സാമ്പത്തിക മേഖലകൾ
സമ്പദ്ഘടനയെ പ്രധാനമായും മൂന്ന് അടിസ്ഥാന മേഖലകളായി തിരിച്ചിരിക്കുന്നു - പ്രാഥമിക മേഖല, ദ്വിതീയ മേഖല, തൃതീയ മേഖല. ദേശീയ വരുമാനം മൂന്ന് മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനങ്ങളെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (CSO) വർഗ്ഗീകരിക്കുകയും ദേശീയ വരുമാനം കണക്കാക്കുകയും ചെയ്യുന്നു.1.
പ്രാഥമിക മേഖല:
പ്രകൃതി വിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങളെ പ്രാഥമിക
മേഖല എന്ന് പറയുന്നു. കൃഷിയാണ് പ്രാഥമിക മേഖലയുടെ അടിത്തറ. ഇന്ത്യയിൽ എല്ലാ
കാലഘട്ടത്തിലും തൊഴിൽ ലഭ്യതയുള്ളതും ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ
ഉല്പാദിപ്പിക്കുന്നതുമായ മേഖലയാണ് പ്രാഥമിക മേഖല. കൃഷിയ്ക്ക്
പ്രാധാന്യമുള്ളതുകൊണ്ട് പ്രാഥമിക മേഖല കാർഷിക മേഖല എന്നും അറിയപ്പെടുന്നു.
ഉദാഹരണം:
കൃഷിയും അനുബന്ധപ്രവർത്തനങ്ങളും,
വനപരിപാലനം, മത്സ്യബന്ധനം, ഖനനം.
2.
ദ്വിതീയ മേഖല:
പ്രാഥമിക മേഖലയിലെ ഉല്പന്നങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ച് പുതിയ
ഉല്പ്പന്നങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല.
വ്യവസായമാണ് ദ്വിതീയ മേഖലയുടെ അടിത്തറ. വ്യവസായത്തിന് പ്രാധാന്യമുള്ളതുകൊണ്ട്
ദ്വിതീയ മേഖല അറിയപ്പെടുന്നത് വ്യാവസായിക മേഖല എന്നാണ്.
ഉദാഹരണം:
വ്യവസായം, വൈദ്യുതി ഉൽപ്പാദനം, കെട്ടിട നിർമ്മാണം.
3.
തൃതീയ മേഖല:
പ്രാഥമിക, ദ്വിതീയ മേഖലകളിലെ
ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതുമായ മേഖല അറിയപ്പെടുന്നത് തൃതീയ
മേഖല അല്ലെങ്കിൽ സേവന മേഖല എന്നാണ്. തൃതീയ മേഖലയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ
ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത്.
ഉദാഹരണം:
വ്യാപാരം, ഗതാഗതം, ഹോട്ടൽ, വാർത്താവിനിമയം, സംഭരണം, ബാങ്കിങ്, ഇൻഷുറൻസ്, ബിസിനസ്, റിയൽ എസ്റ്റേറ്റ്, സാമൂഹ്യസേവന പ്രവർത്തനങ്ങൾ
അറിവധിഷ്ഠിത
മേഖല: സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതികവിദ്യയും ഫലപ്രദമായി
പ്രയോഗിക്കുന്ന തൃതീയ മേഖലയാണ് അറിവധിഷ്ഠിത മേഖല. വിദ്യാഭ്യാസം, നൂതന സാങ്കേതികാശയങ്ങളുടെ പ്രയോഗം, വിവര വിനിമയ സാങ്കേതികവിദ്യ
തുടങ്ങിയവയാണ് അറിവ് സമ്പദ്ക്രമത്തിന്റെ അടിസ്ഥാനം. ഒരു സംരംഭത്തിലോ സമൂഹത്തിലോ
ഉള്ള ആളുകളുടെ കൂട്ടായ അറിവിനെയാണ് ബൗദ്ധിക മൂലധനം എന്നു പറയുന്നത്. ബൗദ്ധിക
മൂലധനം കാണാൻ കഴിയാത്ത ആസ്തിയാണ്.
ഉദാഹരണം:
കേരള സർക്കാർ ആരംഭിച്ച ടെക്നോപാർക്ക്, ഇൻഫോപാർക്ക്
എന്നിവ അറിവധിഷ്ഠിത മേഖലയ്ക്ക് ഉദാഹരണങ്ങളാണ്
