ബാങ്ക് നിക്ഷേപങ്ങൾ
സേവിങ്സ് അക്കൗണ്ട് (Savings Account)
പണം
നിക്ഷേപിക്കാനും ആവശ്യമുള്ളപ്പോൾ പിൻവലിക്കാനും സാധിക്കുന്നവയാണ് സേവിങ്സ് ബാങ്ക്
അക്കൗണ്ടുകൾ. ഇത്തരം അക്കൗണ്ടുകളിൽ നിശ്ചിത തുക മിനിമം ബാലൻസ് ആയി വേണമെന്ന് ഓരോ
ബാങ്കും നിർദേശിക്കാറുണ്ട്. ഇത് ഗ്രാമ, നഗര
പ്രദേശങ്ങളിൽ വ്യത്യസ്തമായിരിക്കും. അക്കൗണ്ടിൽ ഓരോ ദിവസത്തെയും നീക്കിയിരിപ്പ്
നോക്കി മൂന്ന് ശതമാനം മുതൽ പലിശ ലഭിക്കുന്നു. ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ് എന്നിവയും ഇടപാടുകാരന്
ലഭിക്കും. പണം കൈമാറാൻ ചെക്കുകൾ ഉപയോഗിക്കാം. അതുപോലെ ഡെബിറ്റ് കാർഡുപയോഗിച്ച്
സ്വന്തം എസ്.ബി അക്കൗണ്ടിൽ നിന്നും പണം എടുക്കാം. ഇതിന് എ.ടി.എം, ഇന്റർനെറ്റ് ബാങ്കിങ് എന്നിവ
പ്രയോജനപ്പെടുത്താം. കൂടുതൽ ഇടപാടുകാരെ ബാങ്കിലെത്തിക്കാൻ സീറോ ബാലൻസ്
അക്കൗണ്ടുകളും ഇപ്പോൾ ലഭ്യമാണ്.
സേവിങ്സ്
അക്കൗണ്ട് തുടങ്ങുമ്പോൾ പാസ്ബുക്ക് ലഭിക്കും. ബാങ്കുമായി നടത്തുന്ന പണമിടപാടുകൾ
രേഖപ്പെടുത്തി ബാങ്ക് ഇടപാടുകാരന് നൽകുന്ന ബുക്ക് ആണ് പാസ്‌ബുക്ക്. അങ്ങോട്ടും
ഇങ്ങോട്ടും 'പാസ്' ചെയ്യുന്നതുകൊണ്ടാവണം ഇതിന് പാസ്‌ബുക്ക്
എന്ന പേരുവന്നത്. പാസ്‌ബുക്ക് ഇടപാടുകാരന് അവകാശപ്പെട്ടതാണെങ്കിലും ഇതിൽ എഴുതാൻ
ബാങ്കർക്കാണ് അധികാരം. ബാങ്കിൽ ചെന്ന് പാസ്‌ബുക്കിൽ നിന്നും പണം നേരിട്ട്
പിൻവലിക്കാൻ പേ-ഇൻ സ്ലിപ് ഉപയോഗിക്കുന്നു. ഇതിന് രണ്ട് ഭാഗമുണ്ടാവും. രണ്ടിലും
അക്കൗണ്ട് നമ്പർ,
തുക, പേര്, തീയതി, നൽകുന്നത് പണമോ ചെക്കോ എന്നതിന്റെ
വിവരം എന്നിവ രേഖപ്പെടുത്തുന്നു. സ്ലിപ്പിന്റെ ഒരു ഭാഗം സീൽ വച്ച് ബാങ്കർ
ഇടപാടുകാരന് തെളിവായി തിരികെ നൽകും.
ഫിക്സഡ്
ഡെപ്പോസിറ്റ് (Fixed
Deposit - FD)
സ്ഥിരനിക്ഷേപങ്ങളെ
കാലാവധി നിക്ഷേപങ്ങൾ എന്നും പറയുന്നു. കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളാണിവ.
ഹ്രസ്വകാലവും ദീർഘകാലവും ഇവ നിക്ഷേപിക്കാം. ഹ്രസ്വകാലത്തെ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശ ദീർഘകാലത്തെ
നിക്ഷേപത്തിന് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരനിക്ഷേപത്തിന് കൂടുതൽ
പലിശ ലഭിക്കും. സ്ഥിരനിക്ഷേപത്തിന്റെ ഈടിന്മേൽ 90 ശതമാനം വരെ വായ്‌പയും ലഭിക്കും.
നിക്ഷേപത്തിനു ലഭിക്കുന്ന പലിശനിരക്കിനേക്കാൾ രണ്ട് ശതമാനം അധികം പലിശ വായ്‌പാ
തുകയ്ക്ക് ബാങ്ക് ഈടാക്കും. സ്ഥിരനിക്ഷേപ പലിശ കാലാവധി പൂർത്തിയാവുമ്പോഴോ അതിനു
മുമ്പോ ബാങ്കിൽ നിന്ന് ലഭിക്കും. അത്യാവശ്യഘട്ടത്തിൽ നിക്ഷേപിച്ച തുക നിശ്ചിത
നിബന്ധനകളോടെ ഉടമസ്ഥന് പിൻവലിക്കാം. സ്വയം വർദ്ധിനി, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, സുകന്യ സമൃദ്ധി, വി പരിവാർ എന്നിങ്ങനെ വിവിധ പേരുകളിൽ
സ്ഥിരനിക്ഷേപ പദ്ധതികൾ വിവിധ ബാങ്കുകൾക്കുണ്ട്.
കറന്റ്
അക്കൗണ്ട് (Current
Account)
കൂടുതൽ
ഇടപാടുകൾ നടത്തേണ്ടിവരുന്ന കച്ചവടക്കാർ, വ്യാപാരികൾ, സ്ഥാപനങ്ങൾ എന്നിവരെ
ഉദ്ദേശിച്ചുള്ളവയാണ് കറന്റ് അക്കൗണ്ടുകൾ. ഇതിന് പലിശ ലഭിക്കില്ല. ചില ബാങ്കുകൾ
കറന്റ് അക്കൗണ്ടുകളിൽ 'ഫോളിയോ ചാർജ്' എന്ന പ്രത്യേക ചാർജ് ഈടാക്കാറുണ്ട്.
ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിൻവലിക്കാനും സൗകര്യം
നൽകുന്ന അക്കൗണ്ടാണ് കറന്റ് അക്കൗണ്ട്. കറന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനെ
പ്രചലിത നിക്ഷേപം എന്നു പറയുന്നു. വ്യവസായികളും വ്യാപാരികളുമാണ് കറന്റ് അക്കൗണ്ട്
കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽ ചെക്കുബുക്കുകൾ ലഭിക്കും.
കച്ചവടക്കാരെയും
വ്യവസായികളെയും ഉദ്ദേശിച്ചുള്ള പ്രത്യേക വായ്‌പയാണ് ഓവർഡ്രാഫ്റ്റ്. ഇടപാടുകാരന്റെ
കറന്റ് അക്കൗണ്ടിൽ നിന്ന് നൽകുന്ന വായ്പയായി ഇതിനെ കണക്കാക്കാം. കറന്റ് അക്കൗണ്ടിൽ
നിന്ന് പിൻവലിക്കാൻ മതിയായ സംഖ്യയില്ലെങ്കിൽ ഓവർഡ്രാഫ്റ്റ് വഴി നൽകുന്നു. ഇതിന്
ഒരു പരിധിയുണ്ടാകുമെന്നു മാത്രം. ഉപയോഗിക്കുന്ന സംഖ്യയ്ക്കു മാത്രമേ പലിശ ഈടാക്കൂ.
കച്ചവടക്കാരുടെ ഉൽപന്നങ്ങളുടെ ഈടിലും ഓവർഡ്രാഫ്റ്റ് അനുവദിക്കും. കൃത്യമായ
ഇടവേളകളിൽ ഇത് പുതുക്കി നൽകുന്നു.
റിക്കറിങ്
ഡെപ്പോസിറ്റ് (Recurring
Deposit)
പ്രതിമാസം ഒരു നിശ്ചിത തുക നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് റിക്കറിങ് ഡെപ്പോസിറ്റ് അഥവാ ആവർത്തന നിക്ഷേപം. കാലാവധിക്കു ശേഷം മുതലും പലിശയും ചേർത്ത് നിക്ഷേപകന് തിരിച്ചു കിട്ടുന്നു. മുടങ്ങാതെ അടച്ച് കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപത്തിന് സ്ഥിരനിക്ഷേപങ്ങളുടെ പലിശ കിട്ടും. ആവർത്തന നിക്ഷേപത്തിന് സമാനമായ നിക്ഷേപമാണ് നിത്യനിധി നിക്ഷേപം. കളക്ഷൻ ഏജന്റുമാരെ വച്ച് ബാങ്കുകൾ ശേഖരിക്കുന്ന നിക്ഷേപങ്ങളാണ് നിത്യനിധി നിക്ഷേപങ്ങൾ. ഇതിന് പലിശ കുറവായിരിക്കും. കാലാവധിക്കു ശേഷമേ പണം തിരികെ ലഭിക്കൂ. ഈ നിക്ഷേപം ശേഖരിക്കുന്ന ഏജന്റുമാർക്ക് ബാങ്ക് കമ്മിഷൻ നൽകുന്നു. ഒരു ദിവസം പിരിക്കുന്ന സംഖ്യ അടുത്ത ദിവസം ബാങ്കിലടയ്ക്കണം.