ഇന്ത്യയിലെ സാംസ്കാരിക സ്ഥാപനങ്ങൾ
ബ്രിട്ടീഷ്
ഇന്ത്യയിലെ സാംസ്കാരിക സ്ഥാപനങ്ങൾ
ഇന്ത്യൻ
ദേശീയതയുടെ രൂപപ്പെടലിന് നിരവധി ഘടകങ്ങൾ കാരണമായി. ജാതി-മത-വർഗ-പ്രാദേശിക
വ്യത്യാസങ്ങൾക്കുപരിയായി ഒരു രാജ്യത്തെ ജനതയുടെ മാനസിക ഐക്യമാണ് ദേശീയത. സാമൂഹിക -
സാംസ്‌കാരിക രംഗങ്ങളിലുണ്ടായ നിരവധി മാറ്റങ്ങൾ ഇന്ത്യൻ ജനതയുടെ ദേശീയബോധത്തെ
ശക്തമാക്കി. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ സാംസ്കാരികരംഗത്തും ആശയതലങ്ങളിലും
രണ്ടുതരത്തിനുള്ള പ്രതിഷേധങ്ങൾ ഉയർന്നുവന്നു. ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന അസമത്വങ്ങൾക്കും
തിന്മകൾക്കും അവകാശനിഷേധങ്ങൾക്കും എതിരായവ ആയിരുന്നു ഒന്നാമത്തേത്. ഇന്ത്യയിൽ
ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്ന സാമ്രാജ്യത്വ ചൂഷണത്തിന് എതിരായവ ആയിരുന്നു
രണ്ടാമത്തേത്.
ഇന്ത്യൻ
ജനതയുടെ ജീവിതവും സംസ്കാരവും നന്നായി അറിയേണ്ടത് ഭരണം ശക്തമാക്കാൻ ആവശ്യമാണെന്ന്
ബ്രിട്ടീഷുകാർ മനസ്സിലാക്കി. സംസ്കൃതത്തിലും പേർഷ്യനിലും രചിക്കപ്പെട്ട കൃതികൾ
വായിച്ചും പരിഭാഷപ്പെടുത്തിയും അവർ ഇന്ത്യയെപ്പറ്റിയുള്ള അറിവ് നേടി. ബ്രിട്ടീഷ്
ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും കൂടുതൽ പഠനങ്ങൾക്കുമായി ബ്രിട്ടീഷുകാർ രൂപം നൽകിയ
സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളാണ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ, കൽക്കട്ട മദ്രസ, ബനാറസ് സംസ്കൃത കോളേജ് എന്നിവ.
കൽക്കട്ട
മദ്രസ
1780ൽ വാറൻ ഹേസ്റ്റിങ്‌സാണ്
കൽക്കട്ട മദ്രസ സ്ഥാപിച്ചത്. കൽക്കട്ട മുഹമ്മദൻ കോളേജ് എന്നും ഇതറിയപ്പെട്ടു. 2008ൽ ഈ സ്ഥാപനത്തെ സർവകലാശാലാ
പദവിയിലേക്ക് ഉയർത്തി. അലിയാ യൂണിവേഴ്‌സിറ്റി എന്നാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ
പേര്.
ഏഷ്യാറ്റിക്
സൊസൈറ്റി ഓഫ് ബംഗാൾ
ഓറിയന്റൽ
പഠനങ്ങൾക്കായി 1784ൽ ഏഷ്യാറ്റിക് സൊസൈറ്റി
സ്ഥാപിച്ചത് സർ വില്യം ജോൺസാണ്. 1936 മുതൽ 1951 വരെ ദി റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ്
ബംഗാൾ എന്നാണ് സ്ഥാപനം അറിയപ്പെട്ടത്. 1951ൽ
സ്ഥാപനത്തിന്റെ പേര് ദി ഏഷ്യാറ്റിക് സൊസൈറ്റി എന്ന് മാറ്റി. ഇന്ത്യയിലെ
പുരാതനരേഖകൾ കണ്ടെത്തി ശേഖരിക്കുക എന്നതായിരുന്നു സൊസൈറ്റിയുടെ പ്രധാന പ്രവർത്തനം.
ബനാറസ്
സംസ്കൃത കോളേജ്
ജൊനാഥൻ
ഡങ്കനാണ് ബനാറസ് സംസ്കൃത കോളേജ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. 1791 ലാണ് സ്ഥാപനം നിലവിൽവന്നത്. നിലവിൽ
സമ്പൂർണാനന്ദ സംസ്കൃത വിശ്വവിദ്യാലയം എന്നറിയപ്പെടുന്ന ഈ സ്ഥാപനം ലോകത്തിലെ
ഏറ്റവും പ്രധാനപ്പെട്ട സംസ്കൃത സർവകലാശാലകളിലൊന്നാണ്. സരസ്വതി ഭവന ഗ്രന്ഥമാല
എന്നപേരിൽ സംസ്കൃതഗ്രന്ഥങ്ങൾ പുറത്തിറക്കുന്നത് ഈ സ്ഥാപനമാണ്.
സയന്റിഫിക്
സൊസൈറ്റികൾ
ശാസ്ത്രബോധം
പ്രചരിപ്പിക്കാനും ശാസ്ത്രഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്താനും ചർച്ചചെയ്യാനുമായി
നിരവധി സയന്റിഫിക് സൊസൈറ്റികൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ
സ്ഥാപിക്കപ്പെട്ടു. യൂറോപ്യൻ ശാസ്ത്രങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുള്ള സൊസൈറ്റി 1825ൽ കൊൽക്കത്തയിൽ സ്ഥാപിക്കപ്പെട്ടു. 1838 ലാണ് പൊതുവിവരങ്ങൾ
നേടുന്നതിനുവേണ്ടിയുള്ള സൊസൈറ്റി കൊൽക്കത്തയിൽ സ്ഥാപിച്ചത്. 1876ൽ മഹേന്ദ്രലാൽ സർക്കാർ ബംഗാളിൽ ഇന്ത്യൻ
അസോസിയേഷൻ സ്ഥാപിച്ചു. ബനാറസ് സംവാദക്ലബ് 1861ൽ നിലവിൽവന്നു. 1864ൽ സർ സയ്യിദ് അഹ്മദ് ഖാനാണ് അലിഗഢ്
സയന്റിഫിക് സൊസൈറ്റി സ്ഥാപിച്ചത്. 1868ൽ
ബിഹാർ സയന്റിഫിക് സൊസൈറ്റി നിലവിൽവന്നു.
ഇന്ത്യയിലെ
സാംസ്കാരിക സ്ഥാപനങ്ങൾ
പ്രസാർ ഭാരതി
ഇന്ത്യയിലെ
പബ്ലിക് സർവീസ് ബ്രോഡ്ക്കാസ്റ്ററാണ് പ്രസാർ ഭാരതി. 1997 നവംബർ 23-ന് ഇന്ത്യയിൽ നിലവിൽ വന്ന
നിയമവിധേയമായി സ്വയം ഭരണാധികാരമുള്ള ഒരു സംഘടനയാണ് പ്രസാർ ഭാരതി. പ്രസാർ
ഭാരതിയുടെ കീഴിൽ ആകാശവാണി,
ദൂരദർശൻ എന്നിവ
പ്രവർത്തിക്കുന്നു. ദേശീയോദ്ഗ്രഥനം, രാജ്യത്തിന്റെ
ഐക്യം ഊട്ടിയുറപ്പിക്കുക,
പൗരന്റെ
അറിയാനുള്ള അവകാശത്തെ പിന്തുണക്കുക, ഗ്രാമീണ-കാർഷിക-വിദ്യാഭ്യാസമേഖലകൾക്ക്
പ്രത്യേക ഊന്നൽ നൽകുക,
സാമൂഹിക നീതി
പ്രചരിപ്പിക്കുക തുടങ്ങിയവ പ്രസാർ ഭാരതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
ന്യൂഡൽഹിയാണ് പ്രസാർഭാരതിയുടെ ആസ്ഥാനം.
ആകാശവാണി
ഇന്ത്യയിൽ
ആദ്യത്തെ റേഡിയോ പ്രോഗ്രാം സംപ്രേഷണം ചെയ്തത് 1923ൽ മുംബൈ റേഡിയൊ ക്ലബ്ബാണ്. 1927ൽ സ്വകാര്യ ട്രാൻസ്മിറ്ററുകൾ വഴി
മുംബൈയിലും, കൊൽക്കത്തയിലും റേഡിയോ
സംപ്രേഷണം തുടങ്ങി. 1930ൽ സർക്കാർ, ഈ ട്രാൻസ്മിറ്ററുകൾ ഏറ്റെടുത്ത് 'ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവ്വീസ്' എന്ന പേരിൽ റേഡിയോ സംപ്രേഷണം
ആരംഭിച്ചു. 1936ൽ റേഡിയോ സംപ്രേഷണത്തിന് ഓൾ
ഇന്ത്യ റേഡിയോ എന്ന പേരു ലഭിച്ചു. 1936ൽ
മൈസൂരിൽ ആരംഭിച്ച റേഡിയോ സ്റ്റേഷന്റെ പേരായിരുന്നു 'ആകാശവാണി'. മൈസൂർ യൂണിവേഴ്‌സിറ്റിയിലെ
അധ്യാപകനായിരുന്ന ഡോ.എം.വി.ഗോപാലസ്വാമിയുടെ ശ്രമഫലമായിരുന്നു 'ആകാശവാണി'. 1941ൽ റേഡിയോ നിലയത്തെ സർക്കാർ
ഏറ്റെടുത്തു. മൈസൂരിലെ ഈ റേഡിയോ നിലയത്തിന്റെ പേര് കടമെടുത്താണ് 1957ൽ ഓൾ ഇന്ത്യ റേഡിയോയെ 'ആകാശവാണി' എന്ന് നാമകരണം ചെയ്തത്. ആകാശവാണിയുടെ
ആപ്തവാക്യമാണ് 'ബഹുജനഹിതായ, ബഹുജനസുഖായ'.
ദൂരദർശൻ
1959 സെപ്റ്റംബർ 15ന് ഡൽഹിയിലാണ് ഇന്ത്യയിൽ ടെലിവിഷൻ
സംപ്രേഷണം ആരംഭിച്ചത്. ദൂരദർശന്റെ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയത് 1965 മുതലാണ്. 1976 സെപ്റ്റംബർ 15ന് ദൂരദർശനെ ഓൾ ഇന്ത്യ റേഡിയോയിൽ
നിന്നും വേർപെടുത്തി. ഇന്ത്യയിൽ,
കളർ ടി.വി
സംപ്രേഷണം തുടങ്ങിയതും,
ദേശീയ തലത്തിൽ
ടി.വി പരിപാടികൾ തുടങ്ങിയതും 1982ലാണ്. 1982 ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പരേഡാണ് ഇന്ത്യയിൽ
ആദ്യമായി കളറിൽ സംപ്രേഷണം ചെയ്യപ്പെട്ടത്. 1982ൽ നടന്ന ന്യൂഡൽഹി ഏഷൃൻ ഗെയിംസും
കളറിലാണ് സംപ്രേഷണം ചെയ്തത്. നിലവിൽ 24
ചാനലുകളാണ് ദൂരദർശനുള്ളത്. ദൂരദർശന്റെ മെട്രോ ചാനലുകൾ 1993 ജനുവരി 26നു തുടങ്ങി. ദൂരദർശന്റെ അന്തർദേശിയ
ചാനലാണു 'ഡി.ഡി.ഇന്ത്യ'. 1995 മാർച്ച് 14 നാണ് ഡി.ഡി.ഇന്ത്യ സംപ്രേഷണം
തുടങ്ങിയത്. ദൂരദർശന്റെ സ്പോർട്സ് ചാനലായ ഡി.ഡി. സ്പോർട്സ് 1999 മാർച്ച് 18നു തുടങ്ങി. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനലാണു ഡി.ഡി.ഭാരതി. 2002 ജനുവരി 26ന് ഇത് സംപ്രേഷണം ആരംഭിച്ചു.
ദൂരദർശന്റെ 24 മണിക്കൂർ വാർത്താ ചാനലാണു
ഡി.ഡി.നൃൂസ്. 2002 നവംബർ 3ന് പ്രവർത്തനം തുടങ്ങി. ഇന്ത്യയിൽ
കർഷകർക്കായി തുടങ്ങിയ ആദ്യ ടെലിവിഷൻ ചാനലാണ് ഡി.ഡി.കിസാൻ. 1986 മുതലാണ് ദൂരദർശൻ വാണിജ്യടിസ്ഥാനത്തിൽ
സംപ്രേഷണം ആരംഭിച്ചത്. ദൂരദർശന്റെ ആപ്തവാക്യമാണ് 'സത്യം, ശിവം, സുന്ദരം'.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ഭാരത
സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഒരു ഏജൻസിയാണ് ആർക്കിയോളജിക്കൽ സർവേ
ഓഫ് ഇന്ത്യ. പുരാവസ്തു പഠനത്തിന്റെയും സ്മാരകങ്ങളുടെ സംരക്ഷണവുമാണ് ഈ ഏജൻസിയുടെ
പ്രധാന ചുമതല. 1861ൽ അലക്സാണ്ടർ കണ്ണിങ്ഹാം ആണ്
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്. സർ. വില്യം ജോൺസിന്റെ ഏഷ്യാറ്റിക്
സൊസൈറ്റിയുടെ തുടർച്ചയായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഓറിയന്റൽ
പഠനങ്ങൾക്കായി 15 ജനുവരി 1784ലാണ് ഏഷ്യാറ്റിക് സൊസൈറ്റി
സ്ഥാപിതമായത്. ഈ സ്ഥാപനം ഏഷ്യാറ്റിക് റിസർച്ചസ് എന്ന പേരിലൊരു ജേണൽ 1788 മുതൽ പുറത്തിറക്കാനാരംഭിച്ചു. 1814ൽ ആദ്യ മ്യൂസിയം ബംഗാളിൽ ആരംഭിച്ചു.
ഇന്ത്യയിലെ പുരാതനരേഖകൾ കണ്ടെത്തി ശേഖരിക്കുക, പുരാവസ്തു പര്യവേക്ഷണം, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം
സംരക്ഷിക്കൽ എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന ദൗത്യങ്ങൾ.
നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ
സ്വാതന്ത്ര്യം
ലഭിക്കുംവരെ ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ട്മെന്റ് എന്നറിയപ്പെട്ടിരുന്ന നാഷണൽ
ആർക്കൈവ്സ് ഓഫ് ഇന്ത്യ 1891 മാർച്ച് 11ന് കൊൽക്കത്തയിൽ രൂപംകൊണ്ടു. ഈ
സ്ഥാപനത്തിന്റെ ആദ്യകാല മേൽനോട്ടം ജി.ഡബ്ല്യു. ഫോറസ്റ്റിനായിരുന്നു. ഇപ്പോൾ
ന്യൂഡൽഹിയാണ് ആസ്ഥാനം. നിയോ-ക്ലാസിക്കൽ ശൈലിയിൽ നിർമ്മിച്ച ന്യൂഡൽഹിയിലെ
മന്ദിരത്തിന്റെ ആർക്കിടെക്ട് എഡ്‌വിൻ
ല്യൂട്ടൻസാണ്. ഭാരത സർക്കാരിന്റെ പഴയകാല രേഖകളും മറ്റും സൂക്ഷിക്കുന്നതിനായി
പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ. സാംസ്കാരിക
മന്ത്രാലയത്തിനു കീഴിലാണ് ഇതിന്റെ പ്രവർത്തനം. ഇവിടെയുള്ള രേഖകൾ പൊതുജനങ്ങൾക്കും
പരിശോധിക്കാവുന്നതാണ്. എ.ഡി. 1748 മുതലുള്ള രേഖകൾ ഇവിടെ
സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, ഹിന്ദി, പേർഷ്യൻ, സംസ്കൃതം, ഉർദു എന്നീ ഭാഷകളിലുള്ള പല പ്രധാന
രേഖകളും ഇതിൽ ഉൾപ്പെടുന്നു. പനയോല, മരത്തോൽ, കടലാസ് എന്നിവയിലുള്ള പുരാതന രേഖകൾ
ഇപ്പോഴും കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്.
ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ
കേന്ദ്ര
സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആന്ത്രോപ്പോളജിക്കൽ സർവേ, 1945 ലാണ് സ്ഥാപിതമായത്. കൊൽക്കത്തയാണ്
ആസ്ഥാനം.
നാഷണൽ മ്യൂസിയം
1949 ഓഗസ്റ്റ് 15ന് ന്യൂഡൽഹിയിലാണ് നാഷണൽ മ്യൂസിയം ഉദ്‌ഘാടനം
ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്.
നാഷണൽ ലൈബ്രറി
ഇന്ത്യയിലെ
ഏറ്റവും വലിയ ലൈബ്രറിയാണ് കൊൽക്കത്തയിലുള്ള നാഷണൽ ലൈബ്രറി. 1948ൽ സ്ഥാപിതമായി. കൊൽക്കത്ത നഗരത്തിലുള്ള
മുപ്പത് ഏക്കറോളം വരുന്ന ബെൽവെഡെർ എസ്റ്റേറ്റിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.
സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി
ഇംപീരിയൽ
സെക്രട്ടേറിയറ്റ് ലൈബ്രറി എന്ന പേരിൽ 1891ൽ
കൊൽക്കത്തയിൽ പ്രവർത്തനം ആരംഭിച്ചു. 1969
മുതൽ ന്യൂഡൽഹിയിലെ ശാസ്ത്രിഭവനിൽ പ്രവർത്തിക്കുന്നു.
നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്
സമകാലീന
ഇന്ത്യൻ കലയുടെ പരിപോഷണം ലക്ഷ്യമിട്ട് 1954ൽ
ന്യൂഡൽഹിയിലാണ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് സ്ഥാപിതമായത്.
ലളിതകലാ അക്കാദമി
1954ൽ ന്യൂഡൽഹിയിൽ സ്ഥാപിതമായ
ലളിതകലാ അക്കാദമിയുടെ (നാഷണൽ അക്കാദമി ഓഫ് ആർട്സ്) പ്രധാന ലക്ഷ്യം, ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ
കലകളുടെ പ്രചാരണമാണ്.
സംഗീത നാടക അക്കാദമി
1953 ജനുവരി 28ന് സംഗീത നാടക അക്കാദമിയുടെ ഉദ്‌ഘാടനം
നിർവഹിച്ചത് രാഷ്ട്രപതിയായിരുന്ന ഡോ.രാജേന്ദ്രപ്രസാദാണ്. ദി നാഷണൽ അക്കാദമി ഓഫ്
ഡാൻസ്, ഡ്രാമ ആൻഡ് മ്യൂസിക് എന്നാണിത്
മുൻപ് അറിയപ്പെട്ടത്. ന്യൂഡൽഹിയാണ്
ആസ്ഥാനം.
നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ
സംഗീത
നാടക അക്കാദമിയുടെ കീഴിൽ 1959ൽ ന്യൂഡൽഹിയിൽ സ്ഥാപിതമായി.
എല്ലാവർഷവും, സ്കൂൾ ഓഫ് ഡ്രാമ
സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക ഉത്സവമാണ് ജഷ്ൻ-ഇ-ബച്പൻ'. 'ഭാരത് രംഗ് മഹോത്സവ്' എല്ലാവർഷവും നടത്തപ്പെടുന്ന ദേശീയ
നാടകമേളയാണ്.
സാഹിത്യ അക്കാദമി
സാഹിത്യ
അക്കാദമി 1954 മാർച്ചിൽ നിലവിൽ വന്നു. 24 ഭാഷകൾ സാഹിത്യ അക്കാദമി
അംഗീകരിച്ചിട്ടുണ്ട്. എഴുത്തുകാർക്ക് സാഹിത്യ അക്കാദമി നൽകുന്ന ഉയർന്ന ബഹുമതിയാണ് 'ഫെലോ' ആയി തിരഞ്ഞെടുക്കുന്നത്.