മലയാള പത്രപ്രവർത്തനം
കേരളത്തിലെ ആദ്യകാല പത്രങ്ങൾ
രാജ്യസമാചാരം
ജർമൻ സ്വദേശിയായ ഹെർമൻ ഗുണ്ടർട്ട് 1847 ജൂണിൽ ആരംഭിച്ച രാജ്യസമാചാരമാണ് മലയാളത്തിലെ ആദ്യപത്രം. തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്നിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. എട്ടു പേജുകളുള്ള പത്രം പ്രതിമാസം ഒരു ലക്കമാണ് പ്രസിദ്ധീകരിച്ചിരുന്നത്. കല്ലച്ചുകൾ ഉപയോഗിച്ചായിരുന്നു പ്രസിദ്ധീകരണം. പൂർണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്. ജോർജ് ഫ്രെഡറിക് മുള്ളർ ആയിരുന്നു പ്രധാന പത്രാധിപർ. 1850 ഡിസംബറിൽ പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. ആകെ 42 ലക്കങ്ങൾ പ്രസിദ്ധീകരിച്ചു. ക്രിസ്തുമത ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു പത്രത്തിന്റെ ലക്ഷ്യം.
പശ്ചിമോദയം
രാജ്യസമാചാരത്തിന്റെ ആരംഭത്തിന് തൊട്ടുപിന്നാലെ 1847 ഒക്ടോബറിൽ ഹെർമൻ ഗുണ്ടർട്ട് തന്നെ ആരംഭിച്ച പത്രമാണ് പശ്ചിമോദയം. മലയാളത്തിലെ ആദ്യ ശാസ്ത്ര മാസികയാണ് പശ്ചിമോദയം. മലയാളത്തിലെ രണ്ടാമത്തെ പത്രമായാണ് പശ്ചിമോദയം കണക്കാക്കപ്പെടുന്നത്. ഫ്രെഡറിക് മുള്ളർ തന്നെയായിരുന്നു പത്രാധിപർ. ഹെർമൻ ഗുണ്ടർട്ടിന്റെ കേരള പഴമ, കേരളോൽപ്പത്തി എന്നീ കൃതികൾ അച്ചടിച്ച പത്രമാണ് പശ്ചിമോദയം.
ജ്ഞാനനിക്ഷേപം
1848ൽ ബെഞ്ചമിൻ ബെയ്ലി ആരംഭിച്ച മാസികയാണ് ജ്ഞാനനിക്ഷേപം. റവ.ജോർജ് മാത്തൻ, ആർച്ച് ഡീക്കൻ കോശി എന്നിവരാണ് നേതൃത്വംകൊടുത്ത മറ്റ് രണ്ടു പേർ. തിരുവിതാംകൂറിലെ ആദ്യപത്രം കൂടിയാണ് ജ്ഞാനനിക്ഷേപം. മലയാളം അച്ചടിയുടെ പിതാവ് എന്നാണ് ഇംഗ്ലീഷുകാരനായ ബെഞ്ചമിൻ ബെയ്ലി അറിയപ്പെടുന്നത്. കോട്ടയത്തെ സി.എം.എസ് പ്രസ്സിലാണ് ജ്ഞാനനിക്ഷേപം അച്ചടിച്ചത്. പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണവും ജ്ഞാനനിക്ഷേപമാണ്. ഇംഗ്ലീഷ് - മലയാളം കലണ്ടറുകൾ ആദ്യമായി പ്രസിദ്ധീകരിച്ച പത്രവും വാർത്തകൾക്ക് ഒപ്പം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആദ്യ മലയാളപത്രവും ജ്ഞാനനിക്ഷേപമാണ്. 'പുല്ലേലി കുഞ്ചു' എന്ന നോവൽ പ്രസിദ്ധീകരിച്ചത് ജ്ഞാനനിക്ഷേപത്തിലാണ്.
വെസ്റ്റേൺ സ്റ്റാർ
കേരളത്തിലെ ആദ്യ ഇംഗ്ലീഷ് പത്രമാണ് 'വെസ്റ്റേൺ സ്റ്റാർ'. 1860ൽ കൊച്ചിയിൽനിന്ന് സി.ജെ.കുര്യൻ, എച്ച്.പി.പോക്കർ എന്നിവർ ചേർന്നാണ് പത്രം ആരംഭിച്ചത്. ചാൾസ് ലോസൻ ആയിരുന്നു ആദ്യ പത്രാധിപർ (പിന്നീട് ഇദ്ദേഹം മദ്രാസ് മെയിലിന്റെ എഡിറ്ററായി). തിരുവിതാംകൂർ രാജഭരണത്തിന്റെ ദുർവശങ്ങളെ ആദ്യമായി വിമർശിച്ച പത്രമായിരുന്നു വെസ്റ്റേൺ സ്റ്റാർ. ബാരിസ്റ്റർ ജി.പി.പിള്ളയാണ് വെസ്റ്റേൺ സ്റ്റാറിൽ ഫ്രീകോർസയർ എന്ന തൂലികാനാമത്തിൽ തിരുവിതാംകൂർ ഭരണത്തെ വിമർശിച്ച് എഴുതിയത്. വെസ്റ്റേൺ സ്റ്റാറിന്റെ മലയാള എഡിഷനാണ് പശ്ചിമതാരക.
വിദ്യാസംഗ്രഹം
മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ പ്രസിദ്ധീകരണമാണ് വിദ്യാസംഗ്രഹം. കോട്ടയം സി.എം.എസ് കോളേജിൽനിന്ന് 1864 ലാണ് ഇത് പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഇന്ത്യയിലെത്തന്നെ ആദ്യത്തെ കോളേജ് മാസികയായിരുന്നു വിദ്യാസംഗ്രഹം.
വർത്തമാന പത്രങ്ങൾ
പശ്ചിമതാരക
കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച വർത്തമാന പത്രമാണ് പശ്ചിമതാരക. 1864ൽ കൊച്ചിയിൽനിന്നായിരുന്നു പത്രം പുറത്തിറക്കിയത്. ടി.ജെ.പൈലി ആയിരുന്നു ആദ്യ പത്രാധിപർ. പശ്ചിമ താരകയുടെ പത്രാധിപരായിരുന്ന കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് മലയാള പത്രങ്ങളിലെ ഒന്നാമത്തെ മലയാളി പത്രാധിപർ എന്നറിയപ്പെടുന്നത്. പിൽക്കാലത്ത് പശ്ചിമതാരകയും കേരള പതാക എന്ന പത്രവും ചേർന്ന് 'പശ്ചിമതാരക - കേരള പതാക' എന്ന പേരിൽ പ്രസിദ്ധീകരണം തുടർന്നു.
സന്ദിഷ്ടവാദി
1867ൽ ഡബ്ള്യു.എച്ച്.മൂർ ആരംഭിച്ച പത്രമാണ് സന്ദിഷ്ടവാദി. കേരളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട പത്രമാണിത്. തിരുവിതാംകൂർ ദിവാനായിരുന്ന മാധവരായരെ വിമർശിച്ചതിനെത്തുടർന്നാണ് പത്രം നിരോധിക്കപ്പെട്ടത്.
കേരളപത്രിക
മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 1884ൽ സ്ഥാപിച്ച പത്രമാണ് കേരളപത്രിക. എം.അപ്പു നെടുങ്ങാടി, കെ.ടി.വർഗീസ്, കണ്ണമ്പ്ര വലിയ ഉണ്ണിനായർ എന്നിവരുടെ സഹായത്തോടെയാണ് പത്രം ആരംഭിച്ചത്. കൊൽക്കത്തയിലെ ആനന്ദബസാർ പത്രികയുടെ മാതൃകയിൽ ഒരു പത്രസ്ഥാപനമായിരുന്നു ലക്ഷ്യമിട്ടത്. 'എന്റെ കേരളപത്രിക എന്ന പത്രം മലയാള ജില്ലയിൽ മലയാളഭാഷയിലാണ് ഒന്നാമത്തെ പത്രമാണ്' എന്ന് കുഞ്ഞിരാമമേനോൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവർത്തനം എന്ന കൃതിക്ക് എഴുതിക്കൊടുത്ത പ്രസ്താവനയിൽ അവകാശപ്പെടുന്നുണ്ട്. വാർത്തയോടൊപ്പം അഭിപ്രായങ്ങളും വിമർശനങ്ങളും ആവശ്യങ്ങളും ചേർക്കുക എന്ന രീതിക്ക് തുടക്കംകുറിക്കുന്നത് കുഞ്ഞിരാമ മേനോൻ ആണ്.
മലയാളി
തിരുവിതാംകൂറിലെ നായർ സമുദായ സംഘടനയായ 'മലയാളി സഭ'യുടെ നേതൃത്വത്തിൽ 1886ൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് 'മലയാളി'. പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു ആദ്യ പത്രാധിപർ. സി.കൃഷ്ണപ്പിള്ളയ്ക്കായിരുന്നു പത്രത്തിന്റെ ചുമതല. പിന്നീട് സി.വി.രാമൻപിള്ള പത്രാധിപരായി ചുമതലയേറ്റു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം അച്ചടിച്ചുവന്നത് 'മലയാളി'യിലാണ്. 'കേരളൻ' എന്ന തൂലികാനാമത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആദ്യമായി ലേഖനങ്ങൾ എഴുതിയത് 'മലയാളി'പത്രത്തിലാണ്.
തിരുവിതാംകൂറിലെ പത്രങ്ങൾ
ദീപിക
മലയാളത്തിലെ ആദ്യത്തെ ദിനപത്രമാണ് ദീപിക. 1887 ലാണ് ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത്. നിധീരിക്കൽ മാണിക്കത്തനാർ എന്ന കത്തോലിക്കാ പുരോഹിതനാണ് നസ്രാണി ദീപിക എന്ന പേരിൽ പത്രം ആരംഭിച്ചത്. പിന്നീട് 1927 ലാണ് ദിനപത്രമായി മാറിയത്. ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ മലയാളപത്രം ദീപികയാണ്. ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രവും ദീപികയാണ്.
മലയാള മനോരമ
1888ൽ കോട്ടയത്തുനിന്നാണ് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചത്. അന്നു പ്രതിവാര പത്രമായിരുന്നു. 1928 ലാണ് ദിനപത്രമായി മാറിയത്. കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് പത്രത്തിന്റെ സ്ഥാപകൻ. 14 വർഷം കണ്ടത്തിൽ വറുഗീസ് മാപ്പിളയായിരുന്നു പത്രാധിപർ. കേരളവർമ വലിയ കോയിത്തമ്പുരാനാണ് മലയാള മനോരമ എന്ന പേര് നിർദേശിച്ചത്. 1898ൽ മലയാള മനോരമ പ്രസിദ്ധീകരിച്ച സാഹിത്യ മാസികയാണ് 'ഭാഷാപോഷിണി'. മലയാള നാടിനും ഭാഷയ്ക്കും സാഹിത്യത്തിനും പുരോഗതി കൈവരിക്കാൻ പത്രത്തിന്റെ പ്രവർത്തനം സഹായകമായി. മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, പൗരസമത്വ പ്രക്ഷോഭണം, ഉത്തരവാദഭരണ പ്രക്ഷോഭണം തുടങ്ങിയ പ്രക്ഷോഭണങ്ങളിലെല്ലാം മനോരമ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വാതന്ത്ര്യസമര വാർത്തകൾക്ക് മനോരമ അർഹിക്കുന്ന പ്രാധാന്യം നൽകി വന്നു. ജനാധിപത്യ ഭരണരീതിയാണ് ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ഭരണരീതിയെന്ന് മനോരമ ഉറക്കെ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യസമര വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകി. പത്രത്തിന്റെ ഈ നയം തിരുവിതാംകൂറിലെ അന്നത്തെ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരെ ക്രുദ്ധനാക്കി. സി.പി.യുടെ പ്രലോഭനങ്ങളും ഭീഷണിയുമെല്ലാം പത്രാധിപർ പ്രജ്ഞാബലത്തോടെ തൃണവൽക്കരിച്ചു. ഇതേത്തുടർന്ന് 1938-ൽ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരുടെ ഉത്തരവ് പ്രകാരം പത്രം നിർത്തലാക്കുകയും പിന്നീട് 1947ൽ പ്രസിദ്ധീകരണം പുനരാരംഭിക്കുകയും ചെയ്തു. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള പത്രമാണിത്.
മലയാള മനോരമയുടെ മറ്റ് പ്രസിദ്ധീകരണങ്ങൾ
ഭാഷാപോഷിണി, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ആരോഗ്യം, വനിത, തൊഴിൽവീഥി, കർഷകശ്രീ, വീട്, സമ്പാദ്യം, ഫാസ്റ്റ് ട്രാക്ക്, ബാലരമ, കളിക്കുടുക്ക, ബാലരമ ഡൈജസ്റ്റ്, ബാലരമ അമർചിത്രകഥ, മനോരമ വാർഷികപ്പതിപ്പ്, മനോരമ ഇയർബുക്ക്, ദി വീക്ക് (ഇംഗ്ലീഷ്), മാജിക് പോട്ട് (ഇംഗ്ലീഷ്), ദിമാൻ (ഇംഗ്ലീഷ്) തുടങ്ങി നാല്പതിലധികം പ്രസിദ്ധീകരണങ്ങൾ മലയാള മനോരമയ്ക്കുണ്ട്.
നവോത്ഥാന പത്രങ്ങൾ
സ്വദേശാഭിമാനി
1905 ജനുവരിയിൽ വക്കം അബ്ദുൽ ഖാദർ മൗലവിയാണ് സ്വദേശാഭിമാനി പത്രം സ്ഥാപിച്ചത്. 'ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ' എന്നതായിരുന്നു പത്രത്തിന്റെ ആപ്തവാക്യം. സി.പി.ഗോവിന്ദപിള്ള ആയിരുന്നു ആദ്യ പത്രാധിപർ. പിന്നീട് 1906ൽ പത്രാധിപത്യം രാമകൃഷ്ണപിള്ള ഏറ്റെടുത്തു. സ്വദേശാഭിമാനിയിലൂടെ ഭരണവ്യവസ്ഥയെ വിപ്ലവാത്മകമായി വിമർശിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 സെപ്റ്റംബർ 26ന് തിരുവിതാംകൂറിൽനിന്ന് നാടുകടത്തി. വിദേശ വാർത്തകൾക്കായി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായിബന്ധം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ പത്രം സ്വദേശാഭിമാനിയാണ്.
മിതവാദി
1907ൽ തലശ്ശേരിയിലാണ് മിതവാദി പത്രം ആരംഭിച്ചത്. ടി.ശിവശങ്കരൻ ആയിരുന്നു പത്രത്തിന്റെ സ്ഥാപകൻ. മൂർക്കോത്ത് കുമാരനായിരുന്നു ആദ്യ പത്രാധിപർ. വിദ്യാവിലാസം പ്രസ്സിലായിരുന്നു അച്ചടിച്ചിരുന്നത്. 1913ൽ സി.കൃഷ്ണൻ പത്രത്തിന്റെ ഉടമസ്ഥത വിലയ്ക്ക് വാങ്ങുകയും കോഴിക്കോടുനിന്ന് പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം മിതവാദി കൃഷ്ണൻ എന്നറിയപ്പെടാൻ തുടങ്ങി. 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നായിരുന്നു മിതവാദി പത്രം അറിയപ്പെട്ടിരുന്നത്. കുമാരനാശാന്റെ 'വീണപൂവ്' പ്രസിദ്ധീകരിച്ചത് മിതവാദി പത്രത്തിലായിരുന്നു. 1917ലെ റഷ്യൻ വിപ്ലവത്തെ പിന്തുണച്ച മലയാളപത്രവും മിതവാദിയാണ്.
കേരള കൗമുദി
1911ൽ സി.വി.കുഞ്ഞിരാമനാണ് കേരള കൗമുദി സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ മയ്യനാട് നിന്നാണ് ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനായി ആരംഭിച്ച പത്രമായിരുന്നു കേരള കൗമുദി.
കേസരി
എ.ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലും ഉടമസ്ഥതയിലും 1930ൽ ആരംഭിച്ച മലയാള പത്രമാണ് കേസരി. ബാലകൃഷ്ണപിള്ള പത്രാധിപരായിരുന്ന പ്രബോധകൻ എന്ന സ്വതന്ത്ര വാരികയുടെ ലൈസൻസ് റദ്ദാക്കിയതോടെ ആരംഭിച്ച പത്രമാണിത്. അങ്ങനെ അദ്ദേഹം കേസരി ബാലകൃഷ്ണപിള്ള എന്ന് അറിയപ്പെട്ടു. 1931ൽ അധികാരം ഏറ്റെടുത്തുകൊണ്ട് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് നടത്തിയ മൂപ്പേൽപ്പ് പ്രസംഗം അച്ചടിച്ചുവന്ന പത്രം കേസരിയാണ്. 1935ൽ നഷ്ടത്തിലായതോടെ പത്രം അവസാനിപ്പിച്ചു.
സുജനാനന്ദിനി
1891ൽ കൊല്ലം ജില്ലയിലെ പരവൂരിൽനിന്ന് ആരംഭിച്ച പത്രമാണ് സുജനാനന്ദിനി. പരവൂർ കേശവനാശാൻ ആയിരുന്നു സ്ഥാപകൻ.
വിവേകോദയം
ശ്രീ നാരായണ ധർമപരിപാലന യോഗത്തിന്റെ മുഖപത്രമായി 1904 ലാണ് വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ചത്. കുമാരനാശാനായിരുന്നു പത്രത്തിന്റെ സ്ഥാപകൻ. എം.ഗോവിന്ദനായിരുന്നു ആദ്യകാല പത്രാധിപർ. പിന്നീട് കുമാരനാശാൻ പത്രാധിപരവുകയും ചെയ്തു. 'ഈഴവ ഗസറ്റ്' എന്നായിരുന്നു പത്രം അറിയപ്പെട്ടിരുന്നത്. എസ്.എൻ.ഡി.പി.യുടെ ഇപ്പോഴത്തെ മുഖപത്രം 'യോഗനാദ'മാണ്.
സഹോദരൻ
1917ൽ കെ.അയ്യപ്പൻ ആരംഭിച്ച പത്രമാണ് സഹോദരൻ. തുടർന്നാണ് അദ്ദേഹം സഹോദരൻ അയ്യപ്പൻ എന്ന് അറിയപ്പെട്ടത്.
സമദർശി
1918ൽ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച പത്രമാണ് സമദർശി. കുളക്കുന്നത്ത് രാമൻ മേനോൻ ആയിരുന്നു സ്ഥാപകൻ. ആദ്യ പത്രാധിപർ കുന്നത്ത് ജനാർദന മേനോൻ ആയിരുന്നു. 1922ൽ കേസരി ബാലകൃഷ്ണപിള്ള പത്രാധിപസ്ഥാനത്ത് എത്തുന്നു. പിന്നീട് തിരുവിതാംകൂർ ദിവാൻ ആയ എം.ഇ.വാട്സ്എ പത്രം നിരോധിച്ചു.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായ പത്രങ്ങൾ
മാതൃഭൂമി
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജിക്ക് വിധിച്ച ആറ് വർഷത്തെ തടവുശിക്ഷ ഒരു വർഷം പൂർത്തിയാവുന്ന 1923 മാർച്ച് 18ന് മാതൃഭൂമിയുടെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധിയുടെ 'യങ് ഇന്ത്യ' ആയിരുന്നു മാതൃഭൂമിക്ക് മാർഗദർശി. 'മാതൃഭൂമി സ്വന്തം കാലുകളിൽ ഊന്നി നിന്ന് ജീവിക്കുന്ന ഒരു സ്ഥാപനമാണെന്ന് സുഹൃത്തുക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് ദുർലഭമായ സ്ഥിതിയാണ്. ഇന്ത്യയിൽ കുറച്ചു പത്രങ്ങൾക്കു മാത്രമേ ഇങ്ങനെ സാധിക്കുന്നുള്ളൂ. തന്നിമിത്തം മാതൃഭൂമിക്ക് ഇന്ത്യയിലെ പത്രങ്ങളുടെ ഇടയിൽ നിസ്തുല സ്ഥാനമുണ്ട്.' 1934 ജനുവരി 13ന് കോഴിക്കോട് മാതൃഭൂമി ഓഫീസിൽ കെ.മാധവൻ നായരുടെ ഛായാപടം അനാച്ഛാദനം ചെയ്തുകൊണ്ട് ഗാന്ധിജി പറഞ്ഞു. ഗാന്ധിജി സന്ദർശിച്ച ഒരേയൊരു മലയാളപത്രസ്ഥാപനമാണ് മാതൃഭൂമി. കേരളത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന കേശവ മേനോനാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ. മഹാകവി വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും സ്വാതന്ത്ര്യസമര പോരാളികളെ ആവേശം കൊള്ളിച്ച 'പോരാ പോരാ നാളിൽ നാളിൽ' എന്ന കവിതയും മാതൃഭൂമിയിലൂടെയാണ് പുറത്തുവന്നത്.
1942 ഫെബ്രുവരി 12ന് കയ്യൂർ കേസിലെ അഞ്ചു പേർക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ മാതൃഭൂമി കാമ്പയിൽ തുടങ്ങി. ഇതോടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. 1942 മാർച്ച് 25ന് ആ വാർത്ത പ്രസിദ്ധീകരിച്ചതിനുപിന്നാലെ മാതൃഭൂമി നിരോധിച്ചു. പക്ഷേ ഇതിനെതിരെ സമൂഹത്തിൽ കടുത്ത പ്രതിഷേധമുയർന്നു. ഒരാഴ്ച കൊണ്ട് സർക്കാരിന് നിരോധനം നീക്കേണ്ടിവന്നു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പത്രാധിപർ കെ.എ.ദാമോദര മേനോനെയും മാതൃഭൂമി ഓഫീസിൽനിന്ന് അറസ്റ്റു ചെയ്തുകൊണ്ടുപോയി. ഗാന്ധിജി ദണ്ഡിയിൽ ഉപ്പ് കുറുക്കിയപ്പോൾ പത്രാധിപരായ കെ.കേളപ്പൻ പയ്യന്നൂരിൽ ഉപ്പുകുറുക്കി. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നീ സാമൂഹ്യപരിഷ്ക്കരണ സമരങ്ങളിലും പത്രം നിർണായക പങ്കുവഹിച്ചു. വിധവാ വിവാഹത്തിനും ഐക്യകേരളത്തിനും ഭാഷയുടെ വളർച്ചയ്ക്കും ശബ്ദമുയർത്തിയ മാതൃഭൂമി, സ്വാതന്ത്ര്യാനന്തരം പ്ലാച്ചിമടയിലെ ജലചൂഷണത്തിനും കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നത്തിലുമൊക്കെ പ്രതികരിച്ചു.
സ്വരാട്
1921ൽ കൊല്ലത്തുനിന്ന് ആരംഭിച്ച പത്രമാണ് സ്വരാട്. എ.കെ.പിള്ള എന്ന് അറിയപ്പെടുന്ന അയ്യപ്പൻ കൃഷ്ണപിള്ളയാണ് സ്ഥാപകൻ. തിരുവിതാംകൂറിൽ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ശക്തിപകർന്ന ആദ്യ പത്രമാണ് സ്വരാട്.
അൽ അമീൻ
1924ൽ സ്വാതന്ത്ര്യസമര കാലത്ത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ കോഴിക്കോടുനിന്ന് പുറത്തിറക്കിയ പത്രമായിരുന്നു 'അൽ അമീൻ'. 1931 വരെ 'അൽ അമീൻ' ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.
ദീനബന്ധു
1941ൽ തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാളപത്രമാണ് ദീനബന്ധു. ആഴ്ചയിൽ ഒന്ന് വീതമാണ് അച്ചടിച്ചിരുന്നത്. സ്വാതന്ത്ര്യസമരത്തിന് ശക്തമായി പിന്തുണ നൽകുകയും കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു പത്രത്തിന്റെ ലക്ഷ്യം. വി.ആർ.കൃഷ്ണൻ എഴുത്തച്ഛനായിരുന്നു പത്രാധിപർ.
യുക്തിവാദി
സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ 1929ൽ ആരംഭിച്ച പത്രമാണ് യുക്തിവാദി. മലയാളത്തിലെ ആദ്യ യുക്തിവാദി പത്രമായിരുന്നു ഇത്. 1931ൽ എം.സി.ജോസഫ് പത്രാധിപത്യം ഏറ്റെടുത്തു.
രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾ
പ്രഭാതം
1934ൽ ഷൊർണൂരിൽനിന്ന് ആരംഭിച്ച 'പ്രഭാതം' കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നാണ് അറിയപ്പെടുന്നത്. പത്രത്തിന്റെ സ്ഥാപകനും ആദ്യ പത്രാധിപരും ഇ.എം.എസ് ആയിരുന്നു.
ചന്ദ്രിക
മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമായ ചന്ദ്രികയുടെ ആസ്ഥാനം കോഴിക്കോടാണ്. 1934ൽ തലശ്ശേരിയിൽനിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938ൽ ദിനപത്രമായി. തൈലക്കണ്ടി സി.മുഹമ്മദാണ് ആദ്യ പത്രാധിപർ. വടക്കൻ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിലും സാമൂഹികപരിഷ്കരണത്തിലും പത്രം പ്രധാന പങ്ക് വഹിച്ചു. 1946ൽ പത്രത്തിന്റെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റി. 1950 മുതൽ ചന്ദ്രിക ആഴ്ചപ്പതിപ്പും പ്രസിദ്ധീകരിക്കുന്നു.
ദേശാഭിമാനി
സി.പി.ഐ (എം)ന്റെ മലയാളത്തിലുള്ള മുഖപത്രമാണ് ദേശാഭിമാനി. പത്രത്തിന്റെ സ്ഥാപനത്തിന് എ.കെ.ജിയും ഇ.എം.എസ്സും നേതൃത്വം നൽകി. 1942ൽ പ്രസിദ്ധീകരണമാരംഭിച്ചു. 60 ലേറെ വർഷത്തെ ഈ പത്രത്തിന്റെ ചരിത്രം സ്വാതന്ത്ര്യസമരത്തോടും, അനേകം തൊഴിലാളി-കർഷക സമരങ്ങളോടും ഇഴചേർന്ന് കിടക്കുന്നു.
ജനയുഗം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ മുഖപത്രമാണിത്. 1947ൽ കൊല്ലത്തുനിന് വാരികയായി തുടക്കം കുറിച്ചു. എൻ.ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1993ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മെയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.
ജന്മഭൂമി
ഹൈന്ദവ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ് ജന്മഭൂമി. 1975ൽ കോഴിക്കോടു നിന്നാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യ പത്രാധിപർ പി.വി.കെ.നെടുങ്ങാടിയാണ്.
മംഗളം
1969ൽ എം.സി.വർഗീസ് സ്ഥാപിച്ച മംഗളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപത്രമാണ് മംഗളം ദിനപത്രം. കോട്ടയം ആസ്ഥാനമാക്കിയാണ് പത്രം പ്രവർത്തിക്കുന്നത്.
വീക്ഷണം
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമാണ് വീക്ഷണം. 1976ൽ ഇന്ദിരാഗാന്ധിയാണ് പത്രം ഉദ്ഘാടനം ചെയ്തത്. എന്നാൽ, ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനികവത്കരണത്തെ സ്വായത്തമാക്കി മത്സരിച്ച് മുന്നേറാൻ കഴിയാതെ വന്നത് വീക്ഷണത്തിന് തിരിച്ചടിയായി. ഒരു ഇടവേളയ്ക്കുശേഷം 2005ൽ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചു.
മാധ്യമം
ജമാഅത്തെ ഇസ്ലാമി കേരളയ്ക്ക് കീഴിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. 1987 ജൂൺ ഒന്നിന് കോഴിക്കോട് നിന്ന് പി.കെ.ബാലകൃഷ്ണൻ പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ചു.
0 Comments