ഇന്ത്യയിലെ നാണയനിർമ്മാണം
നാണയങ്ങളെക്കുറിച്ചുള്ള
പഠനത്തിന്റെ പ്രാധാന്യം
പണം
എന്ന നിലയിലുള്ള മൂല്യത്തിലുപരി ചരിത്രത്തിന്റെ അടഞ്ഞുപോയ പല അധ്യായങ്ങളിലേക്കും
വെളിച്ചം വീശുന്നു എന്നതാണ് നാണയങ്ങളുടെ വലിയ സവിശേഷത. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭൂതകാലത്തെയും വർത്തമാന കാലത്തെയും
ബന്ധിപ്പിക്കുന്ന കണ്ണികൾ കൂടിയാണ് നാണയങ്ങൾ. പല സംസ്‌കാരങ്ങളും യാതൊരു തെളിവും
അവശേഷിപ്പിക്കാതെ മൺമറഞ്ഞുപോയപ്പോൾ അവിടുത്തെ ലോഹനാണയങ്ങൾ കേടുകൂടാതെ
കണ്ടെത്താനായി. ഈ നാണയങ്ങളിൽനിന്നും അവിടെ നിലനിന്ന പ്രാചീന
സംസ്കാരത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ലഭിച്ചു. ഒരു പ്രാചീന നാണയം, അതു നിലനിന്നിരുന്ന
കാലഘട്ടത്തെക്കുറിച്ചും അക്കാലത്തെ ജനതയുടെ സാങ്കേതികജ്‌ഞാനത്തെക്കുറിച്ചുമൊക്കെ
വിവരങ്ങൾ വിളിച്ചുപറയുന്നുണ്ട്. നാണയത്തിൽ വർഷം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത്
ആ കാലഘട്ടത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണ്. നാണയത്തിലുള്ള
രേഖപ്പെടുത്തലുകളിൽനിന്നും ചിത്രങ്ങളിൽനിന്നും അതു കൈകാര്യം ചെയ്തിരുന്ന
സമൂഹത്തിന്റെ ഭാഷയും ആചാരങ്ങളും ജീവിതരീതികളും ഏതാണ്ട് മനസ്സിലാക്കാനാകും.
ചുരുക്കത്തിൽ വില മതിക്കാനാവാത്ത വിവരങ്ങളാണ് നാണയങ്ങൾ ചരിത്രഗവേഷകർക്ക്
സമ്മാനിക്കുന്നത്.
പുരാതന
ഇന്ത്യയിലെ നാണയങ്ങൾ
പണത്തിന്റെ
കാര്യത്തിൽ മഹത്തായ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ലിഡിയയിലും ചൈനയിലും നാണയങ്ങൾ
നിർമിക്കുന്നതിനു മുമ്പേ ഭാരതത്തിൽ നാണയങ്ങൾ നിലനിന്നിരുന്നതായി പൗരാണികഗ്രന്ഥങ്ങൾ
പറയുന്നു. പുരാതനഭാരതത്തിലെ നാട്ടുരാജ്യങ്ങളായ മഹാജനപദങ്ങളിൽ ബി.സി ആറാം
നൂറ്റാണ്ടിൽത്തന്നെ മുദ്രണം ചെയ്ത നാണയങ്ങൾ ഉണ്ടായിരുന്നത്രേ. പാണിനിയുടെ വ്യാകരണ
ഗ്രന്ഥങ്ങളിലും ചാണക്യന്റെ അർത്ഥശാസ്ത്രത്തിലും ഭാരതത്തിൽ നിലനിന്നിരുന്ന
നാണയങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഗാന്ധാര, കുന്തല, കുരു, പാഞ്ചാല, സുരസേന, സൗരാഷ്ട്ര പ്രവിശ്യകളിൽ
പ്രചാരത്തിലുണ്ടായിരുന്ന നാണയം 'പണം', 'കർഷപണം' തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടു.
കൃത്യമായ തൂക്കത്തിൽ നിർമിച്ച,
പ്രത്യേക ആകൃതി
ഇല്ലാത്ത വെള്ളിനാണയങ്ങളാണ് ഭാരതത്തിൽ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. വൃത്തം, ദീർഘവൃത്തം തുടങ്ങി വിവിധ
രൂപങ്ങളായിരുന്നു ഇവയ്ക്ക്. പ്രവിശ്യകൾക്കനുസരിച്ച് നാണയങ്ങളിൽ മുദ്രണം
ചെയ്തിരുന്ന ചിത്രങ്ങൾക്കും വ്യത്യാസമുണ്ടായിരുന്നു. നാണയത്തിന്റെ ഒരു വശത്തു
മാത്രമാണ് ചിത്രങ്ങൾ പതിച്ചിരുന്നത്. സൗരാഷ്ട്രയിലെ നാണയത്തിൽ കാള, ദക്ഷിണ പാഞ്ചാലയിലേതിൽ സ്വസ്തിക്
ചിഹ്നം എന്നിവയൊക്കെയാണ് പതിച്ചിരുന്നത്. ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ ഈ നാണയങ്ങൾ
പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ
നാണയ ചരിത്രം
ബി.സി
326ൽ പുരു രാജാവിനെ കീഴടക്കിയ
ചരിത്രവിജയത്തിന്റെ ഓർമയ്ക്കായി പുരു-അലക്സാണ്ടർ യുദ്ധം ചിത്രീകരിക്കുന്ന ഒരു
നാണയം ബാബിലോണിയയിൽ പുറത്തിറക്കി. കുതിരപ്പടയാളിയും ആനയും തമ്മിലുള്ള പോരാട്ടമാണ്
ഇതിൽ ചിത്രീകരിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു വിദേശരാജ്യം
പുറത്തിറക്കുന്ന ആദ്യ നാണയമായിരിക്കാം ഇത്. തുടർന്നങ്ങോട്ട് ഇന്ത്യൻ നാണയങ്ങളിൽ
ഗ്രീക്ക് സ്വാധീനം പ്രകടമായി.
മൗര്യ
കാലഘട്ടം
ബി.സി
322 മുതൽ ബി.സി 185 വരെ നീണ്ട മൗര്യ കാലഘട്ടത്തിൽ കൃത്യമായ
അളവിലും തോതിലും നിർമിച്ച നാണയങ്ങൾ പുറത്തിറങ്ങി. രുപ്യരൂപ (വെള്ളി), സുവർണരൂപ (സ്വർണം), താമ്രരൂപ (ചെമ്പ്) നാണയങ്ങൾ
ഇക്കാലത്തുണ്ടായിരുന്നു. വെള്ളിയും ചെമ്പും ഒരുമിച്ചുചേർത്തും ഇക്കാലത്ത് നാണയങ്ങൾ
നിർമിച്ചു. മൗര്യവംശത്തിന്റെ പതനത്തോടെ ചിന്നിച്ചിതറിയ ജനവിഭാഗങ്ങൾ അവരുടേതായ
നാണയങ്ങൾ ഉണ്ടാക്കി. ഇവരിൽ ഗാന്ധാര വിഭാഗക്കാരാണ് അച്ചുകൂടത്തിൽ നാണയങ്ങൾ നിർമ്മിക്കുന്ന
രീതി തുടങ്ങിയത്. അച്ചുകളിൽ ലോഹം ഉരുക്കി ഒഴിച്ച് നാണയം ഉണ്ടാക്കുന്നതായിരുന്നു
അവരുടെ രീതി. അതിനു മുമ്പ് ലോഹപാളിയിൽ നിന്ന് കൃത്യമായ തൂക്കത്തിൽ നാണയം
വെട്ടിയെടുത്തശേഷം വശങ്ങളിൽ മുദ്രപതിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.
ബാക്ട്രിയൻമാരുടെ
നാണയം
വിവിധ
രൂപത്തിൽ നാണയം നിർമിക്കുന്ന ഇന്ത്യൻ രീതിയിൽനിന്ന് വ്യത്യസ്തമായി വൃത്തം, ചതുരം എന്നീ രൂപത്തിൽ മാത്രം നാണയങ്ങൾ
നിർമിക്കാൻ തുടങ്ങിയത് ബാക്ട്രിയൻമാരാണ്. ഗ്രീക്ക് ഭാഷയും ഭാരതത്തിലെ നാട്ടുഭാഷയായ
പ്രാകൃതും ഒരേ നാണയത്തിൽ രേഖപ്പെടുത്തിയവരാണ് ബാക്ട്രിയൻമാർ.
കുശാന
കാലഘട്ടം
രാജാക്കന്മാരുടെയും
ദേവന്മാരുടെയും ചിത്രം ആദ്യമായി നാണയങ്ങളിൽ രേഖപ്പെടുത്തിയവരാണ് കുശാനൻമാർ.
നാണയത്തിന്റെ ഒരു വശത്ത് രാജാവിന്റെ ചിത്രവും മറുവശത്ത് രാജാവിന് പ്രിയപ്പെട്ട
ദേവന്റെ ചിത്രവുമായി ഇവർ നാണയങ്ങൾ പുറത്തിറക്കി. ഏഷ്യയിലെ പ്രബലരായിരുന്ന
ബാക്ട്രിയൻ (ബി.സി 200
- ബി.സി 100) രാജാക്കൻമാർ ഗ്രീക്കു മാതൃകയിൽ
തങ്ങളുടെ ചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കി. കുശാനവംശക്കാർ ഇത് പിന്തുടർന്നു.
ഗ്രീക്ക്-ഇന്ത്യൻ ദേവൻമാരുടെ ചിത്രങ്ങൾ അവർ നാണയത്തിൽ പതിപ്പിച്ചു. ചക്രവുമായി
നിൽക്കുന്ന കൃഷ്ണൻ,
കലപ്പയേന്തിയ
ബലരാമൻ തുടങ്ങിയ ചിത്രങ്ങൾ നാണയങ്ങളിലെത്തി. ഇന്തോ - ബാക്ട്രിയൻ കാലഘട്ടത്തിലേതിനു
സമാനമായ സ്വർണനാണയങ്ങളും കുശാന രാജാക്കൻമാർ പുറത്തിറക്കി. പ്രമുഖ കുശാന രാജാവായ
കനിഷ്കനാണ് ശ്രീബുദ്ധന്റെ ചിത്രം ആദ്യമായി നാണയത്തിൽ ഉപയോഗിച്ചത്. നാണയങ്ങളിൽ
എഴുത്ത് ആരംഭിച്ചതും ഇക്കാലത്താണെന്ന് കരുതുന്നു.
ഗുപ്‌ത
കാലഘട്ടം
ഇന്ത്യയുടെ
നാണയചരിത്രത്തിൽ മഹത്തായ സംഭാവന നൽകിയവരാണ് ഗുപ്തൻമാർ. ഗുപ്തകാലഘട്ടത്തിലാണ്
മുദ്രയിലും രൂപഭംഗിയിലും മികച്ചു നിൽക്കുന്ന നാണയങ്ങൾ ഉണ്ടായത്.
നിലവിലുണ്ടായിരുന്ന നാണയങ്ങളിൽ കാണപ്പെട്ടിരുന്ന വിദേശ സ്വാധീനം പൂർണമായി
ഒഴിവാക്കിയ ഗുപ്തൻമാർ തനതായ ഭാരതീയ നാണയങ്ങൾ നിർമിച്ചു. ചന്ദ്രഗുപ്തൻ ഒന്നാമന്റെ
പുത്രനായ സമുദ്രഗുപ്തന്റെ ഭരണകാലം (336 - 380) 'ഇന്ത്യയുടെ സുവർണകാലഘട്ട'മെന്നാണ് അറിയപ്പെടുന്നത്. ഇക്കാലത്ത്
സ്വർണം ധാരാളം ലഭിച്ചിരുന്നതിനാൽ പലതരം സ്വർണനാണയങ്ങൾ നിർമ്മിക്കപ്പെട്ടു. എഴുതരം
നാണയങ്ങൾ ഇക്കാലത്ത് നിലവിലുണ്ടായിരുന്നു. സംസ്കൃത ഭാഷയിലായിരുന്നു ഇവയിലെ
എഴുത്തുകൾ. ഇന്ത്യൻ നാണയചരിത്രത്തിലെയും സുവർണ കാലമായി ഗുപ്തകാലത്തെ കണക്കാക്കാം.
മധ്യകാല
ഇന്ത്യയിലെ നാണയങ്ങൾ
മുഗൾ
കാലഘട്ടം
നിലവിലുണ്ടായിരുന്ന
നാണയസമ്പ്രദായത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയ ഭരണാധികാരികളാണ് മുഗളൻമാർ. അവർ
രാജാക്കൻമാരുടെ ചിത്രങ്ങൾക്ക് പകരം ഇസ്ലാമിക സൂക്തങ്ങൾ നാണയങ്ങളിൽ രേഖപ്പെടുത്തി.
സ്വർണത്തിലും വെള്ളിയിലും ചെമ്പിലും നിർമിച്ച നാണയങ്ങൾക്ക് പല മൂല്യങ്ങൾ നൽകി
ശാസ്ത്രീയമായ ഒരു സമ്പദ് വ്യവസ്ഥ ഉണ്ടാക്കാനും അവർ ശ്രമിച്ചു. എ.ഡി 1526ൽ മുഗളൻമാരുടെ കാലത്താണ്
ഗുപ്തകാലത്തിനുശേഷം ഇന്ത്യയിൽ വീണ്ടും മികച്ച നാണയങ്ങൾ പുറത്തിറങ്ങിയത്. പേർഷ്യൻ, ഉർദു ഭാഷകളിൽ എഴുത്തുകളുണ്ടായിരുന്ന ഈ
നാണയങ്ങളിൽ രാശിചക്രവും മറ്റും ചിത്രീകരിച്ചിരുന്നു. മുഗൾ ചക്രവർത്തിയായിരുന്ന
അക്ബർ പുറത്തിറക്കിയ നാണയങ്ങളിൽ മതചിന്തകൾക്കതീതമായി ഇതിഹാസ കഥാപാത്രങ്ങളെയും
ചിത്രീകരിച്ചു. രാമന്റെയും സീതയുടെയും ചിത്രമുള്ള നാണയങ്ങൾ അദ്ദേഹം പുറത്തിറക്കി.
പിൽക്കാലത്ത് ഔറംഗസേബ് ചക്രവർത്തിയായതോടെ ഈ നാണയങ്ങളെല്ലാം വീണ്ടും പരിഷ്കരിച്ചു.
രൂപ
വന്ന വഴി
ഇന്ത്യൻ
കറൻസിക്ക് രൂപ എന്ന പേരുലഭിക്കാൻ കാരണക്കാരനായ ആളാണ് ഷേർഷാ സുരി. പതിനാറാം
നൂറ്റാണ്ടിൽ ഡൽഹി ഭരിച്ച ഭരണാധികാരിയാണദ്ദേഹം. ഹുമയൂണിനെ തോൽപ്പിച്ച് ഡൽഹി
പിടിച്ചടക്കിയ ഷേർഷാ 1542ൽ 'റുപയാ' എന്ന പേരിൽ 178 ഗ്രാം തൂക്കമുള്ള വെള്ളിനാണയം
പുറത്തിറക്കി. ഈ പേര് പരിഷ്കരിച്ചാണ് 'രൂപ' ഉണ്ടായത്. 'മനോഹരം' എന്ന അർഥത്തിൽ ഷേർഷാ 'റുപയാ' എന്നു വിളിച്ചതാണെന്നും ഇൻഡോ-ആര്യൻ
ഭാഷകളിൽ വെള്ളി എന്ന അർഥമുള്ള 'റുപ'യിൽ നിന്നാണ് രൂപ ഉണ്ടായതെന്നും
അഭിപ്രായമുണ്ട്. വെള്ളിയുടെ സംസ്കൃത വാക്കായ രൂപ്യകത്തിൽനിന്നാണ് രൂപ ഉണ്ടായതെന്ന്
ചിലർ പറയുന്നു. 1672ൽ മുംബൈയിലാണ് ഇന്നത്തെ
രീതിയിലുള്ള രൂപ ആദ്യം ഉണ്ടാക്കിയത്. ബ്രിട്ടീഷുകാർ നിർമിച്ച ആ വെള്ളിനാണയത്തിന് 180 ഗ്രാം ഭാരമുണ്ടായിരുന്നു.
പോർച്ചുഗീസുകാരിൽനിന്ന് മുംബൈ പ്രവിശ്യയുടെ ഭരണം സ്വന്തമാക്കിയ ഈസ്റ്റ് ഇന്ത്യാ
കമ്പനി 1671ൽ അവിടെ നാണയം അച്ചടിക്കുന്ന
കമ്മട്ടം സ്ഥാപിച്ചു. 1672ൽ ബ്രിട്ടീഷുകാർ പുറത്തിറക്കിയ
ഒരു രൂപാ നാണയവും 1675,
1677, 1678 വർഷങ്ങളിൽ
അവർ പുറത്തിറക്കിയ മറ്റു നാണയങ്ങളും ഇന്നും ലണ്ടനിലെ ബ്രിട്ടീഷ്
മ്യൂസിയത്തിലുണ്ട്.
ബ്രിട്ടീഷ്
ഇന്ത്യയിലെ നാണയങ്ങൾ
1601-ൽ കച്ചവടത്തിനായി
ഇന്ത്യയിലേക്കു വന്ന ബ്രിട്ടിഷുകാർ 1853
ആയപ്പോഴേക്കും ഇവിടത്തെ നാട്ടുരാജ്യങ്ങളൊക്കെ പിടിച്ചടക്കി. വ്യാപാരത്തിനായി
എത്തിയ ബ്രിട്ടിഷുകാർക്ക് ഇന്ത്യയുമായി കച്ചവടം നടത്തുന്നതിന് നമ്മുടെ നാട്ടിലെ
പണം ആവശ്യമായിരുന്നു. ആദ്യം നേരായ മാർഗത്തിലൂടെ അവർ ഇന്ത്യൻ നാണയങ്ങൾ സമ്പാദിച്ചു.
പിന്നീടവ കൃത്രിമമായി അച്ചടിച്ചു പുറത്തിറക്കി. 1639-ൽ മദ്രാസ് പ്രവിശ്യക്കുമേൽ കുത്തകപ്പാട്ടം
സ്വന്തമാക്കിയ ബ്രിട്ടിഷുകാർ മദ്രാസിലെ നാണയ നിർമാണശാലയിൽ (കമ്മട്ടം) നാണയം
ഉണ്ടാക്കുന്നതിനും അനുമതി നേടി. അങ്ങനെ മദ്രാസ് പ്രവിശ്യയുടെ നാണയം അവർ നിർമിച്ചു.
തങ്ങളുടെ നാണയങ്ങൾ നിർമിക്കുന്നതിൽനിന്ന് ബ്രിട്ടിഷുകാരെ വിലക്കിയ ഒരു ഭരണാധികാരി
ഉണ്ടായിരുന്നു. മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ്! എന്നാൽ ഈസ്‌റ്റ് ഇന്ത്യാ
കമ്പനി ഔറംഗസേബിന്റെ നാണയങ്ങൾ രഹസ്യമായി പുറത്തിറക്കി. പ്രാദേശിക ഭരണാധികാരികൾ
എതിർത്തതോടെ ഈ നാണയങ്ങൾക്ക് അംഗീകാരം നേടാനായി ബ്രിട്ടിഷുകാരുടെ ശ്രമം. ഒടുവിൽ 1717-ൽ ബോംബെ കമ്മട്ടത്തിൽ മുഗൾ നാണയം
നിർമിക്കാനുള്ള അനുമതി മുഗൾ ഗവർണർ ഫാറുഖ് സിയാറിൽനിന്ന് ഈസ്‌റ്റ് ഇന്ത്യാ കമ്പനി
നേടിയെടുത്തു.
1764-ൽ ബംഗാൾ ഭരണം ഏറ്റെടുത്തതോടെ
കൽക്കട്ടയിലെ കമ്മട്ടത്തിൽ നാണയം നിർമിക്കാനുള്ള അവകാശവും ഈസ്‌റ്റ് ഇന്ത്യാ കമ്പനി
നേടി. ഇങ്ങനെ മദ്രാസ്,
മുംബൈ, കൽക്കട്ട എന്നീ മൂന്നു പ്രവിശ്യകളിലും
നാണയം നിർമിക്കാൻ അനുമതി നേടിയ കമ്പനി ആദ്യമുണ്ടായിരുന്ന നാണയങ്ങളാണുണ്ടാക്കിയത്.
പിന്നീട് രാജ്യമൊട്ടാകെ ഒരു പോലുള്ള നാണയം കൊണ്ടുവന്നു. തുടർന്ന്, തെക്കേ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന
ആർകൊട്ട് റുപീ (Arcot
Rupee) ചില
മാറ്റങ്ങളോടെ രാജ്യത്തിന്റെ പൊതുനാണയമായി ബ്രിട്ടിഷുകാർ തിരഞ്ഞെടുത്തു. നാണയത്തിൽ
ബ്രിട്ടിഷ് രാജാവായിരുന്ന വില്യം നാലാമന്റെ ചിത്രം ആലേഖനം ചെയ്യുകയും ഈസ്റ്റ്
ഇന്ത്യാ കമ്പനി എന്ന് മുദ്രകുത്തുകയും ചെയ്തു. 1835-ൽ ഇംഗ്ലണ്ടിൽ പാസാക്കിയ നാണയനിയമം
അനുസരിച്ചാണ് ഇന്ത്യ മുഴുവനും ഒരു പോലെയുള്ള നാണയം എന്ന വ്യവസ്‌ഥ വന്നത്. 1840-ൽ വിക്ടോറിയ രാജ്‌ഞിയുടെ ചിത്രമുള്ള
സ്വർണ, വെള്ളി നാണയങ്ങൾ ഇന്ത്യയിൽ
പുറത്തിറങ്ങി. 1862-ൽ വിക്ടോറിയാ രാജ്‌ഞിയുടെ
ചിത്രമുള്ള കറൻസി നോട്ടുകളും നാണയങ്ങളും പുറത്തിറങ്ങി. പിന്നീട് എഡ്വേർഡ് ആറാമൻ, ജോർജ് അഞ്ചാമൻ തുടങ്ങിയവരുടെ
ചിത്രങ്ങളുള്ള നാണയങ്ങളും പുറത്തുവന്നു.
സ്വതന്ത്ര
ഇന്ത്യയുടെ നാണയനിർമ്മാണം
ഇന്ത്യ
1947 ഓഗസ്‌റ്റ് 15-ന് സ്വതന്ത്രയായെങ്കിലും 1950 ജനുവരി 26-ന് ജനാധിപത്യ റിപ്പബ്ലിക് ആകുംവരെ
ബ്രിട്ടിഷ് നാണയങ്ങളും നോട്ടുകളുമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. 1950-ൽ ആദ്യമായി നമ്മുടെ സ്വന്തം നാണയങ്ങളും
നോട്ടുകളും പുറത്തിറങ്ങി. ബ്രിട്ടിഷ് ഇന്ത്യയിലെ നാണയങ്ങളോട് ഏറെ സാമ്യമുള്ള
നാണയങ്ങളാണ് സ്വതന്ത്ര ഇന്ത്യയിലും ആദ്യമായി നിർമിച്ചത്. നാണയങ്ങളുടെ മൂല്യവും
ഭാരവും നിർമിക്കാനുപയോഗിച്ച ലോഹവും എല്ലാം ഒന്നുതന്നെയായിരുന്നു. ബ്രിട്ടിഷ്
രാജാവിന്റെ ചിത്രത്തിനുപകരം അശോകസ്‌തംഭവും രാജാവിന്റെ പേരിനുപകരം ഗവൺമെന്റ് ഓഫ്
ഇന്ത്യ എന്ന എഴുത്തും വന്നു എന്നതായിരുന്നു പ്രധാന വ്യത്യാസം. ഒരു രൂപ, അര രൂപ, കാൽ രൂപ എന്നിവയിൽ നാണയത്തിന്റെ മൂല്യം
കാണിച്ചിരിക്കുന്നതിന് ഇരുവശത്തുമായി രണ്ട് ഗോതമ്പ് കതിരുകളും
ചിത്രീകരിക്കപ്പെട്ടു.
ദശാംശരീതിയുടെ
തുടക്കം
ഇന്ത്യൻ
നാണയചരിത്രത്തിലെ പ്രധാനപ്പെട്ടൊരു വർഷമാണ് 1957. നാണയ വ്യവസ്ഥ ദശാംശരീതിയിൽ പരിഷ്‌കരിച്ച
വർഷമാണത്. ഫ്രാൻസിൽ തുടക്കമിട്ട് ദശാംശരീതി പിന്നീട് മറ്റു രാജ്യങ്ങളിലേക്കും
കടന്നുവന്നപ്പോഴാണ് ഇന്ത്യയും ഈ രീതിയിലേക്ക് മാറിയത്. 1955-ൽ കൊണ്ടുവന്ന ഇന്ത്യൻ നാണയനിയമം
(ഭേദഗതി) 1957 ഏപ്രിൽ ഒന്നിന് നിലവിൽവന്നു.
അങ്ങനെ ഒരു രൂപ 100 പൈസയായി വിഭജിക്കപ്പെട്ടു.
ഒന്ന്, രണ്ട്, അഞ്ച്, പത്ത് പൈസകളുടെ നാണയങ്ങൾ നിലവിൽ വന്നു.
പിന്നീട് 25, 50 പൈസ എന്നിവയുടെ നാണയങ്ങളും
പുറത്തിറക്കി.