വികസന സൂചികകൾ

Arun Mohan
0

വികസന സൂചികകൾ

ഒരു രാജ്യത്തിന്റെ ദേശീയ വരുമാനത്തിന്റെ വർദ്ധനവിനെയാണ് സാമ്പത്തിക വളർച്ചയെന്നു പറയുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും കൂടുതലായിട്ടുള്ള ഉല്പാദനം സാമ്പത്തികവളർച്ചയ്ക്ക് കാരണമാകുന്നു. ചുരുക്കത്തിൽ, ഒരു രാജ്യത്തിന്റെ അകെ ഉൽപ്പാദനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർദ്ധനവാണ് സാമ്പത്തികവളർച്ച എന്നു പറയുന്നത്. സാമ്പത്തികവളർച്ച കൈവരിക്കുമ്പോൾ വ്യാവസായികോൽപ്പാദനം, കാർഷികോൽപ്പാദനം, വാങ്ങൽശേഷി എന്നിവ കൂടുകയും സേവനമേഖല വളരുകയും ചെയ്യുന്നു. മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം ദേശീയവരുമാനത്തിലുണ്ടായ വർദ്ധനവിന്റെ നിരക്കാണ് സാമ്പത്തികവളർച്ചാ നിരക്ക്. രാജ്യം സാമ്പത്തികവളർച്ച നേടുന്നതിനോടൊപ്പം രാജ്യത്തിലെ എല്ലാ ജനങ്ങളുടെയും ജീവിതഗുണനിലവാരം കൂടി ഉയരുമ്പോഴാണ് സാമ്പത്തിക വികസനം ഉണ്ടാകുന്നത്. സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ വികസിത രാജ്യങ്ങളെന്നും വികസ്വര രാജ്യങ്ങളെന്നും തരംതിരിക്കാറുണ്ട്. സാമ്പത്തികവികസനം കണക്കാക്കാനും വിലയിരുത്തുവാനും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള ചില സൂചികകളുണ്ട്. അവയെ വികസന സൂചികകളെന്നാണ് പറയാറുള്ളത്. പ്രധാനപ്പെട്ട വികസന സൂചികകൾ ചുവടെക്കൊടുത്തിരിക്കുന്നു.

പ്രതിശീർഷ വരുമാനം

മാനവ വികസന സൂചിക

ഭൗതിക ജീവിതഗുണനിലവാര സൂചിക

മാനവ ദാരിദ്ര്യ സൂചിക

മാനവ സന്തോഷ സൂചിക

പ്രതിശീർഷ വരുമാനം

വികസന സൂചികകളിൽ ഏറ്റവും ലളിതമായ സൂചികയാണ് പ്രതിശീർഷ വരുമാനം. പ്രതിശീർഷ വരുമാനം ഒരു പരമ്പരാഗത വികസന സൂചികയാണ്. ഒരു രാജ്യത്തെ ഒരാളുടെ ഒരു വർഷത്തെ ശരാശരി വരുമാനമാണ് പ്രതിശീർഷ വരുമാനം അഥവാ ആളോഹരി വരുമാനം.

ദേശീയ ആളോഹരി വരുമാനം = ദേശീയ വരുമാനം / ജനസംഖ്യ

ദേശീയ വരുമാനത്തെ രാജ്യത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാൽ ലഭിക്കുന്നതാണ് ദേശീയ പ്രതിശീർഷ വരുമാനം അഥവാ ദേശീയ ആളോഹരി വരുമാനം. രാജ്യങ്ങളെത്തമ്മിൽ താരതമ്യം ചെയ്യാനും രാജ്യങ്ങളുടെ സാമ്പത്തികനില മനസ്സിലാക്കാനും പ്രതിശീർഷവരുമാനം സഹായിക്കുന്നു. ദേശീയ വരുമാനത്തിന്റെ വളർച്ച നിരക്കിനെ ജനസംഖ്യാ വളർച്ചാ നിരക്കുകൊണ്ട് ഹരിച്ചാൽ പ്രതിശീർഷ വരുമാന സൂചിക ലഭിക്കും. മുൻ വർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം രാജ്യം സാമ്പത്തിക വളർച്ച നേടിയോയെന്ന് കണ്ടെത്തുന്നതിന് പ്രതിശീർഷ വരുമാന സൂചിക സഹായിക്കുന്നു. ദേശീയ വരുമാനത്തിന്റെ വളർച്ചാനിരക്ക് ജനസംഖ്യാ വളർച്ചാനിരക്കിനേക്കാൾ കൂടിയിരുന്നാൽ മാത്രമേ പ്രതിശീർഷ വരുമാനം കൂടുകയുള്ളു.

മാനവ വികസന സൂചിക

ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് മനുഷ്യന്റെ സമഗ്ര പുരോഗതിയെ സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക (HDI). സാമ്പത്തിക ശാസ്ത്രജ്ഞരായ മെഹബൂബ്-ഉൾ-ഹക്കും, അമൃത്യസെന്നും ചേർന്ന് രൂപപ്പെടുത്തിയതാണ് മാനവ വികസന സൂചിക. മാനവ വികസന സൂചിക ആധാരമാക്കിയാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (ഐക്യരാഷ്ട്ര വികസന പരിപാടി) മാനവ വികസന റിപ്പോർട്ട് തയ്യാറാക്കുന്നത്. 1990ലാണ് ആദ്യമായി മാനവ വികസന റിപ്പോർട്ട് പുറത്തിറക്കിയത്. തുടർന്ന് എല്ലാ വർഷവും യു.എൻ.ഡി.പി മാനവ വികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവരുന്നു. പാകിസ്ഥാനി സാമ്പത്തിക ശാസ്ത്രജ്ഞൻ മെഹബൂബ്-ഉൾ-ഹക്കാണ് 'മാനവ വികസന റിപ്പോർട്ടിന്റെ' പിതാവ് എന്നറിയപ്പെടുന്നത്. ഒരു രാജ്യത്തെ ആയുർ ദൈർഘ്യം, വിദ്യാഭ്യാസ നിലവാരം (സാക്ഷരതയും മൊത്ത സ്കൂൾ പ്രവേശന നിരക്കും), ജീവിത നിലവാരം (പ്രതിശീർഷ വരുമാനം) എന്നിവയാണ് മാനവ വികസന റിപ്പോർട്ട് തയ്യാറാക്കാൻ ആധാരമാക്കുന്ന പ്രധാന മാനവവികസന സൂചികകൾ. 2020ലെ മാനവ വികസന സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 131 ആം സ്ഥാനത്തുമാണ്. ഒരു രാജ്യത്തെ വികസിതം, വികസ്വരം, അവികസിതം എന്നിങ്ങനെ മാനവ വികസന സൂചിക തരംതിരിക്കുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ, മികച്ച ആരോഗ്യ സംരക്ഷണ സംവിധാനം, കൂടുതൽ പരിശീലനം എന്നിവയാണ് മാനവ വികസനം സാധ്യമാക്കുന്ന ഘടകങ്ങൾ. മാനവ വികസന സൂചിക മൂല്യം രേഖപ്പെടുത്തുന്നത് പൂജ്യത്തിനും ഒന്നിനും ഇടയിലാണ്. സൂചികയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കാം. 0.8 മുതൽ 1.0 വരെ വളരെ ഉയർന്ന മാനവവികസനം, 0.7 മുതൽ 0.799 വരെ ഉയർന്ന മാനവവികസനം, 0.550 മുതൽ 0.699 വരെ ഇടത്തരം മാനവവികസനം, 0.550ന് താഴെ താഴ്ന്ന മാനവവികസനം. വികസനമില്ലായ്മയെ സൂചിപ്പിക്കുന്ന മൂല്യം പൂജ്യവും ഏറ്റവും ഉയർന്ന വികസനം ഒന്നുമാണ്.

ഭൗതിക ജീവിതഗുണ നിലവാര സൂചിക

പ്രതിശീർഷ വരുമാനസൂചികയെക്കാൾ മികച്ച സൂചികയാണ് ഭൗതിക ജീവിത ഗുണനിലവാര സൂചിക (PQLI). 1979ലാണ് PQLI പ്രയോഗത്തിൽ വന്നത്. മോറിസ് ഡേവിഡ് മോറിസാണ് PQLI വികസിപ്പിച്ചെടുത്തത്. പ്രതീക്ഷിത ആയുർദൈർഘ്യം, ശിശുമരണ നിരക്ക്, അടിസ്ഥാന സാക്ഷരത എന്നിവയാണ് PQLI സൂചിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.

മാനവ ദാരിദ്ര്യ സൂചിക

മാനവ വികസന സൂചികയുടെ പൂരകമായി ഐക്യരാഷ്ട്ര സംഘടന വികസിപ്പിച്ചെടുത്ത സൂചികയാണ് - മാനവ ദാരിദ്ര്യ സൂചിക (HPI). സുദീർഘവും ആരോഗ്യകരവുമായ ജീവിതം, അറിവ്, ജീവിത നിലവാരം എന്നിവയാണ് HPI തയ്യാറാക്കുന്നതിനായി പരിഗണിക്കുന്ന മാനദണ്ഡങ്ങൾ. 1997ലാണ് മാനവ ദാരിദ്ര്യ സൂചികയുടെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

മാനവ സന്തോഷ സൂചിക

ഭൂട്ടാനാണ് മാനവ സന്തോഷ സൂചിക വികസിപ്പിച്ചത്. ആരോഗ്യം, ജീവിതനിലവാരം, പ്രകൃതിയും ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും, സാമൂഹികജീവിതവും അയൽ പക്കബന്ധവും, അഴിമതിരഹിത ഭരണം, സാംസ്‌കാരിക വൈവിധ്യം, വിദ്യാഭ്യാസം, സമയത്തിന്റെ ഫലപ്രദമായ ഉപയോഗം, മാനസികാരോഗ്യം എന്നിവയാണ് മാനവ സന്തോഷ സൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്ന ഒൻപത് സൂചികകൾ. 2020ലെ മാനവ സന്തോഷ സൂചികയനുസരിച്ച് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഫിൻലാൻഡ്‌ ഒന്നാം സ്ഥാനത്തും ഡെൻമാർക്ക് രണ്ടാം സ്ഥാനത്തും ഇന്ത്യ 144 ആം സ്ഥാനത്തുമാണ്.

Post a Comment

0 Comments
Post a Comment (0)