മുഗൾ വാസ്തുവിദ്യ

Arun Mohan
0

മുഗൾ വാസ്തുവിദ്യ

മുഗളരുടെ ഏറ്റവും മനോഹരമായ കലാസൃഷ്ടികൾ വാസ്തുശില്പ രംഗത്തായിരുന്നു. കമനീയമായ ധാരാളം കോട്ടകളും കൊട്ടാരങ്ങളും കവാടങ്ങളും ദേവാലയങ്ങളും ശവകുടീരങ്ങളും സ്മാരകങ്ങളും പൊതു കെട്ടിടങ്ങളും അവർ പണികഴിപ്പിക്കുകയുണ്ടായി. ബാബർ അദ്ദേഹത്തിന്റെ ആത്മകഥയിൽ ഇന്ത്യൻ വാസ്തുശില്പകലയെ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന് ഇന്ത്യയിലെ കല്പണിക്കാരെ വലിയ മതിപ്പായിരുന്നു. കെട്ടിടനിർമാണത്തിൽ അവരുടെ സേവനം അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു.

അക്ബറിന്റെ കാലത്തെ നിർമ്മാണങ്ങൾ

അക്ബറിന്റെ ഭരണകാലത്ത് വാസ്തുവിദ്യയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി. അദ്ദേഹത്തിന്റെ വിശാല മനസ്കതയും സഹിഷ്ണുതയും വാസ്തുവിദ്യയിലും പ്രതിഫലിച്ചു. അക്ബർ ഹിന്ദു-മുസ്ലിം വാസ്തുശില്പ ശൈലികളെ സമന്വയിപ്പിക്കാൻ ശ്രമിച്ചു. കെട്ടിടനിർമ്മാണത്തിൽ ഹിന്ദു വാസ്തുശില്പ ശൈലികളെ അദ്ദേഹം ഉപയോഗിച്ചു. അക്ബർ ധാരാളം കോട്ടകൾ പണികഴിപ്പിച്ചു. അവയിൽ ഏറ്റവും പ്രസിദ്ധി നേടിയത് ആഗ്ര കോട്ടയാണ്. അക്ബർ രൂപം നൽകിയ പുതിയ തലസ്ഥാന നഗരിയായ ഫത്തേപ്പൂർ സിക്രിയെ ഫർഗുസൺ വിശേഷിപ്പിക്കുന്നത്. ഫത്തേപ്പൂർ സിക്രിയിലെ ഏറ്റവും ഗംഭീരമായ കെട്ടിടം അവിടത്തെ പള്ളിയും പ്രവേശന കവാടമായ 'ബുലന്ദ് ദർവാസ'യുമാണ്. ജോദ്ബായിയുടെ കൊട്ടാരം, ദിവാൻ-ഇ-ആം (ചക്രവർത്തിയുടെ കാര്യാലയം), ദിവാൻ-ഇ-ഖാസ്, പഞ്ചമഹൽ എന്നിവയാണ് അക്ബർ നിർമ്മിച്ച പ്രധാന മന്ദിരങ്ങൾ.

ജഹാംഗീറിന്റെ കാലത്തെ നിർമ്മാണങ്ങൾ

ജഹാംഗീറിന്റെ കാലത്ത് പ്രധാനമായും രണ്ട് വാസ്തുശില്പ കലാസൃഷ്ടികളാണ് ഉണ്ടായിരുന്നത്. (1) പൂർണ്ണമായും വെള്ള മാർബിളിൽ നിർമ്മിച്ച ഇത്തിമാദ്-ഉദ്-ദൗളയുടെ ശവകുടീരം, (2) സിക്കന്ദ്രയിൽ അദ്ദേഹം നിർമ്മിച്ച അക്ബറുടെ ശവകുടീരം.

ഷാജഹാന്റെ കാലത്തെ നിർമ്മാണങ്ങൾ

ഇന്തോ - പേർഷ്യൻ വാസ്തുശില്പകല അതിന്റെ പാരമ്യത്തിലെത്തിയത് ഷാജഹാന്റെ കാലത്താണ്. ഇക്കാലമായപ്പോഴേക്കും കെട്ടിടങ്ങൾ പൂർണ്ണമായും മാർബിളിൽ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. ഷാജഹാൻ അനേകം കൊട്ടാരങ്ങളും, കോട്ടകളും, ഉദ്യാനങ്ങളും പള്ളികളും നിർമ്മിക്കുകയുണ്ടായി. കോടിക്കണക്കിനു രൂപ അദ്ദേഹം ഇതിനായി ചിലവഴിച്ചു. ഡൽഹിയിലെ ഷാജഹാനാബാദിൽ പണിത ചെങ്കോട്ടയായിരുന്നു ഷാജഹാന്റെ ആദ്യകാല കലാസൃഷ്ടികളിൽ ഒന്ന്. ചെങ്കോട്ടയിലെ കെട്ടിടങ്ങളിൽ ദിവാൻ-ഇ-ആം, ദിവാൻ-ഇ-ഖാസ് എന്നിവ പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

പള്ളി നിർമ്മാണവും ഷാജഹാന്റെ കാലത്ത് അതിന്റെ പാരമ്യത്തിലെത്തി. ആഗ്ര കോട്ടയിൽ പൂർണമായും മാർബിളിൽ തീർത്ത മോത്തി മസ്ജിദ് ഇതിൽ ഏറ്റവും ശ്രദ്ധേയമാണ്. ഷാജഹാന്റെ പ്രശസ്ത സിംഹാസനമായ 'മയൂരസിംഹാസനം' അദ്ദേഹത്തിന്റെ മറ്റൊരു മികച്ച കലാസൃഷ്ടിയാണ് (1739ൽ നാദിർഷാ പേർഷ്യയിലേക്കു കടത്തിക്കൊണ്ടുപോയ ഈ സിംഹാസനം ലോകത്തൊരിടത്തും പിന്നീട് കാണുകയുണ്ടായില്ല). തന്റെ പ്രിയ പത്നിയായ മുംതാസ് മഹലിന്റെ സ്മരണയായി ഷാജഹാൻ നിർമ്മിച്ച താജ്മഹൽ ലോകാത്ഭുതങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. 50 ലക്ഷം രൂപ ചിലവഴിച്ച് ശുദ്ധമായ വെള്ള മാർബിളിൽ നിർമ്മിക്കപ്പെട്ട താജ്മഹലിന്റെ ശില്പഭംഗിയും ഗാംഭീര്യവും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്. 'വാസ്തുശില്പകലയിലെ മണിമുത്ത്', 'മാർബിളിലെ സ്വപ്നം' എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ മഹാസൗധത്തിന് രൂപകൽപന ചെയ്തത് ഉസ്താദ് അലിയാണ്. വലിയ താഴികക്കുടവും വീതികുറഞ്ഞ നാല് മിനാരങ്ങളുമാണ് താജിന്റെ മുഖ്യ മഹിമ.

ഔറംഗസേബിന്റെ കാലത്തെ നിർമ്മാണങ്ങൾ

ഔറംഗസേബിന്റെ കാലത്ത് പ്രധാന കലാസൃഷ്ടികളൊന്നുമുണ്ടായിരുന്നില്ല. അക്കാലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ പഴയ മാതൃകയിലുള്ളവയുടെ ദുർബ്ബലമായ അനുകരണങ്ങളായിരുന്നു. സാമ്പത്തിക കാര്യങ്ങളിൽ ദുർച്ചെലവിന് എതിരായിരുന്ന ഔറംഗസേബ് നിർമ്മാണ പ്രവർത്തനങ്ങളെ പൊതുവെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

മുഗൾ വാസ്തുശില്പകലക്ക് പൊതുവായ ചില സവിശേഷതകൾ ഉണ്ടായിരുന്നു. മുഗളരുടെ ആദ്യകാല കെട്ടിടങ്ങൾ മണൽക്കല്ലുകൊണ്ടാണ് നിർമ്മിച്ചിരുന്നത്. ജഹാംഗീറിന്റെ വാഴ്ചയുടെ അവസാനത്തോടെ കെട്ടിടങ്ങൾ പൂർണ്ണമായും മാർബിളിൽ നിർമ്മിക്കുന്ന രീതി വ്യാപകമായി. ഈ നിർമ്മാണരീതി 'പിയേറ്റ്റാഡ്യൂറാ' എന്നറിയപ്പെട്ടു. കെട്ടിടങ്ങൾ കരുത്തുറ്റതും പ്രൗഢഗംഭീരവും മനോഹരമായ അലങ്കാരങ്ങൾ ഉള്ളവയുമായിരുന്നു. കമനീയമായ താഴികക്കുടങ്ങളും മിനാരങ്ങളും കമാനങ്ങളും അവരുടെ മന്ദിരങ്ങളുടെ സവിശേഷതയാണ്. മാർബിളിൽ മനോഹരമായ ചിത്രങ്ങൾ അങ്കനം ചെയ്തിരുന്നു.

Post a Comment

0 Comments
Post a Comment (0)