ഇന്ത്യയിലെ ഉത്സവങ്ങൾ

Arun Mohan
0

ഇന്ത്യയിലെ ഉത്സവങ്ങൾ

ഇന്ത്യയിലെ ദേശീയ ഉത്സവങ്ങൾ

1. റിപ്പബ്ലിക് ദിനം

1950 ജനുവരി 26 ന് ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. എല്ലാ വർഷവും ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണസ്വരാജ് ആദ്യമായി ആചരിച്ചത് 1930 ജനുവരി 26 നായിരുന്നു.

2. സ്വാതന്ത്ര്യദിനം

രണ്ടു നൂറ്റാണ്ടിലധികം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായത് 1947 ഓഗസ്റ്റ് 15 നാണ്. എല്ലാ വർഷവും ആ ദിനം (ഓഗസ്റ്റ് 15) സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു.

3. ഗാന്ധി ജയന്തി

രാഷ്ട്രപിതാവായി വിശേഷിപ്പിക്കപ്പെടുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി (മഹാത്മാഗാന്ധി) യുടെ ജന്മദിനമായ ഒക്ടോബർ 2 ദേശീയ ദിനമായി ആചരിക്കുന്നു.

4. ബുദ്ധപൂർണിമ

വൈശാഖ മാസത്തിലെ വെളുത്തവാവ് ദിവസമാണ് ബുദ്ധപൂർണിമ ആഘോഷിക്കുന്നത്.

5. ദീപാവലി

സമ്പദ്‌സമൃദ്ധിയേയും ഐശ്വര്യത്തേയും സൂചിപ്പിക്കുന്ന ആഘോഷമാണ് ദീപാവലി.

6. ദസ്സറ (വിജയദശമി)

രാവണനെ രാമൻ വധിച്ചതിന്റെ സ്മരണാർത്ഥമുള്ള ആഘോഷമാണ് ദസ്സറ. വിജയദശമി എന്നും ദസ്സറ ആഘോഷത്തിനു പേരുണ്ട്. വിജയദശമി ദിനത്തിലാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്.

7. നവരാത്രി

നവരാത്രി ആഘോഷങ്ങൾ ദസ്സറയോടനുബന്ധിച്ചാണ് നടക്കുന്നത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഗുജറാത്തിൽ ഗർബ നൃത്തം നടക്കുന്നത്. മഹിഷാസുരനെ ഭദ്രകാളി വധിച്ചതും ദസ്സറ നാളിലാണെന്നു പുരാണങ്ങൾ പറയുന്നു.

8. ഗുരുപൂർണിമ

ആഷാഢ മാസത്തിലെ വെളുത്തവാവ് ദിനത്തിലാണ് ഗുരുപൂർണിമ ആഘോഷിക്കുന്നത്. വ്യാസപൂർണിമ എന്നും ഗുരുപൂർണിമ അറിയപ്പെടുന്നു.

9. ഹോളി

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഉത്സവങ്ങളിൽ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവമായ ഹോളി ഫാൽഗുന മാസത്തിലെ (ജനവരി) വെളുത്തവാവ് ദിവസമാണ്.

10. ജന്മാഷ്ടമി

ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷമാണ് ജന്മാഷ്ടമി.

11. നവ്‌റോസ്

പാഴ്സികളുടെ നവവത്സര ആഘോഷമാണ് നവ്‌റോസ്. ഈ സമയത്ത് ആചരിക്കുന്ന ഒരു പ്രധാന പാരമ്പര്യമാണ് 'മേശ'യ്ക്ക് ചുറ്റും ഒത്തുകൂടി പ്രിയപ്പെട്ടവരോടൊപ്പം ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്നത്. വിശുദ്ധി, തെളിച്ചം, ഉപജീവനമാർഗ്ഗം, സമ്പത്ത് എന്നിവയെ പ്രതീകപ്പെടുത്തുന്ന വസ്തുക്കൾ കൊണ്ട് മേശ അലങ്കരിക്കുന്നു. 

12. ക്രിസ്തുമസ്

ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ്. യേശു ക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബർ 25 ന് ലോകമെമ്പാടുമുള്ള പോലെ ഇന്ത്യയിലും ക്രിസ്തുമസ് വിപുലമായി ആഘോഷിക്കുന്നു.

13. മിലാദി ഷെരീഫ്

ഇസ്ലാം മതപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമായ ഈ ദിവസം ഇന്ത്യയിൽ അങ്ങോളമിങ്ങോളം ജാതിമത ഭേദമന്യേ ആഘോഷിക്കുന്നു.

ഇന്ത്യയിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഉത്സവങ്ങൾ

1. തമലഡു (അരുണാചൽപ്രദേശ്)

ഭൂമിയുടെയും ജലത്തിന്റെയും ഉത്സവമാണിത്.

2. മയോഖ് (അരുണാചൽപ്രദേശ്)

അപതാനി സമൂഹത്തിന്റെ ആഘോഷമാണ്. മാർച്ച് മാസത്തിൽ ഈ സമൂഹത്തിന്റെ നന്മയ്ക്കായി നടത്തുന്ന മതപരമായ ആഘോഷമാണ്.

3. റെഹ് (അരുണാചൽപ്രദേശ്)

ഇഡു ആദിവാസികളുടെ ആഘോഷമാണിത്. 'തൻയി ഇൻകി തായ്'യുടെ മക്കളാണ് എന്നു വിശ്വസിക്കുന്ന ഇക്കൂട്ടർ ആ അമ്മയുടെ ആശീർവാദത്തിനായി നടത്തുന്ന ഉത്സവം ആറുദിവസം നീണ്ടുനിൽക്കും.

4. ബൂരിബുട്ട് (അരുണാചൽപ്രദേശ്)

കൊയ്ത്തുത്സവമാണ്. സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ഒത്തുകൂടുന്ന ഉത്സവമാണ്.

5. ബിഹു (അസം)

അസമിലാണ് ബിഹു ആഘോഷിക്കുന്നത്. ഏപ്രിൽ 13 നു വരുന്ന പുതുവത്സരപ്പിറവിയിൽ ആഘോഷിക്കുന്നു. വിളവെടുപ്പിന്റെ കാലം കൂടിയാണിത്. ബിഹു ആഘോഷത്തോടനുബന്ധിച്ചുള്ള ബിഹു നൃത്തം പ്രസിദ്ധമാണ്.

6. ഉഗാദി (ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക)

തെക്കേ ഇന്ത്യയിലെ ഡെക്കാൺ പ്രദേശത്തെ ജനങ്ങളുടെ പുതുവത്സരദിനാഘോഷമാണ് ഉഗാദി. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലാണ് ഉഗാദി ആഘോഷിക്കുന്നത്. അബ്ബാട്ടു എന്ന പ്രത്യേക പലഹാരം അന്ന് ഉണ്ടാക്കും.

7. ഫൂൽ ദേവി (ഉത്തരാഖണ്ഡ്)

ചൈത്ര മാസത്തിലെ ആദ്യ ദിവസം ആഘോഷിക്കുന്നു. യുവതികൾ താമ്പാളത്തിൽ അരിയും ശർക്കരയുമായി ഓരോ വീട്ടിലും കയറി സമ്പദ്‌സമൃദ്ധിക്കായി പ്രാർഥിക്കുന്നു.

8. ഹരേല (ഉത്തരാഖണ്ഡ്)

ശ്രാവണമാസത്തിലെ ആദ്യ ദിവസം ആഘോഷിക്കുന്നു. ഹരേലയ്ക്കു പത്തു ദിവസം മുൻപ് അഞ്ചോ ആറോ വിത്ത് കുട്ടയിൽ മണ്ണിട്ടു മുളപ്പിക്കുന്നു. ഹരേലയ്ക്കു തലേന്ന് ശിവന്റെയും പാർവതിയുടെയും വിഗ്രഹത്തിനു മുകളിൽ മുളച്ച ചെടികൾ കിരീടമായി ചൂടിക്കുന്നു.

9. രഥയാത്ര (ഒഡീഷ)

പുരിയിലെ രഥയാത്ര വളരെ പ്രശസ്തമാണ്. ആഷാഢ മാസത്തിലെ കറുത്ത പക്ഷത്തിലെ രണ്ടാമത്തെ ദിവസം ഒഡീഷയിലെ എല്ലായിടത്തും രഥയാത്ര നടത്തുന്നു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ വലിയ രൂപങ്ങൾ പുരി ക്ഷേത്രത്തിൽനിന്നു ഗുണ്ടിയ ക്ഷേത്രത്തിലേക്കു രഥത്തിൽ ആനയിക്കുന്നു. ആളുകൾ കയർ കെട്ടി രഥം വലിക്കുന്നു. ഒൻപതു ദിവസത്തിനുശേഷം വിഗ്രഹങ്ങൾ തിരിച്ചുകൊണ്ടുവരുന്നു.

10. രാജപർബ (ഒഡീഷ)

ഈ ആഘോഷം ഭൂമി മാതാവിനാണു സമർപ്പിച്ചിട്ടുള്ളത്. കൃഷി പ്രവൃത്തികൾ നിർത്തിവച്ച് ഭൂമി മാതാവിനു വിശ്രമം നൽകുന്നു.

11. ബോയ്ട്ട - ബാഡ്ന (ഒഡീഷ)

വള്ളങ്ങളെ ആരാധിക്കുന്ന ഉത്സവമാണ്. നദീ തീരത്തോ കടൽത്തീരത്തോ ഒത്തുകൂടി ചെറുവഞ്ചികൾ ഉണ്ടാക്കി നദികളിലോ കടലിലോ ഒഴുക്കുന്നു.

12. ദസറ (കർണാടക)

മഹിഷാസുരനുമേൽ ചാമുണ്ഡേശ്വരി നേടിയ വിജയമാണ് ദസറ ഓർമിപ്പിക്കുന്നത്. പത്തു ദിവസം നീണ്ട ഉത്സവമാണിത്.

13. തുല സംക്രമണ (കർണാടക)

കുടക് ജില്ലയിലുള്ളവരുടെ ആഘോഷമാണിത്. കാവേരി ദേവത പ്രത്യക്ഷപ്പെടുന്ന ദിവസമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

14. ഓണം (കേരളം)

കേരളീയരുടെ ദേശീയോത്സവമാണ്‌ ഓണം. ചിങ്ങ മാസത്തിലെ തിരുവോണം നാളിൽ ഓണം ആഘോഷിക്കുന്നു. അത്തം മുതൽ പത്തു ദിവസം ഓണാഘോഷം നീണ്ടുനിൽക്കുന്നു.

15. വിഷു (കേരളം)

മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിഷു ഒരു കാർഷികോത്സവമാണ്. ഓണത്തെക്കാളും പഴക്കമുള്ള ആഘോഷമാണ് വിഷുവെന്നു കരുതപ്പെടുന്നു. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്ന കർണികാരം എന്നും അറിയപ്പെടുന്നു. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ വിഷു ദിനത്തിൽ നടക്കുന്ന വ്യാപാരമാണ് വിഷുമാറ്റം. ഭാരതത്തിലെ പഴയ കാർഷിക പഞ്ചാംഗത്തിലെ ആദ്യദിനമാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിനൊപ്പം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളാണ് ബിഹു, വൈശാഖി, ഉഗാദി എന്നിവ.

16. ദീപാവലി (ഗുജറാത്ത്)

ആശ്വിനമാസത്തിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്. കൊയ്ത്ത് അവസാനിക്കുന്ന സമയമാണ്. ഒന്നാം ദിവസം ലക്ഷ്മീപൂജ രണ്ടാം ദിവസം ദുഷ്ടശക്തികളെ ഉച്ചാടനം ചെയ്യുന്നു. മൂന്നാം ദിവസം വീടുകളെല്ലാം ദീപങ്ങൾകൊണ്ട് അലങ്കരിക്കുന്നു. മുറ്റത്തു കോലമിടുന്നു. നാലാമത്തെയും അവസാനത്തെയും ദിവസം ഗുജറാത്തികളുടെ നവവത്സരമാണ്.

17. ഷിഗ്മോ (ഗോവ)

വസന്തകാലത്ത് ആഘോഷിക്കുന്നു. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. അക്രമികളെ തുരത്തിയോടിച്ച് മടങ്ങിവരുന്ന യോദ്ധാക്കളെ ആദരിക്കലാണ് ഒരു പ്രധാന ചടങ്ങ്. ഹോളിയുമായി ചേർന്നു വരുന്നതിനാൽ പരസ്പരം നിറങ്ങൾ എറിഞ്ഞു കളിക്കുന്നു.

18. ഹരേലി (ഛത്തീസ്ഗഡ്)

നല്ല വിളവു ലഭിക്കാനായി നടത്തുന്ന ഉത്സവം. പണിയായുധങ്ങൾ വച്ചു പൂജ നടത്തുന്നു. ജൂലൈ - ഓഗസ്റ്റ് മാസത്തിലാണ് ഇത് അരങ്ങേറുന്നത്.

19. സ്പിക്ടോക് ഗുടോർ സംസ്‌കാർ (ജമ്മു കശ്മീർ)

തിന്മയ്ക്കുമേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമാണിത്. ജനുവരി മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. ബുദ്ധമതക്കാരുടെ ഒരു ആഘോഷമാണിത്.

20. തുലിപ്പ് ഉത്സവം (ജമ്മു കശ്മീർ)

മാർച്ച് അവസാനം തുലിപ്പ് പുഷ്പങ്ങൾ വിടരും. ഈ അവസരത്തിലാണ് തുലിപ്പ് ഉത്സവം.

21. പൊങ്കൽ (തമിഴ്‌നാട്)

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലെ വിളവെടുപ്പുത്സവമാണ് പൊങ്കൽ.

22. പുതാണ്ടു (തമിഴ്‌നാട്)

തമിഴ്‌നാട്ടിലെ പുതുവത്സരാഘോഷമാണ് പുതാണ്ടു.

23. ആഡിപ്പെറുക്ക് (തമിഴ്‌നാട്)

മഴക്കാലത്തെ വരവേറ്റുകൊണ്ടുള്ള തമിഴ്‌നാട്ടിലെ ഉത്സവമാണ് ആഡിപ്പെറുക്ക്.

24. ഗരിയ (ത്രിപുര)

ഏപ്രിൽ മാസം ഏഴാം തീയതിയാണ് ഗോത്രവർഗക്കാർ ഗരിയ പൂജ നടത്തുന്നത്. ഇതൊരു കൊയ്ത്തുത്സവമാണ്. ഗരിയ ഭഗവാന്റെ മുന്നിൽ ആളുകൾ പാട്ടും നൃത്തവുമായി കൂടുന്നു. മുളക്കമ്പുകൾ അലങ്കരിച്ച് അതിനെയാണു പൂജിക്കുന്നത്.

25. ഹോൺബിൽ നൃത്തം (നാഗാലാ‌ൻഡ്)

ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. കൊഹിമയിൽനിന്നു 12 കിലോമീറ്റർ അകലെയുള്ള കിസാമ ഗ്രാമത്തിലാണ് ഹോൺബിൽ ആഘോഷം നടക്കുന്നത്.

26. മൊവാട്സു (നാഗാലാ‌ൻഡ്)

എല്ലാ വർഷവും മെയ് മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. പാടം വിത്തിട്ടതിനുശേഷമാണ് ഈ ആഘോഷം. പാട്ടും നൃത്തവുമാണ് പ്രധാനം. മൂന്നു ദിവസം നീണ്ടുനിൽക്കും.

27. തുളുനി (നാഗാലാ‌ൻഡ്)

സുമു ഗോത്രത്തിലെ വിവിധ വിഭാഗക്കാരുടെ ആഘോഷമാണ് തുളുനി. ജൂലൈ എട്ടിനു പാട്ടും നൃത്തവുമായി മഴക്കാലത്തെ വരവേൽക്കുന്നു. ലിറ്റ് സാബ എന്ന ദേവതയെ കൃഷി സംരക്ഷിക്കുന്നതിനായി ആരാധിക്കുന്നു.

28. അഹോലിങ് മോൺയു (നാഗാലാ‌ൻഡ്)

മോൺ ജില്ലയിലെ കോൺയാക് ഗോത്രക്കാർ ഏപ്രിൽ ഒന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ ഇത് ആഘോഷിക്കുന്നു. പുതുവത്സരത്തെ വരവേൽക്കുകയാണ്.

29. ബാന്തി (പഞ്ചാബ്)

ഒക്ടോബർ - നവംബറിൽ പഞ്ചാബിൽ നടക്കുന്ന ഉത്സവമാണ് ബാന്തി.

30. വൈശാഖി (പഞ്ചാബ്)

പഞ്ചാബിലെ പ്രമുഖ കൊയ്ത്തുത്സവമാണ് വൈശാഖി. വൈശാഖി ഉത്സവം പഞ്ചാബിലെ പുതുവർഷത്തെയും കുറിക്കുന്നു.

31. ലോഹ്‌രി (പഞ്ചാബ്)

ശൈത്യ കാലത്തിന്റെ തുടക്കത്തിൽ ഉത്തരേന്ത്യയിൽ നടക്കുന്ന ആഘോഷമാണ് ലോഹ്റി.

32. നവബത്സര (പശ്ചിമ ബംഗാൾ)

ബംഗാളി പുതുവത്സരമാണിത്. വൈശാഖം ഒന്നാണ് നവവത്സരം.

33. ഛോട്ട് (ബിഹാർ)

സൂര്യഭഗവാനെ പൂജിക്കുന്ന ഒരു ആഘോഷമാണിത്. വർഷത്തിൽ രണ്ടു പ്രാവശ്യം ഇത് ആഘോഷിക്കുന്നു. ചൈത്ര (മാർച്ച്) മാസത്തിലും കാർത്തിക (നവംബർ) മാസത്തിലുമാണ് ആഘോഷിക്കുന്നത്.

34. ഗാങ് നാഗൈ ഉത്സവം (മണിപ്പുർ)

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഡിസംബർ, ജനുവരി മാസത്തിലാണ് ഈ ആഘോഷം അരങ്ങേറുന്നത്.

35. യോഷാങ് (മണിപ്പുർ)

ഹോളി കാലഘട്ടത്തിൽ തന്നെയാണിത് ആഘോഷിക്കുന്നത്. താബൽ ചോങ്ബാ എന്നൊരു ഗ്രാമീണ നൃത്തം ഈ അവസരത്തിൽ അരങ്ങേറുന്നു. ഫാൽഗുന മാസത്തിലെ പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണിത്.

36. ചെയ്രാബാ (മണിപ്പുർ)

മണിപ്പുരി നവവത്സര ഉത്സവമാണ്. വിവിധ ദൈവങ്ങൾക്കു വിവിധതരം നൈവേദ്യം ഒരുക്കുന്നു. ഗ്രാമവാസികൾ അടുത്തുള്ള കുന്നിൻമുകളിൽ കയറുന്നു.

37. ദഗോരിയ ഹാട്ട് ഉത്സവം (മധ്യപ്രദേശ്)

പ്രണയത്തിന്റെ ഉത്സവമാണ്. മാർച്ച് മാസത്തിൽ ഹോളിക്കു മുൻപു നടക്കുന്നു. ചെറുപ്പക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തങ്ങളുടെ ഇണകളെ കണ്ടെത്തി അന്ന് ഒളിച്ചോടാം. പരസ്പരം ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടയാളുടെ മുഖത്തു ചുവന്ന ചായം പുരട്ടുന്നു.

38. ഖജുരാഹോ ഉത്സവം (മധ്യപ്രദേശ്)

ഇതൊരു നൃത്തോത്സവമാണ്. ഖജുരാഹോവിൽ ഫെബ്രുവരി ആദ്യവാരം നടക്കുന്നു. ക്ലാസിക്കൽ നൃത്തരൂപങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

39. ഗുഡി പാഡ്വ (മഹാരാഷ്ട്ര)

മഹാരാഷ്ട്രയിലെ പുതുവത്സരദിനാഘോഷമാണ് ഗുഡി പാഡ്വ.

40. ആന്തൂറിയം ഉത്സവം (മിസോറം)

മിസോറമിലെ പ്രശസ്ത ഉത്സവമാണിത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഈ ഉത്സവം ആന്തൂറിയം പൂക്കുന്ന കാലത്താണു നടത്തുന്നത്. 2006ൽ ആണ് ഈ ഉത്സവം ആരംഭിച്ചത്.

41. മാർവാർ ഉത്സവം (രാജസ്ഥാൻ)

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ്. അശ്വിന മാസത്തിൽ ഇത് ആഘോഷിക്കുന്നു. രാജസ്ഥാനിലെ വീരന്മാരെ ആരാധിക്കാനാണ് ഈ ആഘോഷം.

42. ലോസുങ് (സിക്കിം)

കൊയ്ത്തുത്സവമാണ് ടിബറ്റൻ വർഷത്തിലെ പത്താമത്തെ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. നല്ല വിളവിനായുള്ള നൃത്തവും പാട്ടും നിർബന്ധമാണ്.

43. ഫാങ് ലിഹാബ് സോൾ (സിക്കിം)

കാഞ്ചൻജംഗയ്ക്കു നന്ദി പറയുന്ന ഉത്സവമാണിത്. സെപ്റ്റംബറിൽ ഇത് ആഘോഷിക്കുന്നു. അവരുടെ സമൃദ്ധിക്കു നിദാനം ഈ പർവതഭാഗമാണെന്ന് അവർ വിശ്വസിക്കുന്നു.

44. ബസന്ത് പഞ്ചമി (ഹരിയാന)

ശിശിരകാലത്തിനുശേഷം വസന്തകാലത്തെ വരവേൽക്കാനാണ് ബസന്ത് പഞ്ചമി ആഘോഷിക്കുന്നത്.

45. ലോഹ്‌രി (ഹിമാചൽ പ്രദേശ്)

ശീതകാല വിളവെടുപ്പിനുശേഷം നടക്കുന്ന ആഘോഷം. മാഘമാസത്തിന്റെ വരവേൽപുകൂടിയാണ് ഇത്. പുതുവസ്ത്രമണിഞ്ഞ് തീക്കുണ്ഡത്തിനു ചുറ്റും പാട്ടും നൃത്തവുമാണ് പ്രധാനം.

46. ഹാൽദ (ഹിമാചൽ പ്രദേശ്)

നവവത്സര ആഘോഷമാണിത്. ശശികാർ അപ എന്ന സമ്പത്തിന്റെ ദേവതയെ ആരാധിക്കുന്നു. ആഘോഷ ദിവസം തീരുമാനിക്കുന്നത് ലാമമാരാണ്. സെഡാർ വൃക്ഷത്തിന്റെ കുറച്ചു ചില്ലകളുമായി ഓരോ വീട്ടുകാരും എത്തുന്നു. ഇവ ഉപയോഗിച്ചുണ്ടാക്കുന്ന തീയുടെ ചുറ്റും കൂടി പാട്ടു പാടുന്നു.

Post a Comment

0 Comments
Post a Comment (0)