷൻ മഹലിലും ഫിലിംസ് ഡിവിഷന്റെ പഴയ ഡെമോ സ്റ്റുഡിയോയിലുമാണ് നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ എന്ന പേരിൽ മ്യൂസിയം നിർമിച്ചിരിക്കുന്നത്. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മൂവിങ് ഇമേജസ്, ലണ്ടൻ ഫിലിം മ്യൂസിയം എന്നിവയുടെ മാതൃകയിൽ തയ്യാറാക്കിയ സിനിമാ മ്യൂസിയം ഏഷ്യയിലെ ആദ്യത്തെ ബൃഹദ് ചലച്ചിത്ര മ്യൂസിയമാണ്. 140 കോടി രൂപയാണ് നിർമാണച്ചെലവ്. ശ്യാം ബെനഗൽ തലവനായ ഉപദേശക സമിതിയും പ്രസൂൺ ജോഷിയുടെ നേത്യത്വത്തിലുള്ള മ്യൂസിയം പുനരുദ്ധാരണ സമിതിയുമാണ് മ്യൂസിയത്തിന്റെ നിർമാണത്തിന് പിന്നിൽ. മ്യൂസിയത്തിലെ ഒന്നാംഹാളിൽ ഇന്ത്യൻ സിനിമയുടെ ചരിത്രമാണ് വ്യക്തമാക്കുന്നത്. മുംബൈയിലെ വാട്ട്സൻ ഹോട്ടലിൽ നടന്ന ലൂമിയർ സഹോദരങ്ങളുടെ സിനിമാ പ്രദർശനത്തിന്റെ പകർപ്പ് ഉൾപ്പെടെ സിനിമയിലേക്കുള്ള വികാസത്തിന്റെ ചരിത്രം ഇതിലുണ്ട്.

Post a Comment

0 Comments
Post a Comment (0)